Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സംഘ, സൗഹൃദ’ പരീക്ഷണ സസ്പെൻസിൽ കേരളം

BJP Flag

ബഹുരാഷ്ട്രകുത്തകകൾ അവരുടെ പുതിയ ഉൽപന്നങ്ങൾ പരീക്ഷിക്കുന്ന ഇടമാണു പലപ്പോഴും കേരളം. ബൗദ്ധിക–ആസ്വാദന നിലവാരമുള്ള മലയാളികൾ ഇഷ്ടപ്പെട്ടാൽ തിരിഞ്ഞുനോക്കേണ്ടതില്ല എന്നാണു വിശ്വാസം. അതേ കേരളം പക്ഷേ, കാവി പുതയ്ക്കാൻ കൂട്ടാക്കാത്തതിൽ നിന്നു മാറ്റം വേണമെന്ന സംഘപരിവാർ തീരുമാനം ദ്വിതലപിന്തുണയ്ക്കാണു വഴിതുറന്നത്. സംഘടനാതലത്തിൽ ആർഎസ്എസിന്റെ കിറുകൃത്യമായ പ്രവർത്തനം, രാഷ്ട്രീയതലത്തിൽ ബിഡിജെഎസ് എന്ന പുതിയ പാർട്ടിയും അതുവഴി ഈഴവവോട്ടും.

യുഡിഎഫും എൽഡിഎഫും പൊരുതി ഒരു കൂട്ടർ ജയിക്കുന്ന പ്രവചനസാധ്യതയുള്ള രാഷ്ട്രീയകാൻവാസിലല്ല ഈ മാറ്റത്തോടെ ഇന്നു കേരളം. അക്കൗണ്ട് തുറക്കുമോ എന്നതു ബിജെപിക്ക് ഇപ്പോഴും 100% ഉറപ്പുള്ള കാര്യമല്ല. പക്ഷേ, വോട്ടുവിഹിതം കൂടും എന്നതിൽ തർക്കമില്ല. ആ അധികവോട്ട് ആരുടെ ചോര പൊടിക്കും എന്നതിന്റെ ഉത്തരമായിരിക്കും ആത്യന്തികമായി 16ലെ ജനവിധി.

കോലീബി സഖ്യം സിപിഎം അയവിറക്കുന്നതിനു കാരണമായ 1991ലെ വടകര ഇലക്‌ഷനിൽ ഇടതുസ്ഥാനാർഥിയായ കെ.പി. ഉണ്ണിക്കൃഷ്ണന്റെ ഒരു നിരീക്ഷണമുണ്ട്: ‘‘ഞാൻ ഒരു ആർഎസ്എസ് നേതാവിനെയും കണ്ടിട്ടില്ല. കാണുന്നുവെങ്കിൽ നേരേ നാഗ്പുരിൽ പോയി സർസംഘചാലകിനെ കാണും. അദ്ദേഹം ഒരു ചരടു വലിച്ചാൽ വാജ്പേയിയും മറ്റൊരു ചരടു വലിച്ചാൽ അഡ്വാനിയും ഇളകും’’. ബിജെപി – ആർഎസ്എസ് ബന്ധത്തെക്കുറിച്ച് അവർ തന്നെ മതിപ്പോടെ ഓർമിക്കുന്ന നിർവചനമാണ് ഇത്. അയ്യായിരത്തിൽപരം ശാഖകളുള്ള കേരളത്തിൽ ശാഖാപ്രവർത്തനം പോലും മാറ്റിവച്ചു തിരഞ്ഞെടുപ്പിൽ ഇടപെട്ടുവരുന്നു ആർഎസ്എസ്.

അടുത്ത ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു സംഭാവനകളുണ്ടാകണമെന്നു മോദി ആഗ്രഹിക്കുന്നു. മോഹൻഭാഗവത് ആർഎസ്എസ് മേധാവിയായത് അദ്ദേഹത്തിനു കാര്യങ്ങൾ എളുപ്പമാക്കി. പേരെടുത്തു വിളിക്കാവുന്ന ബന്ധമാണ് ഇരുവരും തമ്മിൽ. പിതാവായ മധുകർഭാഗവത് മോദിയെ ആർഎസ്എസിലേക്ക് അടുപ്പിച്ചപ്പോൾ തുടങ്ങിയ സൗഹൃദം. രാഷ്ട്രീയം ബിജെപിയിലും സംഘടന ആർഎസ്എസിലും എന്ന തീരുമാനം ഈ സ്നേഹിതർ നടപ്പാക്കിവരുന്നതിന്റെ ആദ്യപരീക്ഷണഭൂമിയാണ് അപ്പോൾ കേരളം.

ഇതിന്റെ ഭാഗമായി പി.ഇ.ബി മേനോൻ, പി. ഗോപാലൻകുട്ടി, എം. രാധാകൃഷ്ണൻ, ആർ. സഞ്ജയൻ, എസ്. സുദർശൻ എന്നിവരടങ്ങുന്ന അഞ്ചംഗ ആർഎസ്എസ് നേതൃനിര നിരന്തരമായ രാഷ്ട്രീയ – സംഘടനാ ഇടപെടലുകൾക്ക് ഇവിടെ നേതൃത്വം നൽകുന്നു. എന്നാൽ കേരളത്തിലെ ആർഎസ്എസിന്റെ (ഒരു പരിധിവരെ ബിജെപിയുടെയും) അവസാനവാക്ക് അഖിൽ ഭാരതീയ സഹപ്രചാർപ്രമുഖും പരിവാർ ബുദ്ധിജീവിയുമായ ജെ. നന്ദകുമാറിന്റേതാണ്. പി.പി. മുകുന്ദന് ഒടുവിൽ ബിജെപിയിലേക്കുള്ള മടങ്ങിവരവു സാധ്യമായതിലും വി. മുരളീധരനു ബിജെപി പ്രസിഡന്റ് പദത്തിൽ രണ്ടാമത് അവസരം കിട്ടിയതിലും കുമ്മനം രാജശേഖരനെ പിൻഗാമിയാക്കിയതിലും നന്ദകുമാറിന്റെ നേതൃത്വത്തിനാണു വലിയ പങ്ക്. രണ്ടു മലയാളികൾ കൂടിയുണ്ട് ആർഎസ്എസ് തലപ്പത്ത്.

സീമാജാഗരൺ മഞ്ചിന്റെ അമരത്തുള്ള എ. ഗോപാലകൃഷ്ണനും വനവാസി കല്യാണാശ്രമത്തിന്റെ ചുമതലയുള്ള പി.പി. രമേഷ്ബാബുവും. ഇവരും ഇനിയും എത്തിച്ചേരാത്ത സഹസർകാര്യവാഹക് പദവിയിലെത്തിയ ആദ്യ മലയാളിയായ കെ.സി. കണ്ണന്, പക്ഷേ, വിവാഹത്തോടെ സംഘവുമായി വേർപിരിയേണ്ടിവന്നു.

ഒന്നിലേറെ ജില്ലകളുടെ ചുമതല വഹിക്കുന്ന വിഭാഗ് പ്രചാരക് പദവിയിലുള്ളവർ മണ്ഡലങ്ങളിൽ നേരിട്ടെത്തി അവലോകനയോഗങ്ങൾ ഇതാദ്യമായി വിളിക്കുന്നു. എല്ലാ ബൂത്ത് മാനേജ്മെന്റ് കമ്മിറ്റികളെയും നിയന്ത്രിക്കുന്നത് ആർഎസ്എസുകാരാണ്. കണിശമായ ഈ സംഘടനാപ്രവർത്തനം വോട്ടു കൂടുതൽ കിട്ടാനും മറിക്കാൻ ശ്രമിച്ചാൽ അതു തടയാനും സഹായിക്കും എന്നാണു നിഗമനം. ജയിക്കാനായി മറ്റൊരു പാർട്ടി തന്നെ രൂപീകരിക്കുക എന്ന കൗശലം ബിഡിജെഎസിലൂടെ യാഥാർഥ്യമാക്കിയ ബിജെപി നാൽപതോളം മണ്ഡലങ്ങളിൽ അവരുടെ ശക്തമായ സ്വാധീനം ദർശിക്കുന്നു. മുസ്‌ലിം–ക്രിസ്ത്യൻ വോട്ടുകളില്ലാതെ എങ്ങനെ ജയിക്കും എന്നു ചോദിച്ചാൽ ഹിന്ദു വോട്ടുകൾ തന്നെ വീഴാതിരുന്ന സ്ഥിതി മാറിയില്ലേ എന്ന മറുചോദ്യമാണ് ഉത്തരം.

കിട്ടിവന്നിരുന്നതിൽ മൂവായിരം ഈഴവവോട്ടുകളിൽ കൂടുതൽ എൻഡിഎക്കു മണ്ഡലങ്ങളിൽ പോയിക്കൂടാ എന്നാണു സിപിഎം നിഷ്കർഷ. വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിനെതിരെ രണ്ടും കൽപ്പിച്ചാണുതാനും. ബിജെപിയെ നിയമസഭയിലെത്തിക്കരുത് എന്ന എ.കെ. ആന്റണിയുടെ ആഹ്വാനത്തോടെ ബിജെപിയെ പരാജയപ്പെടുത്താൻ മുന്നണികൾ ഒന്നിച്ചേക്കാം എന്ന ശങ്കയാണ്, അമിത് ഷായ്ക്ക് പങ്കെടുക്കാനാകാതെ പോയ തലസ്ഥാനത്തെ അവലോകനയോഗത്തിലുണ്ടായത്. ആരു ചിരിക്കും എന്നതിനൊപ്പം ആരുടെ ചോര കിനിയും എന്നതുകൂടി പ്രസക്തമാകുന്ന തിരഞ്ഞെടുപ്പാണ് ഇത്.

Your Rating: