Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴീക്കോട് കിണറാണ് താരം; കിണറ്റിൽ ‘വീണ്’ സ്ഥാനാർഥികൾ

by ഉല്ലാസ് ഇലങ്കത്ത്
azhikode

ലൈവ് വാർത്ത കൊടുക്കുന്ന ശരീരഭാഷയുമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുകയാണ് പാപ്പിനിശേരി അമലോത്ഭവ മാതാ ദേവാലയത്തിനു മുന്നിൽ എൽഡിഎഫ് സ്ഥാനാർഥി നികേഷ് കുമാർ. വാർത്ത ചാനലിനല്ല,സ്വന്തം ഫേസ്ബുക്ക് പേജിലേക്കാണ്. പ്രചരണത്തിന്റെ ഓരോ ഘട്ടവും ഫേസ്ബുക്കിലൂടെ ജനങ്ങളിലെത്തിക്കാൻ പ്രത്യേക ക്യാമറാ സംഘം നികേഷിനൊപ്പമുണ്ട്. മാതൃദിനത്തിൽ അമ്മമാരാണ് വിഷയം. ‘അമ്മമാരുടെ മനസിൽ അശാന്തി പടരുമ്പോൾ ഒരു നല്ല മാതൃദിനം നേരാൻ എനിക്ക് കഴിയുന്നില്ല’-മലയാളികൾക്ക് പരിചിതമായ ശരീര ചലനങ്ങളോടെ നികേഷ് ക്യാമറയെനോക്കി തുടങ്ങുന്നു.

രാവിലെ അഴീക്കോട് സൗത്ത് ലോക്കൽ കമ്മറ്റിക്ക് കീഴിലുള്ള പള്ളിക്കുന്നു ബ്രം ഭാഗത്തായിരുന്നു പ്രചരണം. ആദ്യം കരുതിയത് നികേഷ് 
ഓടുകയാണെന്നാണ്. നടക്കുകയാണ് പക്ഷേ, കൂടെ എത്താൻ പ്രവർത്തകർ പാടുപെടുന്നു. പള്ളിക്കുന്നു ബ്രം ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വളവു തിരഞ്ഞപ്പോൾ വേലിക്കരികിൽ ദമ്പതിമാർ. കിണറിലെ വെള്ളം നോക്കിയിട്ടുപോകണമെന്നാണ് ആവശ്യം. ചുറ്റും കൂട്ടചിരി ഉയരുന്നു. നികേഷും ചിരിച്ചുപോയി. ഇറങ്ങുന്നില്ല, കരയിൽനിന്നു നോക്കാം- ചിരിയോടെ നികേഷ് പറയുന്നു.

azhikode

പ്രചരണത്തിനിടെ നികേഷ് കിണറിലെ വെള്ളം പരിശോധിക്കാനിറങ്ങിയതാണ് സാമൂഹ്യ മാധ്യമങ്ങളിലും അഴീക്കോടും ചർച്ചാ വിഷയം. കുടിവെള്ള പ്രശ്നം രൂക്ഷമാണെന്നും കിണറിലിറങ്ങി പരിശോധിക്കുന്നതിൽ തെറ്റില്ലെന്നു ഇടതുപക്ഷ പ്രവർത്തകരും, വെള്ളം പരിശോധിക്കാൻ കിണറിലിറങ്ങണോ, കോരി നോക്കിയാൽപോരെയെന്ന പരിഹാസവുമായി എതിരാളികളും വാദിക്കുന്നതോടെ അഴീക്കോട് കിണറാണ് താരം.

നികേഷ് കിണറ്റിലിറങ്ങിയാൽ എതിർ സ്ഥാനാർഥി മുസ്‍ലിം ലീഗിലെ കെ.എം. ഷാജി എങ്ങനെ മാറിനിൽക്കും. ഷാജി കിണറ്റിലിറങ്ങിയില്ല, നികേഷ് ഇറങ്ങിയ കിണറിന്റെ കരയിൽനിന്ന് വെള്ളം കോരിയെടുത്ത് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.  ‘ഈ വെള്ളം ശുദ്ധമല്ലെന്ന നികേഷിന്റെ പ്രചരണം തട്ടിപ്പാണ്’-വെള്ളത്തിന്റെ പരിശുദ്ധി ഉറപ്പിക്കാൻ ഒരു കവിൾ വെള്ളം കുടിച്ച് ഷാജി പറയുന്നു. ഫെയ്സ്ബുക്കിൽ ഇതിന്റെ വിഡിയോ ഷാജി തന്നെ പോസ്റ്റു ചെയ്തതോടെ വിവാദം തിരിച്ചടിച്ചു.

azhikode

ഷാജി വെള്ളം കുടിക്കുന്നുണ്ട്, അതു കിണറിൽനിന്ന് കോരിയ വെള്ളമാണെന്നതിന് വിഡിയോയിൽ തെളിവില്ല. ‘കിണറിൽനിന്ന് വെള്ളം കോരി പക്ഷേ, ഷാജി കുടിച്ചത് കൂടെകൊണ്ടുവന്ന പരിശുദ്ധമായ കുപ്പിവെള്ളമാണ്’- ഇടതുപക്ഷം ആരോപണവുമായി എത്തിയതോടെ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് മണ്ഡലത്തിൽ. കിണർ വെള്ളം കുടിപ്പിച്ചതോടെ തത്ക്കാലം ഇനി കിണറിനടുത്തേക്ക് പോകേണ്ടെന്ന തീരുമാനത്തിലാണ് ഇരു സ്ഥാനാർഥികളും.

മാതൃദിനത്തിൽ അമ്മയോടൊപ്പമായിരുന്നു നികേഷിന്റെ ആഘോഷം. അഴീക്കോട് ചെമരശ്ശേരിപ്പാറ ഡോ. ശ്രീരാമന്‍റെ വസതിയിലായിരുന്നു കുടുംബസംഗമം. അമ്മ ജാനകിയെ ചേർത്തുപിടിച്ചിരിക്കുകയാണ് നികേഷ്. കൂടെ ബന്ധുക്കളുടെ നീണ്ടനിര. വളപട്ടണം പാലം കയറുമ്പോൾ ഇടതുവശത്തായി കണ്ടൽക്കാടുകൾ. സിപിഎമ്മിന്റെ വിവാദമായ കണ്ടൽപാർക്ക് നിലനിന്നിരുന്ന സ്ഥലം. ഇപ്പോൾ പാർക്കില്ല. തൊട്ടടുത്തായി വെസ്റ്റേൺ ഇന്ത്യ കോട്ടൻസിന്റെ പൂട്ടികിടക്കുന്ന മിൽ. പാപ്പിനിശേരി പള്ളിയിൽനിന്ന് ഇറങ്ങിവരുന്നവരുന്നവരോട് വോട്ട് അഭ്യർഥിക്കുകയാണ് നികേഷ്. കൂടെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ റാണി ജോർജും മക്കളും. അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണം,അതാണ് ജനങ്ങൾക്കു വേണ്ടത് പള്ളിയിലെ വികാരി പറയുമ്പോൾ എല്ലാവരും അക്രമം ഉപേക്ഷിക്കണമെന്ന് നികേഷ് കൂട്ടിച്ചേർക്കുന്നു.

നികേഷിന്റെ അഭിമുഖത്തിനായി റോഡരികിൽ ചാനൽസംഘം കാത്തുനിൽക്കുന്നു. ഉച്ചയ്ക്കുശേഷം ബാലൻ കടയിൽ ആരംഭിച്ച പ്രചരണം രാത്രിയോടെ ഒണ്ടേൻ പറമ്പിലെ പഞ്ചായത്ത് കിണർ ഭാഗത്താണ് അവസാനിച്ചത്. കിണറുകൾ സ്ഥാനാർഥിയെ വിടുന്നില്ല.

azhikode

ഉദുമയിലെ പ്രചരണതിരക്കിനിടയിലും മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പ്രചരണത്തിനായി മണ്ഡലത്തിലെത്തിയതിന്റെ 
ആവേശത്തിലായിരുന്നു കെ.എം. ഷാജി. കുടുംബയോഗങ്ങളും പര്യടനവുമായി പുഴാതി പഞ്ചായത്തിലായിരുന്നു. പഞ്ചായത്തിലേക്ക് പോകുന്ന വഴിയിൽ ഷാജിക്ക് വോട്ടഭ്യർഥിച്ച് കണ്ണൂർ കോർപ്പറേഷനിലെ കൗൺസിലർമാർ. 27 കൗൺസിലർമാരും പ്രചരണത്തിനുണ്ട്. കോൺഗ്രസ് വിമത സ്ഥാനാർഥി പി.കെ. രാഗേഷിന്റെ സ്ഥാനാർഥിത്വം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാണ് കൗൺസിലർമാരെ രംഗത്തിറക്കിയിരിക്കുന്നത്. 

വികസനത്തിന് വോട്ടുനൽകണമെന്നാണ് ഷാജിയുടെ അഭ്യർഥന. അഞ്ചുവർഷം കൊണ്ട് മണ്ഡലത്തിൽ ഇതുവരെ നടക്കാത്ത വികസനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് ഷാജി പറയുന്നു. കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറക്കൽ, നാറാത്ത്, പള്ളിക്കുന്ന്, പാപ്പിനിശേരി, പുഴാതി, വളപട്ടണം  പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മണ്ഡലം. വിമതനായി മത്സരിക്കുന്ന രാഗേഷ് പിടിക്കുന്ന ഓരോ വോട്ടും നിർണായകമാകും. നികേഷെന്ന ശക്തനായ എതിരാളിയെ കിട്ടിയതോടെ കരുതലോടെയാണ് ഷാജിയുടെ പ്രവർത്തനം. എന്തു വിലകൊടുത്തും നികേഷിനെ ജയിപ്പിക്കാനായി ഇടതുപക്ഷവും. ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുമ്പോൾ അവസാന നിമിഷത്തെ അടിയൊഴുക്കുകളിലാണ് ഇരുമുന്നണികളുടേയും പ്രതീക്ഷ. 

Your Rating: