Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേമത്ത് കാവിയോ ചുവപ്പോ?; നിറമുള്ള സ്വപ്നങ്ങളുമായി രാജഗോപാലും ശിവൻകുട്ടിയും

Nemom Assembly Constituency

ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള നേമം മണ്ഡലത്തിൽ ചുവരുകളിലും ഫ്ലക്സുകളിലും രാജഗോപാലെന്ന രാജേട്ടൻ ചിരിതൂകി നിൽക്കുന്നു. കരമന കിള്ളിപ്പാലത്ത് കാവി നിറത്തിലുള്ള ഷർട്ടുമിട്ട് ശിവൻകുട്ടിയു‌െട ഫ്ലക്സ്. മണ്ഡലം കാവിയണിയുന്നതിന്റെ ഭാഗമാണെന്ന് ശത്രുക്കൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും യാദൃശ്ചികമായി സംഭവച്ചതാണെന്നു പാർട്ടിക്കാർ വ്യക്തമാക്കുന്നു. ഇതിനിടയിൽ പുട്ടിന് പീരപോലെ സുരേന്ദ്രൻ പിള്ളയ‌ു‌െട ചിത്രങ്ങൾ. കേരള കോൺഗ്രസ് വിട്ട് ജെഡിയുവിൽ ചേർന്നെങ്കിലും നേമത്ത് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതിനാൽ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സുകളാണ് അധികവും.

Read: കുട നിവരുമ്പോഴേ അറിയൂ, നിറമെന്തെന്ന്

മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തുന്നതേയുള്ളൂ. പ്രചാരണത്തിൽ ഒരുപടി മുന്നിൽ രാജഗോപാലാണ്. കുടുംബ യോഗങ്ങളിലാണ് രാജഗോപാൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ വലിയ സംഘം യോഗങ്ങളിലേക്കെത്തുന്നു. ന‌ടൻ മോഹൻലാലിന്റെ വീടിന് മുന്നിലെ ചെറിയ ജംഗ്ഷനിൽ തിരഞ്ഞെടുപ്പിന്റെ വലിയ ആവേശമൊന്നുമില്ല, പക്ഷേ ഓ‌‌ട്ടോതൊഴിലാളികൾ ആവേശത്തിലാണ്.

Nemom Assembly Constituency

ശിവൻകുട്ടി 500 വോട്ടിനെങ്കിലും ജയിക്കും- ഓട്ടോ തൊഴിലാളിയായ സുരേഷ് പറയുന്നു. കാരണവും സുരേഷ് തന്നെ പറഞ്ഞു. കാരക്കാമണ്ഡപം, തമനം, പൂന്തുറ ഭഗങ്ങളിൽ പാർട്ടിയെ പിന്നിലാക്കാൻ കഴിയില്ല. ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയോടൊപ്പം നിൽക്കും- സുരേഷ് ആത്മവിശ്വാസത്തോടെ പറയുന്നു.

Read: സ്ഥാനാർഥികൾ വോട്ടോട്ടം തുടങ്ങി

സമയം 4.30. തമനത്തെ എൻഎസ്എസ് ഹാളിൽ ബിജെപിയുടെ കുടുംബയോഗത്തിൽ പങ്കെടുക്കാൻ ആളുകളെത്തിത്തുടങ്ങി. എതിർവശത്തെ വി.ജെ. സലൂണിൽ രാഷ്ട്രീയ ചർച്ച ചൂടുപിടിക്കുന്നു. രാജഗോപാലിന്റെ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ബിജെപി അനുഭാവിയായ വേണുഗോപാൽ. ‘ഇത്രയും നാളായില്ലേ രാജേട്ടൻ മത്സരിക്കുന്നു. ഇത്തവണയെങ്കിലും ജയിപ്പിക്കണമെന്ന തോന്നൽ ജനത്തിനുണ്ട്. അതുമതി രാജേട്ടൻ ജയിക്കാൻ’- ബിജെപി പ്രവർത്തകനായ ശ്യാം ആത്മവിശ്വാസത്തോടെ പറയുന്നു. പരമ്പരാഗത വോട്ടുകൾക്ക് പുറമേ നിക്ഷപക്ഷ വോട്ടുകൾകൂടി സ്വന്തമാകുമെന്നും വിജയം ഉറപ്പിക്കാമെന്നും ബിജെപി പ്രവർത്തകർ കണക്കുകൂട്ടുന്നു.

Nemom Assembly Constituency

തൊട്ടപ്പുറത്തെ ചായക്കടയിലും രാഷ്ട്രീയം തന്നെ പ്രധാന ചർച്ച. ശിവൻകുട്ടി ജയിക്കുമെന്ന് പ്രഖ്യാപിച്ച്, ആവേശത്തിൽ ചായ ഗ്ലാസ് ഡെസ്കിലേക്ക് ഇടിച്ചുവച്ചയാളിനെ നോക്കി കടക്കാരൻ സജി തമാശയായി പറഞ്ഞു. ‘ഒരുപാ‌‌ട് പേർക്ക് ചായ കൊടുക്കാനുണ്ട്, കുപ്പി പൊട്ടിയാൽ വാരിക്കോണ്ടു നിക്കാൻ സമയമില്ലണ്ണാ’. ഇതിനിടെ എതിർവശത്തെ സുരേന്ദ്രൻ പിള്ളയുടെ പോസ്റ്റർ നോക്കി കമന്റ് പാസാക്കാനും സജി മറന്നില്ല-‘വിനാശകാലേ വിപരീത ബുദ്ധി’.

കാലിൽ പരിക്കേറ്റതിനാൽ വീൽചെയറിലാണ് ശിവൻകുട്ടിയുടെ മണ്ഡലത്തിലെ പര്യ‌ടനം. വൈകുന്നേരം അഞ്ചരയോടെ പടിഞ്ഞാറേക്കോട്ടയിലെ വീട്ടിലേക്ക് ശിവൻകുട്ടിയെ കാണാൻ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെത്തി. മത്സരത്തിന് കെട്ടിവയ്ക്കാനായി എയർപോർട്ട് ടാക്സി വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ ശേഖരിച്ച തുക വി.എസ്. ശിവൻകുട്ടിക്ക് കൈമാറി. വി.എസ്. പോയയുടനെ പ്രചാരണത്തിനായി ശിവൻകുട്ടി പുറത്തേക്കിറങ്ങി. പാപ്പനം കോടാണ് പ്രചാരണം. ശിവൻകുട്ടിയെത്തിയതോടെ പാർട്ടി പ്രവർത്തകരും നാട്ടുകാരും അടുത്തേക്കെത്തി. ഈ ജനകീയതയാണ് ശിവൻകുട്ടിയുടെ ശക്തിയെന്ന് പാർട്ടി പ്രവർത്തകർ.

Nemom Assembly Constituency

സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ സ്ത്രീ വോട്ടർമാരുടെ മനസറിയാതെ പോകുന്നതെങ്ങനെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം 88,858 ആയിരുന്നു. പുരുഷ വോട്ടർമാർ 82,983 ഉം. നേമം ജംഗ്ഷനിലെ പലചരക്കുകടയിൽ സ്ത്രീകളുടെ ചെറിയസംഘം. തിരഞ്ഞെ‌ടുപ്പിനെപ്പറ്റി ചോദിച്ചു. തിരഞ്ഞെടുപ്പ് ആയോ, ആർക്കും വോട്ടില്ല, ആരും ജയിച്ചാലെന്താ മൂന്ന് വ്യത്യസ്ഥമായ ഉത്തരങ്ങൾ കിട്ടി ബോധിച്ചു. ആവർത്തിച്ച് ചോദിച്ചിട്ടും മനസുതുറക്കാൻ സംഘം തയ്യാറായില്ല. മാറിമറിയുന്ന നേമംകാരുടെ മനസാണ് സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്.

Nemom Assembly Constituency

ന്യൂനപക്ഷ വോട്ടുകളും യുവാക്കളുടെ വോട്ടും നേമത്ത് നിർണായകമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തള്ളി രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തും. ഇതേരീതിയിൽ തുടർന്നാൽ വിജയം സുനിശ്ചിതമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പരമ്പരാഗത വോട്ടുബാങ്കിലാണ് സിപിഎം പ്രതീക്ഷയർപ്പിക്കുന്നത്.

Your Rating: