Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒട്ടുമില്ല ദോസ്തി, ലൈവാണ് ഗുസ്തി

Vs and Oommen

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നേതാക്കളുടെ ഫെയ്സ്ബുക്, ട്വിറ്റർ പോരാട്ടം വീണ്ടും സജീവമായി. ‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ’ എന്ന വരികൾ പാടി ഉമ്മൻ ചാണ്ടി ഇന്നു കോടതിയിൽ എന്നു ട്വീറ്റ് ചെയ്ത വിഎസ് കോടതി പരാമർശം വന്നതോടെ, ഗോദമാറി കയറിയ ഉമ്മൻ ചാണ്ടിയെന്ന പേരിൽ ഫെയ്സ്ബുക്കിലും പോസ്റ്റിട്ടു. ഉത്തരം മുട്ടിയപ്പോൾ തിരഞ്ഞെടുപ്പു ഗോദയിൽനിന്ന് ഒളിച്ചോടാൻ ശ്രമിച്ച ഉമ്മൻ ചാണ്ടിക്കു കിട്ടേണ്ടത് കിട്ടിയെന്നും വിഎസിന്റെ പോസ്റ്റിൽ പറയുന്നു.

തന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മൗനംപാലിക്കുന്ന വിഎസിന്റെ വായ താനെന്തിനു മൂടിപ്പിടിക്കണം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. തനിക്കെതിരെ ഒരു എഫ്ഐആറെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനുള്ള തെളിവു ഹാജരാക്കാൻ വെല്ലുവിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇടതുപക്ഷത്തുള്ള ഒട്ടേറെ സ്ഥാനാർഥികൾ കൊലപാതകം, അഴിമതി, ചെക്കുകേസ്, വഞ്ചനക്കുറ്റം, ആത്മഹത്യാപ്രേരണ തുടങ്ങിയ കേസുകളിൽ പ്രതികളാണെന്നു വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി പറഞ്ഞതിനും മൗനമാണു മറുപടി. തനിക്കെതിരെ 12 കേസുകൾ നിലനിൽക്കുന്നുണ്ട് എന്നാണു വിഎസ് കോടതിയിൽ പറഞ്ഞതെന്ന് അറിഞ്ഞു. 31 കേസുകൾ എന്നതിൽനിന്ന് അങ്ങിപ്പോൾ 12 കേസുകളിലേക്ക് എത്തി. ഈ കേസുകൾ ഏതൊക്കെയാണെന്നും എഫ്ഐആർ ഉണ്ടോ എന്നും വ്യക്തമാക്കാനും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ലാവ്‌ലിൻ കേസിലെ നിലപാടു മാറ്റി ഒളിച്ചോടിയതും പൂഞ്ഞാറിൽ പി.സി.ജോർജിനെതിരെ ഒന്നും പറയാതെ വേദിയിൽ നിന്ന് ഒളിച്ചോടിയതും വിഎസ് ആണെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. പറഞ്ഞതെല്ലാം വിഴുങ്ങി, കൂടെ നിന്നവരെയെല്ലാം വഴിയാധാരമാക്കി ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിച്ചുകൊണ്ടുള്ള അങ്ങയുടെ ഈ ഒളിച്ചോട്ടം അധികാരക്കസേര ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെങ്കിൽ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഐടി രംഗത്തു യുഡിഎഫിന്റെ പിടിപ്പുകേടുകൊണ്ടു കേരളം പിന്നോട്ടുപോയെന്ന പിണറായിയുടെ വിമർശനത്തിനു മറുപടിയായി അഞ്ചുവർഷത്തിനിടെ ഐടി കയറ്റുമതി 2800 കോടിയിൽ നിന്ന് 15,000 കോടിയായി വർധിപ്പിച്ച കണക്കുകളും ഉമ്മൻ ചാണ്ടി നിരത്തിയിട്ടുണ്ട്.

ജനസമ്പർക്കം പരാജയമാണെന്നു വി.എം.സുധീരൻ പണ്ട് ആരോപിച്ചിരുന്നുവെന്നും ആ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോയെന്നുമുള്ള ചോദ്യവുമായാണു കോടിയേരി എത്തിയത്. ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകർത്തതിനു പിന്നിൽ സിപിഎം വിഭാഗീയതയാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സുധീരന്റെ പ്രത്യാക്രമണം.

വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളുടെ വാർത്തകളും ചിത്രങ്ങളുമായാണു പിണറായി ഫെയ്സ്ബുക്കിൽ സജീവമായതെങ്കിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ വീട്ടിൽ നിന്നിറങ്ങുന്നതു മുതലുള്ള ദൃശ്യങ്ങൾ ലൈവ് ആയി അണികളിലെത്തിച്ചാണു രമേശ് ചെന്നിത്തല നിറഞ്ഞുനിന്നത്. ബംഗാളിൽ ദോസ്തി; കേരളത്തിൽ ഗുസ്തിയെന്ന തലക്കെട്ടിൽ സിപിഎമ്മിന്റെ ബംഗാളിലെ കോൺഗ്രസ് സഖ്യത്തെ വിമർശിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പോരാട്ടത്തിനിറങ്ങി.

Your Rating: