Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫ്, യുഡിഎഫ് പ്രകടന പത്രികകൾ; നയം വ്യക്തം

ldf-udf

യുഡിഎഫ്: എല്ലാവർക്കും പാർപ്പിടം, ഭക്ഷണം, ആരോഗ്യം

തിരുവനന്തപുരം∙ ഇടത്തരക്കാർക്കു കുറഞ്ഞ പലിശയ്ക്കു ഭവനവായ്പ ഉറപ്പാക്കുന്ന സ്വപ്നപദ്ധതിയുമായി യുഡിഎഫ്. എല്ലാവർക്കും പാർപ്പിടം, ഭക്ഷണം, ആരോഗ്യം എന്നതാണു യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. പത്രിക പ്രകാശനം നാളെ പത്തിനു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. തുടർന്ന് യുഡിഎഫ് നേതൃയോഗവും ചേരും.

സംസ്ഥാനത്തിന്റെ കാർഷികവും വ്യാവസായികവുമായ പുരോഗതി ലക്ഷ്യമിടുന്ന നിർദേശങ്ങൾ പത്രികയിലുണ്ട്. തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിൽ ചേക്കേറുന്ന പ്രവണതയ്ക്കു വിരാമമിടുന്ന നിലയിൽ വികസിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും.

മറ്റു പ്രധാന വാഗ്ദാനങ്ങൾ:

∙ കേരളത്തെ ഭക്ഷ്യസ്വയംപര്യാപ്തമാക്കുന്ന പദ്ധതി കൃഷിമേഖലയിൽ അഞ്ചുവർഷം കൊണ്ടു നടപ്പാക്കും. സംസ്ഥാന ഭക്ഷ്യമേഖല തന്നെ ഇതിനായി നിലവിൽ വരും.

∙ നിശ്ചിത വരുമാനത്തിൽ താഴെയുള്ളവർക്കു പലിശ കുറച്ച് വായ്പ. 4% പലിശയ്ക്കു സ്വർണപ്പണയത്തിന്മേൽ ബാങ്കുകൾ കാർഷികവായ്പ നൽകുന്നതായിരിക്കും ഇതിനു മാതൃക.

∙ തമിഴ്നാട്ടിലെ ‘അമ്മ മീൽസി’ന്റെ ചുവടുപിടിച്ച് ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണപദ്ധതി. കുടംബശ്രീ പോലെയുള്ള സംഘടനകളുടെ സഹായം ഇതിനായി തേടും.

∙ സ്റ്റാർട്ടപ് സംരംഭങ്ങൾ വിപുലീകരിക്കുകയും കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും.

∙ യാചകർക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കും പഞ്ചായത്തുകൾ മുഖേന ഒരു നേരത്തെ സൗജന്യഭക്ഷണം നൽകും. മലപ്പുറത്തും കോട്ടയത്തും നടപ്പാക്കിയ വിശപ്പിനോടു വിട പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത്. പഞ്ചായത്തുകളിൽ നിന്ന് ഇതിനായി കൂപ്പണുകൾ ലഭ്യമാക്കും.

∙ ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും. വിവിധ ഇൻഷുറൻസ് കമ്പനികളും സ്ഥാപനങ്ങളും ചേർന്നുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി സർക്കാരും കൈകോർക്കും. ചില വിദേശ രാജ്യങ്ങളിലുള്ളതു പോലെ സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.

∙ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തും.

∙ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു മുന്നാക്ക വികസന കോർപറേഷൻ മുഖേന സാമൂഹിക പദ്ധതികൾ നടപ്പാക്കും.

മദ്യനിരോധനം

ഘട്ടംഘട്ടമായി സമ്പൂർണ മദ്യനിരോധനം യുഡിഎഫിന്റെ പ്രകടനപത്രികയും ആവർത്തിക്കുന്നു. മദ്യലഭ്യത കുറയ്ക്കാൻ ഉതകുന്ന ഇപ്പോഴത്തെ മദ്യനയം ശക്തമായി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രസ്ഥാനവും ആരംഭിക്കും. ലഹരിക്കെതിരായ ബോധവൽക്കരണം ശക്തമാക്കുകയാണു ലക്ഷ്യം.

എം.എം.ഹസൻ കൺവീനറും കെ.പി.എ.മജീദ്, ജോയി ഏബ്രഹാം, വർഗീസ് ജോർജ്, എൻ.കെ.പ്രേമചന്ദ്രൻ, ജോണിനെല്ലൂർ, സി.പി.ജോൺ എന്നിവർ അംഗങ്ങളുമായ സമിതിയാണു പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകിയത്.

എൽഡിഎഫ്: പത്തുലക്ഷം പേർക്ക് തൊഴിൽ

തിരുവനന്തപുരം∙ അഞ്ചുവർഷം കൊണ്ടു പത്തുലക്ഷം തൊഴിലവസരങ്ങൾ ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു. അഴിമതിമുക്ത വികസിത കേരളമാണു മുന്നണിയുടെ മുദ്രാവാക്യം. പ്രകടനപത്രികയുടെ പ്രകാശനം എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ ചേർന്ന് ഇന്ന് ഉച്ചയ്ക്കു മൂന്നിന് എകെജി സെന്ററിൽ നിർവഹിക്കും. പൊതുമേഖലയ്ക്കും കൃഷിക്കും പരിസ്ഥിതി സൗഹൃദവികസനത്തിനും ഊന്നൽനൽകുന്ന പത്രികയിൽ വിദ്യാഭ്യാസരംഗത്തു സമൂലമാറ്റത്തിനു വഴിവയ്ക്കുന്ന നിർദേശങ്ങളുണ്ട്.

മറ്റു പ്രധാന വാഗ്ദാനങ്ങൾ:

∙ നെൽവയലുകൾക്കു റോയൽറ്റി: നെൽവയലുകൾ ജലസംഭരണി കൂടിയായതിനാൽ കേരളത്തിനു വേണ്ടി അവ സംരക്ഷിക്കുന്ന കർഷകർക്കു റോയൽറ്റി ആയി നിശ്ചിത തുക നൽകും. നെൽവയൽ നികത്തലിൽനിന്നു കർഷകരെ പിന്തിരിപ്പിക്കുക ലക്ഷ്യം. നെൽവയലുകളും തണ്ണീർത്തടങ്ങളും കർശനമായും സംരക്ഷിക്കും.

∙ പദ്ധതിത്തുക: പഞ്ചായത്തുകൾക്കുള്ള പദ്ധതിത്തുക 12 ഗഡുക്കളായി നൽകുന്ന പഴയ രീതി പുനസ്ഥാപിക്കും.

∙ മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങളുടെ വില അഞ്ചുവർഷവും വർധിപ്പിക്കില്ല.

∙ ആയിരം സ്റ്റാർട്ടപ് സംരംഭങ്ങൾ ആരംഭിക്കും.

∙ അഞ്ചുവർഷം കൊണ്ട് ആയിരം മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കും

∙ എല്ലാ ക്ഷേമപെൻഷനുകളും ആയിരം രൂപയാക്കും. പടിപടിയായി 1500 ആക്കും. കെഎസ്ആർടിസി പെൻഷൻ കൃത്യമായി വിതരണം ചെയ്യും.

∙ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കിടത്തിച്ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കും.

∙ വീടില്ലാത്ത എല്ലാവർക്കും അഞ്ചുവർഷം കൊണ്ടു വീട്.

∙ റയിൽവേയുടെ സഹായത്തോടെ അതിവേഗ റയിൽപ്പാത.

∙ വിശക്കുന്ന ആരും കേരളത്തിലുണ്ടാകാൻ പാടില്ല. സൗജന്യഭക്ഷണമാണു വാഗ്ദാനം.

∙ പൊതുമേഖലയെ ലാഭത്തിലാക്കും. പരമ്പരാഗത മേഖലയുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതികൾ നടപ്പാക്കും.

മദ്യവർജനം

മദ്യവർജനമാണ് എൽഡിഎഫിന്റ നയമെന്നു പ്രകടനപത്രിക വ്യക്തമാക്കുന്നു. മദ്യലഭ്യത ഇനിയും കുറയ്ക്കും. അതിനായുള്ള ബോധവൽക്കരണ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കും. മദ്യത്തോടുള്ള താൽപര്യം ജനങ്ങളിൽ കുറച്ചുകൊണ്ടുവന്നു മദ്യമുക്തമാക്കുക എന്ന ആശയമാണ് എൽഡിഎഫിന്റേത്.

പത്രിക തയാറാക്കിയത്: എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, തോമസ് ഐസക്, കെ. പ്രകാശ് ബാബു, കെ. കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കെ.ശങ്കരനാരായണപിള്ള, സ്കറിയ തോമസ്

Your Rating: