Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഗ്ദാനങ്ങൾ നിറയെ; ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി

ele-ldf-manifesto

തിരുവനന്തപുരം∙ നെൽവയൽ നികത്താനായി 2015 ൽ യുഡിഎഫ് സർക്കാർ നൽകിയ എല്ലാ പെർമിറ്റുകളും ഇളവുകളും പുനപ്പരിശോധിക്കുമെന്ന് പ്രകടനപത്രികയിൽ എൽഡിഎഫ്. സർക്കാരിന്റെ പരിസ്ഥിതിവിരുദ്ധ, ജനവിരുദ്ധ ഉത്തരവുകളെല്ലാം പുനപ്പരിശോധിക്കും. ബാങ്ക് പലിശയ്ക്കു മുകളിൽ മൂന്നുശതമാനമാക്കി സ്വകാര്യപണമിടപാടുകാരുടെ പലിശനിരക്ക് നിജപ്പെടുത്തുമെന്നും മുന്നണി പ്രഖ്യാപിച്ചു.

കൺവീനർ വൈക്കം വിശ്വൻ ഒഴിച്ച് പ്രധാനനേതാക്കളാരും ഇല്ലാതെ എൽഡിഎഫ് പ്രകടനപത്രികാ പ്രകാശനം. ഒരു പാർട്ടികളുടേയും ആദ്യനിര നേതാക്കൾ പ്രകാശനച്ചടങ്ങിനില്ലായിരുന്നു. കെ. പ്രകാശ് ബാബു, എ.കെ. ശശീന്ദ്രൻ, കെ. ശങ്കരനാരായണപിള്ള, ജോർജ് തോമസ്, ആർ. സതീഷ്കുമാർ തുടങ്ങിയവരായിരുന്നു പ്രകാശകർ.

മറ്റു പ്രഖ്യാപനങ്ങൾ

∙5000 കോടിയുടെ തീരദേശപാക്കേജ്. മാതൃകാ മത്സ്യഗ്രാമം പദ്ധതി. ∙വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും അടക്കമുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ∙ദേശീയ പാത നാലുവരിയാക്കും. നിലവിലുള്ള രണ്ടുവരി റെയിൽപ്പാത നാലുവരിയാക്കാനായി റെയിൽവേയുമായി ചേർന്ന് സംയുക്ത കമ്പനി. ഇരട്ടിപ്പിക്കുന്ന പാത അതിവേഗ ട്രെയിൻ ഓടിക്കാൻ സജ്ജമാക്കും. ∙ആയുർവേദ സർവകലാശാല ∙ആയിരം പൊതുവിദ്യാലയങ്ങൾ രാജ്യാന്തരനിലവാരത്തിലേക്ക്.

ബിരുദതലം വരെ മലയാളം

∙ബിരുദതലം വരെ മലയാള പഠനം നിർബന്ധമാക്കും. ∙ക്ഷേമനിധി അംഗങ്ങൾക്കു പുറമെ കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്. ∙ആയിരം ചതുരശ്ര അടിവരെയുള്ള വീടുകൾ അഞ്ചുസെന്റിൽ കുറഞ്ഞ സ്ഥലത്തു നിർമിക്കാൻ ഒരു അനുമതിയും വേണ്ട. വൻകിട കെട്ടിട സമുച്ചയങ്ങൾക്കു പ്ളാനിങ് സെസ്. ∙മാവേലി സ്റ്റോറിലെ വില അഞ്ചുവർഷത്തേക്കു കൂട്ടില്ല. ന്യായവില ഹോട്ടലുകളുടെ ശൃംഖല രൂപീകരിക്കും. ∙ദലിത് വിദ്യാർഥികൾക്കുള്ള ധനസഹായം കൂട്ടും. പ്രഫഷനൽ കോളജുകളിലെ മിടുക്കരായ ദലിത്– ആദിവാസി കുട്ടികൾക്ക് സൗജന്യമായി ലാപ് ടോപ്പ്.

∙കർഷകർക്കു മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി. ‘അരിശ്രീ’ പദ്ധതി വഴി നെൽകൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക്. ∙ഭൂരഹിതർക്കെല്ലാം കിടപ്പാടം. പൊതു ആരോഗ്യസംവിധാനവുമായി ബന്ധപ്പെടുത്തി സമഗ്ര ഇൻഷുറൻസ്.

∙ഒരുവർഷത്തിലേറെ ദൈർഘ്യം വരുന്ന ഏതു പദ്ധതിക്കും അഞ്ചുവർഷക്കാല പ്രവർത്തനച്ചെലവ് രൂപരേഖ തയാറാക്കി നൽകിയാലേ അനുമതി നൽകൂ. ∙ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീട്ടെയിൽ മാനേജ്മെന്റും വാണിജ്യ മിഷനും വരും. കേരള റീട്ടെയിൽ എന്ന പുതിയ ബ്രാൻഡ്. ∙പൊതുമേഖലാ സ്ഥാപനങ്ങൾക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി ∙അനുഷ്ഠാനകലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള കലാകാരന്മാർക്ക് അക്രഡിറ്റേഷൻ. ∙2000 പേർക്ക് ഒരേ സമയം സന്ദർശിക്കാവുന്ന വാട്ടർ തീം പാർക്ക്. ടൂറിസം കേന്ദ്രങ്ങളിൽ ഗ്രീൻ പ്രൊട്ടക്കോൾ. ∙ദേശീയ പാത നാലുവരിപ്പാതയുടെ നിലവാരത്തിൽ. സ്മാർട്ട് റോഡ് പദ്ധതി നടപ്പാക്കും.

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച്

∙2017 ൽ മുഴുവൻ ഭവനങ്ങളിലും വൈദ്യുതി. കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന സോഷ്യൽ ഹോസ്പിറ്റൽ. മൂന്നു മെഡിക്കൽ കോളജുകൾക്കു എയിംസ് നിലവാരം. സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് ന്യായമായ മിനിമം വേതനം. അഞ്ച് എൻജിനീയറിങ് കോളജുകൾ മികവിന്റെ കേന്ദ്രങ്ങളാക്കും.

∙തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് എന്ന വാഗ്ദാനവും പത്രികയിലുണ്ട്.

മിൽമയെ ‘ആനന്ദ്’ മാതൃകയിലാക്കും

∙പച്ചക്കറികൾക്കു തറവില. കർഷക പ്രോവിഡന്റ് ഫണ്ട്. അംഗങ്ങളാകുന്നവർക്ക് ഇഎസ്ഐ മാതൃകയിൽ ചികിത്സ.

∙1977 ജനുവരി ഒന്നിനു മുൻപുള്ള മുഴുവൻ കുടിയേറ്റ കർഷകർക്കും നാല് ഏക്കർ വരെ ഉപാധിരഹിത പട്ടയം ∙ റബറിന്റെ റീപ്ളാന്റിങ് സബ്സിഡി ഒരു ലക്ഷം. റബർ മരങ്ങളെ വിൽപനനികുതിയിൽ നിന്നു മൂന്നുവർഷത്തേക്ക് ഒഴിവാക്കും. റബർ ലാറ്റക്സും ഷീറ്റും കാർഷികോൽപന്നമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം. മരത്തിന്റെ ഈടിന്മേൽ നിശ്ചിത തുക സഹകരണബാങ്കുകളിൽ നിന്ന്. ∙നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സർക്കാർ ഭൂമി കയ്യേറുകയും ചെയ്ത വൻകിട തോട്ടം ഉടമകൾക്കെതിരെ കർശനനടപടി.

∙മിൽമയെ ‘ആനന്ദ്’ മാതൃകയിലേക്ക്. വൻകിട കോഴിത്തീറ്റ ഫാക്ടറി നിർമിക്കും. തനത് ഉൽപന്നങ്ങൾക്കു വിപണി ഉറപ്പിക്കാൻ ‘മാർക്കറ്റ് കേരള’. കെൽട്രോൺ പുനരുദ്ധരിക്കും. കരിമണൽ മൂല്യവർധിത വസ്തുക്കളായി മാത്രമേ കേരളത്തിനു പുറത്തുപോകാവൂ എന്ന നിയമം വരും. സെസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മാറ്റം കൊണ്ടുവരും.

Your Rating: