Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുധീരനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; പൊതുമാനദണ്ഡമുണ്ടെങ്കിൽ താനും മാറിനിൽക്കാം

oomemn-chandy-sudheran

ന്യൂഡൽഹി∙ കോണ്‍ഗ്രസിലെ സ്ഥാനാർഥിതർക്കം ഒത്തുതീർപ്പിലേക്ക്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചർച്ച നടത്തും. തർക്കങ്ങൾക്ക് അയവു വന്നത് രാഹുല്‍ ഗാന്ധിയുടെയും എ.കെ.ആന്റണിയുടെയും ഇടപെടലിനെതുടർന്നാണ്. ഇരുകൂട്ടരുടെയും ആവശ്യങ്ങള്‍ പൂർണമായും തള്ളാതെയാണ് ഒത്തുതീർപ്പ് ഫോർമുല. തിരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി വ്യാഴം രാവിലെ 11.30ന് വീണ്ടുംചേരും.

ഒരുഘട്ടത്തിൽ കോൺഗ്രസിലെ സീറ്റുതർക്കം തുറന്ന ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു. അഞ്ച് എംഎൽഎമാർ മാറിനില്‍ക്കണമെന്ന നിലപാടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് രാഹുൽഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ക്കു ശേഷവും വി.എം.സുധീരൻ അറിയിച്ചിരുന്നു. എംഎൽഎമാർ മാറി നില്‍ക്കാൻ ഉന്നയിക്കുന്ന കാരണങ്ങള്‍ തനിക്കും ബാധകമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഹൈക്കമാൻഡിനെ അറിയിച്ചു. തർക്കത്തിനുള്ള പരിഹാരശ്രമങ്ങളുമായി രമേശ്ചെന്നിത്തല സംസ്ഥാന നേതാക്കളെയും മുകുൾ വാസ്നിക്, ഗുലാം നബി ആസാദ് തുടങ്ങിയ കേന്ദ്രനേതാക്കളേയും കണ്ട‍ു.

ആരോപണമാണു പ്രശ്നമെങ്കിൽ ഏറ്റവുമധികം ആരോപണത്തിനു വിധേയനായതു താൻ, കൂടുതൽ മത്സരിച്ചവർ മാറണമെന്നാണെങ്കിൽ ആദ്യം മാറേണ്ടതു താൻ എന്ന വജ്രായുധമാണ് ഉമ്മൻ ചാണ്ടി പ്രയോഗിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെ. മുരളീധരനും ഇതിനു പിന്തുണ നൽകി. കർക്കശ നിലപാടു പ്രായോഗികമല്ലെന്ന പക്ഷമാണു കൊടിക്കുന്നിൽ സുരേഷിന്റേതും.

Read: മാനദണ്ഡങ്ങളെച്ചൊല്ലി തർക്കത്തിനിടെ 49 സീറ്റുകളിൽ കോൺഗ്രസ് ലിസ്റ്റായി

അതേസമയം, കേരളത്തിലേക്ക് മടങ്ങുന്നതിന് ഡൽഹി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി യാത്രമാറ്റിവച്ച് കേരളാ ഹൗസിലേക്ക് മടങ്ങിയിരുന്നു. വിമാനം വൈകിയതിനെ തുടർന്നാണ് മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങിയത്. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ തീരുമാനം ഉണ്ടാക്കിയതിന് ശേഷമേ മുഖ്യമന്ത്രി തിരികെ കേരളത്തിലേക്ക് മടങ്ങൂ എന്നാണ് സൂചന.

Read: കേരള നിയമസഭാ തിരഞ്ഞെടുപ്പ്; സമഗ്ര ചിത്രം

കോന്നി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂർ, പാറശാല മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരെ മാറ്റി വോട്ടർമാർക്കു വ്യക്തമായ സന്ദേശം നൽകണമെന്നാണു സുധീരന്റെ നിലപാട്. ഇതിനെതിരെ പരക്കെ വിമർശനമാണ് ഉയരുന്നത്. എ, ഐ ഗ്രൂപ്പുകൾ സുധീരന്റെ ഈ നിർദേശത്തിനെതിരാണ്. മുഖ്യമന്ത്രിക്കെതിരായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

കോന്നിയിൽ അടൂർ പ്രകാശിനു പകരം പി. മോഹൻരാജ്, തൃപ്പൂണിത്തുറയിൽ കെ. ബാബുവിനു പകരം എൻ. വേണുഗോപാൽ, ഇരിക്കൂരിൽ കെ.സി. ജോസഫിനു പകരം സതീശൻ പാച്ചേനി, തൃക്കാക്കരയിൽ ബെന്നി ബഹനാനു പകരം പി.ടി. തോമസ്, പാറശാലയിൽ എ.ടി. ജോർജിനു പകരം നെയ്യാറ്റിൻകര സനൽ അല്ലെങ്കിൽ മരിയാപുരം ശ്രീകുമാർ എന്നിവരെയാണു കെപിസിസി പ്രസിഡന്റ് നിർദേശിച്ചതെന്നറിയുന്നു.

അതേസമയം, സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു നേതാക്കൾ കൂട്ടരാജിക്ക് ഒരുങ്ങുന്നു. 12 ജില്ലാപ്രസിഡന്റുമാർ സംസ്ഥാന, ദേശീയ നേതൃത്വത്തിന് ഇമെയിൽ സന്ദേശം അയച്ചു. ജയസാധ്യതയില്ലാത്ത സീറ്റിൽ പരിഗണിച്ചാൽ ഉടനടി രാജിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പതിനൊന്ന് സംസ്ഥാന ജനറൽസെക്രട്ടറിമാരും രാജിസന്നദ്ധത അറിയിച്ചു.

Your Rating: