Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ പരിഹാസത്തിനെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി

by സ്വന്തം ലേഖകൻ
cm-pm

തിരുവനന്തപുരം ∙ മിക്ക മേഖലകളിലും ദേശീയ ശരാശരിയെക്കാൾ മുന്നിലുള്ള കേരളത്തെ പട്ടിണിയുടെ പര്യായമായി മാറിയ സൊമാലിയയോട് ഉപമിച്ച് അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

ഇന്നു കേരളത്തിൽ വീണ്ടുമെത്തുമ്പോൾ അടിസ്ഥാനരഹിതമായ ഇൗ ആരോപണങ്ങൾ പിൻവലിക്കണമെന്നു നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇവിടെ വന്ന് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ കള്ളത്തരം തട്ടിവിട്ടിട്ടില്ലെന്നും ഉന്നതപദവിയിലിരിക്കുന്ന ഒരാൾ ഇത്രത്തോളം തരംതാണതു കണ്ടു കേരളം ഞെട്ടിയിരിക്കുകയാണെന്നും കത്തിൽ വിമർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മോദി കേരളത്തിൽ നടത്തിയ പ്രസംഗങ്ങളിൽ ചൊരിഞ്ഞ ആക്ഷേപങ്ങൾക്കെല്ലാം മറുപടി എണ്ണിപ്പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ കത്തിലേക്ക്...

∙ സൊമാലിയ: സാമ്പത്തികവളർച്ചാ നിരക്കിലും മാനവശേഷി വികസനത്തിലും അഞ്ചുവർഷമായി കേരളം ദേശീയ ശരാശരിക്കു മുകളിലാണ്. എന്നിട്ടും പട്ടിണിയും ആഭ്യന്തരകലാപവും കൊണ്ടു നട്ടംതിരിയുന്ന സൊമാലിയയുമായി അങ്ങു കേരളത്തെ താരതമ്യം ചെയ്‌തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളം ഇന്ത്യയിലുള്ള സംസ്ഥാനമല്ലേ? ഇന്ത്യയിൽ സൊമാലിയ പോലുള്ള പ്രദേശമുണ്ടെന്നു പറയുന്നതു പ്രധാനമന്ത്രിക്കു നാണക്കേടല്ലേ?

∙ മാലിന്യം ഭക്ഷണം: കണ്ണൂരിലെ പേരാവൂരിൽ ഒരു ബാലൻ മാലിന്യത്തിൽ നിന്നു ഭക്ഷണം കഴിക്കുന്ന ചിത്രം കരളലിയിച്ചു എന്നാണ് അങ്ങു പറഞ്ഞത്. സ്കൂളിൽ പോകാൻ മടിയുള്ളവരും സമീപവീടുകളിലും തോട്ടങ്ങളിലും മറ്റും അതിക്രമിച്ചുകയറിയെന്ന പരാതി നേരിടുന്നവരുമാണ് ആ കുട്ടികൾ. സ്ഥിരമായി കൂലിവേല ലഭിക്കുന്നതിനാൽ ഭക്ഷണത്തിനോ മറ്റ് അത്യാവശ്യങ്ങൾക്കോ അവരുടെ കുടുംബങ്ങൾക്കു ബുദ്ധിമുട്ടില്ലെന്നും ഒരു മാധ്യമത്തിൽ ചിത്രം വന്നതിനെ തുടർന്നു പട്ടികവർഗ വകുപ്പും പേരാവൂർ പൊലീസും സർക്കാരിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വാസയോഗ്യമായ വീടും ആറളം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽ ഒരേക്കറോളം ഭൂമിയും ഇവർക്കുണ്ട്. പ്രധാനമന്ത്രി ഒരുകാര്യം പറയുമ്പോൾ അതു വസ്തുതാപരമായിരിക്കണം. 25.02 ലക്ഷം വിദ്യാർഥികൾക്കു ദിവസവും സൗജന്യ ഉച്ചഭക്ഷണവും ആഴ്‌ചയിൽ ഒരിക്കൽ വീതം മുട്ടയും പാലും നൽകുന്ന സംസ്ഥാനമാണു കേരളം.

∙ കൊലപാതകങ്ങൾ: സിപിഎം നടത്തിയ രാഷ്‌ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും സർക്കാർ ഒതുക്കിത്തീർത്തെന്ന് അങ്ങു പറഞ്ഞു. ടിപി വധം സമയബന്ധിതമായി അന്വേഷിച്ചു കുറ്റപത്രം നൽകി 11 പേരെ ശിക്ഷിച്ചു. എന്നാൽ, ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നൽകിയ ശുപാർശയിന്മേൽ കേന്ദ്രസർക്കാർ രണ്ടേകാൽ വർഷമായി അടയിരിക്കുകയാണ്. ഇതു ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ്.

∙ സോളർ: ഇൗ വാക്കു കേൾക്കുമ്പോൾ ഇവിടെയാരും ഞെട്ടാറില്ല. സോളർ കേസ് സാമ്പത്തികത്തട്ടിപ്പാണെന്നും സർക്കാരിനു നയാപൈസ നഷ്‌ടപ്പെട്ടിട്ടില്ലെന്നും ഇവിടെ എല്ലാവർക്കും അറിയാം. 33 കേസുകളിലെ പ്രതിയാണ് ആരോപണം ഉന്നയിക്കുന്നത്. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ, കേരളത്തിലെ സോളർ പദ്ധതിയെപ്പറ്റി അങ്ങ് എത്രയോ തവണ വാചാലനായിട്ടുണ്ട്. കലിഫോർണിയയിൽ 196 രാജ്യങ്ങൾ പങ്കെടുത്ത റിന്യൂവബിൾ എനർജി റൗണ്ട് ടേബിൾ കോൺഫറൻസിൽ അങ്ങ് എടുത്തുപറഞ്ഞ മൂന്നു പദ്ധതികളിലൊന്നു സൗരോർജത്തിൽ പ്രവർത്തിക്കുന്ന നെടുമ്പാശേരി വിമാനത്താവളമാണ്.

Your Rating: