Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേയ്മെന്റ് സീറ്റ് മുതൽ പാതിരാ ഫോൺ വരെ: ഉരുളയ്ക്കുപ്പേരിയുമായി മുകേഷും ജഗദീഷും

jagadish-and-mukesh പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ–2016 ൽ ജഗദീഷും മുകേഷും

കൊല്ലം ∙ എംഎൽഎ ആയാൽ രാത്രി 11 മണിക്കുശേഷം മണ്ഡലത്തിലുള്ളവർ വിളിച്ചാൽ മുകേഷ് ഫോൺ എടുക്കുമോ? മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടപ്പോഴേ മുകേഷ് തൊണ്ടമുറുക്കി ഇളകിയിരുന്നിട്ടു ചിരിച്ചു. രാത്രി ഫോണിൽ വിളിച്ച ആരാധകനോടു മുകേഷ് ദേഷ്യപ്പെടുന്നതിന്റെ ശബ്ദരേഖ കേട്ടവർ ഒപ്പം ചിരിച്ചു. ആരാധകനാത്രെ, ആരാധകൻ, രാത്രി 11 മണിക്കുശേഷമാണോടാ വിളിക്കുന്നത്, അന്തസ്സ് വേണമെടാ അന്തസ്സ്....

ആ സംഭവത്തെക്കുറിച്ചു മുകേഷ് മനസ്സു തുറന്നു. ‘രാത്രി നടൻമാരെ വിളിച്ചു ശല്യപ്പെടുത്തിയവനെതിരെ തന്റെ രോഷം നന്നായെന്നാണ് ഇന്നസെന്റ് പറഞ്ഞത്. അമ്മയുടെ വക പുരസ്കാരം തരേണ്ടതാണെന്നും പറഞ്ഞു. വേണമെങ്കിൽ തന്റെ ശബ്ദം ആരെങ്കിലും അനുകരിച്ചു റിക്കോർഡ് ചെയ്തതാണെന്നു പറയാമായിരുന്നു. ഞാൻ തന്നെയാണു സംസാരിച്ചത്. എംഎൽഎ ആയാൽ 11 മണിക്കുശേഷം ആരെങ്കിലും വിളിച്ചാൽ ഫോൺ എടുക്കാൻ ആളെ നിയോഗിക്കും. രാവിലെ എണീറ്റ് ആരൊക്കെ വിളിച്ചുവെന്നു ചോദിച്ച് അവരുടെ വീടുകളിൽ പോയി പ്രശ്നങ്ങൾ അന്വേഷിക്കും. ന്താ, പോരെ?’

അതൊരു ജനപ്രതിനിധിക്കു ചേർന്നതാണോയെന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. മുകേഷ് തുടർന്നു, ‘സുഹൃത്തേ, ഞാനൊരു തമാശ പറഞ്ഞതാണ്. രാത്രി ഒരു മണിക്കു വിളിച്ചാലും ഞാൻ അറ്റൻഡ് ചെയ്യും. ഞാൻ അങ്ങോട്ടു സംസാരിച്ചുകൊണ്ടേയിരിക്കും. ഉറക്കം വരുന്നു സഖാവേ, ഫോൺ വച്ചോട്ടെയെന്ന് ഇങ്ങോട്ടു ചോദിക്കുന്നതുവരെ സംസാരിക്കും. ന്താ, പോരെ?’

പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ–2016നു തുടക്കം കുറിക്കാൻ എത്തിയ ജഗദീഷും മുകേഷും തോളോടു തോൾ ചേർന്നിരുന്നു ചോദ്യങ്ങളെ നേരിട്ടു.

സിനിമാനടൻമാർ രാഷ്ട്രീയത്തിൽ വരുന്നതു ശരിയാണോയെന്ന ചോദ്യത്തിനുള്ള ആദ്യ മറുപടി മുകേഷിന്റേതായിരുന്നു. സിനിമയിൽ മുഖം കാണിക്കാൻ സാധാരണക്കാർ മുതൽ ശാസ്ത്രജ്ഞൻമാർ വരെ ശ്രമിക്കുന്നുണ്ട്. അപ്പോൾ സിനിമ മോശമാണോ?

അതൊരു ജോലിയാണ്. ജഗദീഷ് അൽപം ചരിത്രത്തിലേക്കു കടന്നു. നടി ശബാനാ ആസ്മി മികച്ച പാർലമെന്റേറിയനായിരുന്നു. സാധാരണക്കാർക്കു വേണ്ടിയാണ് അവർ രാജ്യസഭയിൽ പോരാടിയത്. നടി രേഖ പാർലമെന്റിൽപോലും പോകുന്നില്ല. അതെല്ലാം വ്യക്തികളെ ആശ്രയിച്ചിരിക്കും.

തന്റേത് പേയ്മെന്റ് സീറ്റാണെന്നു കേട്ടു പലരും ഇതുവരെ ചിരി അവസാനിപ്പിച്ചിട്ടില്ലെന്നാണു മുകേഷ് പറയുന്നത്. താൻ പേയ്മെന്റിലൂടെ സീറ്റ് വാങ്ങുമെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഒരു കണക്കിനു തന്റേതും പേയ്മെന്റ് സീറ്റെന്നാണു ജഗദീഷ് പറയുന്നത്.

താൻ മാറിയെങ്കിൽ കോടികൾ പേയ്മെന്റായി ലഭിക്കുമായിരുന്നു. കൊല്ലം ലോക്സഭ മണ്ഡലത്തിൽ തന്നെ പരിഗണിച്ചിരുന്നു. യുഡിഎഫിലേക്ക് ആർഎസ്പി വന്നതോടെയാണ് അന്നു മൽസരിക്കാൻ സാധിക്കാതിരുന്നത്. ഇൻ ഹരിഹർ നഗറിലെ താരങ്ങളായ സിദ്ദീഖും അശോകനും ഔട്ട് ആയോയെന്നു ചോദിച്ചപ്പോൾ ജഗദീഷ് പറഞ്ഞു – അവരും ഇൻ ആണ്. അത്ര ബന്ധമാണു തമ്മിൽ.

പി.കെ.ഗുരുദാസനെ മാറ്റി തന്നെ മൽസരിപ്പിക്കാൻ തീരുമാനിച്ചത് സിപിഎമ്മാണെന്നും തനിക്ക് അതിൽ പങ്കില്ലെന്നും മുകേഷ് പറഞ്ഞു. ഒരാൾ തന്നെ വീണ്ടും വീണ്ടും മൽസരിക്കണമോയെന്നു തന്റെ അമ്മ ചോദിച്ചതിനെക്കുറിച്ച് അറിയില്ല. അത് അമ്മയ്ക്കു മകനോടുള്ള സ്നേഹമായി കണ്ടാൽ മതി. സിപിഐക്കാരനായ മുകേഷ് സിപിഎം സ്ഥാനാർഥിയാകുന്നതു ശരിയാണോയെന്നു ചോദിച്ചപ്പോൾ മുകേഷിന്റെ മറുചോദ്യം – അല്ല ആരാ പറഞ്ഞത് ഞാൻ സിപിഐക്കാരനാണെന്ന്? വീട്ടിൽ എല്ലാവരും സിപിഐക്കാരല്ലേ? മുകേഷ് വിട്ടില്ല. അടൂർ കുഞ്ഞിരാമൻ ഒന്നാന്തരം സിപിഐ നേതാവായിരുന്നു. മകൻ അടൂർ പ്രകാശ് കോൺഗ്രസുകാരനായി, മന്ത്രിയായി. എന്താ കുഴപ്പമുണ്ടോ?

കെ.ബി.ഗണേഷ്കുമാറിന്റെ പേരു പറയാതെ കുറ്റപ്പെടുത്തുകയും എന്നാൽ കൊള്ളേണ്ടിടത്തു കൊള്ളിക്കുകയും ചെയ്യുന്ന രീതിയിൽ ജഗദീഷ് സംസാരിക്കുന്നതു ശരിയാണോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു, കൊള്ളേണ്ടിടത്തു കൊള്ളിക്കാൻ എനിക്കു സാധിക്കുമെന്നു മനസ്സിലായില്ലേ? തുടർന്നു സംസാരിച്ചപ്പോൾ വികാരാധീനനായി: ഞാൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, അച്ഛന്റെ സംസ്കാരച്ചടങ്ങിൽ മനഃപൂർവം പങ്കെടുത്തില്ലെന്നു പറയുമ്പോ‍‍ൾ മിണ്ടാതിരിക്കണോ?

മുകേഷിന്റെ സാന്നിധ്യത്തിൽ തന്നെ അതു വിശദീകരിക്കേണ്ടിവന്നതു ദൈവനിയോഗമാണ്. കാരണം, ഞാനും ശ്രീനിവാസനും മുകേഷും കാനഡയിൽ പരിപാടി അവതരിപ്പിക്കാൻ പോയപ്പോഴാണ് അച്ഛൻ മരിക്കുന്നത്. ശ്രീനിവാസനെ വീട്ടിൽ നിന്നു വിവരം അറിയിച്ചുവെങ്കിലും അദ്ദേഹം എന്നോടു പറഞ്ഞില്ല. ന്യൂയോർക്കിൽ വന്നപ്പോൾ സാവധാനം അദ്ദേഹം വിവരം പറഞ്ഞു. ഞാൻ പരിഭ്രാന്തനായി. മടങ്ങിയെത്തും മുൻപു സംസ്കാരം നടക്കും. മാത്രമല്ല, താൻ മാറി നിന്നാൽ നാലു പരിപാടികൾ മുടങ്ങും. പ്രോഗ്രാം മാനേജർക്ക് 60 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടാകുക.

എന്തു ചെയ്യണമെന്നറിയാതെ മൂത്തചേച്ചിയെ വിളിച്ചു. നടൻമാരുടെ വിധിയായി കാണമെന്നും പരിപാടി കഴിഞ്ഞു വന്നാൽ മതിയെന്നുമാണു ചേച്ചി പറഞ്ഞത്. മുകേഷ് ഇതിനെല്ലാം സാക്ഷിയാണ്. സത്യം ഇതായിരിക്കെ അച്ഛന്റെ ചടങ്ങിൽ പങ്കെടുക്കാതെ പരിപാടിക്കു പോയെന്നു പറയാമോ? മനുഷ്യത്വമുള്ള ആരെങ്കിലും അങ്ങനെ പറയുമോ?

മുകേഷിന് സിപിഎം സുരക്ഷിത മണ്ഡലം നൽകിയപ്പോൾ ജഗദീഷിന് കോൺഗ്രസ് നൽകിയതു വിജയസാധ്യത കുറഞ്ഞ മണ്ഡലമല്ലേയെന്നു ചോദിച്ചപ്പോൾ ജഗദീഷ് വീറോടെ പ്രതികരിച്ചു: ‘പത്തനാപുരം മണ്ഡലം എനിക്കു സുരക്ഷിതമല്ലെന്ന് എങ്ങനെ പറയും? മൂന്നു പ്രാവശ്യമായി യുഡിഎഫ് ജയിക്കുന്ന മണ്ഡലമല്ലേ? ഇപ്പോൾ ഞാൻ മൽസരിക്കുന്നു. ജയിക്കുമെന്ന് ഉറപ്പാണ്.’ ജഗദീഷിന്റെ മറുപടി കേട്ടു മുകേഷ് മാധ്യമപ്രവർത്തകരോടു ചോദിച്ചു: ഇത് ആരാന്നാ നിങ്ങൾ വിചാരിച്ചത്?

Your Rating: