Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ട് വേണം; എന്തും ചെയ്യാം

by സ്വന്തം ലേഖകൻ
vijayan

വോട്ട് ഉറപ്പിക്കാൻ എന്തു ചെയ്യണം? സ്ഥാനാർഥി എന്തും ചെയ്യുമെന്നതാണു സ്ഥിതി. കന്നഡ പറയാനും കിണറ്റിലിറങ്ങാനും ഗൾഫിൽ പോകാനും തയാർ! വോട്ടറൊന്നു ശ്രദ്ധിച്ചാൽ മതി.

ആന്റി ക്ലൈമാക്സ്

മൂന്നു സിനിമാതാരങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ പത്തനാപുരത്ത് ചില സിനിമകളിൽ സംഭവിക്കുന്നതു പോലെ ക്ലൈമാക്സിൽ സൂപ്പർ താരം ‘നായകനായി’. ഗണേശും ജഗദീഷും ഭീമൻ രഘുവുമൊക്കെ രണ്ടരമാസം വിയർപ്പൊഴുക്കി നടന്നുവെങ്കിലും ഒടുവിലത്തെ സീനിൽ മോഹൻലാൽ തകർത്തു. പത്തനാപുരത്ത് ഒരു സീനിലും ഇല്ലാതിരുന്ന സലീംകുമാറും ‘അതിഥി വേഷം’ കൊഴുപ്പിച്ചു. പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത ബാലകൃഷ്ണപിള്ള പിന്നീടു പട്ടാഴിയിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിച്ചെങ്കിലും കേരള മുഖ്യമന്ത്രിമാരുടെ പേരുകൾ പരാമർശിച്ചപ്പോൾ വിഎസിന്റെ പേര് ഒഴിവാക്കി. തൊട്ടടുത്ത മണ്ഡലത്തിൽ വരെ വിഎസ് പ്രചാരണത്തിന് എത്തിയെങ്കിലും പത്തനാപുരത്തോട്ടു നോക്കിയില്ല. പിണറായിയും പത്തനാപുരം ഒഴിവാക്കിയത് യാദൃച്ഛികത മാത്രമാവാം. പത്തനാപുരത്തെ ഈ ബഹളങ്ങൾക്കിടെ ജഗദീഷ് പാരലൽ കോളജിൽ ബികോം വിദ്യാർഥികൾക്ക് ഒരു മണിക്കൂർ ക്ലാസെടുത്ത് താൻ ഒന്നും മറന്നിട്ടില്ലെന്ന് എല്ലാവരെയും ഓർമിപ്പിച്ചു.

കിണറ്റിലെ തിരയിളക്കം

ഗുഡ്മോണിങ് അഴീക്കോട് എന്ന തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ വിഡിയോ ഷൂട്ടിനു വേണ്ടിയാണ് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി എം.വി.നികേഷ്കുമാർ ബക്കറ്റുമായി കിണറ്റിലിറങ്ങിയതും വെള്ളം രുചിച്ചു നോക്കി പരിശോധിച്ചതും. വെള്ളം പരിശോധിക്കാൻ കിണറ്റിലിറങ്ങേണ്ടതുണ്ടോയെന്ന സാധാരണ യുക്തിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി കെ.എം.ഷാജിയുടെ മറുപടി. ഷാജി ഇതേ വീട്ടിലെത്തുകയും കിണർവെള്ളം കോരിക്കുടിച്ച് മണ്ഡലത്തിൽ ‘ഉപ്പ്’ അധികമുണ്ടോയെന്നു നോക്കുകയും ചെയ്തു.

മറുഭാഷ

കന്നഡ ഭൂരിപക്ഷ മണ്ഡലമായ മഞ്ചേശ്വരത്ത് മൂന്നു സ്ഥാനാർഥികളും പ്രചാരണവേദികളിൽ സംസാരിച്ചത് കന്നടയിൽ. കാസർകോടിനു പുറത്തു നിന്നെത്തിയ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ പോലും കന്നട പഠിച്ചാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലങ്ങളിൽ തമിഴ് പ്രസംഗങ്ങളും പോസ്റ്ററുകളും ഇത്തവണയും ഇടംപിടിച്ചു.

കുടുംബ‘യോഗം’

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി പി.ബി.അബ്ദുൽ റസാഖിനെതിരെ എൽഡിഎഫ് പ്രചാരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത് അനുജനെ. ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റും ഐഎൻഎൽ നേതാവുമായ പി.ബി.അഹമ്മദാണ് ഇവിടെ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നത്. ഇദ്ദേഹം കാസർകോട് നായന്മാർമൂലയിലാണു താമസമെങ്കിലും സഹോദരനെതിരെ പ്രചാരണ ചുമതല ഏറ്റെടുത്ത് മഞ്ചേശ്വരത്ത് എത്തുകയായിരുന്നു.

ഹരിത സ്ഥാനാർഥി

കഴിഞ്ഞ നിയമസഭയിൽ ഹരിത എംഎൽഎമാർക്ക് കിട്ടിയ മൈലേജ് കണ്ടിട്ടാവാം ഇത്തവണ സ്ഥാനാർഥികൾ മിക്കവരും പരിസ്ഥിതി പ്രവർത്തകർ കൂടിയായി (ആരുടേയും ആത്മാർഥതയെ വോട്ടർ ചോദ്യം ചെയ്യുന്നില്ല). ധർമടത്ത് പിണറായി വിജയൻ കുടുംബയോഗങ്ങളിൽ വോട്ടഭ്യർഥന നടത്തിയതു വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ്. ആദ്യഘട്ടത്തിൽ കുടുംബ യോഗങ്ങൾ നടന്ന നൂറിലധികം വീടുകളുടെ പരിസരത്താണു പിണറായി തൈ നട്ടത്. ആലപ്പുഴയിൽ തോമസ് ഐസക്ക് തൈ നട്ടുവെന്നു മാത്രമല്ല പ്ലാസ്റ്റിക് മാലിന്യശേഖരണം നടത്തി ‘ആക്ടിവിസ്റ്റുമായി’. മുകേഷ് ഒരുപടി കൂടി കടന്ന് അഷ്ടമുടിക്കായലിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ചിഹ്നം ഓർക്കാൻ

ഓർക്കാപ്പുറത്തു കിട്ടിയ ചിഹ്നം വോട്ടർമാരുടെ മനസ്സിൽ പതിയാൻ സ്ഥാനാർഥികൾ പല നമ്പരുകൾ ഇറക്കി. മലപ്പുറം ജില്ലയിൽ ചിഹ്നമായി ഓട്ടോറിക്ഷ കിട്ടിയ അ‍ഞ്ച് എൽഡിഎഫ് സ്വതന്ത്രർ പലയിടങ്ങളിലും ഓട്ടോറിക്ഷയിലെത്തിയാണു പ്രചാരണം നടത്തിയത്. തിരൂരിലെ എൽഡിഎഫ് സ്വതന്ത്രൻ ഗഫൂർ പി. ലില്ലീസ്, താനൂരിലെ സ്വതന്ത്രൻ വി. അബ്ദുറഹിമാൻ എന്നിവരുടെ ചിഹ്നം കപ്പും സോസറുമായിരുന്നു. ചിഹ്നം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ചെല്ലുന്നിടത്തെല്ലാം കപ്പിലും സോസറിലും ചായ നൽകിയായിരുന്നു സ്ഥാനാർഥികളെ അണികൾ സ്വീകരിച്ചു കൊണ്ടിരുന്നത്.

മധുരമാമ്പഴം

കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി സൂരജ് രവി വിവാഹ വാർഷികം ആഘോഷിക്കുന്ന വിവരം ഫെയ്സ്ബുക്കിലൂടെ അറിഞ്ഞപ്പോൾ ആദ്യം ലൈക്കടിച്ച് ആശംസ നേർന്നവരിൽ ഒരാൾ എൽഡിഎഫ് സ്ഥാനാർഥി മുകേഷ് ആയിരുന്നു. മധുരമാമ്പഴം എന്ന പേരിൽ കുട്ടികളുടെ മാഗസിൻ മാതൃകയിൽ പുസ്തകം പ്രസിദ്ധീകരിച്ചു കൊല്ലം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം നടത്തി.

ഒന്നും മനപ്പൂർവമല്ല

മകൻ മൽസരിക്കുന്ന പത്തനാപുരം മണ്ഡലത്തിൽ അച്ഛൻ ആർ. ബാലകൃഷ്ണപിള്ള അധികം പ്രസംഗിച്ചില്ലെന്നത് ഇക്കുറി ജനം ശ്രദ്ധിച്ചു. എന്നാൽ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ മകൻ ആര്യാടൻ ഷൗക്കത്തിനുവേണ്ടി അവസാന റൗണ്ടുകളിൽ മന്ത്രി ആര്യാടൻ മുഹമ്മദ് സജീവമായി രംഗത്തിറങ്ങി. പാർട്ടിയുടെ വർക്കിങ് ചെയർമാനായ പി.ജെ.ജോസഫ് മൽസരിക്കുന്ന തൊടുപുഴയിലും കേരള കോൺഗ്രസുകൾ പരസ്പരം മൽസരിക്കുന്ന ഇടുക്കി മണ്ഡലത്തിലും കെ.എം.മാണി പ്രചാരണത്തിനെത്തിയില്ല.  

Your Rating: