Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രചാരണം ചൂടുപിടിക്കുന്നു; ദേശീയ നേതാക്കൾ കളത്തിലേക്ക്

Representative Image

തിരുവനന്തപുരം∙ നാമനിർദ്ദേശപത്രികാസമർപ്പണം ഇന്നു പൂർത്തിയാകുന്നു; ദേശീയ നേതാക്കൾ കളത്തിലേക്ക്. പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്. ഇരുമുന്നണികളും പ്രതീക്ഷയിലാണ്. പ്രധാനമന്ത്രി കൂടി എത്തുന്നതോടെ മുന്നേറ്റം കണക്കുകൂട്ടി ബിജെപിയും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്ന ആക്രമണോത്സുകതയിലേക്കാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കടന്നിരിക്കുന്നത്. ഇവർ രണ്ടും തന്നെയാണ് ഇതുവരെ തിരഞ്ഞെടുപ്പിലെ താരങ്ങൾ.

മുന്നണികളുടെ നേർക്കുനേർ ഏറ്റുമുട്ടലും മണ്ഡലം തിരിച്ചുള്ള പ്രവചനസാധ്യതയും എന്ന ചിത്രം മാറി. ബിജെപി–ബിഡിജെഎസ് സഖ്യം ആരുടെ വോട്ടാണ് കവരുക എന്ന ആശങ്ക ശക്തം. മണ്ഡലത്തിന്റെയും സ്ഥാനാർഥികളുടേയും പ്രത്യേകതകളനുസരിച്ച് രണ്ടു മുന്നണികളുടേയും വോട്ട് നഷ്ടപ്പെടാം. തദ്ദേശതിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശനെതിരെ അതിശക്തമായ പ്രചാരണത്തിനു സിപിഎം തുനിഞ്ഞുവെങ്കിൽ ഇക്കുറി ആദ്യഘട്ടത്തിൽ അതുണ്ടായില്ല. എന്നാൽ ബിഡിജെഎസ് മത്സരിക്കാത്ത മണ്ഡലങ്ങളിൽ ചിലതിൽ അവർ യുഡിഎഫിനെ സഹായിക്കുമെന്ന വിവരമാണ് ഒടുവിൽ സിപിഎം നേതൃത്വത്തിന് കിട്ടിയത്. ഇതോടെ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ മൂർച്ചയോടെ നീങ്ങാൻ പാർട്ടി തീരുമാനിച്ചു.

അൻപതോളം സീറ്റുകൾ ഉറപ്പാണെന്ന് ഇരു മുന്നണികളും കണക്കുകൂട്ടുന്നു. സാധാരണഗതിയിൽ സംസ്ഥാനത്ത് നൂറോളം സീറ്റുകളിലേ രാഷ്ട്രീയസ്ഥിതിയും സാധ്യതയും പ്രവചിക്കാൻ കഴിയൂ എന്നാണ് സിപിഎം വിശ്വാസം. ബാക്കി നാൽപ്പത് സീറ്റുകൾ എങ്ങോട്ടും മാറാം. ഇത്തവണ സർക്കാർ വിരുദ്ധ വികാരം ആ സീറ്റുകൾ തങ്ങൾക്ക് അനുകൂലമാക്കുമെന്ന നിഗമനമാണ് എൽഡിഎഫ് പ്രതീക്ഷയുടെ അത്താണി. എന്നാൽ, അങ്ങനെ ഭരണവിരുദ്ധ തരംഗം എങ്ങും കാണുന്നില്ല എന്നതിൽ യുഡിഎഫ് ഉറച്ചു നിൽക്കുന്നു. മറിച്ച് മുമ്പൊരുകാലത്തും ഇല്ലാത്ത ഭരണത്തുടർച്ചാവികാരമാണെന്നും വിലയിരുത്തുന്നു. ഒപ്പത്തിനൊപ്പം ശക്തമായ മത്സരമാണെന്നാണ് ഇന്റലിജൻസ് കേന്ദ്രങ്ങളുടെയും വിലയിരുത്തൽ. 15–20 സീറ്റുകളിലെ മത്സരം പ്രവചനാതീതമായി അവരും വിലയിരുത്തുന്നു. ബിജെപി – ബിഡിജെഎസ് ഉണ്ടാക്കാനിടയുള്ള വിള്ളൽ, ഏജൻസികളും ചൂണ്ടിക്കാട്ടുന്നുണ്ട്. ജയിക്കാൻ സാധ്യത പരിമിതമാണെങ്കിലും മുന്നണികളുടെ ജയസാധ്യത മാറ്റിമറിക്കാൻ അവർക്കു കഴിഞ്ഞേക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പിൽ 16% വോട്ടു കിട്ടിയ തങ്ങൾ ഇതിനകം തന്നെ അതിനപ്പുറം ഉറപ്പിച്ചുവെന്നാണ് ബിജെപി നിഗമനം.

വിഎസ്– പിണറായി അഭിപ്രായഭിന്നത കൂടുതൽ തുറന്നുകാട്ടുകയാണ് കോൺഗ്രസ്. നാദാപുരം സംഭവം കൂടിയായതോടെ അക്രമരാഷ്ട്രീയം എന്ന ആക്ഷേപവും ശക്തമാക്കും. മലമ്പുഴയിലെ സ്ഥാനാർഥിയായ വിഎസ് അഴിക്കോട്ടെ സ്ഥാനാർഥിയായ നികേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയതാണ് ഇതിനിടെ എൽഡിഎഫിനെ വിഷമത്തിലാക്കിയത്. പാർട്ടി നിർദ്ദേശം കൂടി കണക്കിലെടുത്താണ് ഇന്നലത്തെ വിഎസിന്റെ വിശദീകരണം. ആദ്യം തിരഞ്ഞെടുപ്പ് ജയിക്കുക, ബാക്കിയൊക്കെ പിന്നീട് എന്ന നയം വിഎസും പിണറായിയും സ്വീകരിച്ചിരിക്കുന്നു.

ബംഗാളിൽ കൈകോർത്ത് നിൽക്കുന്ന രണ്ടുപാർട്ടിക്കാരെ ചൂണ്ടിക്കാട്ടിയുള്ള പരിഹാസം തന്നെയാണ് ബിജെപിയുടെ തുറുപ്പ് ചീട്ട്. വരുന്നൂ: മോദി, സോണിയ, രാഹുൽ, യച്ചൂരി, കാരാട്ട്, അമിത് ഷാ... ബംഗാളിൽ കോൺഗ്രസുമായി വേദി പങ്കിട്ടശേഷം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നാളെ കൊച്ചിയിൽ തന്റെ കേരളപര്യടനം ആരംഭിക്കും. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മറ്റന്നാളുമെത്തും. എല്ലാ ജില്ലകളിലുമെത്തുന്ന എ.കെ. ആന്റണിയുടെ പര്യടനം ഒന്നിനു കാസർകോട് ആരംഭിക്കും. ഒന്നിനു ബിജെപി പ്രസിഡന്റ് അമിത് ഷാ തിരുവനന്തപുരത്ത്. ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, രമേശ് ചെന്നിത്തല എന്നിവരുടെ പ്രചാരണപരിപാടി ഏഴിനും എട്ടിനുമായി സമാപിക്കും.

തുടർന്ന് മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാനിടയുള്ള ഉമ്മൻ ചാണ്ടിയും രമേശും ശേഷം സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ സംബന്ധിക്കും. ഒൻപതിനാണ് സോണിയ വരുന്നത്. രാഹുൽ 12നും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ്, എട്ട് തീയതികളിൽ വരും. എൽഡിഎഫിൽ വിഎസിന്റെ പ്രചാരണം മൂന്നിന് സമാപിക്കും. നാലു മുതൽ അദ്ദേഹം സ്വന്തം മണ്ഡലമായ മലമ്പുഴയിൽ തമ്പടിക്കും.

Your Rating: