Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു ദിവസം മാത്രം; മോദിയും സോണിയയും കളത്തിലേക്ക്

by സുജിത് നായർ
Narendra Modi, Sonia Gandhi

തിരുവനന്തപുരം∙ വോട്ടെടുപ്പിന് ഇനി കൃത്യം പത്തു ദിവസം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒൻപതിനും പടക്കളത്തിൽ ഇറങ്ങുകയാണ്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി 11, 12 തീയതികളിലും വോട്ടു തേടിയെത്തും. മോദിയും സോണിയ–രാഹുൽ ദ്വയവും ഉണ്ടാക്കുന്ന ചലനങ്ങളിൽ കൂടിയാണ് ഇനി ആകാംക്ഷ. ഇവരെപ്പോലെ താരപ്രഭയുള്ളവർ പ്രചാരണരംഗത്തില്ല എന്ന ദൗർബല്യം തീർക്കാനായി പുതിയ പ്രശ്നങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ നോക്കുകയാണ് ഇടതുമുന്നണി.

മോദിയുടെ വരവ് എൻഡിഎയുടെ സാധ്യതകൾ ഉയർത്തും എന്ന പ്രതീക്ഷയിലാണു ബിജെപി. പാർട്ടിക്ക് അട്ടിമറി പ്രതീക്ഷയുള്ള മേഖലകളിലാണു മോദിയുടെ യോഗങ്ങൾ. ഇന്നത്തെ പാലക്കാട് റാലിയിൽ ലക്ഷം പേരെ നിരത്താനാണു ശ്രമം. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനൊപ്പം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കും വേദിയിൽ ഇടമുണ്ട്. ഞായറാഴ്ച കാസർകോട്, കുട്ടനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെത്തുന്ന മോദി 11 ന് വീണ്ടും തൃപ്പൂണിത്തുറയിലും പ്രസംഗിക്കും.

പ്രതീക്ഷയേറെയുള്ള മണ്ഡലങ്ങളായ നേമം, കഴക്കൂട്ടം, ചെങ്ങന്നൂർ, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ വലിയ പ്രചാരണമാണു ബിജെപി നടത്തുന്നത്. കാസർകോട്, ഉദുമ, മണലൂർ, പാലക്കാട്, മലമ്പുഴ, കൂത്തുപറമ്പ്, കോഴിക്കോട് നോർത്ത്, തൃപ്പൂണിത്തുറ, ചാത്തന്നൂർ, കൊല്ലം, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിൽ ആവേശത്തോടെയുള്ള പ്രചാരണവും. ബിഡിജെഎസ് മത്സരിക്കുന്ന കുട്ടനാട്, റാന്നി, ഇടുക്കി, ഉടുമ്പഞ്ചോല, കയ്പമംഗലം, വൈക്കം, ഏറ്റുമാനൂർ, ഇരവിപുരം, കുന്നത്തൂർ, കോവളം തുടങ്ങിയ മണ്ഡലങ്ങളിലുമുണ്ടു ശക്തമായ ത്രികോണമത്സര പ്രതീതി.

ആദ്യഘട്ടത്തിൽ എൻഡിഎ ഉയർത്തിയ ഭീഷണിയുടെ തോത് രണ്ടാംഘട്ടത്തിൽ കുറഞ്ഞു എന്ന വിലയിരുത്തലാണു മൂന്നിനു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. എൻഡിഎയ്ക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ അവരുടെ മുന്നേറ്റം തങ്ങളെ ബാധിക്കാതിരിക്കാൻ ഓരോ ദിവസവും സിപിഎം പുതിയ സംഘടനാദൗത്യങ്ങൾ ഏറ്റെടുക്കുന്നു. 80 സീറ്റിൽ കൂടുതൽ എൽഡിഎഫിനു ലഭിക്കും എന്ന വിലയിരുത്തലോടെയാണു സെക്രട്ടേറിയറ്റ് പിരിഞ്ഞത്. സിഎംപി, ജെഎസ്എസ്, കേരള കോൺഗ്രസ് (ബി), ഏറ്റവുമൊടുവിൽ കേരള കോൺഗ്രസിലെ ഒരു വിഭാഗം എന്നിവയുടെ വരവ് ഇഞ്ചോടിഞ്ചു മത്സരത്തിൽ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തൽ.

എന്നാൽ യുഡിഎഫ് കേന്ദ്രങ്ങൾ ഇതു നിഷേധിക്കുകയാണ്. എൺപതു സീറ്റ് എന്നാണ് അവരുടെയും കണക്കുകൂട്ടൽ മലപ്പുറത്തും എറണാകുളത്തും വയനാട്ടിലും ഏതാണ്ടു പൂർണ ആധിപത്യം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ പിന്തള്ളപ്പെട്ട കൊല്ലത്തും ആലപ്പുഴയിലും സ്ഥിതി മെച്ചപ്പെടും. കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവ കൂടെ നിൽക്കും.

മലബാറിൽ എൽഡിഎഫിനു മേൽക്കൈ ഉണ്ടാകാനിടയുണ്ട്. എന്നാൽ അവർക്ക് അവിടെ നിലവിലെ സീറ്റുകൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

മലബാറിൽ വൻ ആധിപത്യം എൽഡിഎഫ് നേടിയില്ലെങ്കിൽ ഭരണത്തുടർച്ച എന്നു തന്നെയാണു യുഡിഎഫ് വിശ്വാസം.

ഇരുകൂട്ടരും 60 വീതം ഉറച്ച സീറ്റുകൾ എടുത്തു പറയുന്നു. ബാക്കിയുള്ളവയുടെ കാര്യത്തിൽ പക്ഷേ സസ്പെൻസുണ്ട്. കടുത്ത ത്രികോണ മണ്ഡലങ്ങളിൽ എൻഡിഎ ആരുടെ വോട്ടു കൂടുതൽ പിടിക്കും എന്നതിൽ ആർക്കും എത്തുംപിടിയുമില്ല. അതുകൊണ്ടു തന്നെ പുറമേയ്ക്ക് ആത്മവിശ്വാസം നടിക്കുമ്പോഴും നേതാക്കളുടെ നെഞ്ചെരിയുന്നു.
 

Your Rating: