Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനാർഥി നിർണയത്തിൽ സിപിഎം കീഴ്ഘടകങ്ങളിൽ അസംതൃപ്തി

cpm

തിരുവനന്തപുരം∙ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അപ്രതീക്ഷിതമാറ്റങ്ങൾക്കും അഴിച്ചുപണിക്കും മുതിർന്നതോടെ സിപിഎം കീഴ്ഘടകങ്ങളിൽ പട്ടികയെച്ചൊല്ലി മുറുമുറുപ്പുകൾ തുടങ്ങി. ജില്ലാ സെക്രട്ടറി പി. രാജീവിനെ രംഗത്തിറക്കാൻ നിർദേശിച്ച തൃപ്പൂണിത്തുറ ഉൾപ്പെടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ട നിലയിലാണ്. എറണാകുളം, തൃക്കാക്കര, കൊച്ചി മണ്ഡലങ്ങളിലേക്ക് അഞ്ചു പേരുകൾ വരെയുള്ള പട്ടികയുമായാണ് ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്കെത്തിയത്. ആലുവ, കളമശേരി മണ്ഡലങ്ങളിലേക്കു രണ്ടു പേരുകൾ വീതം ലിസ്റ്റിലുണ്ട്.

കുറ്റ്യാടിയിൽ കെ.കെ. ലതികയെ സ്ഥാനാർഥിയാക്കിയതിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞഹമ്മദ് കുട്ടി കോഴിക്കോട് സെക്രട്ടേറിയറ്റ് യോഗത്തിൽ പൊട്ടിത്തെറിച്ചു. ഇവിടെ കുഞ്ഞഹമ്മദ് കുട്ടി സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മൂന്നാം അവസരത്തിനു ലതികയെ പാർട്ടി നിർദേശിക്കുകയായിരുന്നു. ലതികയുടെ ഭർത്താവായ ജില്ലാ സെക്രട്ടറി പി. മോഹനനെതിരെ രൂക്ഷ വിമർശനമുണ്ടായി. നിങ്ങൾ മാത്രമാണ് പാർട്ടിയെന്നു കരുതരുതെന്നും ഇവിടെ പാർട്ടിയെ നിലനിർത്തുന്നവരെ അവഗണിക്കരുതെന്നും യോഗത്തിൽ പറഞ്ഞു. കുഞ്ഞഹമ്മദ് കുട്ടിയെ സമാധാനിപ്പിക്കാൻ പേരാമ്പ്രയിലെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് ഈ പേരു വെട്ടി ടി.പി. രാമകൃഷ്ണനെ സ്ഥാനാർഥിയാക്കി. ബേപ്പൂരിൽ എളമരം കരീമിനെ വെട്ടിയത് കണ്ണൂർ ലോബിയാണെന്ന പ്രചാരണമുണ്ട്.

പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ എ‍.എൻ. ഷംസീറിന്റെ തോൽവി ഉൾപ്പെടെപറഞ്ഞാണ് രാമകൃഷ്ണനെതിരെ പ്രചാരണം.

തിരുവമ്പാടിയിൽ മലയോര വികസന സമിതിയുമായി പാർട്ടി ചർച്ച നടത്തുന്നതിൽ ജോർജ് എം. തോമസ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. തുടർന്ന് ഇവിടെ ജോർജ് എം. തോമസിനെ തന്നെ സ്ഥാനാർഥിയായി തീരുമാനിച്ചു. തിരുവനന്തപുരത്ത് രണ്ടാംചർച്ചയിൽ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കാട്ടാക്കട ശശിയും എൻ. രതീന്ദ്രനും കോടിയേരിയുടെ സാന്നിധ്യത്തിൽ തന്നെ അമർഷം വ്യക്തമാക്കി.

ഘടകകക്ഷികളുമായി തർക്കമുള്ളതിനാലാണ് മലപ്പുറത്തെ അഞ്ചു സിപിഎം മണ്ഡലങ്ങളിൽ തീരുമാനം വൈകുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായ കെ.ടി. ജലീൽ വീണ്ടും മൽസരിക്കുന്നതിൽ സിപിഎം തവനൂർ ഏരിയാ കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും സംസ്ഥാന നിർദേശം അംഗീകരിച്ചേക്കും.

കാസർകോട്ടെ ഉദുമയിൽ സിറ്റിങ് എംഎൽഎ കെ. കുഞ്ഞിരാമന് ഒരു അവസരം കൂടി നൽകുന്നതിൽ ബേഡകം ഏരിയാ കമ്മിറ്റി ഉൾപ്പെടുന്ന പ്രാദേശിക ഘടകത്തിൽ എതിർപ്പുണ്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. തൃക്കരിപ്പൂരിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ബാലകൃഷ്ണന്റെ പേരാണ് പ്രഥമ പരിഗണനയിലുണ്ടായിരുന്നതെങ്കിലും പ്രാദേശികമായ എതിർപ്പുകൾ തടസ്സമായി. തുടർന്ന് എം. രാജഗോപാലിനെ തീരുമാനിക്കുകയായിരുന്നു.

മൂന്ന് സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിയതിന്റെ പേരിൽ പാലക്കാട്ട് അസംതൃപ്തിയും ചേരിതിരിവുമുണ്ട്. എം. ഹംസ (ഒറ്റപ്പാലം), വി. ചെന്താമരാക്ഷൻ (നെന്മാറ), എം. ചന്ദ്രൻ (ആലത്തൂർ) എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ.

ഹംസയ്ക്കു മൂന്നാമൂഴം ലഭിക്കാത്തതിന്റെ പേരിലാണു പ്രധാനമായും ചേരിതിരിവ്. ഷൊർണൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. സുധാകരനെ തഴഞ്ഞതിന്റെ പേരിലും നെന്മാറയിൽ മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. ചിന്നക്കുട്ടനെ ഒഴിവാക്കിയതിനെതിരെയും ഔദ്യോഗികപക്ഷത്തും പരാതികളുണ്ട്. ഇന്നലെ നടന്ന യോഗത്തിൽ നിന്നു പി.കെ. സുധാകരൻ വിട്ടുനിന്നു.

ഗുരുദാസൻ വീണ്ടും പട്ടികയിൽ

സിപിഎം സംസ്ഥാന കമ്മിറ്റി തിരുത്തൽ ആവശ്യപ്പെട്ട ജില്ലകളിൽ ജില്ലാ സെക്രട്ടേറിയറ്റുകൾ പുതുക്കിയ പട്ടിക തയാറാക്കുന്ന തിരക്കിൽ. തിരുവനന്തപുരത്ത് അരുവിക്കര, വർക്കല, നെയ്യാറ്റിൻകര എന്നീ മൂന്നുമണ്ഡലങ്ങളിലേക്കു രണ്ടുപേരുടെ വീതം പാനൽ സംസ്ഥാനസെക്രട്ടേറിയറ്റിന് വീണ്ടും സമർപ്പിക്കാൻ ഇന്നലെ ചേർന്ന ജില്ലാസെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പാറശാലയിൽ ജില്ലാകമ്മിറ്റി അംഗം സി.കെ ഹരീന്ദ്രനെ നിശ്ചയിച്ചു. ഇതോടെ അവിടെ മത്സരിക്കാനിരുന്ന ആനാവൂർ നാഗപ്പൻ ജില്ലാസെക്രട്ടറിയാകാനുള്ള വഴി തെളിഞ്ഞു. നിലവിലെ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്തു ജനവിധി തേടുന്നതിനാലാണ് ഇത്.

ആലപ്പുഴയിൽ എംഎൽഎമാരായ ഡോ. ടി.എം. തോമസ് ഐസക് (ആലപ്പുഴ), ജി. സുധാകരൻ (അമ്പലപ്പുഴ), എ.എം. ആരിഫ് (അരൂർ), ആർ. രാജേഷ് (മാവേലിക്കര) എന്നിവരുടെ സ്ഥാനാർഥിത്വം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കായംകുളം, ചെങ്ങന്നൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം ഇന്നു നടക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.

കൊല്ലത്ത് ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം നിർദേശിച്ച പട്ടികയിൽ ഉൾപ്പെടാതിരുന്ന സിറ്റിങ് എംഎൽഎ പി.കെ. ഗുരുദാസനെ കൊല്ലം സീറ്റിലേക്കു നിർദേശിച്ചു. കുണ്ടറയിലേക്കു മുൻ എംഎൽഎയും സംസ്ഥാന കമ്മിറ്റിയംഗവുമായ ജെ. മേഴ്സിക്കുട്ടിയമ്മയുടെയും കൊട്ടാരക്കരയിലേക്കു മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ കെ. രാജഗോപാലിന്റെയും പേരുകൾ പട്ടികയിലുണ്ട്. കുണ്ടറയിലേക്കു ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.എസ്. പ്രസന്നകുമാറിന്റെ പേരും ഉയർന്നതിനാൽ ആ പേരും പരിഗണനയ്ക്കു വിട്ടിട്ടുണ്ട്. രണ്ടു തവണ മത്സരിച്ചവരെ പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡത്തിൽ കൊട്ടാരക്കരയിലെ സിറ്റിങ് എംഎൽഎ അയിഷാ പോറ്റിക്ക് ഇളവ് നൽകണമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. ആദ്യപട്ടികയിൽ ഉൾപ്പെടാതിരുന്ന പി.കെ. ഗുരുദാസനെ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും രണ്ടു തവണ മത്സരിച്ചതിനാൽ ഇളവ് നൽകേണ്ടിവരും. കൊല്ലം സീറ്റിലേക്കുള്ള ആദ്യ പട്ടികയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ, ജില്ലാ കമ്മിറ്റി അംഗം പ്രസന്ന ഏണസ്റ്റ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.എസ്. പ്രസന്നകുമാർ, മാധ്യമപ്രവർത്തകൻ ആർ.എസ്.ബാബു എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്.

പത്തനംതിട്ട ജില്ലയിലെ ആറന്മുള കാര്യത്തിൽ ഇന്നലെ രണ്ടു തവണ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നിട്ടും തീരുമാനമായില്ല. ഇന്നു വീണ്ടും ചേരും. കോന്നിയിലെ സ്ഥാനാർഥി നി‍ർദേശത്തെ ഇന്നലെ ചേർന്ന യോഗത്തിൽ ചിലർ എതിർത്തതിനാൽ അക്കാര്യത്തിലും തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിട്ടേക്കും. റാന്നിയിൽ‍ രാജു ഏബ്രഹാം അഞ്ചാം തവണയും മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി.

Your Rating: