Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പു കുറച്ച്, ഖദർ കൂട്ടി ജഗദീഷ് സ്റ്റൈൽ

jagadish തലവൂർ അലകുഴിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീഷ് ലോറിയിൽ കയറി തൊഴിലാളികൾക്കൊപ്പം ചിത്രത്തിനു പോസ് ചെയ്ത ശേഷം തൊഴിലാളികളുടെ സഹായത്തോടെ താഴെ ഇറങ്ങുന്നു.

മ‌മ്മൂട്ടിയുടെ പുതിയ ചിത്രമായ കസബയിൽ സബ് ഇൻസ്പെക്ടർ സുബ്രഹ്മണ്യനാണ് ജഗദീഷ്. സിനിമയ്ക്കു വേണ്ടി വീതികുറഞ്ഞ മീശയുമായി ഒരുങ്ങിനിൽക്കുമ്പോഴാണ് പത്തനാപുരം വിളിച്ചത്. ഷൂട്ടിങ് നേരത്തേ തീർത്ത് പ്രചാരണത്തിനിറങ്ങുമ്പോൾ മീശ വളരുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴതില്ല. മീശ പഴയപടിയായി. ജഗദീഷാകട്ടെ പഴയതിനേക്കാൾ ഫോമിലും.

പത്തനാപുരത്തെ പത്തുസെൽഷ്യസ് കൂടിയ ചൂടും ജഗദീഷിന്റെ വേഗം കുറയ്ക്കുന്നില്ല. ഇന്നലെ വരെ ഡബിൾ മുണ്ടായിരുന്നെങ്കിൽ ഇന്നത് ഒറ്റമുണ്ടായി. തോളിൽ ഖദർഷാൾ. കോട്ടന്റെ ചെക്ക് ഷർട്ട്. രണ്ടു ദിവസം മുൻപിട്ട ചുവന്ന ഷർട്ടിന് നിറമൽപ്പം കൂടിപ്പോയോ എന്ന് കൂടെയുള്ളവർക്കു സംശയം. ഇന്നലെ വരെ കൂടെ നടന്നയാൾ പെട്ടെന്നങ്ങു ചുവന്നുപോയതിന്റെ നീരസമുണ്ട് പലർക്കും. അവരുടെ വികാരം മനസ്സിലാക്കി ജഗദീഷ് നിറമൽപ്പം മയപ്പെടുത്തി.

രാവിലെ ഏഴിനു തന്നെ പത്തനാപുരത്ത് പുതുതായെടുത്ത വീട്ടിൽ ജഗദീഷ് മണ്ഡലപര്യടനത്തിന് തയാർ. തലവൂർ പഞ്ചായത്തിലെ പര്യടനത്തിനിടെ പിറവന്തൂരിൽ ഒരു മരണമുണ്ടായി എന്നു വാർത്തയെത്തി. വണ്ടി നേരെ അങ്ങോട്ട്. തിരിച്ചെത്തിയപ്പോഴേക്കും വെയിൽ കത്തിക്കയറി. കാറിൽ നിന്ന് ചെരിപ്പിടാതെയാണ് ജഗദീഷിറങ്ങിയത്. ദേവാലയങ്ങളിലെല്ലാം കയറേണ്ടി വരും. ചെരിപ്പില്ലാതെ നടക്കുന്നതാണ് നല്ലത്.

നടുത്തേരി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വെക്കേഷൻ ബൈബിൾ ക്ലാസിന്റെ സമാപനച്ചടങ്ങു നടക്കുകയാണ്. പള്ളിമുറ്റത്തു നിൽക്കുന്നവർ ജഗദീഷിനെ പ്രതീക്ഷിച്ചു നിൽക്കുന്നു. ഭക്ഷണ വിതരണത്തിന്റെ നടുക്കു നിന്ന് ജഗദീഷ് സ്റ്റീൽ തവിയിൽ ഫ്രൈഡ് റൈസ് കോരിയിട്ടു. ചെറിയൊരു പ്രസംഗം. പക്ഷേ, ആളുകൾക്കതു പോരാ. അവർക്കു ജഗദീഷിന്റെ പ്രശസ്തമായ ഡയലോഗുകൾ കേൾക്കണം. പരിപാവനമായ ഇൗ സന്നിധിയിൽ ഏകാന്തചന്ദ്രികേയാണോ പാടേണ്ടത് ? കാക്കതൂറി എന്നാണോ പറയേണ്ടത്. ഞാനൊരു ഗാനമാലപിക്കാം...‘‘നൻമനേരുമമ്മേ വിണ്ണിൻ രാജകന്യേ...’’ സദസ് നിശ്ശബ്ദരായി.

കുശപ്പള്ളി ശ്രീകൃഷ്ണക്ഷേത്രത്തില സപ്താഹത്തിന്റെ പ്രസാദമൂട്ടു സമയത്തെത്തിയ സ്ഥാനാർഥി ഒരു ഗ്ലാസ് പായസം കുടിച്ചാണ് ചിരിമധുരം പങ്കിട്ടത്.

‘‘ ഞാൻ ജീവിത വിശുദ്ധിയെക്കുറിച്ചാണ് പറയുന്നത്. ഞാൻ രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്. സിനിമയുമായി ഞാനോടി നടന്നപ്പോൾ സ്വന്തം ജോലിക്കിടെ ഏറെ കഷ്ടപ്പെട്ടാണ് എന്റെ ഭാര്യ രമ കുട്ടികളെ വളർത്തിയത്. എല്ലാ അമ്മമാരും അങ്ങനെയാണ്. കുടുംബബന്ധങ്ങളുടെ കരുത്ത്. മുതിർന്നവരോടുള്ള ബഹുമാനം. ഭാഷയിലെ മിതത്വം. അതെല്ലാമാണ് ഞാൻ സമൂഹത്തെ ഓർമപ്പെടുത്തുന്നത്. അങ്ങനെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ പിറ്റേന്ന് ഗണേഷിനെതിരെ ഒളിയമ്പെയ്തു എന്നു പറയും. വ്യക്തിപരമായി ഒരാക്രമണത്തിനും ഞാനില്ല’’–വെയിൽമുനകൾ ഇല ചീന്തിയെടുത്ത തലവൂരിലെ റബർ മരങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ ജഗദീഷ് പറഞ്ഞു.

ഇഡിയോട്ടിക് ഇന്നസെൻസ്– സിനിമയിലെ അപ്പുക്കുട്ടനിൽ അവർ കാണുന്നത് അതാണ്. ഇവിടെ എന്നെ അടുത്തു കാണുമ്പോൾ റിയൽ ഇന്നസെൻസ് മനസ്സിലാക്കുന്നു– ജഗദീഷിന്റെ വാക്കുകളിൽ പത്തനാപുരത്തെ മഹിളാകോൺഗ്രസ് നേതാവ് ശശികലാമോഹൻ ഇടപെട്ടു–പതിനഞ്ചു വർഷമായി ഇവിടെ ഞങ്ങൾ കണ്ടത് ഗണേഷ്കുമാറിന്റെ അഭിനയമാണ്. ആ അഭിനയം തിരിച്ചറിഞ്ഞു. മുന്നണിയെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞല്ലേ പോയത്. മുഖത്തെ വിയർപ്പ് പരുപരുത്ത ഖദർസാരിയിലൊപ്പി ശശികല രോഷം കൊണ്ടു.

അടുത്ത യോഗത്തിൽ ഒരു യുവ വോട്ടർക്ക് സംശയം. ജഗദീഷ് എന്ന പേരിന് ഒരു വെയ്റ്റ് കുറവുണ്ടോ ? അപ്പുറത്ത് കെ.ബി.ഗണേഷ്കുമാർ എന്നൊക്കെപ്പറയുമ്പോൾ ?

ജഗദീഷ് കാറിലിരുന്ന പോസ്റ്റർ നിവർത്തിക്കാണിച്ചു. ഞാൻ പി.വി.ജഗദീഷ്കുമാർ. പി.വി. എന്നാൽ പത്തനാപുരത്തിന്റെ വികസനത്തിന് ജഗദീഷ്കുമാർ. ഗണേഷിൽ കുമാറുണ്ടെങ്കിൽ എനിക്കും കുമാറുണ്ട്. മണ്ഡലത്തിലെ പോസ്റ്ററിലും ബാലറ്റ് പേപ്പറിലുമെല്ലാം ജഗദീഷ് പി.വി.ജഗദീഷ്കുമാറാണ്.

കുറച്ചുകൂടി രാഷ്ട്രീയം പറയണം. സൗജന്യ അരിയും പെൻഷനുമെല്ലാം സർക്കാരിന്റെ വലിയ നേട്ടങ്ങളാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന ഡിസിസി സെക്രട്ടറി ബാബു മാത്യു പറഞ്ഞു തീരും മുൻപ് പത്തനാപുരത്തു നിന്നു പ്രവർത്തകരുടെ ഫോണെത്തി. മഹിളാകോൺഗ്രസ് നേതാവ് ഷാഹിദാ കമാൽ ഗണേഷിനൊപ്പം വേദിപങ്കിട്ട് നമുക്കെതിരെ എന്തോ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ സരിത കള്ള പ്രചാരണം നടത്തിയപ്പോൾ ഷാഹിദ എവിടെയായിരുന്നു–ബാബു രോഷം കൊണ്ടു. ഗണേഷിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ ചുമതല മൂന്നു തവണയും വഹിച്ച ബാബുവാണ് ഇപ്പോൾ ജഗദീഷിന്റെ ഇലക്‌ഷൻ കമ്മിറ്റി കൺവീനർ. അരനൂറ്റാണ്ടിനു ശേഷമാണ് പത്താനാപുരത്ത് ഒരു കോൺഗ്രസ് സ്ഥാനാർഥി പാർട്ടി ചിഹ്നത്തിൽ മൽസരിക്കുന്നത്. 1960ൽ ഒടുവിൽ മൽസരിച്ചത് ആർ.ബാലകൃഷ്ണപിള്ളയായിരുന്നു.

മേലിലയിലേക്കു പോകുമ്പോൾ ജഗദീഷ് മുത്താരംകുന്ന് പി.ഒ എന്ന സിനിമയുടെ കഥ പറഞ്ഞു. മേലിലയിലായിരുന്നു ആ സിനിമയുടെ ചിത്രീകരണം. ജഗദീഷ് കഥയെഴുതി സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിലേക്ക് ധാരാസിങ്ങിനെ ക്ഷണിക്കാൻ പോയത് ജഗദീഷായിരുന്നു. അതായിരുന്നു ജഗദീഷിന്റെ ആദ്യത്തെ വിമാനയാത്ര. മുത്താരംകുന്ന് ജഗദീഷിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി. പത്തനാപുരം രാഷ്ട്രീയ ജീവിതത്തിൽ എന്തു തിരിവാണുണ്ടാക്കുന്നതെന്നേ കണ്ടറിയേണ്ടൂ.

അവസാനത്തെ കുടുംബയോഗത്തിൽ ജഗദീഷ് വയലാറിന്റെ പ്രശസ്തമായ ഒരു ഗാനം കൂടി ആലപിച്ചു– ‘‘ ഞാൻ ഞാൻ എന്ന ഭാവങ്ങളെ...പ്രാകൃത യുഗമുഖ ഛായകളെ...തീരത്ത് മൽസരിച്ചു മൽസരിച്ചു മരിക്കുമീ തിരകളും നിങ്ങളും ഒരു പോലെ...’’– ഇൗ പാട്ടിൽ എല്ലാമുണ്ട്. ഇതു കേൾക്കുമ്പോൾ നിങ്ങൾക്ക് ചിലരുടെ മുഖം ഓർമ വരുന്നുവെങ്കിൽ അതു തികച്ചും യാദൃച്ഛികം.

Your Rating: