Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെക്കും വടക്കും വിട്ട് പാലക്കാട് നിന്ന് പ്രചാരണം തുടങ്ങി പ്രധാനമന്ത്രി േമാദി

modi-speech

പാലക്കാട് ∙ കേരളത്തിന്റെ തെക്കേയറ്റത്തും വടക്കേയറ്റത്തും പ്രചാരണത്തിനിറങ്ങുന്ന ബിജെപിയുടെ ദേശീയനേതാക്കളിൽനിന്നു വ്യത്യസ്തനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതു മധ്യകേരളത്തിൽ പാലക്കാട്ട്. സംസ്ഥാനത്തു ബിജെപി ഭരിക്കുന്ന ഏക നഗരസഭാ മന്ദിരത്തിനു മുന്നിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്ന് ആദ്യ തിരഞ്ഞെടുപ്പു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. മോദിയെ കാണാനും കേൾക്കാനും വൻ ജനസഞ്ചയം കൂടിയതു കണ്ടതോടെ 19ലെ അന്തിമഫലത്തിൽ മികച്ച സ്കോർ പ്രതീക്ഷയിലായി ബിജെപി.

മോദി വന്നപ്പോൾതന്നെ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച പ്രവർത്തകർ, മലയാളത്തിൽ നമസ്കാരം പറഞ്ഞ് അദ്ദേഹം പ്രസംഗം തുടങ്ങിയപ്പോൾ ആവേശത്തിന്റെ ശബ്ദത്തിരയിളകി. സംസ്ഥാനത്തു മൂന്നാം രാഷ്ട്രീയ ശക്തിയുടെ ഉദയത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയെന്ന ആമുഖത്തോടെയാണു പ്രധാനമന്ത്രി തുടങ്ങിയത്.

അഫ്ഗാനിസ്ഥാനിലും യെമനിലും തീവ്രവാദികളുടെ പിടിയിലായ നഴ്സുമാരും വൈദികരുമുൾപ്പെട്ട മലയാളികളെ മോചിപ്പിക്കാൻ ഉറക്കമൊഴിയാതെ നടത്തിയ ദൗത്യങ്ങളും ഗൾഫ് രാഷ്ട്രങ്ങളിലെ ലേബർ ക്യാംപുകളിൽ പോയി മലയാളികളായ പാവപ്പെട്ട തൊഴിലാളികളെ കണ്ടതും രാജ്യസഭയിലേക്കു റിച്ചാർഡ് ഹേ, സുരേഷ് ഗോപി എന്നിവരെ നാമനിർദേശം ചെയ്തതും പരവൂരിൽ വെടിക്കെട്ട് അപകടമുണ്ടായപ്പോൾ വൈദ്യസംഘത്തോടൊപ്പം താൻ തന്നെ വിമാനത്തിൽ നേരിട്ടെത്തിയതുമെല്ലാം കേരളത്തോടു താനും കേന്ദ്ര സർക്കാരും കാണിച്ച അനുഭാവത്തിന് ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തിന്റെ അന്തസ്സ് ഇടിക്കുന്ന സംഭവങ്ങളാണു കേരളത്തിൽ അരങ്ങേറുന്നത്. വർഷങ്ങളുടെ അധ്യാപന അനുഭവവുമായി വിരമിച്ച ഒരു കേ‍ാളജ് പ്രിൻസിപ്പലിനു സമ്മാനമായി ക്യാംപസിൽ ശവകുടീരം നിർമിച്ചവർക്കു മാപ്പുകെ‍ാടുക്കാനാവുമേ‍ാ എന്നു വിക്ടേ‍ാറിയ കേ‍ാളജിലെ സംഭവം പരാമർശിച്ചു മോദി ചേ‍ാദിച്ചു.

സിപിഎമ്മിന്റേത് അക്രമത്തിന്റെ ഭാഷയാണെന്നു പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തു കർഷകനു മതിയായ സംരക്ഷണവും ക്ഷേമവും ലഭിക്കുന്നില്ല. വാരാണസിയിൽ സേ‍ാളർ വൈദ്യുതി ഉപയേ‍ാഗിച്ചു മീൻപിടിത്തയന്ത്രം പ്രവർത്തിപ്പിക്കുമ്പേ‍ാൾ കേരളത്തിൽ സേ‍ാളർ എന്നു പറയാൻ പേ‍ടിയാണെന്നു മോദി പരിഹസിച്ചു.

രാഷ്ട്രീയത്തിലെ സമുദായ മനസ്സിനെ തൊടാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻഡിഎ മുന്നണിയിൽ എല്ലാവർക്കും ഇടമുണ്ടെന്നു തെളിയിക്കാൻ കേരള കോൺഗ്രസ് നേതാവ് പി.സി. തോമസിനെയും വേദിയിലിരുത്തിയാണു പ്രധാനമന്ത്രിയുടെ കേരളത്തിലെ പ്രചാരണ യാത്ര ആരംഭിച്ചത്.

കോയമ്പത്തൂരിൽനിന്നു പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണു പ്രധാനമന്ത്രി വന്നിറങ്ങിയത്. വയനാട്ടിൽ നിന്നു പട്ടാമ്പിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ വെള്ളാപ്പള്ളി നടേശൻ, പിന്നീടു കാർ മാർഗം സമ്മേളനവേദിയിലെത്തി.

ഒരു മണിക്കൂറിലേറെ വൈകിയെത്തിയ നരേന്ദ്ര മോദി തിരക്കിട്ടു മടങ്ങിയപ്പോൾ തയാറാക്കിക്കൊ‌‌‌‌‌ണ്ടുവന്ന പ്രസംഗം വെള്ളാപ്പള്ളി നടേശനും ഏതാനും മിനിറ്റുകളിലേക്കു ചുരുക്കി.
 

Your Rating: