Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ പട്ടിക ജംബോ; സുധീരന്റെ പേര് ഇപ്പോഴില്ല; സിദ്ദീഖ്, ജഗദീഷ് പാനലിൽ

by സ്വന്തം ലേഖകൻ
jagadeesh-siddique

രുവനന്തപുരം∙ ഓരോ മണ്ഡലത്തിലും സാധ്യതാപട്ടികയിൽ സ്ഥാനം പിടിക്കാവുന്ന പ്രമുഖരെ എല്ലാം ഉൾപ്പെടുത്തി കോൺഗ്രസിന്റെ ആദ്യപട്ടിക. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ചേർന്നു തയാറാക്കിയ ഈ പട്ടിക ഇ–മെയിലായി എഐസിസിക്കു കൈമാറി. ഹൈക്കമാൻഡിന്റെ പ്രാഥമിക പരിശോധനയ്ക്കു വേണ്ടിയുള്ളതാണ് ഈ ജംബോ പട്ടിക.

സിറ്റിങ് എംഎൽഎമാരെല്ലാം പട്ടികയിൽ ഇടംപിടിച്ചു. ഉമ്മൻ ചാണ്ടി (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം) എന്നിവരുടെ മണ്ഡലങ്ങളിൽ മറ്റു പേരുകളില്ല. എന്നാൽ, മറ്റ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പരിഗണനാർഹമായ ചില പേരുകൾകൂടി ചേർത്തിട്ടുണ്ട്. കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ച 82 സീറ്റിലെ പട്ടികയാണ് ഇങ്ങനെ തയാറാക്കിയത്.

നാലുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കാനായിരുന്നു മുൻധാരണ എങ്കിലും മൂന്നു നേതാക്കൾക്കും അതു സാധ്യമായില്ല. നാലു മുതൽ ഏഴുവരെ പേരുകളാണ് ഓരോ മണ്ഡലത്തിലുമുള്ളത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തിയശേഷം മത്സരിക്കുന്ന കാര്യം തീരുമാനിക്കാമെന്ന നിലപാടാണു സുധീരൻ സ്വീകരിച്ചത്.

നടൻമാരായ സിദ്ദീഖിന്റെയും (അരൂർ) ജഗദീഷിന്റെയും (പത്തനാപുരം) പേരുകൾ പട്ടികയിലുണ്ട്. രാഷ്ട്രീയരംഗത്തിനു പുറത്തു മറ്റാരും പട്ടികയിലുള്ളതായി വിവരമില്ല. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസന്റെ പേരു പട്ടികയിലില്ലെന്നു കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കി. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, സിഎൻ. ബാലകൃഷ്ണൻ എന്നിവർ ഇപ്പോൾ ഇടംപിടിച്ചിട്ടുണ്ട്.

കൊല്ലം ഡിസിസി പ്രസിഡന്റ് വി. സത്യശീലനൊഴികെ 13 ഡിസിസി പ്രസിഡന്റുമാരും പട്ടികയിലുണ്ട്. അനാരോഗ്യം മൂലം സത്യശീലൻ ഈയിടെ പിൻവാങ്ങിയപ്പോൾ ഡിസിസി പ്രസിഡന്റിന്റെ ചുമതലയിലേക്കു നിയോഗിക്കപ്പെട്ട കൊടിക്കുന്നിലിനെ കൊല്ലത്തു നിന്നു നിർദേശിച്ചെങ്കിലും നേതാക്കൾ ഒഴിവാക്കി. താഴേത്തട്ടിൽ ചർച്ച നടത്തി ജില്ലയിൽ നിന്നു പേരുകൾ നൽകാനായി നിയോഗിക്കപ്പെട്ട സമിതികൾ നൽകിയ പട്ടിക മൂന്നു നേതാക്കളും കാര്യമായി വെട്ടിച്ചുരുക്കിയില്ല. ഒരു സാധ്യതയും ഇല്ലാത്തവരുടെ പേരു മാത്രമാണു വെട്ടിയത്. പരിഗണിക്കാവുന്ന എല്ലാവരും ആദ്യ പട്ടികയിൽ എന്നതായിരുന്നു പൊതുസമീപനം. ഗ്രൂപ്പ് താൽപര്യങ്ങളുണ്ടായതും വലുപ്പം വർധിപ്പിച്ചു.

കേരളത്തിലെ മണ്ഡലങ്ങളെയും സ്ഥാനാർഥികളെയും കുറിച്ചു ഹൈക്കമാൻഡിനു പ്രാഥമിക ധാരണ ലഭ്യമാക്കാനാണ് ഈ പട്ടിക എന്നാണ് ഔദ്യോഗിക വിശദീകരണം. അവർ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുന്നതു കൂടി വച്ച് സംസ്ഥാന തിരഞ്ഞെടുപ്പു സമിതി 23ന് ഔദ്യോഗിക കരടു പാനൽ തയാറാക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.