Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യം ശ്രദ്ധിക്കുന്നു കേരളത്തിലെ പോര്

Modi and Sonia

തിരുവനന്തപുരം ∙ മോദി–സോണിയ വാക്പോരിലൂടെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം രാജ്യമാകെ ഉറ്റുനോക്കുന്ന തലത്തിലേക്ക് ഉയർന്നു. കേരളത്തിൽ ഇന്നു വീണ്ടും എത്തുന്ന നരേന്ദ്രമോദി സോണിയ ഗാന്ധിയുടെ വികാരപരമായ ആക്രമണത്തിന് എന്തു മറുപടി നൽകുമെന്നാണ് ഇനി അറിയാനുളളത്. കോൺഗ്രസ്–ബിജെപി ഏറ്റുമുട്ടലിൽ സിപിഎം നേരിട്ടു കക്ഷിചേർന്നില്ല. ഇതിനിടയിലും ഇവരുടെ ബാന്ധവം ആരോപിച്ചു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ വീണ്ടും രംഗത്തെത്തി.

ആകെ ഇളക്കിമറിക്കുന്ന അതിശക്തമായ രാഷ്ട്രീയപ്പോരാട്ടത്തിലാണു മൂന്നു മുന്നണികളും. പാർലമെന്റിലടക്കം അതിന്റെ അലയൊലി മുഴങ്ങുന്നു. അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിൽ സോണിയയുടെ പേരു പറഞ്ഞില്ലെങ്കിലും അവരിലേക്കു നീളുന്ന വ്യക്തമായ സൂചന നൽകി പ്രധാനമന്ത്രി രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടതോടെയാണു പോരിന്റെ ദിശ മാറിയത്. അന്നു രാത്രി തന്നെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മുഴുവൻ വിശദാംശങ്ങളും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കേരളത്തിലെ തന്റെ ആദ്യയോഗമായ തൃശൂരിൽ ഇതിനു മറുപടി നൽകാനാണു സോണിയ ആദ്യം ആലോചിച്ചത്. എന്നാൽ മോദി തനിക്കെതിരെ തിരിഞ്ഞ അതേ തിരുവനന്തപുരം തന്നെ പിന്നീട് മറുപടിക്കും സോണിയ തിരഞ്ഞെടുത്തു. വികാരഭരിതമായ പ്രസംഗത്തിലൂടെ അവർ തിരഞ്ഞെടുപ്പു രംഗം തന്നെ ഇളക്കിമറിച്ചു.

സോണിയയ്ക്കു ശക്തമായ പിന്തുണയുമായി എ.കെ.ആന്റണിയടക്കമുള്ളവർ പിന്നാലെയെത്തി. ആർഎസ്എസ് പ്രവർത്തകന്റെ നിലവാരമാണു പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്ന് ആന്റണി ആഞ്ഞടിച്ചു. കേരളം ഇതിനു മറുപടി നൽകുമെന്ന ആന്റണിയുടെ വാക്കുകൾ തള്ളിയ അമിത് ഷാ, ഹെലികോപ്റ്റർ ഇടപാടിൽ ആന്റണിക്കെതിരെ തന്നെ തിരിഞ്ഞു. കുറ്റക്കാരെ പിടികൂടുമെന്നു പറയുമ്പോൾ എന്തിന് സോണിയ വികാരവതിയാകുന്നുവെന്നു ഷായും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചോദിച്ചു. ബിജെപി ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്ന് ഈ വാക്കുകൾ വ്യക്തമാക്കിയതോടെ ഇനി എല്ലാ ശ്രദ്ധയും മോദിയുടെ ഇന്നത്തെ തൃപ്പൂണിത്തുറ പ്രസംഗത്തിൽ.

അഴിമതി ആരോപണം ഉയർന്നതിനാൽ ഹെലികോപ്റ്റർ ഇടപാടു റദ്ദാക്കണമെന്ന നിലപാടായിരുന്നു യുപിഎ സർക്കാരിന്റെ കാലത്തു സിപിഎമ്മിന്. ഇക്കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരുപോലെ കുറ്റക്കാരാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം യച്ചൂരി പറഞ്ഞത്. അതി വൈകാരികതയിലേക്കു പോകാതെ സോണിയ കൃത്യമായ മറുപടി നൽകണമെന്ന് ഇന്നലെ കോഴിക്കോട്ട് വൃന്ദ കാരാട്ടും പ്രതികരിച്ചു. എന്നാൽ സംസ്ഥാന നേതാക്കളാരും ഇക്കാര്യത്തിൽ അഭിപ്രായപ്രകടനത്തിനു മുതിർന്നില്ല.

കോൺഗ്രസ്–ബിജെപി ഏറ്റുമുട്ടലായി തിരഞ്ഞെടുപ്പു ചിത്രത്തെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ ആസൂത്രിത നീക്കമാണോ ഇതെന്ന സംശയം അവർക്കുണ്ട്. സോണിയ കേരളത്തിലെത്താനിരിക്കെ, പാർലമെന്റിൽപ്പോലും ഉന്നയിക്കാത്ത ആക്ഷേപം ഉയർത്താൻ പ്രധാനമന്ത്രി ഇവിടം വേദിയാക്കിയതാണ് ആ സംശയത്തിനു കാരണം.

ഇതിനിടയിലും ബിജെപി ബന്ധം സംബന്ധിച്ച ആരോപണങ്ങൾക്കു പഞ്ഞമില്ല. ഉമ്മൻ ചാണ്ടിയും വെള്ളാപ്പള്ളി നടേശനും ചേർന്ന് ആ ബന്ധം നടപ്പാക്കുകയാണെന്നു വിഎസ് വീണ്ടും ആരോപിച്ചു. സിപിഎം–ബിഡിജെഎസ് ബന്ധം ആലപ്പുഴയിൽ കണ്ടു തുടങ്ങി എന്നാണ് ഇതിനുള്ള കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ മറുപടി. കേരളത്തെ അപമാനിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളാണ് മോദി നടത്തിയതെന്നും അതു തിരുത്തണമെന്നും ശക്തമായ ഭാഷയിൽ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു.
കണ്ണൂരിൽ ഇതിനിടെ ചില അക്രമങ്ങൾ തലപൊക്കുന്നതു സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്. വോട്ടെടുപ്പു ദിനം മുന്നിൽകണ്ടുള്ള നീക്കങ്ങളാണോ ഇതെന്ന സംശയം ഉയർന്നിട്ടുണ്ട്. 

Your Rating: