Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാബുവിനെയും അടൂർ പ്രകാശിനെയും മാത്രം മാറ്റാനാവില്ല; നിലപാടിലുറച്ച് മുഖ്യമന്ത്രി

congress-leaders

ന്യൂ‍ഡൽഹി∙ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിലെ സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല. മുഖ്യമന്ത്രിയും വി.എം. സുധീരനും കടുംപിടുത്തം തുടർന്നതോടെയാണ് വിഷയത്തിൽ തീരുമാനമാകാതെ പോയത്. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനം നീളുമെന്ന് വ്യക്തമായി. ചർച്ചകൾ ഏതാണ്ട് പൂർത്തിയായെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ഇനി ചർച്ച എപ്പോൾ വേണമെന്ന് എഐസിസി തീരുമാനിക്കും. വലിയ തിരക്കുള്ളവർ പെട്ടെന്ന് കേരളത്തിലേക്ക് മടങ്ങും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം താൻ നാട്ടിലേക്ക് മടങ്ങുമെന്ന് വി.എം. സുധീരൻ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഞായറാഴ്ച രാവിലെ തന്നെ കേരളത്തിലേക്ക് മടങ്ങും. ചർച്ചകൾക്കായി രമേശ് ചെന്നിത്തല ഡൽഹിയിൽ തന്നെ തുടരും.

അഞ്ചു സിറ്റിങ്ങ് സീറ്റുകളിൽ എംഎൽഎമാരെ മൽസരിപ്പിക്കരുതെന്നാണ് വി.എം. സുധീരന്റെ ആവശ്യം. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, കെ.ബാബു, എന്നിവർ ഉൾപ്പെടെയുള്ള സീറ്റുകളിലാണ് സുധീരൻ നിലപാട് കടുപ്പിച്ചത്. എന്നാൽ ഇന്നത്തെ ചർച്ചയിൽ കെ.ബാബുവിനെയും അടൂർ പ്രകാശിനെയും മാത്രം മാറ്റി നിർത്തിയാൽ മതിയെന്ന നിലപാടിലേക്ക് സുധീരൻ മാറി. എന്നാൽ വിട്ടു വീഴ്ചയ്ക്ക് തയാറെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡും ഇതിനെ പിന്തുണച്ചു. എന്നാൽ നിർദേശത്തെ മുഖ്യമന്ത്രി എതിർത്തു. ഒരാളെ പോലും മാറ്റാൻ കഴിയില്ല. ഇരുവരെയും മാറ്റി നിർത്തിയാൽ താനും മാറിനിൽക്കുമെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിക്കുകയായിരുന്നു. ഇതോടെ ചർച്ചകൾ വീണ്ടും വഴിമുട്ടി.

അതേസമയം, പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഇപ്പോഴും പ്രതീക്ഷ തുടരുകയാണെന്ന് മന്ത്രി അടൂർ പ്രകാശ് പ്രതികരിച്ചു. ഡൽഹിയിൽ നിന്നും തനിക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. താൻ മൽസരിക്കണോ വേണ്ടയോ എന്ന് എഐസിസി പറയട്ടേ. സ്വതന്ത്രനായി മൽസരിക്കാൻ അണികളിൽനിന്ന് സമ്മർദമുണ്ട്. മുഖ്യമന്ത്രി തന്നെ തള്ളിപ്പറയില്ല. മനഃസാക്ഷിക്ക് അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, രമേശ് ചെന്നിത്തല, എ.കെ. ആന്റണി, മുകുൾ വാസ്നിക്, മല്ലികാർജുൻ ഖാർഗെ എന്നിവരാണ് സോണിയ ഗാന്ധിയുമായുള്ള യോഗത്തിൽ പങ്കെടുത്തത്. സുധീരനും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് ഒരു കാറിലാണ് സോണിയ ഗാന്ധിയെ കാണാൻ അവരുടെ വസതിയിൽ എത്തിയത്. ചർച്ചയ്ക്ക് മുൻപ് ഉമ്മൻ ചാണ്ടിയും വി.എം.സുധീരനും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഇരുവരും ചർച്ച നടത്തിയത്. എ.കെ. ആന്റണിയെയും രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടി കണ്ടിരുന്നു. എല്ലാ സീറ്റിലും ധാരണയുണ്ടാക്കാൻ ശ്രമം തുടരുന്നതായി വി.എം. സുധീരൻ പ്രതികരിച്ചിരുന്നു.

അഞ്ച് തർക്ക സീറ്റുകൾക്ക് പുറമേ നാലു സീറ്റുകളിൽകൂടി തർക്കമുണ്ടായി. നാലു സീറ്റുകളിൽ ഒന്നിലേറെ പേരുടെ പേരുകൾ ഉയർന്നു വന്നു. പുതുക്കാട്, വടക്കാഞ്ചേരി, കൊല്ലം, ചാത്തന്നൂർ, സീറ്റുകളിലാണ് പുതിയ തർക്കം. നേരത്തെ സാധ്യതപട്ടികയിൽ പേരുണ്ടായിരുന്ന മഹിളാ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന് പുതിയ പട്ടികയിൽ സീറ്റില്ല. തർക്കമുള്ള നാലു സീറ്റുകളിലേക്ക് ഉയരുന്ന പേരുകൾ: ഇ.സനീഷ് കുമാർ, സുന്ദരൻ കുന്നത്തുള്ളി (പുതുക്കാട്), അനിൽ അക്കര, കെ.അജിത് കുമാർ (വടക്കാഞ്ചേരി), ശൂരനാട് രാജശേഖരൻ, പീതാംബരക്കുറുപ്പ് (ചാത്തന്നൂർ), ബിന്ദു കൃഷ്ണ, സൂരരജ് രവി (കൊല്ലം).

വിഷയത്തിൽ പ്രശ്നപരിഹാര ഫോർമുലയുമായി ഹൈക്കമാൻഡ് രംഗത്തെത്തിയിരുന്നു. കെ.ബാബുവിനെയും അടൂർ പ്രകാശിനെയും മാറ്റി സീറ്റ് പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ അവസാന ശ്രമം. അങ്ങനെയെങ്കിൽ സർക്കാരിന്റെ ഭാഗമായ താനും തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാമെന്ന് ഉമ്മൻ ചാണ്ടിയും നിലപാടെടുത്തതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. ഇതു തന്നെയാണ് ശനിയാഴ്ച സോണിയയുമായി നടത്തിയ ചർച്ചയിലും ഉമ്മൻ ചാണ്ടി ആവർത്തിച്ചത്. സുധീരൻ ഉൾപ്പെടെ ആരും മൽസരിച്ചോട്ടെയെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. മൽസരരംഗത്ത് നിന്ന് മാറിനിന്നാലും സജീവ പ്രചാരണത്തിന് തയാറാണെന്നും അദ്ദേഹം നേരത്തേ, നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അടൂർ പ്രകാശ് കോന്നിയിലും, കെ.ബാബു തൃപ്പൂണിത്തുറയിലും നിലവിൽ എംഎൽഎമാരാണ്. ആരോപണ വിധേയർ ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന സുധീരന്റെ കടുംപിടുത്തമാണ് കോൺഗ്രസിനെ പ്രതിസന്ധിയുടെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സീറ്റ് തർക്കത്തിന്റെ കുരുക്കഴിക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യയോഗത്തിനു കഴിഞ്ഞിരുന്നില്ല.

Your Rating: