Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം ശരിവച്ചു

by സ്വന്തം ലേഖകൻ
painarayi ധർമടം മണ്ഡലത്തിൽ ജയിച്ച പിണറായി വിജയൻ കാപ്പുമ്മൽ ടൗണിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ പ്രവർത്തകർക്കൊപ്പം. ചിത്രം: സജീഷ് ശങ്കർ

തിരുവനന്തപുരം ∙ ഇടതുതരംഗം ആഞ്ഞടിച്ചു, 91 സീറ്റോടെ എൽഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫ് 47 സീറ്റിലൊതുങ്ങിയപ്പോൾ ഇരുമുന്നണികളെയും അട്ടിമറിച്ചു നേമത്ത് ഒ. രാജഗോപാൽ ബിജെപിയുടെ നിയമസഭാപ്രവേശം കുറിച്ചു. ചതുഷ്കോണ മത്സരത്തിൽ മൂന്നു മുന്നണികളെയും മുട്ടുകുത്തിച്ച് പൂഞ്ഞാറിൽ പി.സി. ജോർജും കരുത്തുകാട്ടി.

∙ 14 ജില്ലകളിൽ പതിനൊന്നും എൽഡിഎഫിനൊപ്പം, കൊല്ലത്തെ 11 സീറ്റും തൂത്തുവാരി. തൂശൂരിൽ വടക്കാഞ്ചേരിയൊഴിച്ച് പന്ത്രണ്ടും. കോഴിക്കോട് (11), പാലക്കാട്, തിരുവനന്തപുരം (ഒൻപതു വീതം), കണ്ണൂർ (എട്ട്). യുഡിഎഫിനൊപ്പം മലപ്പുറവും (12), എറണാകുളം (ഒൻപത്), കോട്ടയം (ആറ്).

∙ സിപിഐക്ക് 19 സീറ്റ്, മുസ്‌ലിം ലീഗ് തൊട്ടുപിന്നിൽ – 18.

∙ കേരള കോൺഗ്രസ് (എം) ആറു സീറ്റോടെ പിടിച്ചുനിന്നു.

∙ യുഡിഎഫിന്റെ 23 സിറ്റിങ് എംഎൽഎമാർ തോറ്റു; എൽഡിഎഫിന്റെ നാലും.

∙ മന്ത്രിമാരായ കെ. ബാബു, ഷിബു ബേബി ജോൺ, കെ.പി. മോഹനൻ, പി.െക. ജയലക്ഷ്മി എന്നിവർ തോറ്റു.

∙ സ്പീക്കർ എൻ. ശക്തൻ, ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, ചീഫ് വിപ് തോമസ് ഉണ്ണിയാടൻ എന്നിവരും തോറ്റു.

∙ചലച്ചിത്രതാരങ്ങളായ കെ.ബി. ഗണേഷ്കുമാറും (പത്തനാപുരം) മുകേഷും (കൊല്ലം) ജയിച്ചു.

∙ ടിവി വാർത്താ അവതാരകരിൽ എം.വി. നികേഷ് കുമാർ തോറ്റു; വീണാ ജോർജ് ജയിച്ചു.

∙ സിറ്റിങ് എംഎൽഎമാർ പോരടിച്ച നെടുമങ്ങാട്ട് ഡപ്യൂട്ടി സ്പീക്കർ പാലോട് രവിക്കെതിരെ സിപിഐ നേതാവ് സി. ദിവാകരനു ജയം.

∙ വട്ടിയൂർക്കാവിൽ യുഡിഎഫിന്റെ കെ. മുരളീധരനും കഴക്കൂട്ടത്ത് എൽഡിഎഫിലെ കടകംപള്ളി സുരേന്ദ്രനും വിജയം. രണ്ടിടത്തും ബിജെപി രണ്ടാമത്.

∙ തിരുവനന്തപുരത്ത് വി.എസ്. ശിവകുമാറിനോട് തോറ്റ ആന്റണി രാജുവിനു തൊട്ടുപിന്നിലെത്തി കരുത്തു തെളിയിച്ച് ബിജെപിയുടെ എസ്. ശ്രീശാന്ത്.

∙എൽഡിഎഫിൽനിന്നു യുഡിഎഫിലെത്തിയ ആർഎസ്പിയും ജനതാദളും (യു) യുഡിഎഫ് വിട്ടവർ ചേർന്നു രൂപീകരിച്ച ജനാധിപത്യ കേരള കോൺഗ്രസും സംപൂജ്യർ. എൽഡിഎഫിൽ ഐഎൻഎലിനും സീറ്റില്ല.

∙ സിഎംപി (അരവിന്ദാക്ഷൻ), കേരള കോൺഗ്രസ് (ബി), ആർഎസ്പി (എൽ) മൽസരിച്ച ഏക സീറ്റിൽ ജയിച്ചു.

പിണറായി മുഖ്യമന്ത്രിയാകും; തീരുമാനം ഇന്ന്

ന്യൂഡൽഹി ∙ പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയെന്ന ധാരണയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഇന്നു രാവിലെ കേരളത്തിലെത്തും. വി.എസ്.അച്യുതാനന്ദന് എന്തു പദവി നൽകണമെന്നതിൽ ഇനിയും വ്യക്‌തതയായിട്ടില്ല.

മുഖ്യമന്ത്രിയാരെന്നത് ഏതാനും മിനിറ്റികൾക്കുള്ളിൽ തീരുമാനിക്കാനാവുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. വിഎസിന്റെ കാര്യത്തിലാണ് വ്യക്‌തത വരേണ്ടത്. നിർദ്ദേശിക്കുന്ന പദവി വിഎസ് സ്വീകരിക്കുമെന്നും തുടർന്ന് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും ഉറപ്പാക്കേണ്ടതുണ്ട്. തർക്കമുന്നയിക്കാൻ വിഎസ് ശ്രമിക്കില്ലെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ഉമ്മൻ ചാണ്ടി ഇന്ന് രാജിവയ്ക്കും

തിരുവനന്തപുരം∙ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നു 10.30നു രാജ്ഭവനിൽ ഗവർണർ പി.സദാശിവത്തെ കണ്ട് രാജി സമർപ്പിക്കും. ഗവർണർ രാജി സ്വീകരിച്ച് വിജ്ഞാപനം ഇറക്കുകയും പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതു വരെ കെയർടേക്കറായി തുടരാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്യും.പുതുപ്പള്ളിയിലായിരുന്ന ഉമ്മൻ ചാണ്ടി രാത്രിയാണ് തലസ്ഥാനത്തു മടങ്ങിയെത്തിയത്.

Your Rating: