Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ ഗ്രാഫിൽ ഈ നേതാക്കൾ ഇനി എവിടെ? അവരുടെ ഭാവി എന്ത് ?

leaders

ഉമ്മൻ ചാണ്ടി

വോട്ടെടുപ്പിനു തലേന്നും പ്രകടിപ്പിച്ച ആത്മവിശ്വാസം പാടെതകർത്ത ജനവിധി വ്യക്തിപരമായും ഉമ്മൻചാണ്ടിക്കു വലിയ തിരിച്ചടി. യുഡിഎഫിനെ ബാധിച്ച അഴിമതി വിവാദങ്ങൾ ഇടതുതരംഗത്തിനു വഴിയൊരുക്കി എന്ന വിശകലനം ഇനി ശക്തമായി ഉയരാം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു വരുമോ എന്നതിലും ആകാംക്ഷ. പുതുപ്പള്ളിയിലെ വൻഭൂരിപക്ഷം ഈ പ്രതിസന്ധിയുടെ ആക്കം ഒട്ടും കുറയ്ക്കുന്നതല്ല.

വി.എസ്. അച്യുതാനന്ദൻ

പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായിരുന്നില്ലെങ്കിലും വിഎസിന്റെ സാന്നിധ്യം സിപിഎം നേതൃത്വത്തോടു വിയോജിപ്പുള്ള ഇടത് അനുകൂലികളെ പ്രചോദിപ്പിച്ചു. എൽഡിഎഫിന്റെ വൻനേട്ടത്തിനു തണൽ ചൊരിഞ്ഞുനിന്നു എന്ന പ്രതീതിയുള്ളതിനാൽ പാർട്ടിക്കകത്തെ എതിർപ്പും കുറഞ്ഞു. പക്ഷേ, ആഗ്രഹിക്കുന്ന മുഖ്യമന്ത്രിപദം തേടിവരുമോ എന്നതിൽ ഉദ്വേഗം. 93–ാം വയസ്സിലും പ്രചാരണരംഗത്തു നായകനെങ്കിലും മുഖ്യമന്ത്രിപദത്തിനു പ്രായം സൃഷ്ടിക്കുന്ന വെല്ലുവിളികൾ പ്രതിബന്ധം. മറ്റു പദവികൾകൊണ്ടു തൃപ്തനാകുമോ ഇടയുമോ എന്നാണ് ഇനി അറിയേണ്ടത്.

പിണറായി വിജയൻ

സംഘടനാരംഗത്തെ രണ്ടു പതിറ്റാണ്ടിനുശേഷം പാർലമെന്ററി രംഗത്തേക്കുള്ള മടങ്ങിവരവ് ഇടതുമുന്നണിയുടെ കേരളത്തിലെയും ധർമടത്തെ സ്വന്തം വിജയംകൊണ്ടും ഉജ്വലമാക്കി. കേരളത്തിലെ പാർട്ടിയിൽ ഇനി ചോദ്യം ചെയ്യപ്പെടാത്ത നേതാവ്. മുഖ്യമന്ത്രി പദത്തിലേക്കുള്ള കേരളനേതൃത്വത്തിന്റെ സ്ഥാനാർഥി. പാർട്ടിക്ക് അപ്പുറമുള്ള ജനപ്രിയത ആർജിക്കുക എന്നതു മുന്നിലെ വെല്ലുവിളി.

വി.എം. സുധീരൻ

തദ്ദേശതിരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാതിരഞ്ഞെടുപ്പിലും യുഡിഎഫ് തകർന്നതോടെ കെപിസിസി പ്രസിഡന്റിന്റെ കസേര കാക്കുക എന്നതു വെല്ലുവിളി. ഇരുഗ്രൂപ്പുകളും എതിരാണ് എന്നതു കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും. സുധീരൻ കർക്കശനിലപാടിനെത്തുടർന്നു രൂപീകരിക്കപ്പെട്ട മദ്യനയവും അനുബന്ധവിവാദങ്ങളുമാണു യുഡിഎഫിന്റെ പാളം തെറ്റിച്ചുതുടങ്ങിയതെന്ന ആക്ഷേപവും ഉയരാം. പ്രതിച്ഛായ അപ്പോഴും സംരക്ഷണകവചം.

കോടിയേരി ബാലകൃഷ്ണൻ

തദ്ദേശതിരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാതിരഞ്ഞെടുപ്പിൽക്കൂടി ജയിച്ചതോടെ സിപിഎമ്മിനെയും എൽഡിഎഫിനെയും വിജയവഴിയിൽ മടക്കിക്കൊണ്ടുവന്ന സാരഥി എന്ന വിശേഷണം സ്വന്തമാക്കിയിരിക്കുന്നു. സംഘർഷത്തെക്കാൾ കൂടുതൽ പാർട്ടിക്കകത്തു സൗഹൃദാന്തരീക്ഷം നിലനിർത്താൻ ശ്രമിച്ചു എന്നതിന്റെ സ്വീകാര്യത. സർക്കാരും പാർട്ടിയും യോജിച്ചു നീങ്ങുന്നത് ഉറപ്പാക്കുക എന്നതു വെല്ലുവിളി. മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും നിശ്ചയിക്കുന്നതും ഘടകകക്ഷികളുടെ മന്ത്രിസഭാരൂപീകരണ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതും അടുത്തദൗത്യം.

ഒ. രാജഗോപാൽ

കാത്തിരിപ്പിനും ആവർത്തിച്ചുള്ള മത്സരങ്ങൾക്കും ശേഷം ആരു കേരളത്തിൽ താമരവിരിയിക്കും എന്നു കരുതിയോ അതേയാൾ തന്നെ അതു നിർവഹിച്ചിരിക്കുന്നു. ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും വലിയ നേതാവ് എന്ന വിശേഷണം കൂടി ഇതോടെ സ്വന്തമാകുന്നു. സ്വന്തം പ്രസ്ഥാനത്തോടുള്ള കൂറിലും അതിനപ്പുറമുള്ള സ്വീകാര്യതയാലും ഇപ്പോൾ തിരഞ്ഞെടുപ്പു വിജയത്താലും ഒ.രാജഗോപാൽ രാഷ്ട്രീയത്തിന് അപ്പുറമുള്ള ആദരവു പിടിച്ചുപറ്റുന്നു. പ്രായം ഉയർത്തുന്ന വെല്ലുവിളി തരണംചെയ്തു നിയമസഭയിൽ ബിജെപിക്കായി ഉയർത്തുന്ന ശബ്ദം ഉറ്റുനോക്കപ്പെടും.

കുമ്മനം രാജശേഖരൻ

കേരളനിയമസഭയിൽ ബിജെപിക്ക് അക്കൗണ്ടു തുറക്കുക എന്ന ചരിത്രനിയോഗം യാഥാർഥ്യമാക്കിയ പാർട്ടി സംസ്ഥാന പ്രസിഡന്റ് എന്ന ഖ്യാതി. വട്ടിയൂർക്കാവിൽ പൊരുതി തോറ്റുവെങ്കിലും കുമ്മനം പാർട്ടിയിൽ കൂടുതൽ കരുത്തനും സ്വീകാര്യനുമാകും. തീവ്രഹിന്ദുത്വപ്രതിച്ഛായ മാറ്റി എല്ലാ വിഭാഗങ്ങൾക്കും താൽപ്പര്യമുള്ള പാർട്ടിയായി ബിജെപി വളർത്തുക എന്നതു വെല്ലുവിളി.

വെള്ളാപ്പള്ളി നടേശൻ

ബിജെപിയുടെ കേരളത്തിലെ മെച്ചപ്പെട്ട പ്രകടനത്തിൽ ഒരുവിഹിതം ബിഡിജെഎസിനും അവകാശപ്പെടാമെങ്കിലും ഒരിടത്തും വെള്ളാപ്പള്ളി നടേശന്റെ സ്ഥാനാർഥി രണ്ടാമത് എത്തിയില്ല. കടുത്ത വെരികളായ സിപിഎം അധികാരത്തിൽ വരാതിരിക്കണമെന്ന ആഗ്രഹവും ഫലപ്രാപ്തിയിലെത്തിയില്ല. രാഷ്ട്രീയമായി ബിജെപി പക്ഷത്തു പൂർണമായും നിൽക്കുന്നത് എസ്എൻഡിപിയിലെ ആധിപത്യത്തിനു ക്ഷതംതട്ടാതെ നോക്കുകയും വേണം.

കെ.എം. മാണി

ബാർകേസ് ആക്ഷേപവും പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പുറത്തേക്കുള്ള പോക്കും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ആറു സീറ്റ് നേടാനായി എന്ന ആശ്വാസം കെ.എം മാണിക്ക്. പാലായിൽ ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും കുത്തൊഴുക്കിൽപ്പെടാതെ പിടിച്ചുനിന്നു. പാർട്ടി വിട്ട് എൽഡിഎഫിൽ ചേർന്നവർ ‘പൂജ്യരായി’ എന്നത് കേരള കോൺഗ്രസിന്റെ തലയെടുപ്പ് മാണിയിൽ വീണ്ടും നിക്ഷ്പിതമാക്കുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടി

മത്സരിച്ച 24 സീറ്റുകളിൽ പതിനെട്ടും ജയിച്ചു യുഡിഎഫിനെ ഒരു പരിധി വരെയെങ്കിലും സംരക്ഷിച്ചത് മുസ്‌ലിംലീഗാണ് എന്നത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് യുഡിഎഫ് രാഷ്ട്രീയത്തിലുള്ള സ്വാധീനം വർധിപ്പിക്കും. വേങ്ങരയിലെ ഉജ്വല വിജയം കൂടുതൽ ആത്മവിശ്വാസം നൽകും. ലീഗ് കോട്ടകളിലേയ്ക്കുള്ള സിപിഎം അധിനിവേശം ചെറുത്ത് പാർട്ടിയുടെ കരുത്ത് ഉറപ്പിച്ചുനിർത്തുക എന്നതു ദൗത്യം.  

Your Rating: