Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം നിരയ്ക്ക് പുതുമുഖപ്പകിട്ട്

cpm.

തിരുവനന്തപുരം∙ നാടകീയത ആദ്യന്തം നിലനിർത്തി സിപിഎം പട്ടിക ഒടുവിൽ ഔദ്യോഗികമായി. പ്രഖ്യാപനദിനത്തിലും രണ്ടുമാറ്റങ്ങൾ. കേന്ദ്രകമ്മിറ്റി അംഗമായ കെ.കെ ശൈലജയ്ക്ക് പേരാവൂരിനു പകരം കൂത്തുപറമ്പ് നൽകിയത് നേതൃത്വത്തോടുള്ള അവരുടെ അഭ്യർഥന മാത്രം കണക്കിലെടുത്തല്ല. ജനതാദളിന്റെ (യു) എൽഡിഎഫ് പ്രവേശനത്തിന് തടയിട്ട കെ.പി മോഹനന് ഇക്കുറി കാര്യങ്ങൾ എളുപ്പമാകരുതെന്ന വീണ്ടുവിചാരവും കാരണമാണ്. ജില്ലാകമ്മിറ്റി അംഗം പി. ഹരീന്ദ്രനു സ്ഥാനാർഥിഭാഗ്യം അതോടെ പൊലിഞ്ഞപ്പോൾ ഇരിട്ടി എരിയാസെക്രട്ടറി ബിനോയ് കുര്യന് പേരാവൂരിൽ അപ്രതീക്ഷിത വിളിയെത്തി.

ശൈലജ അടക്കം സിപിഎം പട്ടികയിൽ 12 വനിതകൾ. സിപിഐയിലെ നാലും കൂടിയായാൽ എൽഡിഎഫിൽ 16 പേർ. 140 ൽ പത്തുശതമാനം കടന്നു. പുതുമുഖങ്ങൾ സിപിഎം പട്ടികയിൽ ഏതാണ്ട് പകുതിയോളം–43. 124 അംഗ എൽഡിഎഫ് പട്ടിക ആകെ എടുത്താൽ കന്നിപ്പോരാട്ടത്തിന് ഇറങ്ങുന്നത് 57 പേരും. നിലവിലുള്ള 28 എംഎൽഎമാർക്ക് സിപിഎം വീണ്ടും അവസരം നൽകി. ന്യൂനപക്ഷ പരിഗണന എടുത്താൽ മുസ്‌ലിം വിഭാഗത്തിലുള്ളവർ 18. ഇതിൽ ഒരു വലിയ പങ്ക് മലപ്പുറത്തെ സ്വതന്ത്രസ്ഥാനാർഥികളാണ്. ക്രൈസ്തവ വിഭാഗത്തിലുള്ളവർ 14. 27 അംഗ പട്ടികയിൽ നാല് വനിതകളെ ഉൾപ്പെടുത്തിയ സിപിഐ ന്യൂനപക്ഷവിഭാഗത്തിലുള്ള എട്ടുപേർക്കും അവസരം നൽകി.

സിപിഎം പൊളിറ്റ്ബ്യൂറോയിൽ നിന്നു പിണറായി വിജയൻ (ധർമടം) മാത്രം. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദൻ (മലമ്പുഴ) മത്സരരംഗത്തുണ്ടെങ്കിലും പാർട്ടിയെ സംബന്ധിച്ചിടത്തോളം നേതൃത്വം പിണറായിക്കാണ്. കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഇ.പി ജയരാജനും തോമസ് ഐസക്കും കെ.കെ ശൈലജയും എ.കെ ബാലനും. വിഎസ് കഴിഞ്ഞാൽ 72 –കാരനായ പിണറായിയാണ് സീനിയർ.

സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എംഎം മണി (71) തൊട്ടുപിന്നിൽ. ഡിവൈഎഫ്ഐയുടെ സംസ്ഥാനപ്രസിഡന്റായ എ.എൻ ഷംസീറും (തലശേരി) സംസ്ഥാനസെക്രട്ടറിയായ എം. സ്വരാജും (തൃപ്പൂണിത്തുറ) ഒരുമിച്ച് പട്ടികയിൽ വന്നു. പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നിയോഗിക്കപ്പെട്ടിരിക്കുന്ന ജെയ്ക്ക് സി. തോമസാണ് പട്ടികയിലെ ബേബി. ഈ ഏപ്രിൽ അഞ്ചിന് 26 വയസ്.

നാഷനൽ സെക്യുലർ കോൺഫറൻസ് എന്ന പാർട്ടിയുടെ പ്രസിഡന്റാണെങ്കിലും പി.ടി.എ റഹീം ഇക്കുറിയും സിപിഎം സ്വതന്ത്രപട്ടികയിലാണ്. എട്ട് സ്വതന്ത്രസ്ഥാനാർഥികളിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നല്ലാത്തത് എം.വി നികേഷ്കുമാർ മാത്രം. എം.വി രാഘവന്റെ ഈ പുത്രനെ 1987 ൽ സിപിഎമ്മിനെ രാഘവൻ സിഎംപി സ്ഥാനാർഥിയായി ഞെട്ടിച്ച അതേ അഴീക്കോട്ട് സിപിഎം സ്ഥാനാർഥിയാക്കിയിരിക്കുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കേസുകൾ പാർട്ടി പരിശോധിച്ചിരുന്നു. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുമ്പ് അവയെല്ലാം ഒത്തുതീർക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. നികേഷിനൊപ്പം ഒരേ ചാനലിൽ പ്രവർത്തിക്കുന്ന വീണ ജോർജ് അതേസമയം ആറന്മുളയിൽ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിലാണ്.

വീണയെ പരിഗണിക്കാനുള്ള തീരുമാനം വന്നതോടെയാണ് കെ.ആർ ഗൗരിയമ്മയുടെ ജെഎസ്എസ് സ്ഥാനാർഥിപ്പട്ടികയിൽ നിന്നു പുറത്താകുന്നതും. ആദ്യം അരൂർ ചോദിച്ച ഗൗരിയമ്മ പിന്നീട് ആറന്മുള എന്നതിലേക്കു വന്നിരുന്നു. ബന്ധുവായ ബീനാകുമാരിക്കുവേണ്ടിയാണ് അവർ സീറ്റ് ചോദിച്ചത്. എൽഡിഎഫ് വന്നാൽ മികച്ച പദവി ബീനയ്ക്കു വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഗൗരിയമ്മ രോഷാകുലയാണ്. പാർട്ടി നേതാക്കളാരെങ്കിലും നേരിട്ടു കണ്ടാൽ അവർ തണുക്കുമോ എന്നു സിപിഎം അന്വേഷിച്ചുവരുന്നു.

താൻ പട്ടികയിലുണ്ടെങ്കിലും അനുയായികളെല്ലാവരും തന്നെ പുറത്താണ് എന്ന യാഥാർഥ്യം വിഎസ് അച്യുതാനന്ദനു മുന്നിലുണ്ട്. നേതൃനിരയിലുള്ളവരിൽ എസ്. ശർമയും ജെ. മേഴ്സിക്കുട്ടിയമ്മയും മാത്രമാണ് വിഎസ് അനുകൂലികളായി പട്ടികയിലുള്ളത്. ഇരിങ്ങാലക്കുടയിൽ ടി. ശശിധരനെ സ്ഥാനാർഥിയാക്കണമെന്ന് വിഎസ് വല്ലാതെ ആഗ്രഹിച്ചുവെങ്കിലും പാർട്ടി വഴങ്ങിയില്ല.

Your Rating: