Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഹ്ലാദം അതിരുവിട്ടു; പലയിടത്തും അക്രമം

by സ്വന്തം ലേഖകൻ
karun കോട്ടയം ജില്ലയിലെ തിരുവാർപ്പ് കാഞ്ഞിരത്തിൽ സിപിഎം – ബിഡിജെഎസ് സംഘർഷത്തിൽ വെട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം പ്രവർത്തകനായ കരുൺ.

തിരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനത്തോടനുബന്ധിച്ചു സംസ്ഥാനത്ത് പലയിടത്തും സംഘർഷം. കണ്ണൂരിൽ പിണറായി പുത്തൻകണ്ടം കമ്പനിമെട്ട ബാലവാടിക്കു സമീപം വൈകിട്ടു നാലോടെയുണ്ടായ ആഹ്ലാദ പ്രകടനത്തിനു നേരെയുണ്ടായ ബോംബേറിനിടെ ചിതറിയോടിയവരിൽ ഒരാൾ ലോറി ദേഹത്തുകയറി മരിച്ചു. ആറു സിപിഎം പ്രവർത്തകർക്കു പരുക്കേറ്റു. അക്രമത്തിൽ പ്രതിഷേധിച്ചു ധർമടം, പിണറായി, കോട്ടയം, വേങ്ങാട് പഞ്ചായത്തുകളിൽ രണ്ടുമുതൽ ആറുവരെ സിപിഎം ഹർത്താൽ നടത്തും. ഹർത്താലിൽനിന്നു വാഹനങ്ങളെ ഒഴിവാക്കി.

ഇന്നു ജില്ലയിൽ നടത്താനിരുന്ന ആഹ്ലാദപ്രകടനങ്ങൾക്കു പകരം സിപിഎം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. അക്രമത്തെ തുടർന്നു പിണറായി പുത്തൻകണ്ടത്ത് മൂന്ന് ബിജെപി പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം ഉണ്ടായി. വീട്ടുപകരണങ്ങൾ അടിച്ചുതകർത്തു.

അഴീക്കോട്ട് സിപിഎം–ലീഗ് സംഘർഷത്തിൽ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർക്കു മർദനമേറ്റു. ചാലാട് മണലിൽ ബിജെപി ഓഫിസിനു നേരെയും ബിജെപി പ്രവർത്തകന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. കാസർകോട് ജില്ലയിൽ കാസർകോട് ഗവ. കോളജ് വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ മുസ്‌ലിം ലീഗ് – ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഉളിയത്തടുക്കയിൽ യുഡിഎഫ്–ബിജെപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. കല്ലേറിനു പുറമേ, പലയിടത്തും വാഹനങ്ങൾ തകർത്തു.

ആറങ്ങാടിയിൽ സിപിഎം-മുസ്‌ലിം ലീഗ് സംഘർഷത്തെ തുടർന്നു പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാഞ്ഞങ്ങാടുനിന്നു തുടർച്ചയായി രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫിലെ ഇ.ചന്ദ്രശേഖരന് അക്രമത്തിൽ ഇടതു കൈമുട്ടിനു താഴെ പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.കെ.നാരായണനു കാലിനും എഐടിയുസി ജില്ലാ സെക്രട്ടറി കെ.വി.കൃഷ്ണനു തലയ്ക്കും കാലിനും അടിയേറ്റു. എംഎൽഎയുടെ വാഹനവും പര്യടനത്തിന് ഉപയോഗിച്ചിരുന്ന തുറന്ന ജീപ്പും തകർത്തു. തുടർന്നു നന്ദിപ്രകടനം നിർത്തിവച്ചു. പരക്കെയുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കാസർകോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളിൽ കലക്ടർ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിൽ തിരുവള്ളൂരിൽ കല്ലേറിൽ ഏതാനും പേർക്കു പരുക്കേറ്റു. വടകര എസ്ഐ കെ. നൗഫലിന് കല്ലേറിൽ പരുക്കേറ്റു. പൊലീസിനു നേരെ സ്റ്റീൽ ബോംബ് എറിഞ്ഞതായും പരാതിയുണ്ട്. ഒഞ്ചിയത്ത് കുന്നുമ്മക്കരയിൽ ആർഎംപി ഓഫിസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു. വില്ല്യാപ്പള്ളിയിൽ യുഡിഎഫ്–എ‍ൽഡിഎഫ് പ്രകടനം മുഖാമുഖം നടത്തിയതിനെ തുടർന്നായിരുന്നു സംഘർഷം. നാദാപുരം ഇയ്യങ്കോട് ഇടത് ആഹ്ലാദ പ്രകടനത്തിനിടെ ബിജെപി പ്രവർത്തകരുമായി സംഘർഷം ഉണ്ടായി. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേറ്റു.

പാലക്കാട് നഗരത്തിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം കടന്നുപോകുമ്പോൾ പിന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു സമീപം ഒരു സംഘം അടിച്ചുതകർത്തു.

ഇടുക്കി ജില്ലയിൽ മൂന്നാറിൽ വിജയാഹ്ലാദ പ്രകടനത്തിനിടെ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. കല്ലേറിൽ ഒരു പൊലീസുകാരനു പരുക്കേറ്റു. ഇടുക്കി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ ആസാദിനാണു പരുക്കേറ്റത്. ദേവികുളം നിയോജകമണ്ഡലത്തിലെ പെമ്പിളൈ ഒരുമൈ സ്ഥാനാർഥിയുൾപ്പെടെയുള്ളവരെ എൽഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. സ്ഥാനാർഥി സെവൻമല എസ്റ്റേറ്റിലെ വടപ്പാറ ഡിവിഷൻ ആർ.രാജേശ്വരി (48), ഭർത്താവ് ജോളി (55), പെമ്പിളൈ ഒരുമൈ നേതാവ് നല്ലതണ്ണി എസ്റ്റേറ്റിലെ ലിസി (53) എന്നിവർക്കാണു മർദനമേറ്റത്. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനെ തുടർന്ന് ടൗണിലെത്തിയ ഇവരെ എൽഡിഎഫ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.

കോട്ടയം ജില്ലയിൽ കുമരകം, കാഞ്ഞിരം, എലിക്കുളം എന്നിവിടങ്ങളിൽ അക്രമം നടന്നു. ഏഴുപേർക്കു പരുക്കേറ്റു. ഇതിൽ വെട്ടേറ്റ നാലുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷ ബാധിത പ്രദേശമായ കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ പൊലീസ് ആക്ട് പ്രകാരം 144 പ്രഖ്യാപിച്ചു. കാഞ്ഞിരത്ത് സിപിഎം–ബിഡിജെഎസ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. കുമരകത്ത് ബിജെപി – സിപിഎം അണികൾ തമ്മിലായിരുന്നു സംഘർഷം. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എലിക്കുളത്ത് ഉണ്ടായ അക്രമത്തിൽ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജയിംസ് ചാക്കോ ജീരകത്തിന്റെ വീട് ആക്രമിച്ചു. സ്കൂട്ടർ നശിപ്പിച്ചുവെന്നും പരാതിയുണ്ട്. പരുക്കേറ്റ ജയിംസും കുടുംബാംഗങ്ങളും കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ കാലാമ്പൂരിൽ ഐഎൻടിയുസി പ്രവർത്തകനെയും മകനെയും ആഹ്ലാദപ്രകടനം നടത്തിയവർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. നൊടിയമ്പിള്ളിൽ മനോജ് (39), മകൻ അജയ് (13) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജിന്റെ കയ്യിൽ കുത്തേറ്റു. സിപിഎം പ്രവർത്തകനായിരുന്ന മനോജ് പാർട്ടി വിട്ടതിലെ വൈരാഗ്യമാണു കാരണമെന്നു പറയുന്നു. വടക്കൻ പറവൂരിലെ സിപിഐ ഓഫിസിലേക്കു പടക്കമെറിഞ്ഞു. കോൺഗ്രസ് പതാകയുമായി വന്നവരാണു പടക്കമെറിഞ്ഞതെന്നു സിപിഐ പ്രവർത്തകർ ആരോപിച്ചു. പറവൂരിൽ എൽഡിഎഫ് പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് കല്ലേറിൽ തകർന്നു.

തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ എൻഡിഎ രക്ഷാധികാരി കെ.എം.സുബ്രഹ്മണ്യന്റെ വീടിനു നേരെ സിപിഎം പടക്കമെറിഞ്ഞതായി പരാതി. വീടിനു മുമ്പിൽ ബിജെപിയുടെയും ബിഡിജെഎസിന്റെയും പതാകകളും കത്തിച്ച നിലയിലാണ്. ബിജെപി പ്രവർത്തകയും മേലൂർ പഞ്ചായത്തംഗവുമായ ശ്രീദേവി ജയന്റെ വീടിനു നേരെയും പടക്കമെറിഞ്ഞതായും പരാതിയുണ്ട്. ഇതിൽ പ്രതിഷേധിച്ച് ചാലക്കുടി നിയോജക മണ്ഡലത്തിൽ എൻഡിഎ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറുമുതൽ ആറുവരെയാണ് ഹർത്താൽ.


ആലപ്പുഴ ജില്ലയിൽ കായംകുളം പത്തിയൂർ കിഴക്ക് ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ കയറി ജനറൽ സെക്രട്ടറി ആർ.രാജീവിനെ വെട്ടി പരുക്കേൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്കും മർദനമേറ്റു. ചെട്ടികുളങ്ങരയിൽ ബിജെപി പ്രവർത്തകന്റെ വീടുകയറി ആക്രമിച്ചു. സിപിഎം–ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘട്ടനത്തെ തുടർന്നു മുഹമ്മയിൽ വായനശാലയുടെ ചില്ലു തകർന്നു.

Your Rating: