Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ യുഡിഎഫ് അനുകൂല രാഷ്ട്രീയ സാഹചര്യം: മുഖ്യമന്ത്രി

by സ്വന്തം ലേഖകൻ
Oommen Chandy

കൊച്ചി ∙ സംസ്ഥാനത്തെ ഓരോ ജില്ലയിലൂടേയും രണ്ടു തവണ പര്യടനം പൂർത്തിയാക്കിയപ്പോൾ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നു തനിക്കു വ്യക്തമായെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ‘യുഡിഎഫിനുള്ളിലെ ഐക്യം തന്നെയാണ് ഈ ഉറപ്പിനു പ്രധാന ഘടകം. വികസനവും കരുതലും എന്ന യുഡിഎഫ് സർക്കാർ നയത്തിന് ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയുണ്ടായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തതിലേറെ യുഡിഎഫ് ജനങ്ങൾക്കു നൽകിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ പരിഗണിക്കുകയും ചെയ്തു. സാധാരണ കാണാറുള്ള ഭരണ വിരുദ്ധ വികാരം ഇത്തവണയില്ല. ജനങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളിലും ഒഴിവുകഴിവ് പറ​ഞ്ഞ് ഈ സർക്കാർ മാറിനിന്നിട്ടില്ല എന്നതാണ് പ്രധാനം.’

‘നാട്ടിലേക്കു മടങ്ങാൻ അവസരമുണ്ടായിട്ടും കലാപ ബാധിത പ്രദേശമായ ലിബിയയിൽ തുടരേണ്ടി വന്ന 18 മലയാളികളെ സംസ്ഥാന സർക്കാർ വിമാനക്കൂലി മുഴുവൻ ഏറ്റെടുത്ത് ഇന്നലെ മടക്കിയെത്തിച്ചതും ഈ നയത്തിന്റെ ഭാഗമാണ്. റബറിന്റെ വിലയിൽ നിർണായകമാവുന്നത് കേന്ദ്ര സർക്കാർ നടപടികളും നയങ്ങളുമാണെങ്കിലും വില കുത്തനെ ഇടിഞ്ഞപ്പോൾ കേന്ദ്രത്തെ പഴിച്ച് ഒഴിഞ്ഞു മാറാതെ സംസ്ഥാനം സബ്സിഡി നൽകി ചെറുകിട കർഷകരിൽ നിന്ന് 150 രൂപയ്ക്ക് റബർ വാങ്ങുകയായിരുന്നു. ഇതിനായി കഴിഞ്ഞ വർഷം ബജറ്റ് വിഹിതം 300 കോടിയായിരുന്നെങ്കിൽ ഈ വർഷം 500 കോടിയായി ഉയർത്തി.

എൽഡിഎഫ് സർക്കാർ ഇത്തരം പല പ്രശ്നങ്ങളിലും കേന്ദ്രത്തെ പഴിച്ചും മറ്റും ഒഴിഞ്ഞു മാറുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്.’ ‘ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല എന്നുറപ്പാണ്. 1977ലെ തിരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയെ എതിർക്കാനെന്ന പേരിൽ ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തെ സിപിഎം പിന്തുണച്ചിട്ടു പോലും അവർക്കൊരു സീറ്റ് കേരളത്തിൽ നേടാനായിട്ടില്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി ചില സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കിയത് പ്രാദേശികമായ ചില ഘടകങ്ങൾ കൊണ്ടാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ അതുണ്ടാവില്ല.’

‘പെരുമ്പാവൂർ ജിഷ വധ കേസിൽ അന്വേഷണം വൈകുന്നു എന്ന ചിന്തയുണ്ട്. പക്ഷേ തിരഞ്ഞെടുപ്പ് കാലത്ത് അത് സർക്കാരിനു തിരിച്ചടിയാവും എന്നു കരുതി പ്രതിയല്ലാത്തൊരാളെ പിടിക്കാനാവില്ലല്ലോ? അന്വേഷണത്തിൽ വീഴ്ചയില്ല. ലഭ്യമാവുന്ന വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാണ് അന്വേഷണം മുന്നേറുന്നത്. അന്വേഷണ സംഘത്തെക്കുറിച്ചും ആശങ്ക വേണ്ട. മികച്ച ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

പ്രതികളെ പിടികൂടി അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തു സംഭവിച്ച പ്രധാന കുറ്റകൃത്യങ്ങളിലെല്ലാം പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്’- ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

സരിത എസ്. നായർ അടുത്ത ദിവസം ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ‘ഞെട്ടിക്കും ഞെട്ടിക്കും എന്നിങ്ങനെ ഇടയ്ക്കിടെ പറയുന്നതല്ലേയുള്ളൂ. എത്രയോ അവസരങ്ങൾ കിട്ടിയിട്ട് പറയാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുമെന്നു പറയുന്നത്.’

Your Rating: