Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പോരാട്ടങ്ങൾക്കു വിട’- സ്വാതന്ത്ര്യത്തിനു ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും മൽസരിച്ച ഏകവ്യക്തി ഗൗരിയമ്മ

kr-gouri-amma ഗൗരിയമ്മ കോടിയേരി ബാലകൃഷ്ണനൊപ്പം(ഫയൽചിത്രം).

സ്വാതന്ത്ര്യം ലഭിച്ചശേഷം ഇതുവരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മൽസരിച്ച ഏക വ്യക്തിയായ കെ.ആർ. ഗൗരിയമ്മ തിരഞ്ഞെടുപ്പു കളത്തിൽനിന്നു പടിയിറങ്ങുന്നത് വിശ്വസിച്ചവർ തന്നെ ചതിച്ചു എന്ന കദനഭാരത്തോടെ. മൽസരിക്കാതെ തിരഞ്ഞെടുപ്പിന് സാക്ഷിയാകേണ്ടി വരുമ്പോൾ പുറത്തു പറഞ്ഞില്ലെങ്കിലും ആ മനസ്സിൽ ദുഃഖമുണ്ട്. വിളിച്ചെഴുന്നേൽപ്പിച്ച ശേഷം ചോറില്ലെന്ന് പറയുന്ന സ്ഥിതി.

Read: ആനയിച്ചുകൊണ്ടുവന്നത് അപമാനിക്കാനോ?

എൽഡിഎഫ് സീറ്റു വിഭജനത്തിൽ ജെഎസ്എസിനെ ഒഴിവാക്കിയ വിവരം അറിഞ്ഞപ്പോൾ മുതൽ കെ.ആർ. ഗൗരിയമ്മ ദുഃഖിതയാണ്. അടുത്ത ബന്ധുക്കളോടു പോലും സംസാരിക്കാൻ കൂട്ടാക്കിയില്ല. പ്രതികരണം തേടി വരുന്നവരോട് രണ്ടു ദിവസം കഴിഞ്ഞു കാണാമെന്ന മറുപടിയാണ് നൽകുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ പോലും ഇത്രയും ദുഃഖം തോന്നിയില്ലെന്നാണ് ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ബി. ഗോപനോട് ഗൗരിയമ്മ ഇതേക്കുറിച്ച് പറഞ്ഞത്. മറ്റു പല പാർ‌ട്ടികളെ പരിഗണിച്ചപ്പോഴും തന്നെ ഒഴിവാക്കിയതിൽ ഗൗരിയമ്മയ്ക്ക് വിഷമമുണ്ട്. വിജയ സാധ്യത ഇല്ലാത്ത ഒരു സീറ്റെങ്കിലും തരേണ്ടതായിരുന്നുവെന്നും നേതാക്കൾ പറയുന്നു. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിട്ടും കെ.ആർ. ഗൗരിയമ്മ രണ്ടുവട്ടം എകെജി സെന്ററിൽ പോയി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പലവട്ടം ഗൗരിയമ്മയെ സന്ദർശിച്ചു. സീറ്റു കാര്യം പറയുമ്പോൾ തിരഞ്ഞെടുപ്പ് വരുമ്പോൾ ആലോചിക്കാമെന്ന ഉറപ്പാണ് നേതാക്കൾ നൽകിയിരുന്നത്. ഈ ഉറപ്പു വിശ്വസിച്ചാണ് ഗൗരിയമ്മ ഇത്രകാലം കഴിഞ്ഞത്.

Read: ഗൗരിയമ്മയെ അനുനയിപ്പിക്കാൻ സിപിഎം നീക്കം

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ പ്രചാരണത്തിനു പോയിരുന്നു. അരുവിക്കരയിൽ മൂന്നു ദിവസം തങ്ങി. ആദ്യ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഗൗരിയമ്മയുടെ ആദ്യഓർമ ഒരു പൊട്ടിക്കരച്ചിലിന്റേതാണ്. മൽസരിക്കാത്ത ഇത്തവണത്തെ തിരഞ്ഞെടുപ്പും തിരസ്കാരത്തിന്റെ വേദന നിറഞ്ഞതായി. ആദ്യ തിരഞ്ഞെടുപ്പ് അങ്കത്തിന് (1948) പി. കൃഷ്ണപിള്ള ഗൗരിയമ്മയോടു ചേർത്തലയിൽ നാമനിർദേശ പത്രിക നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഗൗരിയമ്മ ആദ്യം ഞെട്ടി, പിന്നെ പൊട്ടിക്കരഞ്ഞു. ചേർത്തല കോടതിയിൽ വക്കീലായ ഗൗരിയമ്മയുടെ വരുമാനമാർഗം അതായിരുന്നു. മൽസരിച്ചു ജയിച്ചാൽ പണത്തിനു മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമെന്നായിരുന്നു സങ്കടം. മാത്രമല്ല, മകൾ വക്കീലാകണമെന്ന് ആഗ്രഹിച്ചിരുന്ന അച്ഛനു വക്കീൽ ജോലി നിർത്തുന്നതു വിഷമമാകുമെന്നും ഗൗരിയമ്മ കരുതി. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കുമാരപ്പണിക്കർ ഒളിവിലായതിനാൽ അദ്ദേഹത്തിന്റെ ഡമ്മിയായി നാമനിർദേശം സമർപ്പിച്ചാൽ മതിയെന്നു പി. കൃഷ്ണപിള്ള ആശ്വസിപ്പിച്ചു.

Read: ഗൗരിയമ്മയെ എൻഡിഎയിൽ ചേർക്കാൻ നീക്കം

പക്ഷേ, കുമാരപ്പണിക്കർക്കു തിരഞ്ഞെടുപ്പു വേളയിലും കേസ് ഒഴിവാക്കി പുറത്തുവരാൻ കഴിയാത്തതിനാൽ ഗൗരിയമ്മയ്ക്കു മൽസരിക്കേണ്ടി വന്നു. പിന്നീടുള്ളതെല്ലാം രാഷ്ട്രീയ ചരിത്രം. ആ ചരിത്രത്തിനാണ് സിപിഎം ഇടപെടലോടെ അപ്രതീക്ഷിത വഴിത്തിരിവ്.

1952ൽ കന്നിവിജയം

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശത്തോടെ നടന്ന ആദ്യ തിരഞ്ഞെടുപ്പുമുതൽ ഗൗരിയമ്മ സ്ഥാനാർഥിയാണ്. 1948ൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി ചേർത്തല മണ്ഡലത്തിലാണ് ആദ്യമൽസരം. ഫലം പരാജയം. കമ്യൂണിസ്റ്റ് സ്ഥാനാർഥികൾ മുഴുവൻ പരാജയപ്പെട്ട ആ തിരഞ്ഞെടുപ്പിൽ കെട്ടിവച്ചകാശു തിരിച്ചുകിട്ടിയ നാലു കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു ഗൗരിയമ്മ. സ്റ്റേറ്റ് കോൺഗ്രസിലെ കൃഷ്ണൻ അയ്യപ്പനാണു വിജയിച്ചതെങ്കിലും വിജയിയെക്കാൾ മണ്ഡലത്തിൽ അറിയപ്പെടുന്ന ആളായതു താനായിരുന്നെന്നു ഗൗരിയമ്മ ഓർക്കുന്നു. തിരുക്കൊച്ചി നിയമസഭയിലേക്ക് 1952ൽ നടന്ന തിരഞ്ഞെടുപ്പില‍ാണു കന്നിവിജയം സ്വന്തമാക്കിയത്. 1954ലും വിജയം ആവർത്തിച്ചു. കേരളം രൂപീകര‍ിക്കുന്നതിനു മുൻപേ മൽസരിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുള്ള ഗൗരിയമ്മയെ കേരള സംസ്ഥാനത്തിന്റെ ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രധാന സ്ഥാനാർഥികളിലൊരാളായി കണക്കാക്കിയാണു ചേർത്തലയിൽ നിർത്തിയത്.

പാർട്ടിയും ഗൗരിയമ്മയും ഒരുപോലെ വിജയിച്ച ആ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യ മന്ത്രിസഭാംഗം, ആദ്യ വനിതാ മന്ത്രി തുടങ്ങിയ നേട്ടങ്ങൾ ഗൗരിയമ്മ സ്വന്തമാക്കി. പിന്നീട്, 2011 വരെ നീണ്ട തിരഞ്ഞെടുപ്പു കാലം. രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിൽ ഭാഗഭാക്കായി ഗൗരിയമ്മ നീങ്ങി. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ നാലുതവണ മാത്രമാണു ഗൗരിയമ്മ പരാജയപ്പെട്ടിട്ടുള്ളത്. 1948, 1977, 2006, 2011 വർഷങ്ങളിൽ. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയുമാണു ഗൗരിയമ്മ പ്രതിനിധീകരിച്ചത്.

Your Rating: