Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയുടെ നോട്ടം ഇനി കേരളത്തിലേക്ക്

deseeyam

അസമിലെ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു തിരക്കൊഴിഞ്ഞു. 2016ൽ ഇനി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതു പാർട്ടിക്കു ഭരണത്തിലേറാമെന്ന മോഹമോ പ്രതീക്ഷയോ ഇല്ലാത്ത സംസ്ഥാനങ്ങളിലാണ്.

കേരള നിയമസഭയിൽ പ്രവേശനം കിട്ടാൻ പാർട്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്. ബംഗാളിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇപ്പോഴത്തെ വോട്ടു ശതമാനം നിലനിർത്താനായാൽ തന്നെ ബിജെപി അധ്യക്ഷൻ അമിത് ഷാ തൃപ്തനാകും. തമിഴ്നാട്ടിലും പുതുച്ചേരിയിലും പാർട്ടിക്കു പ്രധാന സഖ്യകക്ഷികളൊന്നുമില്ല. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയകാന്തിന്റെ ഡിഎംഡികെയും എസ്.രാംദാസിന്റെയും മകൻ അൻപുമണിയുടെയും പിഎംകെയും വൈകോയുടെ എംഡിഎംകെയുമായി ബിജെപിക്കു സഖ്യമുണ്ടായിരുന്നു. മുന്നണി രണ്ടുസീറ്റുകൾ നേടുകയും ചെയ്തു. ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും ചേർന്നുള്ള പുതിയസഖ്യവും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും തമ്മിൽ നേരിട്ടുള്ള യുദ്ധമാണ്. ബിജെപിക്കു കാര്യമായ വേഷമില്ല.

അസമിലെ വിധി ജനം വോട്ടിങ് യന്ത്രത്തിൽ കുറിച്ചുകഴിഞ്ഞതോടെ അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് അമിത് ഷാ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കഴി‍ഞ്ഞവർഷം, കിഴക്കൻ മേഖലയിലെ ആദ്യവിജയം ആഗ്രഹിച്ചു ബിഹാറിൽ നരേന്ദ്ര മോദിയും ഷായും നേരിട്ടു പ്രചാരണം ആസൂത്രണം ചെയ്യുകയായിരുന്നു.

കോൺഗ്രസ് ആസ്ഥാനത്താണ് ഇപ്പോൾ കൂടുതൽ തിരക്കും ഉത്സാഹവും കാണുന്നത്. തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ഏക പാർട്ടി കോൺഗ്രസാണ്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണു പ്രചാരണരംഗത്തെ താരങ്ങൾ. ബംഗാളിനും തമിഴ്നാടിനും വേണ്ടി ആളും തന്ത്രവും സ്വരൂപിക്കുന്ന പാർട്ടി കേരളത്തിന്റെയും അസമിന്റെയും ചുമതല മുഖ്യമന്ത്രിമാർക്കു നൽകിയിരിക്കുകയാണ്.

കേരളത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷൻ വി.എം.സുധീരനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ഘടകകക്ഷി നേതാക്കളെയും ഏകോപിപ്പിച്ചു മുന്നോട്ടു പോകുമ്പോൾ അസമിൽ കണ്ടതു നാലാം വിജയം എന്ന റെക്കോർഡ് ലക്ഷ്യമിടുന്ന തരുൺ ഗൊഗോയുടെ ‘വൺ മാൻ ഷോ’ ആണ്. ബംഗാളിൽ സിപിഎമ്മുമായും തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള ഏകോപനം ഹൈക്കമാൻഡിന്റെ നേരിട്ടുള്ള ചുമതലയിലാണ്. ബംഗാളിൽ സീറ്റു പങ്കുവച്ച പാർട്ടികൾ പ്രചാരണരംഗത്തു കൈകോർത്തു. രാഹുൽ ഗാന്ധി മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി വേദി പങ്കിട്ടു. തമിഴ്നാട്ടിൽ സോണിയയും ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയും ഒന്നിച്ചു പങ്കെടുക്കുന്ന സമ്മേളനം നടത്താനുള്ള ശ്രമത്തിലാണു മുതിർന്ന നേതാവ് ഗുലാം നബി ആസാദ്.

കോൺഗ്രസിലെയും ഡിഎംകെയിലെയും പിൻഗാമികളായ മക്കൾ രാഹുൽ ഗാന്ധിയും എം.കെ.സ്റ്റാലിനും ചേർന്നുള്ള പ്രചാരണത്തിനും ശ്രമിക്കുന്നു. ഇരുവരും ചേർന്നു വലിയ സമ്മേളനം നടത്താനിടയുണ്ട്. പ്രചാരണത്തിന്റെ കലാശദിവസം ചെന്നൈയിലാകാം ഒന്നിച്ചുള്ള സമ്മേളനമെന്നു ഡിഎംകെ പറയുന്നു. രാഹുലിനു താൽപര്യം ഏതെങ്കിലും ഗ്രാമത്തിലെ വേദിയാണ്.

അഗസ്റ്റ വെസ്റ്റലാൻഡ് ഹെലികോപ്റ്റർ അഴിമതിയുടെയും ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാരിനെതിരായ അട്ടിമറിയുടെയും പേരിൽ പാർലമെന്റിൽ ബിജെപിയും കോൺഗ്രസും തമ്മിൽ പോ‍ർവിളിയാണ്. ഇരുപാർട്ടികളും മേയ് 19നു വരാനിരിക്കുന്ന തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുകയാണ്. അസമിൽ എൻഡിഎയ്ക്കു വലിയ വിജയവും എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിനു തോൽവിയുമാണു ഫലമെങ്കിൽ മോദിക്കും അമിത് ഷായ്ക്കും മൂർച്ചകൂടും. കോൺഗ്രസ് മികച്ചപ്രകടനം കാഴ്ചവച്ചാൽ മോദിയുടെയും ഷായുടെയും തന്ത്രങ്ങൾക്കുനേരെ അസുഖകരമായ ചോദ്യങ്ങൾ ഉയരും.

Your Rating: