Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം നടത്തിയ കൊലപാതകങ്ങൾ ഇവിടെത്തന്നെ ഒതുക്കിത്തീർത്തു: നരേന്ദ്ര മോദി

by സ്വന്തം ലേഖകൻ
modi-at-tvm തിരുവനന്തപുരത്ത് എൻഡിഎയുടെ തിരഞ്ഞടുപ്പു പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താമര മാല അണിയിച്ചപ്പോൾ. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സ്ഥാനാർഥികളായ എസ്. ശ്രീശാന്ത്, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ എന്നിവർ സമീപം. ചിത്രം: മനോരമ

കേരളത്തിൽ സിപിഎം നടത്തിയ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും ഇവിടെത്തന്നെ ഒതുക്കിത്തീർക്കുകയാണ് അതതു കാലത്തെ സർക്കാരുകൾ ചെയ്യുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കാസർകോട്, കുട്ടനാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേരളത്തിൽ ഗുസ്തിയും ബംഗാളിൽ ദോസ്തിയുമാണു സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയമെന്നും വിദ്യാസമ്പന്നരായ കേരളീയരെ അപമാനിക്കുന്നതാണ് ഇടത്–വലത് മുന്നണികളുടെ ഈ ഒത്തുതീർപ്പു രാഷ്ട്രീയക്കളിയെന്നും മോദി കാസർകോട്ടു പറഞ്ഞു. സിപിഎം – കോൺഗ്രസ് നേതാക്കൾ കേരളത്തിൽ പരസ്പരം പോരടിക്കുകയും ബംഗാളിൽ ഒരുമിച്ചു ചേർന്നു വോട്ടുപിടിക്കുകയും ചെയ്യുകയാണ്.

ഒരേസമയം രണ്ടു രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കണോ എന്നു കേരളത്തിലെ വോട്ടർമാർ ആലോചിക്കണം. കേരളത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർ‌ട്ടിയും അഴിമതികൊണ്ടു ജുഗൽബന്ദി നടത്തുകയാണെന്നു പ്രധാനമന്ത്രി കുട്ടനാട്ടിലെ തിരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു. പരസ്പരം സഹകരിച്ച് അഴിമതികൾ ചെയ്തുകൂട്ടുകയായിരുന്നു ഇതുവരെ ഇവർ. ‘‘അ‍ഞ്ചു വർഷം നിങ്ങൾ അഴിമതി ചെയ്യുക, അടുത്ത അഞ്ചു വർഷം ഞങ്ങൾ ചെയ്യാം. അഞ്ചു വർഷം ഞങ്ങൾ ആഘോഷിക്കട്ടെ, പിന്നെ നിങ്ങൾക്കാകാം. നിങ്ങളുടെ അഴിമതി ഫയലുകൾ ഞങ്ങൾ തുറക്കില്ല, ഞങ്ങളുടേതു നിങ്ങളും തുറക്കരുത്. നിങ്ങളെ ഞങ്ങൾ ജയിലിൽ അടയ്ക്കില്ല, നിങ്ങൾ ഞങ്ങളെയും സഹായിക്കണം – ഇൗമട്ടിലുള്ള സഹകരണമാണ് ഇതുവരെ കേരളത്തിൽ നടന്നുവന്നത്.’’ – മോദി പരിഹസിച്ചു

കോൺഗ്രസുകാർ കേന്ദ്രത്തിൽ കൽക്കരിയും ടു ജിയും ത്രീ ജിയുമൊക്കെ അഴിമതിക്കായി ഉപയോഗിച്ചപ്പോൾ ഇവിടെ സോളർകൂടി അതിനായി വിനിയോഗിച്ചു എന്നദ്ദേഹം പറഞ്ഞു. സൂര്യന്റെ വെളിച്ചം ഉപയോഗിച്ചും അഴിമതി നടത്തുന്നവർ രാത്രി എത്രത്തോളം അഴിമതി നടത്തുമെന്ന് ഉൗഹിക്കാവുന്നതേയുള്ളു. കേരളത്തിലെ ജനങ്ങൾ അഞ്ചു വർഷം കൂടുമ്പോൾ ഭരണമുന്നണിയെ മാറ്റാറുണ്ട്. ഭരണം മാറുമെന്നല്ലാതെ ജനങ്ങളുടെ ദുരിതം തീരുന്നില്ല; ഭാവി മാറുന്നുമില്ല. ഒരുവട്ടം എൻഡിഎക്ക് അവസരം ലഭിച്ചാൽ ഭരണംകൊണ്ടു ജനങ്ങളുടെ ജീവിതം എങ്ങനെ മാറുമെന്നു കാട്ടിക്കൊടുക്കാം. അഴിമതിയില്ലാത്ത വികസനത്തിനുവേണ്ടിയാണു താൻ വോട്ടുചോദിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

സമൃദ്ധകേരളം, സുരക്ഷിതകേരളം, സ്വച്ഛകേരളം, വികസിതകേരളം, അഴിമതിരഹിതകേരളം എന്നിവയ്ക്കുവേണ്ടി എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടുനൽകണമെന്നു മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. പട്ടാളക്കാർ നിന്നയിടത്തു ലഫ്റ്റ്–റൈറ്റ് പരിശീലിക്കുന്നതിനു സമാനമായ രീതി കേരളത്തിലുണ്ടായതുകൊണ്ടാണ് ഈ നാടു നാശോന്മുഖമായതെന്നു മോദി തിരുവനന്തപുരത്തു പറഞ്ഞു. ഇടതിനെയും വലതിനെയും പിന്തള്ളി നേർരേഖയിൽ കുതിക്കാനായി ബിജെപിയെ വരിക്കാൻ അദ്ദേഹം അഭ്യർഥിച്ചു.

ഞാൻ കാസർകോട്ട് ഹെലികോപ്റ്ററിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്നതുകൊണ്ട് എ.കെ.ആന്റണിയും കോൺഗ്രസുകാരും സന്തോഷവാന്മാരാണെന്നാണ് അറിയാൻ കഴിഞ്ഞത്. പകൽ നിങ്ങൾ അങ്ങനെ വിശ്രമിച്ചോളൂ. പക്ഷേ, രാത്രി ഉറക്കമില്ലാത്തതാകും. ഹെലികോപ്റ്റർ ഇടപാടിൽ എത്ര കോടികളാണു കമ്മിഷൻ വാങ്ങിയതെന്ന് അറിയാൻ ഈ നാട്ടിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. നിങ്ങൾക്ക് ആർക്കും ഇറ്റലിയിൽ പരിചയക്കാരോ ബന്ധുക്കളോ ഇല്ലല്ലോ? അവിടെ ആർക്കാണു ബന്ധുത്വം എന്ന് എല്ലാവർക്കും അറിയാം. പണം കൊടുത്തവർ അകത്തായി. വാങ്ങിയവർ എപ്പോൾ അകത്താകും എന്നതാണ് ഇനി അറിയാനുള്ളത്.

കേരളത്തിലെ ദലിത് മേഖലകളിലെ ശിശുമരണനിരക്ക് ആഫ്രിക്കൻ ദരിദ്രരാജ്യമായ സൊമാലിയയിലുള്ളതിനെക്കാളും കൂടുതലാണ്. അക്രമത്തിലും കൊലപാതകങ്ങളിലും ഹരംകൊള്ളുന്നവരാണു കമ്യൂണിസ്റ്റുകാർ. ശാസ്ത്രപുരോഗതിക്കും വികസനത്തിനും അവർ എതിരാണ്. ഇവിടെനിന്ന് എംപിമാരെ ആരെയും നിങ്ങൾ കേന്ദ്രസർക്കാരിനു നൽകിയില്ലെങ്കിലും ഇത് എന്റെ കേരളമാണ്. ഈ കേരളത്തിനുവേണ്ടി എന്തും ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരാണു ഡൽഹിയിലുള്ളത്. അതിന്റെ ഒരു മാതൃക കേരളത്തിലും ഉണ്ടാകാനായി എൻഡിഎയ്ക്കു വോട്ടുചെയ്യണം – മോദി അഭ്യർഥിച്ചു.

Your Rating: