Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടകരയിൽ അക്രമരാഷ്ട്രീയം ചർച്ചയാക്കാൻ കെ.കെ.രമ

rema പ്രചാരണത്തിനിടയിൽ വോട്ടര്‍മാരുമായി കുശലം പങ്കുവയ്ക്കുന്ന കെ. കെ. രമ

ചിരിച്ചും കെട്ടിപ്പിടിച്ചും വോട്ടു ചോദിക്കുന്ന സ്ഥാനാർഥികൾ. ചിരിയോടെ മറുമൊഴി നൽകുന്ന വോട്ടർമാർ. എന്നാൽ വ്യത്യസ്തമായ കാഴ്ചയാണ് വടകര മണ്ഡലത്തിലെ കെ.കെ. രമയുടെ വോട്ടുചോദിക്കൽ. വേദന ഉള്ളിലൊതുക്കി പുഞ്ചിരിയോടെ വോട്ടുചോദിക്കൽ. മറുപടിയായി വിതുമ്പുന്ന വോട്ടർ.

അക്രമരാഷ്ട്രീയത്തിനെതിരെ ഒരു വോട്ട്, അരുംകൊലകൾക്കെതിരെ ഒരു വോട്ട്– കെ.കെ. രമ ചോദിക്കുന്നത് ഇതുമാത്രം. സംസ്ഥാനത്ത് അക്രമരാഷ്ട്രീയം പ്രധാന ചർച്ചാവിഷയമായ മണ്ഡലമാണ് വടകര. ഈ ചർച്ചയ്ക്ക് ഇടയാക്കുന്നത് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ സ്ഥാനാർഥിത്വം.

‘‘ടി.പി. ചന്ദ്രശേഖരനെ അരുംകൊല ചെയ്തതിനു മറുപടി നൽകാൻ ജനത്തിന് അവസരം നൽകണമെന്ന് ആർഎംപി ആഗ്രഹിക്കുന്നു. അതിനാണു ഞാൻ മത്സരിക്കുന്നത്’’– വോട്ടു ചോദിക്കുന്നതിനിടയിൽ രമ പറഞ്ഞു. ടിപി എന്ന വികാരം അണപൊട്ടുന്ന കാഴ്ച തൊട്ടുപിന്നാലെ കണ്ടു. വോട്ടുചോദിച്ചെത്തിയ രമ എന്തെങ്കിലും മിണ്ടുംമുൻപേ കെട്ടിപ്പിടിച്ച് ഒരമ്മ വിതുമ്പുന്നു. അതിൽ എല്ലാമുണ്ട്.

രമ രാവിലെ ആറുമണിക്ക് വീട്ടിൽ നിന്നിറങ്ങുന്നു. ഒപ്പം 25 പ്രവർത്തകർ. കൂടുതലും വനിതകൾ. വോട്ട് ഓരോവീട്ടിലും നേരിട്ടു ചോദിക്കണമെന്നു നിർബന്ധമുണ്ട് രമയ്ക്ക്. മണ്ഡലത്തിൽ ആകെ 39,000 വീടുകൾ. അവയുടെ പട്ടികയിൽ ഇതിനകം കയറിക്കഴിഞ്ഞവ അടയാളപ്പെടുത്തി മാറ്റിയിട്ടുണ്ട്. ഇതിനോടകം പതിനായിരത്തോളം വീടുകൾ രമ നേരിട്ടു കയറിക്കഴിഞ്ഞു. മറ്റുള്ള വീടുകളിൽ രമയുടെ സ്ക്വാഡ് പ്രവർത്തകർ പലതവണ എത്തി. ഇങ്ങനെയൊരു സ്ക്വാഡ് വർക്ക് മറ്റൊരു സ്ഥാനാർഥിയും നടത്തുന്നുണ്ടാവില്ല ഈ തിരഞ്ഞെടുപ്പിൽ.

ഓരോവീട്ടിലും താൻ സ്ഥാനാർഥി ആയത് എന്തിനെന്നു വിശദീകരിക്കുന്ന രമ അക്രമരാഷ്ട്രീയത്തിന് എതിരെ എന്നത് ഊന്നിപ്പറയുന്നു. ലഘുലേഖയും നൽകുന്നു. ‘‘51 വെട്ടു വെട്ടി ടിപിയെ കൊന്നത് എന്തിനാണെന്നു സിപിഎം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. അതവർ പറയണം.’’മുൻപ് ടിപിക്കു കിട്ടിയിരുന്നതുപോലെ രമയ്ക്ക് ഭീഷണിക്കത്തുകളും ഫോണുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസവും കിട്ടി ഒരു കത്ത്. അതു പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.
വടകരയിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ കെ.കെ.രമ ഒരു ഘടകംതന്നെയാണ്. അങ്ങനെയല്ലെന്നു പുറത്തു പറയുന്നവരുടെയും അകത്ത് അതങ്ങനെ തന്നെയാണ്. ഇതേത്തുടർന്നാണു മണ്ഡലത്തിൽ രണ്ട് ‘അപര രമ’മാർ ബാലറ്റിൽ സ്ഥാനം പിടിച്ചത്. അതിലൊരാൾ കെ.കെ. രമയും മറ്റേയാൾ ടി.പി.രമയുമാണ്! ടിപി എന്ന രണ്ടക്ഷരംകൊണ്ട് ഒരു ആശയക്കുഴപ്പത്തിനു ശ്രമം. അൻപത്തൊന്നു വെട്ടിലൂടെ അവസാനിപ്പിച്ചുവെന്നു കരുതിയ ടി.പി.ചന്ദ്രശേഖരനും ഘടകംതന്നെയാണ് എന്നു ചുരുക്കം.

രണ്ട് അപര രമമാരെയും സിപിഎം രംഗത്തിറക്കിയതാണെന്ന് ആർഎംപി പ്രവർത്തകർ പറയുന്നു. കെ.കെ.രമയോടു സാദൃശ്യം തോന്നാൻ അപര രമമാരെ കണ്ണട വച്ചു ചിത്രമെടുപ്പിച്ചു പോസ്റ്ററടിപ്പിച്ചു എന്നു കൂടി പറയുന്നു. പിന്നെ ടിപിയുടെ പ്രിയതമയ്ക്ക് ചെയ്യാവുന്നത് ഒന്നേയുണ്ടായിരുന്നുള്ളൂ – ബാലറ്റിലെ തന്റെ പേരിനൊപ്പം ടിപിയുടെ സ്മരണ നിറഞ്ഞ വീട്ടുപേര് ചേർക്കുക: കെ.കെ.രമ ടിപി ഹൗസ്.

സംസ്ഥാനത്ത് ആർഎംപിയുടെ ഏക സ്ഥാനാർഥിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.കെ.രമ. മുന്നണി എൽയുഎഫ് എന്ന ലെഫ്റ്റ് യുണൈറ്റഡ് ഫ്രണ്ട്. എസ്‌യു‌സി‌ഐ, എം‌സി‌പി‌യു എന്നിവ ഘടക കക്ഷികൾ. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. ആർഎംപി അരയും തലയും മുറുക്കി രംഗത്തുണ്ട്. മരിച്ച ടിപി ജീവിച്ചിരുന്ന ടിപിയെക്കാൾ ശക്തനാണെന്നു തെളിയിക്കണമെന്നാണു രമയുടെയും പ്രവർത്തകരുടെയും ലക്ഷ്യം. 

Your Rating: