Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ ആദ്യ ദിനം ചർച്ചകൾക്ക്

by സ്വന്തം ലേഖകൻ
pinarayi മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയൻ സെക്രട്ടേറിയറ്റിലെ ഓഫിസിൽ നിന്ന് ഉച്ചയ്ക്കു പുറത്തേക്കു വരുന്നു

തിരുവനന്തപുരം∙ എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള ആദ്യ ദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മിക്കവാറും എല്ലാ മന്ത്രിമാരും സെക്രട്ടേറിയറ്റിലെ തങ്ങളുടെ ഓഫിസുകളിൽ എത്തി ഭരണത്തിനു തുടക്കമിട്ടു. സെക്രട്ടേറിയറ്റ് കവാടങ്ങളിൽ സന്ദർശകൾക്കു കർശന നിയന്ത്രണം ഒഴിവാക്കിയിരുന്നു. പാസില്ലാതെ തന്നെ സന്ദർശകരെ കടത്തിവിട്ടു. എന്നാൽ വരും ദിവസങ്ങളിൽ സുരക്ഷ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

മേലിൽ മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസവും സെക്രട്ടേറിയറ്റിൽ ഉണ്ടാകണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നു. ആദ്യ ആറു മാസത്തേക്കാണ് ഈ വ്യവസ്ഥ. വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാകുന്ന മുറയ്ക്ക് ഇതിൽ ഇളവ് ഉണ്ടാകാം.

മന്ത്രിമാർക്കു വകുപ്പുകൾ അനുവദിക്കുന്നതു സംബന്ധിച്ച ഫയൽ ഗവർണറുടെ അംഗീകാരം നേടിയ ശേഷം ഇന്നലെയാണു തിരിച്ചെത്തിയത്. തുടർന്നു വിശദ ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. സർക്കാർ പ്രവർത്തിച്ചുതുടങ്ങിയ ആദ്യ ദിവസമായതിനാൽ സെക്രട്ടേറിയറ്റിൽ മാധ്യമപ്പട തന്നെ കാത്തുനിന്നിരുന്നു. അവർ ഓരോ മന്ത്രിയെ വീതം കണ്ട് അവരുടെ വകുപ്പിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ചോദിച്ചു വാർത്തയാക്കിക്കൊണ്ടിരുന്നു. മുഖ്യമന്ത്രി പുറത്തു വരുമ്പോൾ പിടികൂടാനായി നോർത്ത് ബ്ലോക്കിന്റെ താഴത്തെ നിലയിൽ മറ്റൊരു സംഘവും കാത്തുനിന്നു.

പിണറായി ഉച്ചയ്ക്കു പുറത്തുവന്നപ്പോൾ അവർ അദ്ദേഹത്തെ പിടികൂടി. ഇറ്റാലിയൻ നാവികരുടെ പ്രശ്നത്തിൽ അഭിപ്രായം പറഞ്ഞ് അദ്ദേഹം പുറത്തേക്കു പോയി. മന്ത്രിമാരുടെ ഓഫിസുകളിൽ പ്രൈവറ്റ് സെക്രട്ടറിമാർ ചുമതലയേറ്റു തുടങ്ങി. മറ്റു പഴ്സനൽ സ്റ്റാഫ് വരും ദിവസങ്ങളിൽ ചുമതലയേൽക്കും.

ഉമ്മൻ ചാണ്ടിയുടെ കാലത്തേതിൽ നിന്നു വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ ഓഫിസ് ശാന്തമാണ്. ഓഫിസിനു മുന്നിലെ ഇടനാഴിയിൽ ആൾക്കൂട്ടമില്ല. രണ്ടോ മൂന്നോ പൊലീസുകാരും ഇടയ്ക്കു മുഖ്യമന്ത്രിയെ കാണാനെത്തുന്ന സന്ദർശകരും മാത്രം. രാവിലെ ഉണ്ടായിരുന്ന സന്ദർശകരുടെ തിരക്കു കുറേ കഴിഞ്ഞപ്പോൾ കുറഞ്ഞു. മന്ത്രിമാരെല്ലാം ഇന്നലെ തുടർച്ചയായി യോഗങ്ങളിലായിരുന്നു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തര ചർച്ച. അടിയന്തര തീരുമാനമെടുക്കേണ്ട വിഷയങ്ങൾ സംബന്ധിച്ചായിരുന്നു ആലോചനകളിൽ ഏറെയും.

സെക്രട്ടേറിയറ്റിന്റെ മുറ്റത്തു പ്രതിപക്ഷ സർവീസ് സംഘടനാ പ്രവർത്തകർ ചില ആശങ്കകളുടെ ചർച്ചയിലാണ്. വിവിധ വകുപ്പുകളുടെ ഡയറക്ടറേറ്റിൽ നിന്നെത്തുന്ന ഫയലുകൾ ഇനി നേരിട്ടു വകുപ്പു സെക്രട്ടറിക്കും മന്ത്രിക്കും പോകുമെന്നും നിലവിലുള്ള സംവിധാനം അട്ടിമറിക്കപ്പെടുമെന്നും സെക്രട്ടേറിയറ്റ് തന്നെ അപ്രസക്തമാകുമെന്നുമൊക്കെയാണ് ആശങ്ക. നിലവിൽ സെക്രട്ടേറിയറ്റ് മാനുവൽ അനുസരിച്ച് അസിസ്റ്റന്റും സെക്‌ഷൻ ഓഫിസറും അണ്ടർ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമെല്ലാം കണ്ടു വേണം ഫയൽ മുകളിലേക്കു പോകാൻ.

എൽഡിഎഫ് പ്രകടന പത്രികയിൽ പുതിയ ഫയൽ നീക്ക സംവിധാനം പറയുന്നുണ്ട്. എന്നാൽ ഭരണപരമായ എല്ലാ ഫയലുകളും ഇപ്പോഴത്തെ രീതിയിൽ തന്നെ നീങ്ങുമെന്നു ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് വ്യക്തമാക്കി. അതേസമയം, നയ തീരുമാനം എടുക്കേണ്ടവ വകുപ്പു മേധാവി നേരിട്ടു സെക്രട്ടറിക്കും തുടർന്നു മന്ത്രിക്കും നൽകി മന്ത്രിസഭയിൽ അവതരിപ്പിക്കുന്ന രീതിയിലേക്കു മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഭരണപരിഷ്ക്കാര സമിതിയുടെ ശുപാർശകളിൽ ഒന്നായിരുന്നു ഇത്. പദ്ധതികൾ വൈകുന്നത് ഒഴിവാക്കാനാണ് ഇതു നിർദേശിച്ചത്. അന്തിമ തീരുമാനമായിട്ടില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.

Your Rating: