Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികവേറിയ വിജയം തേടി പിണറായി; ഭൂരിപക്ഷമുയർത്താൻ പ്രവർത്തകർ

by ഉല്ലാസ് ഇലങ്കത്ത്
pinarayi-vijayan-1

കണ്ണൂർ അഞ്ചരകണ്ടിയിലെ പാർട്ടി ഓഫിസിനുമുന്നിൽ റോ‍ഡിലേക്ക് നോക്കി നിൽക്കുകയാണ് ഒരു കൂട്ടം ഇടതുമുന്നണി പ്രവർത്തകർ. കണ്ണുരല്ലേ ചുവക്കാതിരിക്കുന്നതെങ്ങനെയെന്ന ഭാവത്തിൽ പൂത്തുലഞ്ഞുനിൽക്കുന്നു വഴിയരികിലെ വാകമരം. അച്ചടക്കത്തിന്റെ കാറ്റ് പിണറായി എത്തുന്നതിനുമുൻപേ അഞ്ചരക്കണ്ടി വഴി കടന്നുപോയി, പിന്നാലെ പിണറായിയും. 

പ്രവർത്തകർക്ക് പാർട്ടി സെക്രട്ടറിയെന്നാൽ ഇപ്പോഴും പിണറായിയുടെ രൂപമാണ്, കർശനമായ നിലപാടുകൾ ചാർത്തികൊടുത്തരൂപം. തിരഞ്ഞെടുപ്പ്് യോഗങ്ങൾ നിശ്ചയിച്ച സമയത്ത് ആരംഭിക്കണമെന്ന കാര്യത്തിൽ ഒരുവിട്ടുവീഴ്ചയ്ക്കുമില്ലാത്തതിനാൽ യോഗം കഴിയുന്നതുവരെ സഖാക്കളുടെ ഉള്ളിൽ തീയാണ്. സമയം വൈകിയാൽ പിണറായിയുടെ വാക്കുകളുടെ ചൂടറിയാം. അഞ്ചരക്കണ്ടിയിലെ പ്രവർത്തകരുടെ ജാഗ്രതയ്ക്കു കാരണവും മറ്റൊന്നല്ല. 20 വർഷങ്ങൾക്കുശേഷം പിണറായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഭൂരിപക്ഷം എത്ര വർധിപ്പിക്കാമെന്ന ചിന്ത മാത്രമേ ധർമ്മടത്തെ പ്രവർത്തകർക്കുള്ളൂ. അത് അടക്കിപിടിച്ച ആവേശമായി ധർമ്മടത്തിന്റെ നാട്ടുവഴികളിൽ പ്രതിഫലിക്കുന്നു.

തൈക്കണ്ടിപീടികയിലേക്ക് പോകുന്ന പിണറായി വിജയന്റെ വാഹനത്തിനു മുൻപേ നടൻ ശ്രീകുമാറും സംഘവും. പിന്നാലെ ബാന്റ് സംഘം. ചെറിയ കവലയിൽ ചുരുക്കം ചില വാക്കുകളിൽ പ്രസംഗം. വിലക്കയറ്റവും സർക്കാർ നടത്തിയ അഴിമതിയും കുറിക്കുകൊള്ളുന്ന വാക്കുകളിൽ ജനങ്ങളിലേക്കെത്തുന്നു. വലിയസമ്മേളനങ്ങളല്ല ധർമ്മടത്തെ പിണറായിയുടെ യോഗങ്ങൾ. ചെറിയ കുടുംബ യോഗങ്ങൾ, കവലകളിലെ ചെറിയ യോഗങ്ങൾ. വാഹനത്തിൽ ധർമ്മടത്തെ റോഡുകളെ പിന്നിലാക്കുമ്പോൾ സ്ഥാനാർഥിയുടെ മുഖത്ത് ഭാവഭേദങ്ങളില്ല. കൈവീശിക്കാണിക്കലോ ചിരിയോ ഇല്ല. അതിന്റെ ആവശ്യവുമില്ല, നാട്ടുകാർക്ക് പിണറായിയെ അറിയാം, നിലപാടുകളെയും.

സ്കൂളിൽ പഠിക്കുമ്പോൾ മുഖ്യസ്ഥനെന്നായിരുന്നു പിണറായിയു‌ടെ വിളിപ്പേര്. വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള പിണറായിയുടെ കഴിവാണ് ആ പേര് നേടികൊടുത്തത്. മുഖ്യസ്ഥൻ മുഖ്യമന്ത്രി പദത്തിലേക്കുയരുമോയെന്നറിയാൻ കാത്തിരിക്കുകയാണ് ഒരു നാട്. 

ആ വലിയ മുണ്ടുടുത്ത വലിയ കുട്ടി എവിടെ - തൈക്കണ്ടി പീടികയിലെ യോഗം അവസാനിച്ചപ്പോൾ ചുവന്ന ഷർട്ടും മുണ്ടുമുടുത്ത ചെറിയ കുട്ടിയെ അടുത്തേക്ക് വിളിക്കുകയാണ് പിണറായി. ചിരിയോടെ കൈ കൊടുത്തു. തിരികെ നടക്കുമ്പോൾ, പ്രസംഗത്തിനിടെ സംസാരിച്ചതിന് വനിതാപ്രവർത്തകർക്ക് ചെറിയ ശാസന. 

1970ൽ തന്റെ 26ാം വയസിലാണ് പിണറായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 77, 91, 96 വർഷങ്ങളിൽ നിയമസഭയിലെത്തി. 1996ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ മന്ത്രിയായി. പയ്യന്നൂരിൽനിന്ന് 28,078 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പാർട്ടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ നിര്യാണത്തെത്തുടർന്ന് 1998ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 

ചക്കരക്കല്ലിലെത്തുമ്പോൾ യുവാക്കളുടെ കൂട്ടം മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ പിണറായിയെ സ്വീകരിച്ചു. പിണറായിയോടോപ്പം സെൽഫിയെടുക്കാൻ യുവാക്കളുടെ മത്സരം. എതിരുനിൽക്കാതെ പിണറായിയും. കെ.വി.മട്ടയിലേക്ക് പോകുന്നവഴിയിൽ ഗ്രൗണ്ടിൽ അവധിക്കാലമാഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങൾ. വിദ്യാർഥിയായിരുന്ന കാലത്ത് മികച്ച ബോൾ ബാഡ്മിന്റൻ കളിക്കാരനായിരുന്നു പിണറായിയെന്ന് കൂട്ടുകാരുടെ സാക്ഷ്യം. ഇടവേളയ്ക്കുശേഷം പിണറായി തിരഞ്ഞെടുപ്പുകളത്തിലേക്കിറങ്ങുമ്പോൾ ഏറ്റവും മികവേറിയ വിജയമാണ്പ്രവർത്തകർ പ്രതീക്ഷിക്കുന്നത്, പ്രതീക്ഷകൾ വാനോളമുയർത്തി പിണറായിയും. 

Your Rating: