Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ മുന്നണികൾ

by സ്വന്തം ലേഖകൻ
candidates-announced

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു നീണ്ടതോടെ സ്ഥാനാർഥികളെ ആരാദ്യം പ്രഖ്യാപിക്കും എന്ന ഒളിച്ചുകളിയിലാണു മുന്നണികൾ. രണ്ടുമാസത്തിലേറെ സമയമുള്ളതിനാൽ നേരത്തെ സ്ഥാനാർഥികളെ രംഗത്തിറക്കുന്നതു ഗുണമോ ദോഷമോ എന്ന വിശകലനമാണു വിവിധ പാർട്ടികളിലും മുന്നണികളിലും. ഏപ്രിൽ ആദ്യം എന്ന നിലയിലാണ് ഇപ്പോൾ ചർച്ച. ഇന്നു ചേരുന്ന യുഡിഎഫ്, എൽഡിഎഫ് യോഗങ്ങളോടെ കൂടുതൽ വ്യക്തതയായേക്കും.

പ്രചാരണത്തിനു പരമാവധി ഒരുമാസം മതിയെന്ന ചിന്തയാണു പാർട്ടികൾക്ക്. ഏപ്രിൽ ഒടുവിലോ പരമാവധി മേയ് ആദ്യമോ തിരഞ്ഞെടുപ്പു നടത്തുമെന്നു കണ്ടുള്ള ക്രമീകരണങ്ങളിലായിരുന്നു എല്ലാ പാർട്ടികളും. മേയ് 16 ലേക്കു നീളുമെന്നു വന്നതോടെ മെല്ലപ്പോക്കിലായി.

സ്ഥാനാർഥികളെ മുൻകൂട്ടി പ്രഖ്യാപിക്കുന്നതാണു നല്ലത് എന്നതായിരുന്നു പഴയ ചിന്തയെങ്കിൽ രണ്ടുമാസത്തിലേറെയുള്ളതിനാൽ ഇപ്പോൾ അങ്ങനെ കരുതാൻ കഴിയില്ല. രണ്ടരമാസത്തോളം നീളുന്ന പ്രചാരണത്തിനു വേണ്ടിവരുന്ന ചെലവിനെക്കുറിച്ച് ആദ്യം ഓർമിക്കണം. സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നാൽ തന്ത്രങ്ങളിൽ മാറ്റംവരുത്തി യോജിക്കുന്ന ഏതിരാളിയെ ഇറക്കാൻ മറുവിഭാഗം ശ്രമിക്കുമോ എന്നതു വലിയ ആശങ്കയും.

യുഡിഎഫ് ആണോ ആദ്യം പട്ടികയുമായി വരിക എന്ന് എൽഡിഎഫും തിരിച്ചും രഹസ്യവും പരസ്യവുമായ അന്വേഷണം നടത്തുന്നു. രണ്ടു മുന്നണികളുടെയും നീക്കങ്ങൾ ബിജെപിയും നിരീക്ഷിക്കുന്നു. ഏപ്രിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ മതിയില്ലോ എന്ന ആലോചനയാണു കോൺഗ്രസിൽ. കരട് പട്ടിക തയാറാക്കാനുള്ള തിരഞ്ഞെടുപ്പു സമിതി 23നാണു ചേരുന്നത്. തുടർന്നു കേരള നേതാക്കൾ ഡൽഹിക്കു തിരിക്കും.

മാർച്ച് 20നു സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിക്കുമെന്നാണു നേരത്തെ അറിയിച്ചിട്ടുള്ളത്. സിപിഎം സ്ഥാനാർഥിനിർണയ പ്രക്രിയ 17നും സിപിഐയുടേതു 19നും പൂർത്തിയാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്. എന്നാൽ യുഡിഎഫിന്റേത് ഏപ്രിൽ ആദ്യമേയുള്ളൂവെങ്കിൽ പത്തുദിവസത്തോളം മുൻപ് തങ്ങളുടെ സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതു ഗുണമോ ദോഷമോ എന്ന ചർച്ച ഇടതുമുന്നണിയിലുണ്ട്. ഈ മാസം പകുതിയോടെ സ്ഥാനാർഥികളെ അണിനിരത്താനിരുന്ന ബിജെപിയും മന്ദഗതിയിലാണ്.

ലീഗ് നേരത്തേ;പക്ഷേ ആകാംക്ഷ ഒഴിയുന്നില്ല

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപു സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് എതിരാളികളെ കാത്തിരിക്കുകയാണു മുസ്‌ലിം ലീഗ്. കഴിഞ്ഞ തവണ ലീഗ് മൽസരിച്ച 24 സീറ്റുകളിൽ ജയിച്ച 20 സീറ്റുകളിലും കഴിഞ്ഞ മൂന്നിനു തന്നെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. വളരെ നേരത്തേ സ്‌ഥാനാർഥി നിർണയം പൂർത്തിയാക്കിയതിന്റെ നേട്ടവും കോട്ടവും ലീഗിനു മുന്നിലുണ്ട്.

സ്‌ഥാനാർഥി നിർണയത്തിനു മുൻപു മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന സാധ്യതാ പട്ടിക മൂലമുണ്ടാകുന്ന ആശങ്കകളിൽനിന്നു വലിയ പരുക്കേൽക്കാതെ രക്ഷപ്പെടാൻ നേതൃത്വത്തിനു കഴിഞ്ഞു. സീറ്റുണ്ടാകുമോ, മണ്ഡലം മാറേണ്ടി വരുമോ തുടങ്ങി വോട്ടർമാരെ സമീപിക്കുമ്പോൾ നിലവിലെ എംഎൽഎമാർക്ക് ഉണ്ടാകുമായിരുന്ന ആശങ്കളും നീങ്ങി.

വളരെ നേരത്തേ വോട്ടർമാരിലേക്ക് ഇറങ്ങാൻ ലീഗ് സ്‌ഥാനാർഥികൾക്കു കഴിഞ്ഞു. താഴെത്തട്ടുവരെയുള്ള കമ്മിറ്റികളെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സജീവമാക്കാനുമായി. എതിരാളികൾ ആരെന്ന് അറിയാനുള്ള ആകാംക്ഷയാണ് ഇപ്പോൾ ലീഗ് സ്‌ഥാനാർഥികൾക്കുള്ളത്.

യുഡിഎഫ് സംവിധാനം നിലവിലില്ലാത്ത ഇരുപതിലേറെ പഞ്ചായത്തുകൾ മലപ്പുറത്തുണ്ട്. ഈ പഞ്ചായത്തുകളിൽ ലീഗ്–സിപിഎം കൂട്ടുകെട്ടോ, കോൺഗ്രസ്–സിപിഎം കൂട്ടുകെട്ടോ ആണു നിലനിൽക്കുന്നത്. ഇത്തരം സ്‌ഥലങ്ങളിൽ ചർച്ചകളിലൂടെ യുഡിഎഫ് സംവിധാനം പുനഃസ്‌ഥാപിക്കാനുള്ള സമയവും കിട്ടി. പല പഞ്ചായത്തുകളിലും അനുരഞ്‌ജന ചർച്ചകൾ നടന്നുവരികയാണ്.

ലീഗ് നിർത്തിയ സ്‌ഥാനാർഥികളുടെ സമുദായ സംഘടനാ ബന്ധങ്ങളും മറ്റു സ്വാധീനങ്ങളും മനസ്സിലാക്കി യോജിക്കുന്ന എതിരാളികളെ കണ്ടെത്താൻ എൽഡിഎഫിനു വേണ്ടുവോളം സമയം കിട്ടിയെന്നതാണു നേരത്തേയുള്ള സ്‌ഥാനാർഥി പ്രഖ്യാപനം കൊണ്ടു ലീഗിനുണ്ടായ ദോഷം. ലീഗിന്റെ സ്‌ഥാനാർഥി നിർണയത്തിൽ അതൃപ്‌തിയുള്ളവരെ സ്വന്തം പാളയത്തിൽ സ്‌ഥാനാർഥിയായി കൊണ്ടുവരാൻ എതിരാളികൾക്കു സമയം കിട്ടി. കൊടുവള്ളി മണ്ഡലത്തിൽ ലീഗുമായി ഇടഞ്ഞ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായ കാരാട്ട് റസാഖ് ഇടതു പിന്തുണയുള്ള സ്വതന്ത്രനായി വരും.

കൊടുവള്ളിയിൽനിന്ന് വി.എം. ഉമ്മറിനെ തിരുവമ്പാടിയിലേക്കു മാറ്റി എം.എ. റസാഖിനു സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണു കാരാട്ട് റസാഖ് ലീഗ് വിട്ടത്. മലപ്പുറത്തെ ചില മണ്ഡലങ്ങളിലും ഇത്തരത്തിൽ സ്‌ഥാനാർഥികളെ കണ്ടുപിടിക്കാൻ എതിരാളികൾക്കു സമയം കിട്ടി.

താനൂർ, തിരൂർ പോലുള്ള മണ്ഡലങ്ങളിൽ ലീഗിനെ പ്രതിരോധിക്കാൻ കഴിയുമെന്നു കരുതുന്നവരെ സ്‌ഥാനാർഥിയാക്കാനാണു സിപിഎം തീരുമാനം. താനൂരിലും തിരൂരിലും ലീഗിന്റെ സിറ്റിങ് എംഎൽഎമാർ തന്നെ മൽസരിക്കുമെന്നു പ്രഖ്യാപിച്ചതിനാൽ യോജിച്ച സ്വതന്ത്രരെ കണ്ടെത്താൻ സിപിഎമ്മിനു സമയം കിട്ടി.

സീറ്റ് വച്ചുമാറൽ പ്രശ്‌നത്തിൽ തിരുവമ്പാടി മണ്ഡലം തർക്കത്തിലായതും നേരത്തേയുള്ള സ്‌ഥാനാർഥി പ്രഖ്യാപനം കൊണ്ടാണ്. വച്ചുമാറേണ്ട സീറ്റുകൾ ഏതെന്ന കാര്യത്തിൽ കോൺഗ്രസുമായി നേരത്തേ ധാരണയുണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണു വിലയിരുത്തൽ.

നേരത്തേ പ്രവർത്തനം തുടങ്ങിയതുകൊണ്ടു തിരഞ്ഞെടുപ്പ് ചെലവിന്റെ ഗ്രാഫ് ഉയരും. താഴേത്തട്ടിലുള്ള കമ്മിറ്റികൾ ചലിപ്പിക്കണമെങ്കിൽ ഇപ്പോൾ തന്നെ പണം ഇറക്കേണ്ടി വരും. കഴിഞ്ഞ മൂന്നിനാണു സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു ലീഗ് തിരഞ്ഞെടുപ്പു രംഗത്തു സജീവമായത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.