Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണികളെകയ്യിലെടുത്ത് രജപുത്ര തന്ത്രം

rajnath-heli

കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു പ്രത്യേക വിമാനത്തിൽ പുറപ്പെടുമ്പോൾ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രസംഗങ്ങൾക്കു തയാറെടുത്തു. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളും തിരഞ്ഞെടുപ്പു ചിത്രവും വിശദമാക്കുന്ന പാർട്ടിയുടെയും ഏജൻസികളുടെയും റിപ്പോർട്ടുകളടങ്ങിയ ഫയൽ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പ്രഭാത് ത്രിപാഠി ടേക്ക് ഓഫിനു മുൻപു തന്നെ രാജ്നാഥ് സിങ്ങിനു കൈമാറി. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ‘മനോരമ’യോട് അദ്ദേഹം സംസാരിച്ചു.

∙ കേരളത്തിൽ ബിജെപിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയാരാണ്?

കേരളത്തിൽ ത്രികോണ മൽസരമാണ് അരങ്ങേറുന്നത്. എൽഡിഎഫും യുഡിഎഫും ബിജെപിയെ ഒരു പോലെ ഭയക്കുന്നു.

∙ ബിജെപിക്ക് കോൺഗ്രസുമായി രഹസ്യധാരണയുണ്ടെന്നു സിപിഎമ്മും ബിജെപിയുടെ രഹസ്യധാരണ സിപിഎമ്മുമായാണെന്നു കോൺഗ്രസും ആരോപിക്കുന്നുണ്ടല്ലോ?

ബിജെപിക്ക് ഇരുമുന്നണികളുമായും ധാരണ അസാധ്യമാണ്. കേരളത്തെ തകർത്തത് ഇരുമുന്നണികളുടെയും ഭരണവൈകല്യങ്ങളാണ്. ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും രണ്ടു കൂട്ടർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.

∙ ബിജെപി നിയമസഭയിലെത്തുന്നതു കേരളത്തിന്റെ മതേതരത്വം തകർക്കുമെന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പരാമർശത്തെ എങ്ങനെ കാണുന്നു?

ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതു കോൺഗ്രസാണ്. ‘സബ് കോ ദേഖാ ബാർ ബാർ, ഹം കോ ദേഖോ ഏക് ബാർ’ (എല്ലാവരെയും പലതവണ കണ്ടു കഴിഞ്ഞു, ഞങ്ങളെ ഒരു തവണ കണ്ടു നോക്കൂ) എന്നതാണു കേരളത്തിലെ ജനങ്ങളോടുള്ള എന്റെ അഭ്യർഥന.

∙ നരേന്ദ്ര മോദി മന്ത്രിസഭയിൽ കേരളത്തിനു പ്രാതിനിധ്യം ലഭിക്കുമോ?

കേന്ദ്രമന്ത്രിസഭയിൽ കേരളത്തിനു പ്രാതിനിധ്യം ലഭിക്കാൻ ശോഭനമായ സാധ്യതകളാണു തെളിയുന്നത്.
ശംഖുമുഖത്തു രാത്രി വിമാനമിറങ്ങുമ്പോൾ നല്ല മഴ. കൊടുംചൂടിൽ പ്രചാരണത്തിനിറങ്ങുന്ന നേതാക്കൾ കഷ്ടപ്പെടുകയാണല്ലോയെന്ന് ആശങ്കപ്പെട്ടിരുന്ന രാജ്നാഥിന്റെ മുഖത്ത് ആശ്വാസത്തിന്റെ ചിരി.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണം കേന്ദ്ര ആഭ്യന്തരമന്ത്രിയെന്ന നിലയിലുള്ള ഒൗദ്യോഗിക സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചാണു കേരളത്തിലേക്കു വന്നത്. ആഭ്യന്തര മന്ത്രി പതിവായി ഉപയോഗിക്കുന്ന ബിഎസ്എഫ് പ്രത്യേക വിമാനത്തിനും ഹെലികോപ്റ്ററുകൾക്കും പകരം പാർട്ടി വാടകയ്ക്കെടുത്ത പ്രത്യേക വിമാനവും ഹെലികോപ്റ്ററും. താമസം സർക്കാർ അതിഥി മന്ദിരത്തിനു പകരം താജ് ഹോട്ടലിൽ.

ശംഖുമുഖം വിമാനത്താവളത്തിൽ നിന്നു രാജ്നാഥിന്റെ ഹെലികോപ്റ്റർ ആദ്യ വേദിയായ ചാത്തന്നൂരിലേക്കു പറന്നു. പരിഭാഷകനായി ബിജെപി ന്യൂനപക്ഷ മോർച്ച തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ഡാനി ജെ. പോളും ഒപ്പം. പ്രസംഗത്തിന്റെ തുടക്കത്തിൽ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കാനുള്ള മലയാള വാക്യം രാജ്നാഥ് ഹെലികോപ്റ്റർ യാത്രക്കിടെ പരിശീലിച്ചു.

തിരുവനന്തപുരത്തു നേരത്തേ കുമ്മനം രാജശേഖരന്റെ വിമോചന യാത്രയുടെ സമാപനത്തിൽ താൻ പ്രയോഗിച്ചു ഹിറ്റായ വാചകം ഇവിടെയും ഏൽക്കുമോയെന്നു രാജ്നാഥ് പരിഭാഷകനോട് അഭിപ്രായമാരാഞ്ഞു. ‘സിപിഎമ്മും കോൺഗ്രസുമായി കേരളത്തിൽ തല്ലുകൂടൽ, ബംഗാളിൽ മോതിരം മാറ്റൽ’ ഇതായിരുന്നു രാജ്നാഥിന്റെ ഇഷ്ടവാചകം. പരിഭാഷകൻ പച്ചക്കൊടി കാട്ടി. സദസുകൾ രാജ്നാഥിന്റെ തമാശ ആസ്വദിച്ചു. കേരളത്തിൽ ‘സീറോ’ ആയിരുന്ന ബിജെപി ‘ഹീറോ’യാകുകയാണെന്ന പ്രാസവും അണികൾക്കു സുഖിച്ചു. രാഷ്ട്രീയ മർമമറിയുന്ന രജപുത്രൻ രാജ്നാഥിന്റെ രാഷ്ട്രീയ പടവാൾ വി.എസ്. അച്യുതാനന്ദനെതിരെയായിരുന്നു.

ബിജെപി സ്ഥാനാർഥി ബി.ബി. ഗോപകുമാർ മൽസരിക്കുന്ന ചാത്തന്നൂർ മണ്ഡലത്തിലേക്കാൾ ആവേശകരമായ സ്വീകരണമാണു ബിഡിജെഎസ് സ്ഥാനാർഥി തഴവ സഹദേവന്റെ മണ്ഡലമായ കുന്നത്തൂരിൽ രാജ്നാഥിനു ലഭിച്ചത്.

ചാത്തന്നൂരിൽ ‘താമര മേം ബട്ടൺ ദബായിയേ’ എന്നഭ്യർഥിച്ച രാജ്നാഥ് കുന്നത്തൂരിൽ സ്ഥാനാർഥിയുടെ ചിഹ്നം അറിയാമോയെന്നു സദസിനോടു ചോദിച്ചു. ജനം ‘കുടം’ എന്നുറക്കെ വിളിച്ചപ്പോൾ ചിഹ്നം മറക്കരുതെന്നു ഓർമിപ്പിച്ചു.

കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ രാജ്നാഥ് സിങ് ഭരണിക്കാവിലെ വിജയ് കാസിൽ ഹോട്ടലിലെ ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞു വൈകിട്ട് ബിജെപി സ്ഥാനാർഥികളായ രാജി പ്രസാദ് (ആറ്റിങ്ങൽ) വി.വി. രാജേഷ് (നെടുമങ്ങാട്), കുമ്മനം രാജശേഖരൻ (വട്ടിയൂർക്കാവ്) എന്നിവരുടെ മണ്ഡലങ്ങളിലും പ്രസംഗിച്ചു.

തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കരകുളത്തേക്ക് ഹെലികോപ്റ്ററിൽ. ഹെലിപാഡിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ പൈലറ്റിന് ആശങ്ക. നിറയെ മരങ്ങളും വൈദ്യുതി കമ്പിയും. അവിടെയിറങ്ങാൻ പൈലറ്റ് വിസമ്മതിച്ചു. തിരിച്ച് വിമാനത്താവളത്തിലേക്ക്. എന്നാൽ കാത്തുനിൽക്കുന്ന സ്ഥാനാർഥികളെയും പ്രവർത്തകരെയും നിരാശനാക്കാൻ രാജ്നാഥ് തയാറായില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കരകുളത്തേക്ക് റോഡുമാർഗം പോയി.

ഇന്ന് പുതുക്കാട്, ഏറ്റുമാനൂർ, ആറന്മുള, ചേർത്തല മണ്ഡലങ്ങളിലാണ് രാജ്നാഥിന്റെ യോഗങ്ങൾ. തുടർന്ന് രാത്രി ഡൽഹിയിലേക്കു മടങ്ങും.  

Your Rating: