Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൂരമില്ല, പാലം പലതുണ്ട് ഉമ്മൻചാണ്ടിയിലേക്ക്

Oommen Chandy മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനം തിരുവഞ്ചൂർ ജംക്ഷനിൽ എത്തിയപ്പോൾ കാരുണ്യത്തിനാണെന്റെ വോട്ടെന്നു പറഞ്ഞ് ആലിംഗനം ചെയ്യുന്ന വോട്ടർ. ചിത്രം: റിജോ ജോസഫ്

കോട്ടയം ടിബിയിലെ ഒന്നാംനമ്പർമുറിയിൽ സൂര്യനെത്തും മുൻപേ വന്നുവീണ പത്രങ്ങളിൽ പലതിലും പ്രധാനമന്ത്രി നരേന്ദ്രമോദി തലേദിവസം നടത്തിയ പരിഹാസമുണ്ടായിരുന്നു– കേരളത്തിലെത്തിയാൽ സൗരോർജത്തെക്കുറിച്ചു പറയാൻ വയ്യാതായിരിക്കുന്നു.

ആലപ്പുഴയിലെ പ്രചാരണം കഴിഞ്ഞ് പാതിരായ്ക്ക് പുതുപ്പള്ളി പള്ളിയിലെത്തി പ്രസിദ്ധമായ വിറകിടീൽ ചടങ്ങിലും പങ്കെടുത്ത് ഒന്നരയ്ക്കാണ് ഉമ്മൻ ചാണ്ടി ഉറങ്ങിയത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയ്ക്കെണീറ്റ് ചൂടുചായയ്ക്കൊപ്പം കിട്ടിയ ചൂടുവാർത്തകളിൽ പ്രധാനമന്ത്രിയുടെ പരാമർശം വായിച്ചു.

പുതുപ്പള്ളി മണ്ഡലത്തിലെ ആദ്യ സ്ഥാനാർഥിപര്യടനത്തിനായി ടിബിയിൽ നിന്നിറങ്ങുമ്പോൾ പരിഹാസമോ ക്ഷോഭമോ ഇല്ലാതെ അതിനു മറുപടി പറഞ്ഞു– ‘‘നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സൗരോർജ പദ്ധതിയെക്കുറിച്ചറിഞ്ഞ പ്രധാനമന്ത്രി അത് കണ്ടുപഠിക്കണമെന്നു സഹപ്രവർത്തകരോടു പറഞ്ഞതായി കേട്ടിട്ടുണ്ട്.’’

പിന്നീട് മേടസൂര്യൻ തലയ്ക്കു നേരേമുകളിൽ നിൽക്കുമ്പോൾ അയർക്കുന്നം കവലയിൽ തുറന്നവാഹനത്തിലെത്തിയ ഉമ്മൻ ചാണ്ടിക്കു ചുറ്റും പെട്ടെന്നു കൊടികളുയർന്നു. അണികൾ നിരന്നു. വാഹനത്തിൽനിന്നിറങ്ങിയ ഉമ്മൻ ചാണ്ടിയെ അനുഗമിച്ച ആ ‘സഡൻ’പ്രകടനത്തിനു ഫ്ലാഷ് മോബിന്റെ ചാരുതയും ചടുലതയുമുണ്ടായിരുന്നു. ആൾക്കൂട്ടത്തിനൊപ്പം ഏതാണ്ട് അരക്കിലോമീറ്റർ പൊരിവെയിലത്തു നടന്നു, ആരെത്ര സൗരോർജം ചൊരിഞ്ഞാലും കുഞ്ഞൂഞ്ഞു കുട പിടിക്കത്തില്ല എന്ന മട്ടിൽ. ‘വെയിലിനു വേണേൽ പിടിക്കട്ടെ കുട’ എന്നുറപ്പിച്ച് ആൾക്കൂട്ടം പിന്നാലെയും.

2001ൽ പുലിയെ മടയിൽ നേരിടാൻ പുതുപ്പള്ളിയിലേക്ക് ഇടതുമുന്നണി ടിക്കറ്റ് എടുക്കുന്നതിനു വർഷങ്ങൾക്കു മുൻപ് ‘കാൽനൂറ്റാണ്ട്’ എന്ന പുസ്‌തകത്തിൽ ചെറിയാൻ ഫിലിപ്പ് എഴുതി -‘‘ എപ്പോഴും ഊർജം പ്രസരിപ്പിക്കുന്ന പവർഹൗസാണ് ഉമ്മൻ ചാണ്ടി.’’ ആ ഉമ്മൻ ചാണ്ടിയുടെ പവർഹൗസാണ് പുതുപ്പള്ളി. പുതുപ്പള്ളിയെന്ന പവർഹൗസിൽനിന്നു കാര്യമായി ഷോക്കേറ്റാണ് അന്ന് ചെറിയാൻ മടങ്ങിയത്.

പൊലീസ് ഗ്രനേഡ് പ്രയോഗത്തിൽ പരുക്കേറ്റ കാലുമായി ക്രെച്ചസിലൂന്നി വന്ന സിന്ധു ജോയിയായിരുന്നു ഇടതുതരംഗമുണ്ടായ 2006ൽ എതിർ സ്ഥാനാർഥി. ദാവോസിൽ തെന്നി വീണ് ഇടുപ്പെല്ലൊടിഞ്ഞതിന്റെ ക്ഷീണത്തിൽ ഉമ്മൻ ചാണ്ടിയും. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തെന്നിയില്ല; സിന്ധു വീണു.

കഴിഞ്ഞതവണ ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നേരിടാനെത്തും മുൻപ് സുജ സുസൻ ജോർജ് കവിതയെഴുതി–

‘മഴ നനയാനെനിക്കൊരു കൂട്ടു വേണം..

കാട്ടിൽ പോയി ഒരു പുലിയെ പിടിച്ചാലോ..

ആരുമില്ലാത്തവർക്കു പുലി തന്നെ തുണ’

കവിതയുടെ പുൽമേടു വിട്ട് പുതുപ്പള്ളിയുടെ രാഷ്ട്രീയാരണ്യത്തിലിറങ്ങിയ സുജ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ഏതാണ്ട് പുലിവാലുപിടിച്ച മട്ടിലായെന്നു പ്രതീകാത്മകമായി പറയാം. അന്നോളം ലഭിക്കാത്ത ഭൂരിപക്ഷമായിരുന്നു ഉമ്മൻ ചാണ്ടിക്ക്. 33,225 വോട്ടുകളുടെ മുന്നേറ്റം.

അങ്ങനെയുള്ള പുതുപ്പള്ളിയിലെ സെന്റ് ജോർജ് പള്ളിയിൽ വെച്ചൂട്ടുനേർച്ചയായിരുന്നു ശനിയാഴ്ച. രാഷ്ട്രീയ എതിരാളികൾ പണ്ട് ഉമ്മൻ ചാണ്ടിയെ പരിഹസിച്ച് ഈണത്തിൽ പാടിയിരുന്നു– ‘‘ഉമ്മൻ ചാണ്ടിക്കു പണി പോയാൽ പുതുപ്പള്ളി പള്ളീൽ കോഴിവെട്ട്.’’ ഉമ്മൻ ചാണ്ടിക്കു പണി പോയില്ല, കൂടിക്കൂടി വന്നു. വെച്ചൂട്ടിനും നേർച്ചയ്ക്കും ആളുകൂടുന്നതുപോലെ.

ഇത്തവണ നേർച്ചയ്ക്കു നിന്നില്ലെങ്കിലും പള്ളിമുറ്റത്തെത്തി പ്രാർഥിച്ചാണ് ആദ്യയോഗസ്ഥലത്തേക്കു പോയത്. നേർച്ച പിന്നീട് പിന്നാലെ പാഴ്സലായി ചെന്നു. വൈകിട്ട് നാലുമണിക്ക് പര്യടനത്തിനിടെ അതായിരുന്നു ആദ്യഭക്ഷണം.

സ്റ്റാറില്ലാത്ത ബാറൊക്കെ പൂട്ടിയത് പെരുമയായി എല്ലാ പുതുപ്പള്ളിക്കാരും വാഴ്ത്തുമോ എന്നൊരു സംശയമുണ്ടായിരുന്നു. എല്ലാവരുടെയും കാര്യമറിയില്ല, ഏതായാലും മദ്യവർജനക്കാരായ പുതുപ്പള്ളിക്കാരുടെ വകയായി പള്ളിമുറ്റത്ത് പെരുന്നാളിന് ദാഹശമനകേന്ദ്രമുണ്ട്. ഉമ്മൻ ചാണ്ടിയെ അവിടെയെത്തിച്ചു, നടത്തിപ്പുകാർ. ദാഹശമനത്തിനു മോരാണ് അവർ കൊടുക്കുന്നത്. ബാർ പൂട്ടിച്ചവർക്കും ഹാങ് ഓവർ മാറേണ്ടവർക്കും ഒരുപോലെ ഉത്തമം.

എട്ടുകുതിരകളും മുകളിലത്തെ പീഠത്തിൽ എട്ടു മയിലുകളും മുകളിൽ വിളക്കുമായി പള്ളിയുടെ കവാടത്തിനരികെ വിളങ്ങുന്ന അശ്വമയൂരശിൽപദീപം പിന്നിട്ട് ആദ്യ സ്വീകരണസ്ഥലമായ ഒറവയ്ക്കലിലേക്ക്. പര്യടനപരിപാടിയുടെ ഉദ്ഘാടനത്തിനു മുൻപ് രോഗക്കിടക്കയിൽ കഴിയുന്ന മുൻ നേതാവ് കെ.എം.ഐപ്പിനെ സന്ദർശിച്ചു. അതിരാവിലെ അങ്ങനെയൊരു സന്ദർശനം വീട്ടുകാർ പ്രതീക്ഷിച്ചിരുന്നില്ല. പര്യടനം ഉദ്ഘാടനം ജോസ് കെ. മാണിയാണ്. ഉലയാതെയും ഉടയാതെയും ജോസ് കെ. മാണിയും പ്രസംഗവും. പ്രഭാത പ്രസരിപ്പിൽ പ്രവർത്തകർ. മാലയിടാൻ നിയുക്തരായവരെ മറികടന്ന് 82 വയസ്സുള്ള മഹാദേവയ്യർ. 10 കിലോയുടെ പഴയൊരു അരിച്ചാക്കിൽനിന്നു സൂക്ഷിച്ചു പുറത്തെടുത്ത മാലയെടുത്ത് ഉമ്മൻ ചാണ്ടിയുടെ കഴുത്തിലിട്ടു. വനിതാ നേതാക്കളിലൊരാൾ ശത്രുസംഹാര പൂജ നടത്തിയതിന്റെ തിലകം ചാർത്തി.

പിന്നെയങ്ങോട്ട് മൂന്നു പഞ്ചായത്തുകളിലായി നൂറ്റിപ്പത്തിലേറെ സ്വീകരണപരിപാടി നോട്ടിസിൽതന്നെയുണ്ട്. അതിനു പുറമേ അപ്പപ്പോൾ രൂപപ്പെടുന്ന ആൾക്കൂട്ടങ്ങളുടെ സ്വീകരണവും. അതെല്ലാം കഴിഞ്ഞ് ഒൻപതുമണിക്ക് മണർകാട് കവലയിൽ സമാപിക്കണമെന്നാണു സങ്കൽപ്പം.

വഴിയോരത്തെല്ലാം മാലയിട്ടു സ്വീകരിക്കാൻ വീട്ടമ്മമാരും കുട്ടികളും. കുട്ടികളാണ് ഏറെയും. പലരെയും അച്ഛനോ അമ്മയോ എടുത്തുയർത്തുന്നു. ഈ അച്ഛനമ്മമാരിൽ ചിലർ 1970ൽ ഉമ്മൻ ചാണ്ടി ആദ്യമായി മത്സരിക്കുമ്പോൾ അവരുടെ അച്ഛന്റെയോ അമ്മയുടെയോ തോളിൽക്കയറി ഇതുപോലെ സ്ഥാനാർഥിക്കു മാലയിട്ടിട്ടുണ്ട്. ചിലരതു പറഞ്ഞു. മാലകളേക്കാൾ കൂടുതലുണ്ട് കിട്ടുന്ന നിവേദനങ്ങൾ. അതു നോക്കിയശേഷം സഹായിക്കു കൈമാറുന്നു. ചില കാര്യങ്ങൾ തിരഞ്ഞെടുപ്പു കഴിഞ്ഞേ ചെയ്യാനൊക്കൂ. അത് അപ്പപ്പോൾ തന്നെ പറയുന്നുണ്ട്. പുതുപ്പള്ളിക്കു പ്രത്യേക ഫയലാണെന്നു നിവേദനം കൊടുക്കുന്നവർക്കുമറിയാം.

മാലയിടാനാളെത്തുമ്പോൾ ഒരാൾപ്പൊക്കമുള്ള തട്ടിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടി വില്ലുപോലെ വളഞ്ഞ് തല കുനിച്ചുകൊടുക്കുന്നു. വളയാനും വളയ്ക്കാനും നിവരേണ്ടിടത്ത് നിവരാനുമൊക്കെയുള്ള മെയ്‌വഴക്കം വേണ്ടുവോളമുണ്ടെന്നാണ് കേൾവി. യോഗയും പ്രഭാതനടത്തവും വ്യായാമവുമൊന്നുമുള്ളയാളല്ല, ആരോഗ്യശ്രീമാനാകാനുള്ള പതിവുകളോ ശീലങ്ങളോ ഇല്ല. ആൾക്കൂട്ടം ഉമ്മൻ ചാണ്ടിക്ക് അലോസരമല്ല. രാവിലെ വെറും ചായ കഴിച്ചിറങ്ങിയ മുഖ്യമന്ത്രി ഏതാണ്ട് നാലുമണിക്ക് ഉച്ചഭക്ഷണത്തിനിടെ കഴിച്ചത് ഒരു ഏത്തപ്പഴം, ഒരു കദളിപ്പഴം, പിന്നെ സ്വീകരണസ്ഥലങ്ങളിൽനിന്നു കിട്ടിയ മോരുംവെള്ളം, നാരങ്ങാവെള്ളം. ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല, ഇഷ്ടഭക്ഷണമായ കപ്പവേവിച്ചതും മത്തിക്കറിയും ഇഷ്ടംപോലെ കൊടുത്തിട്ടായാൽപ്പോലും മുറിയിലടച്ചിട്ടാൽ ശ്വാസംമുട്ടും ഉമ്മൻ ചാണ്ടിക്കെന്നാണ് അനുയായികളുടെ നിരീക്ഷണം.

മൂത്തുമുതിർന്നവരും തീരെ കുട്ടികളും വീട്ടമ്മമാരും കൗമാരകൗതുകങ്ങളുമെല്ലാമുണ്ട് വീടിനു പുറത്തും വഴിയിലും. പൊരിവെയിലിലും വാടാത്തചിരിയുമായിറങ്ങുന്ന ആൾക്കൂട്ടത്തിലുണ്ട് പുതുപ്പള്ളിയുടെ മാറ്റാനെളുപ്പമല്ലാത്ത മനസ്സമ്മതം. വഴിയിലൊരു പാവം വീട്ടമ്മ മുഷിഞ്ഞൊരു തോർത്തുവീശി വാഹനം നിർത്തി സ്നേഹം അറിയിച്ചു. വേറെ ചിലർ വണ്ടിക്കു വട്ടം നിന്നും അതിൽനിന്നു പിടിവിടാതെയും പിന്തുണയറിയിച്ചു. ദുരിതങ്ങളും ദുഃഖങ്ങളുമുള്ള ചിലർ നേതാവിനെ കെട്ടിപ്പിടിച്ചു വിതുമ്പി. അവരിലേക്കു നീളുന്ന പാലമായിരിക്കണം ഉമ്മൻ ചാണ്ടി പണിത യഥാർഥ പാലം. സംസ്ഥാനത്താകെ പൂർത്തിയാക്കിയെന്ന് അനൗൺസ്മെന്റ് വാഹനം വിളിച്ചുപറയുന്ന 245 പാലങ്ങളെക്കാൾ വലിയ പാലം.

മുഖ്യമന്ത്രിയെന്നനിലയിൽ ചെയ്ത ഏറ്റവും വലിയ കാര്യമേതെന്നു ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞത് അങ്ങനെയൊരു പാലത്തെപ്പറ്റിയാണ്– വിഴിഞ്ഞത്തെപ്പറ്റിയോ കൊച്ചി മെട്രോയെപ്പറ്റിയോ കണ്ണൂർ വിമാനത്താവളത്തെപ്പറ്റിയോ അല്ല.

‘‘എനിക്കേറ്റവും സംതൃപ്തിയുള്ളത് കേൾക്കാനും മിണ്ടാനും പറ്റാത്ത 640 കുട്ടികൾക്ക് കോക്ളിയർ ഇംപ്ളാന്റ് ശസ്ത്രക്രിയ നടത്തിക്കൊടുക്കാനൊത്തതാണ്. 100 പേർക്ക് അതു ചെയ്തുകൊടുക്കാനായിരുന്നു പദ്ധതി. ഒന്നിന് ഏഴുലക്ഷം രൂപ ചെലവാണു പറഞ്ഞത്. ആദ്യം നൂറുപേർക്കാണു ചെയ്തത്. അതു നൂറു ശതമാനം വിജയമായി. അങ്ങനെ ബന്ധപ്പെട്ട ഏജൻസികളുമായി സംസാരിച്ചു തുക കുറച്ച് അപേക്ഷിച്ച മുഴുവൻപേർക്കും അതു ചെയ്തുകൊടുക്കാൻ പറ്റി. അതിൽ ചില കുഞ്ഞുങ്ങൾ യോഗങ്ങളിലൊക്കെ വന്നുനിന്നു പ്രാർഥനാഗാനം പാടും. പൂക്കളൊക്കെ കൊണ്ടുവന്നുതരും. വലിയ സന്തോഷമുള്ള കാര്യമാണ്.’’

∙ ചെയ്തതിൽ വേണ്ടായിരുന്നു എന്നു തോന്നിയ കാര്യമോ?

അതിനു മറുപടിയായി ‘നിയമം നിയമത്തിന്റെ വഴിക്ക്’എന്നതുപോലെ പരിചിതമായ ആ വാചകം വന്നു–
‘‘ശരിയെന്നു തോന്നുന്നതു ചെയ്യുകയാണ് എന്റെ രീതി. നൂറുകാര്യം ചെയ്യുമ്പോൾ അതിൽ പത്തെണ്ണം തെറ്റിയേക്കാം. അതിനൊരു മറുവശം കണ്ടേക്കും. അതു ബോധ്യപ്പെടുമ്പോൾ തിരുത്തും. ആവർത്തിക്കാതെ ശ്രദ്ധിക്കും. അല്ലാതെ എല്ലാം നോക്കി ചെയ്യാനാണെങ്കിൽ നൂറു ചെയ്യുന്നിടത്ത് പത്തേ ചെയ്യാനൊക്കൂ. തീരുമാനം വൈകുന്നതുകൊണ്ടു കാര്യങ്ങൾ നടക്കാതെപോകരുത്.

∙ വീണ്ടും മുഖ്യമന്ത്രി ആയാൽ ഈ രീതി മാറുമോ?

ഞാൻ ധനകാര്യമന്ത്രി ആയിരിക്കേ മൂന്നു പ്രാവശ്യം ട്രഷറി പൂട്ടിയിട്ടുണ്ട്. പല കാര്യങ്ങൾക്കും നിരാലംബരായ ആളുകൾക്കു ധനസഹായം അനുവദിക്കുന്നതിലൊക്കെ ഉദാരമായൊരു രീതിയായിരുന്നു. പ്രതിപക്ഷത്തെ എംഎൽഎമാർ വരെ എന്നോടു പറഞ്ഞിട്ടുണ്ട്– സൂക്ഷിക്കണം, ഇങ്ങനെ ധനസഹായം വാങ്ങി മടങ്ങുന്നവരിൽ അനർഹരുണ്ടെന്ന്. യാത്രചെയ്യുമ്പോഴൊക്കെ പലരും വന്നു കൂടെനിന്നു സെൽഫി എടുക്കും. ഇതിലൊരു കുഴപ്പക്കാരൻ കണ്ടേക്കുമെന്നു പറഞ്ഞ് ബാക്കി 99 പേരെ മാറ്റി നിർത്താനാകുമോ? ഇതെന്റെയൊരു പ്രശ്നമാണ്. എല്ലാവർക്കുമറിയാവുന്ന പ്രശ്നമാണ്. തിരുത്താനാവുന്നതൊക്കെ തിരുത്തും.

∙ അങ്ങനെയൊരു കരുതലില്ലാതെ പോയാൽ ഇപ്പറയുന്ന വികസനമൊക്കെ വേണ്ടത്ര ഫലം തരാതെ വരുമോ?

ആളുകളുടെ കണ്ണീരിനോടാണു കരുതൽ. അപ്പോൾ കാര്യങ്ങൾ ചെയ്തുകൊടുക്കേണ്ടിവരും. സൽപ്പേരിനെക്കുറിച്ചു വല്ലാതെ ഭയന്നാൽ ഒന്നും ചെയ്യാൻ പറ്റാതെ വന്നാലോ?

∙ സുഹൃത്തും നേതാവുമൊക്കെയായ എ.കെ.ആന്റണിയൊക്കെ അത്തരം കരുതൽ കൂടുതൽ എടുക്കുന്നയാളാണല്ലോ?

എന്റെ രാഷ്ട്രീയ ജീവിതത്തിൽ എക്കാലത്തെയും ശക്തിസ്രോതസ്സാണ് അദ്ദേഹം. എല്ലാ പ്രതിസന്ധികളിലും അതങ്ങനെയാണ്. പക്ഷേ രീതികൾ വ്യത്യസ്തമാണ്. കാര്യങ്ങൾ സൂക്ഷിച്ചും ആലോചിച്ചുറപ്പിച്ചും പിഴവുകൾക്കിടയില്ലാതെയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. അദ്ദേഹമത് കർക്കശമായി പാലിക്കും. അതാണ് അദ്ദേഹത്തിന്റെ കരുത്ത്.

∙ കോൺഗ്രസിൽ എതിർചേരിയിലായിരുന്ന കരുണാകരന്റെ രീതികളോടാണോ കൂടുതൽ സാമ്യം?

എല്ലാവരുടെയും നല്ല രീതികൾ പിന്തുടരാൻ ഞാൻ ശ്രമിക്കാറുണ്ട്. അതു ചെയ്യുമ്പോഴും എന്റേതായ ഒരു രീതി എനിക്കുണ്ടാകും. എല്ലാവർക്കുമതുണ്ടാകും.

∙ അങ്ങനെയെങ്കിൽ വി.എസ്.അച്യുതാനന്ദനിൽനിന്ന് എന്തെടുക്കും നല്ലതെന്ന് തോന്നി?

അദ്ദേഹം കുറച്ച് റഫ് അല്ലേ. അതവരുടെ ഒരു രീതിയാകും. എനിക്കതു പറ്റില്ല. മറ്റുള്ളവരെക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത ആളാണ് അദ്ദേഹമെന്നു തോന്നിയിട്ടുണ്ട്. കൂടെ നിൽക്കുന്നവരെപ്പറ്റിപ്പോലുമില്ല. പൊതുപ്രവർത്തകർ മറ്റുള്ളവരെപ്പറ്റി ചിന്തിക്കണ്ടേ?

∙ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഎസ് ആണോ പിണറായി ആണോ എതിരാളി?

ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെപ്പോലും തീരുമാനിച്ചിട്ടില്ല. ഇലക്‌ഷൻ കഴിഞ്ഞ് യുഡിഎഫ് തീരുമാനിക്കണം. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കണം. അപ്പോൾ പിന്നെ ഞാനെങ്ങനെ അവരുടെ മുഖ്യമന്ത്രിസ്ഥാനാർഥിയെപ്പറ്റി പറയും?

കഴിയുന്നതും ആരെപ്പറ്റിയും ഒന്നും പറയാതിരിക്കുന്നതിലാണ് ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധ. ഉമ്മൻ ചാണ്ടിയെപ്പറ്റി ആരെന്തുപറഞ്ഞാലും ചെവികൊടുക്കുന്ന ശീലം പുതുപ്പള്ളിക്കുമില്ല. പെരുന്നാൾമേളം മാത്രമല്ല വെടിമുഴക്കവും കേട്ട മണ്ണാണിത്. അതുകൊണ്ട് പെരുമ്പറയും മേളവും മുഴങ്ങട്ടെ. യുദ്ധം വരട്ടെ. പുതുപ്പള്ളി ‘കൂൾ ആണ്. ഇവിടെയിത് അഞ്ചാണ്ടു കൂടിയെത്തുന്ന മറ്റൊരു പെരുന്നാളാണ്. ആഘോഷത്തിനു മഷിപുരട്ടാനാണു പോളിങ് ദിനം.

Your Rating: