Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്ററിൽ മൊബൈൽ കാണിച്ചാൽ ഫെയ്സ് ബുക്കിലെത്താം; എന്താല്ലേ...

Flex Board എൽഡിഎഫ് പ്രചാരണത്തിനു സ്ഥാപിക്കാനുള്ള ചിഹ്നം പതിച്ച ബോർഡുകൾ

കോട്ടയം ∙ പൂരത്തിന്റെ കുടമാറ്റം പോലെ എതിരാളികളെയും കാണികളെയും വിസ്മയപ്പെടുത്തുന്ന പ്രചാരണ വൈവിധ്യങ്ങളാണ് ഇനിമുതൽ മണ്ഡലങ്ങളിൽ നിറയുന്നത്. സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന, താരതമ്യേന ചെലവ് കുറഞ്ഞ പോസ്റ്ററുകളും ഫ്ലക്സുകളും ആണ് ഇതുവരെ നിരത്തിൽ കണ്ടതെങ്കിൽ അടവുകളുടെ പതിനെട്ടാമത്തെ ഇനവും ഇനി പ്രതീക്ഷിക്കാം.

പോസ്റ്ററുകളിൽ തന്നെ ഇന്ത്യയിൽ ആദ്യമായി ക്യുആർ കോഡ് രേഖപ്പെടുത്തിയ പുതുമയുമായി യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രചാരണപൂരത്തിനു തുടക്കം കുറിച്ചു. ചൈനയിൽ പിറക്കുന്ന എൽഡിഎഫിന്റെ ചിഹ്നങ്ങൾ നിരത്തു കീഴടക്കുമ്പോൾ, വിരിഞ്ഞ താമരകൾ മണ്ഡലത്തിൽ എത്തുന്നത് കോയമ്പത്തൂരിൽ നിന്നാണ്. തിരുനെൽവേലിയിൽ നിന്നു കൈപ്പത്തി കൈവീശും!!

കാർഡ്ബോർഡിലുള്ള മാതൃകാ ബാലറ്റ് കാലടിയിലെ സ്വകാര്യസ്ഥാപനത്തിലെ അണിയറയിൽ തയാറായി വരുകയാണ്. ബാലറ്റ് പേപ്പറിൽ സ്ഥാനാർഥികളുടെ ക്രമനമ്പർ കിട്ടിയാലുടൻ മാതൃകാ ബാലറ്റും ജില്ലയിൽ എത്തും. ഇത്തവണ സ്ഥാനാർഥികളുടെ ഫോട്ടോകൂടി ചേർക്കുന്നതിനാൽ മാതൃകാ ബാലറ്റ് വർണാഭമാകും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസം പിന്നിട്ടതോടെ മൂന്നു മുന്നണികളുടെയും തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി ഓഫിസുകൾ സജീവമായി. ചിഹ്നവും കൊടികളും എത്തിക്കുന്ന ഏജന്റുമാർ മാതൃകകൾ മുൻകൂട്ടി തയാറാക്കി ആദ്യഘട്ട പ്രചാരണത്തിനു സാമഗ്രികൾ എത്തിച്ചുകഴിഞ്ഞു. അതാണ് ഇതുവരെ നിരത്തുകളിൽ കണ്ടത്. ഇതിൽനിന്നു വ്യത്യസ്തമായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്യുആർ കോ‍ഡുള്ള പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറക്കിയത്.

സ്മാർട് ഫോണിന്റെ സഹായത്തോടെ പോസ്റ്ററിലെ കോഡ് സ്കാൻ ചെയ്ത് സ്ഥാനാർഥിയുടെ ഫെയ്സ് ബുക്കിലേക്കു കടക്കാനാകും എന്നതാണു പ്രത്യേകത. തിരുവഞ്ചൂരിന്റെ ഫെയ്സ് ബുക്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും സൗഹൃദ പട്ട‌ികയിൽ ഇടം നേടിയിട്ടില്ലാത്തവർക്കും ക്യുആർ കോഡിലൂടെ നേരിട്ട് ഫെയ്സ് ബുക്കിൽ പ്രവേശിക്കാം. സൈനുൽ ആബിദാണ് പോസ്റ്റർ രൂപകൽപന ചെയ്തത്. നിബിൻ സിറിയക്കാണ് കോഡ് തയാറാക്കിയത്.

ആയിരം ഇതളുള്ള താമര ഒന്നിനു പുറകേ ഒന്നായി വിരിയുന്ന പോസ്റ്റർ കൗതുകമാണ് ബിജെപി വരും ദിനങ്ങളിൽ തുറുപ്പു ചീട്ടാക്കുന്നത്. ഇതിനെല്ലാം മറുപടിയെന്നവണ്ണം ചൈനയിൽ നിന്നുള്ള തിളക്കത്തിന്റെ പത്തരമാറ്റുള്ള കൊടിയും ചിഹ്നവും കൊണ്ട് എൽഡിഎഫ് പ്രചാരണം കൊഴുപ്പിക്കും. ചിഹ്നം ആലേഖനം ചെയ്ത ഇടത്തരം വലുപ്പത്തിലുള്ള കൊടിക്ക് 20 രൂപയും വലുതിനു 40 രൂപയുമാണ് പരമാവധി വില. പ്രചാരണം കൊഴുക്കുന്ന ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ ആവശ്യം വരുമെന്നതിനാൽ വിലയിൽ നേരിയ കുറവ് നൽകുമെന്നും ഏജന്റുമാർ പറഞ്ഞു. മാതൃകാ ബാലറ്റിനു 130 രൂപയാണ് വില.

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രചാരണ ഓഫിസുകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമായി. യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രചാരണ ഓഫിസ് ശാസ്ത്രി റോഡിലെ ബസ് സ്റ്റോപ്പിനു തൊട്ടുതാഴെയാണ് പ്രവർത്തിക്കുന്നത്. ബോബൻ തോപ്പിലിനും ഏബ്രഹാം പുല്ലാട്ടിനുമാണ് ഓഫിസിന്റെ മുഴുവൻസമയ ചുമതല.

എൻഡിഎ സ്ഥാനാർഥി എം.എസ്. കരുണാകരന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിനു വശത്താണ്. ബിനു ആർ. വാരിയരും സി.എൻ.സുഭാഷും ഇവിടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നു. എൽഡിഎഫ് സ്ഥാനാർഥി റെജി സഖറിയയുടെ പ്രചാരണ ഓഫിസ് സെൻട്രൽ ജംക്‌ഷനു സമീപം കെകെ റോഡരികിലാണ്. എം.വി. പ്രസാദിനാണ് ഓഫിസ് ചുമതല.

Your Rating: