Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഷം മാറി വോട്ട് അഭ്യർഥിച്ച് മുകേഷും ജഗദീഷും

caricature-election-spl

സിനിമാതാരങ്ങളും സംവിധായകരും കായികതാരവുമടക്കം വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്നവർ മുന്നണി സ്ഥാനാർഥികളായി രംഗത്തുണ്ട് ഈ തിരഞ്ഞെടുപ്പിൽ. രാഷ്ട്രീയവേഷങ്ങളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്, ഒപ്പം വേഷം മാറാത്തവരും.

അല്ല, ജീൻസൊരു തടസമാകണ്ട!

വോട്ടിനൊരു തടസമാകുമോ ജീൻസ് എന്നു പേടിച്ചിട്ടാവില്ലെങ്കിലും നടന്മാരായ ജഗദീഷും മുകേഷും മുണ്ടിലേക്കു മാറി. പത്തനാപുരത്തെ കോൺഗ്രസ് സ്ഥാനാർഥിയായ ജഗദീഷ് ജീൻസും കോട്ടൺ ഷർട്ടും ധരിച്ചാണു മണ്ഡലത്തിൽ ആദ്യമിറങ്ങിയത്. ഇന്നലെ മുതലാണു മുണ്ടിലേക്കു മാറിയത്. കൊല്ലത്തെ ഇടതു സ്ഥാനാർഥി മുകേഷും ആദ്യ ദിനങ്ങളിൽ ജീൻസ് ധരിച്ചു. വോട്ട് അഭ്യർഥിച്ചു ജനമധ്യത്തിൽ ഇറങ്ങിയതോടെ മുണ്ടു മുറുക്കി.

ന്യൂസ്റൂമിൽനിന്നു ജനമധ്യത്തിലേക്കിറങ്ങിയ അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എം.വി. നികേഷ്കുമാർ വാർത്താവതാരകന്റെ കോട്ടും സ്യൂട്ടും ഒഴിവാക്കി മുണ്ടും ഷർട്ടുമായി. കാലിൽ വള്ളിച്ചെരിപ്പും. നടപ്പിന്റെ സൗകര്യം നോക്കി മുണ്ടിനൊപ്പം ചിലപ്പോൾ സ്പോർട്സ് ഷൂസും ധരിക്കും. കണ്ണൂരിലെ വീട്ടിലെത്തിയാൽ മുണ്ടുടുത്തുമാത്രം പുറത്തിറങ്ങാറുള്ള നികേഷ് ജോലിയുടെ ഭാഗമായാണു കോട്ടിനുള്ളിൽ കയറിയത്.

അൽപം നീട്ടിവളർത്തിയിരുന്ന താടി വെട്ടിയൊതുക്കി കഴുത്തിൽ കാവി ഷാളുമണിഞ്ഞാണ് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തിൽ ബുധനാഴ്ച പ്രചാരണം തുടങ്ങിയത്. പാന്റ്സും ഷർട്ടുമാണു വേഷം. ഇതേസമയം, അരുവിക്കരയിലെ ബിജെപി സ്ഥാനാർഥിയും സംവിധായകനുമായ രാജസേനൻ പാന്റ്സിൽനിന്നു മുണ്ടിലേക്കു മാറി.

Read: ബിജെപിയുടെ നോട്ടം പ്രതിഛായ

വേറിട്ടതാണ്, മാറില്ല

മുട്ടോളം നീളമുള്ള ഷർട്ടാണു കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രന്റെ ട്രേഡ് മാർക്ക്. ജുബ്ബയുമല്ല ഷർട്ടുമല്ലെന്ന മട്ടിലൊരു കുപ്പായം. തൂവെള്ള വീതുളിക്കൃതാവും വിടർന്ന ചിരിയും പോലെ കാലങ്ങളായി കടന്നപ്പള്ളിയുടെ കൂടെയുണ്ട് ഈ കുപ്പായം.

ആലപ്പുഴയിലെ സിപിഎം സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പത‍ിവുവേഷം പലനിറങ്ങളിലുള്ള ജൂബയും മുണ്ടുമാണ്. വിദേശപര്യടനത്തിലൊഴികെ ഈ വേഷം മാറ്റാറില്ല. ജൂബയാകട്ടെ ഖാദിയുടെ കൈത്തറി ജൂബയോ ഫാബ് ഇന്ത്യയുടെതോ ആകണമെന്നു നിർബന്ധവുമുണ്ട്.

തൃക്കരിപ്പൂരിലെ സിപിഎം സ്ഥാനാർഥി എം. രാജഗോപാലൻ ചെഗുവേരയുടെ കടുത്ത ആരാധകനാണ്. ചെഗുവേര ധരിച്ചിരുന്ന മാതൃകയിലുള്ള തൊപ്പിയും ഇരട്ട പോക്കറ്റുള്ള പ്രത്യേകതരം ഷർട്ടും മുണ്ടുമാണ് സ്ഥിരം വേഷം. ചെഗുവേരയെ അനുകരിച്ച് താടിമീശ നീട്ടി വളർത്തിയിട്ടുമുണ്ട്. ചെഗുവേര തൊപ്പികളുടെ വലിയ ശേഖരവും വീട്ടിലുണ്ട്. പത്തനംതിട്ട തിരുവല്ലയിൽ എൻഡിഎ സ്ഥാനാർഥി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ജൂബ ധരിച്ചാണ് വോട്ട് തേടുന്നത്.

തൃശൂരിലെ സിപിഐ സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ഇടിവെട്ടു നിറമുള്ള ഷർട്ടുകളാണു ധരിക്കുക – കടും പച്ച, കടും നീല, കടുംചുവപ്പ്.. സുഹൃത്തുക്കളാണ് സുനിലിനു കളർഷർട്ടുകൾ സമ്മാനിക്കുന്നത്. ‌ അരൂരിലെ സിപിഎം സ്ഥാനാർഥി എ.എം. ആരിഫ് കഴിയുമെങ്കിൽ ഒറ്റനിറമുള്ള ഷർട്ടും അതിനു ചേർന്ന കരയുള്ള മുണ്ടും ഉടുക്കാനാണു താൽപര്യപ്പെടുന്നത്.

തൃത്താലയിൽ കോൺഗ്രസ് സ്ഥാനാർഥിയായി രണ്ടാമതും മത്സരിക്കുന്ന വി.ടി. ബൽറാം കളർ ഷർട്ടും മുണ്ടുമാണ് വേഷം. പല കളർ ഷർട്ടുകളുണ്ട്, വേണമെങ്കിൽ പാന്റിടാനും മടിയില്ലാത്ത ബൽറാമിന്.

ബൽറാമിനെ പോലെ തന്നെ വ്യത്യസ്ത വേഷങ്ങളിലെത്തുന്ന പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, ഇത്തവണ മുണ്ടിലും ഷർട്ടിലുമാണ് പ്രചാരണം.

എന്നാൽ, കഴിഞ്ഞദിവസം മെഡിക്കൽ കോളജിലെ പണി പൂർത്തിയായ സിന്തറ്റിക് ട്രാക്കിൽ കായികതാരങ്ങളുടെ പരിശീലനം കാണാനും മറ്റും ട്രാക്ക് സ്യൂട്ടിലാണ് ഷാഫി എത്തിയത്.

Your Rating: