Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു പേരും കളത്തിൽ

pinarayi-and-vs സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും.

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും രണ്ടുപതിറ്റാണ്ടിനുശേഷം ഒരുമിച്ചു മൽസരിക്കുന്നതിനു കളമൊരുങ്ങി. ഒന്നരപ്പതിറ്റാണ്ടിനു ശേഷം പാർലമെന്ററി രംഗത്തേയ്ക്കുള്ള പിണറായി വിജയന്റെ മടങ്ങിവരവു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഔദ്യോഗികമായി അംഗീകരിച്ചു. പിണറായി കണ്ണൂരിലെ ധർമടത്തു മൽസരിക്കും.

മൽസരത്തിനു വിഎസിനും സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. ഇന്നു വിഎസ് കൂടി പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം കേട്ട് ഇരുനേതാക്കളെയും ഒരുമിച്ചിറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകും.

1996 ലെ തിരഞ്ഞെടുപ്പിലാണ് വിഎസും പിണറായിയും മുൻപ് ഒരുമിച്ചു മൽസരരംഗത്തിറങ്ങിയത്. അന്ന് വിഎസ് മാരാരിക്കുളത്തു പരാജയപ്പെട്ടു. പിണറായി പയ്യന്നൂരിൽ ജയിച്ചു.

സംസ്ഥാന സെക്രട്ടറിയായി ഒന്നരപ്പതിറ്റാണ്ടോളം തുടർന്ന ശേഷം ആ പദവിയിൽ നിന്നു മാറിയതോടെയാണു പിണറായി നിയമസഭയിലേക്കു മൽസരിക്കുന്നത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ പേരും ഉയർന്നുവെങ്കിലും വിഎസ് മൽസരരംഗത്തുണ്ടായ സാഹചര്യത്തിൽ മാറിനിൽക്കുകയായിരുന്നു.

നിലവിൽ എംഎൽഎമാരും കേന്ദ്രകമ്മിറ്റി അംഗങ്ങളുമായ പി.കെ. ഗുരുദാസനും (കൊല്ലം), എളമരം കരീമും (ബേപ്പൂർ) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പട്ടികയിൽ ഇല്ല. പ്രായം കണക്കിലെടുത്തു കൂടിയാണു ഗുരുദാസനെ മാറ്റിനിർത്തുന്നത്.

സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പദം വഹിക്കുന്നതു കരീമിനു തടസ്സമായി. സംസ്ഥാന സെക്രട്ടേറിയറ്റിലെ ഇ.പി. ജയരാജൻ (മട്ടന്നൂർ), തോമസ് ഐസക് (ആലപ്പുഴ), എ.കെ. ബാലൻ (തരൂർ), എം.എം. മണി (ഉടുമ്പഞ്ചോല), ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര) എന്നിവർ മൽസരിക്കും. സെക്രട്ടേറിയറ്റിൽ നിന്ന് അഞ്ചുപേർ മൽസരിച്ചാൽ മതിയെന്നായിരുന്നു നേരത്തെ തീരുമാനമെങ്കിൽ ഇപ്പോൾ പിണറായി അടക്കം ആറുപേരായി. കേന്ദ്രകമ്മിറ്റി അംഗമായ കെ.കെ. ശൈലജയും (പേരാവൂർ) സ്ഥാനാർഥിപ്പട്ടികയിലുണ്ട്.

തുടർച്ചയായി രണ്ടുതവണ മൽസരിച്ചവർക്ക് ആവശ്യമെങ്കിൽ മാത്രം മൂന്നാമത് അവസരം നൽകിയാൽ മതിയെന്നാണു പ്രഖ്യാപിത തീരുമാനമെങ്കിലും അക്കാര്യത്തിൽ ഇളവു നൽകാൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിജയസാധ്യത കണക്കിലെടുത്തു ഭൂരിഭാഗം എംഎൽഎമാർക്കും അവസരം നൽകും. മുൻ മന്ത്രിമാരായ ജി. സുധാകരൻ, എസ്. ശർമ, കെ. രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട് .

വിഎസിന്റെ മണ്ഡലം ഏത് എന്നതിനെച്ചൊല്ലി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. സിറ്റിങ് സീറ്റായ മലമ്പുഴയിലെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ല എന്നാണ് ഒരു പ്രചാരണം. എന്നാൽ വിഎസിന്റെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളാണു തീരുമാനിക്കുന്നത് എന്നിരിക്കെ അക്കാര്യത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നു പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. വിഎസ് ഇല്ലെങ്കിൽ ജില്ലയിലെ സിഐടിയു നേതാവായ എ. പ്രഭാകരനെ നിർദേശിക്കുന്നു എന്നായിരുന്നു ജില്ലാനേതൃത്വത്തിന്റെ തീരുമാനം.

ആലപ്പുഴയിലോ തിരുവനന്തപുരത്തോ അദ്ദേഹം മൽസരിച്ചേക്കുമെന്ന അഭ്യൂഹമുണ്ടെങ്കിലും മലമ്പുഴയിൽതന്നെ എത്താനാണു സാധ്യതയെന്നാണു വിലയിരുത്തൽ. ഇന്നലെ ജനറൽസെക്രട്ടറി സീതാറാം യച്ചൂരിയും വിഎസും ടെലിഫോണിൽ സംസാരിച്ചു. വിഎസിന്റെ മറ്റാവശ്യങ്ങൾ യുക്തമായ ഘട്ടത്തിൽ പരിഗണിക്കും എന്ന സന്ദേശമാണ് യച്ചൂരി നൽകിയത് എന്നറിയുന്നു. പല ജില്ലകളിൽ നിന്നുമുള്ള പാനലുകളിൽ സംസ്ഥാന നേതൃത്വം മാറ്റങ്ങൾക്കു മുതിർന്നിട്ടുണ്ട്. ചില പാനലുകളെക്കുറിച്ച് അതൃപ്തിയും പ്രകടിപ്പിച്ചു.

കണ്ണൂരിന്റെ പാനലിനെക്കുറിച്ചും ഭിന്നാഭിപ്രായം വന്നു. പയ്യന്നൂരിൽ ജില്ലാ നേതൃത്വം നിർദേശിച്ച സി. കൃഷ്ണനു പകരം ഏരിയ സെക്രട്ടറി ടി.ഐ. മധുസുദനന്റെ പേരു വന്നു. കൊല്ലത്തെ പാനൽ വേണ്ടത്ര ആലോചനയോടെയല്ല തയാറാക്കിയതെന്ന അഭിപ്രായവും ഉയർന്നു. തിരുവനന്തപുരത്തു കൂടുതൽ യുവാക്കളെ പരിഗണിക്കും.

ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള എന്നിവർ ഇന്നു സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടികയിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. 16നു വീണ്ടും സെക്രട്ടേറിയറ്റ് ചേരും.

Your Rating: