Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും കീബോർഡ് പോരാട്ടമല്ല ‘ടെക്കി രാഷ്ട്രീയം’

IT

‘ഫെയ്സ്ബുക്കിലും ട്വിറ്ററിലുമെല്ലാം പല വിഷയങ്ങളിലും അഭിപ്രായം പങ്കുവയ്ക്കാറുണ്ട്. പക്ഷേ ആത്യന്തികമായി ഞങ്ങളുടെ അഭിപ്രായ രൂപീകരണം നടക്കുന്നത് വോട്ടിങ് മെഷീനു മുന്നിലാണ്. അതിനാൽത്തന്നെ വോട്ടു ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല...’


ടെക്നോപാർക്കിലെ യുഎസ്ടി ഗ്ലോബൽ കമ്പനി കോർപറേറ്റ് കമ്യൂണിക്കേഷൻസ് വിഭാഗത്തിലെ സുധീഷ് രാധാകൃഷ്ണന്റെ വാക്കുകളിലുണ്ട് എല്ലാം. വിരൽത്തുമ്പിനാൽ കീബോർഡ് പോരാട്ടം മാത്രമല്ല ജനാധിപത്യത്തിൽ നേരിട്ടുള്ള ഇടപെടലും നടത്താൻ തങ്ങൾ പ്രാപ്തരാണെന്ന ‘ടെക്കി രാഷ്ട്രീയ’ത്തിന്റെ നേർസാക്ഷ്യം.

തലമൂത്ത നേതാവിനെപ്പോലെ കഴക്കൂട്ടത്തെ ടെക്നോപാർക്ക്, ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ കാക്കനാട്ടെ ഇൻഫോപാർക്ക്, ഒപ്പം അടിവച്ചടിവച്ചെത്തുന്ന കോഴിക്കോട്ടെ സൈബർപാർക്കും. ക്ലോക്കിനെപ്പോലും മറന്നുകൊണ്ടുള്ള ജോലിയാണെന്നാണ് പുറമെ നിന്നുള്ള സംസാരമെങ്കിലും ഇവിടങ്ങളിലെല്ലാം ജോലിക്ക് കൃത്യമായ ഇടവേളയുണ്ട്. ഈ തിരഞ്ഞെടുപ്പിലും അതിനു മാറ്റമില്ല. ടെക്നോപാർക്കിലും ഇൻഫോപാർക്കിലുമെല്ലാം ഇത്തവണയും തിരഞ്ഞെടുപ്പുദിവസം മേയ് 16ന് ‘ഇലക്ടറൽ ലീവ്’ അനുവദിച്ചു കഴിഞ്ഞു. ഒപ്പം ടെക്കിലോകം ഒരുമിച്ചു തന്നെ പറയുന്നു-ഇത്തവണയും ഞങ്ങൾ വോട്ട് ചെയ്യും...!

വോട്ടു ചെയ്തും പ്രതിഷേധിക്കാം...

പ്രതിഷേധത്തിന്റെ സ്വരങ്ങളുമുണ്ട്; ടെക്നോപാർക്കിൽ 80% പേരും പുറമേ നിന്നുള്ളവരാണ്. ലീവുമെടുത്ത്, കഷ്ടപ്പെട്ട് വണ്ടിയും പിടിച്ച് നാട്ടിലെത്തി വോട്ടു ചെയ്തിട്ട് എന്തു കാര്യം എന്നുചോദിക്കുന്നവരുടെ എണ്ണം പക്ഷേ കുറവാണ്. വോട്ട് ചെയ്യാതിരിക്കുന്നതിനെക്കാളും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനായി ‘നോട്ട’ ഉണ്ടല്ലോ എന്നാണു പലരുടെയും ആശ്വാസം. അവിടെയും വിരൽത്തുമ്പിലെ വിപ്ലവത്തിൽ വിശ്വസിക്കുന്നവരാണേറെയുമെന്നർഥം. ‘വ്യക്തമായ രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുമുള്ളവരാണ് ടെക്നോപാർക്കിലുള്ളത്. ജോലി കഴിഞ്ഞ് ഇലക്‌ഷൻ വർക്കിനു പോകുന്നവർ പോലുമുണ്ട്. പക്ഷേ ക്യാംപസിനകത്ത് രാഷ്ട്രീയ പ്രകടനമോ കൂട്ടായ്മകളോ ഒന്നുമില്ല. സുരക്ഷാകാരണങ്ങളാൽ രാഷ്ട്രീയ പ്രവർത്തകർ അകത്തേക്ക് വോട്ടുചോദിച്ച് വരാറുമില്ല. എന്നു കരുതി തിരഞ്ഞെടുപ്പിന്റെ ഒരു ‘രസം’ അനുഭവിച്ചറിയാതിരിക്കുന്നുമില്ല. ജോലി കഴിഞ്ഞ് പലരും പ്രസംഗങ്ങൾ കേൾക്കാനും മറ്റു തിരഞ്ഞെടുപ്പുകാഴ്ചകൾ കാണാനും കഴക്കൂട്ടത്തേക്കിറങ്ങാറുണ്ട്. പ്രസംഗങ്ങളിന്മേൽ ചർച്ചകളും നടക്കാറുണ്ട്...’ സുധീഷ് പറയുന്നു.

ഈ യാത്രാപ്രശ്നമൊന്ന്...

ഇൻഫോപാർക്കിൽ പക്ഷേ തിരഞ്ഞെടുപ്പു ചൂട് നേരിട്ടറിയാനുള്ള സാധ്യതകൾ കുറവാണ്. നാട്ടിൻപുറത്തെ ചായക്കട ചർച്ച കേൾക്കണമെങ്കിൽ എല്ലാവരും സ്വന്തം നാട്ടിലേക്കു പോകണമെന്ന അവസ്ഥ. എന്നു കരുതി ജനാധിപത്യത്തിൽ ഉറച്ചു വിശ്വസിക്കുന്നവരാണേറെയും. കഴിഞ്ഞ ദിവസം പോലും ‘ജസ്റ്റിസ് ഫോർ ജിഷ’ ക്യാംപെയിന്റെ ഭാഗമായി മെഴുകുതിരി തെളിയിച്ച് തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു ക്യാംപസ്. പക്ഷേ ആകെത്തിരക്കിനിടയിൽ കൊടിതോരങ്ങൾ കെട്ടിയ ജാഥയോ പ്രസംഗങ്ങളോ ഒന്നും ഇൻഫോപാർക്ക് പരിസരത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാറില്ലെന്ന് ഇൻഫോപാർക്ക് ‘ഇവൈ’ കമ്പനിയിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശി ഗായത്രി മണി പറയുന്നു. ഇലക്‌ഷന്റെ ആവേശം അടുത്തിറിയാനാകുന്നില്ലെങ്കിലും മേയ് 16ന് വോട്ടുചെയ്യാൻ നാട്ടിലേക്ക് വണ്ടി കയറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആ യാത്രയ്ക്കൊരുങ്ങും മുൻപ് ഒന്നുരണ്ട് കാര്യങ്ങൾ കൂടി പറയാനുണ്ട് ഗായത്രിക്ക്-‘ കൊച്ചിക്ക് പുറത്തുനിന്നുള്ളവരാണ് ഇൻഫോപാർക്കിലേറെയും. പക്ഷേ ഇവിടേക്ക് വരുമ്പോൾ ഇറങ്ങേണ്ട തൃപ്പൂണിത്തുറ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പില്ല. ഓട്ടോ വിളിക്കുകയാണെങ്കിൽ എവിടെയുമില്ലാത്ത ചാർജാണ് ഈടാക്കുന്നത്. ബസിൽ പോകാനാണെങ്കിലോ ആവശ്യത്തിനു ബസുമില്ല...’ കൊച്ചിയുടെ ഐടി ഹബിന് അർഹിക്കുന്ന പരിഗണന നൽകി യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ഗായത്രിയുടെ ആവശ്യം. താമസസൗകര്യങ്ങളുടെ കാര്യത്തിൽ കാക്കനാട് ഡബിൾ ഓകെയാണെന്നും അവരുടെ വാക്കുകൾ.

കോഴിക്കോട്ട് മാത്രം ഐടി ഹർത്താൽ!

കോഴിക്കോടെന്നാൽ ബിരിയാണിയും അലുവയും മാത്രം മനസ്സിൽ വന്നാൽ പോരെന്നും ഒന്നാന്തരം ഐടി കേന്ദ്രം കൂടിയാണെന്നും തിരിച്ചറിയണമെന്നാണ് സൈബർ പാർക്കിലെ ഐടി കൂട്ടായ്മയുടെ ആവശ്യം. ബാംഗ്ലൂർ ഉൾപ്പെടെയുള്ള ഐടി കേന്ദ്രങ്ങളിൽ കിട്ടുന്ന ശമ്പളത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഇപ്പോൾ കോഴിക്കോട്ടുമുണ്ടെന്നു പറയുന്നു എയുഎഫ്എഐടി ടെക്നോളജീസ് ഡയറക്ടര്‍ ബിജിത് അഹമ്മദ്. കാലിക്കറ്റ് ഫോറം ഫോർ ഐടി എന്ന കൂട്ടായ്മയുടെ പ്രസിഡന്റ് കൂടിയാണ് ബിജിത്. ഇവരുടെ നേതൃത്വത്തിൽ ഓരോ രാഷ്ട്രീയപാർട്ടികളുടെയും പ്രകടന പത്രികയിലേക്കു വേണ്ടി നിർദേശങ്ങളും ഇത്തവണ നൽകിയിരുന്നു. ടെക്നോപാർക്കും ഇൻഫോപാർക്കും പോലെയായില്ലെങ്കിലും ഈ കൂട്ടായ്മയ്ക്കു കീഴിലും മുപ്പത്തിയെട്ടോളം കമ്പനികളുണ്ട്. ഓരോരുത്തർക്കും കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെങ്കിലും കോഴിക്കോടിന്റെ ഐടി മേഖലയ്ക്കു വേണ്ടി നിലകൊള്ളുകയെന്നതാണ് സംഘത്തിന്റെ പൊതുനിലപാട്. തിരഞ്ഞെടുപ്പിൽ കൃത്യമായി വോട്ടും ചെയ്യും.

കോഴിക്കോടിന്റെ ഓട്ടോകളെ സ്മാർട് ആക്കാൻ വേണ്ടി ജിപിഎസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളൊരുക്കുക, നഗരം നിറയെ വൈ-ഫൈ ആക്കുന്നതിനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ ശ്രമങ്ങളിലും ഈ കൂട്ടായ്മയുടെ പങ്കുമുണ്ട്. രാഷ്ട്രീയ നേതാക്കൾ ഫെയ്സ്ബുക്കിൽക്കയറി പരസ്പരം പടവെട്ടുന്ന ഈ ഇലക്‌ഷൻ സീസണിൽ തങ്ങളുടെ ആഹ്വാനങ്ങൾ പരമാവധി പേരിലേക്കെത്തിക്കാൻ സഹായമാകുമെന്നതിനാൽ വൈ-ഫൈയ്ക്ക് ഉൾപ്പെടെ ഫുൾ സപ്പോർട്ടാണ് പാർട്ടി നേതൃത്വങ്ങൾ. പക്ഷേ കോഴിക്കോട്ടെ ഐടി സംഘത്തിന് പ്രധാന ആവശ്യം ഒന്നേയുള്ളൂ-‘ടെക്നോപാർക്കിനെയും ഇൻഫോപാർക്കിനെയുമെല്ലാം ഹർത്താലി‍ൽ നിന്നൊഴിവാക്കിക്കൊടുക്കുന്ന പോലൊരു സംവിധാനം കോഴിക്കോട്ടും വേണം. വിദേശ കമ്പനികൾ നിർണായക പ്രോജക്ട് ഏൽപിക്കുന്ന ദിവസമായിരിക്കും ചിലപ്പോൾ ഹർത്താൽ. ഹർത്താലിനെപ്പറ്റി പറഞ്ഞാൽ അവർക്ക് മനസിലാവുകയുമില്ല...’ ബിജിത് പറയുന്നു.

തിരഞ്ഞെടുപ്പുചൂട് കനക്കുകയാണ്. പുറത്തിറങ്ങിയാലാകട്ടെ പുറംപൊള്ളിക്കുന്ന ചൂടും. ഇനി വരുന്ന സർക്കാർ മറ്റെല്ലാ അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കുന്ന പോലെ പരിസ്ഥിതിക്കും പ്രധാന്യം നൽകണമെന്നും ടെക്നോ പ്രഫഷണലുകളുടെ നിർദേശമുണ്ട്. പരിസ്ഥിതിയെ പരിഗണിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കും തൊഴിലിടത്തിനുമുള്ള മികച്ച ഉദാഹരണം ടെക്നോപാർക്ക് തന്നെയാണ്. ‘ഐടിയായാലും ഏതു സംരംഭമായാലും മരങ്ങളെ നിലനിർത്തിക്കൊണ്ടുള്ള നിർമാണങ്ങൾക്കായിരിക്കണം ഇനി പ്രാമുഖ്യം നൽകേണ്ടത്. ആര് അധികാരത്തിലെത്തിയാലും അതൊരു പരിസ്ഥിതി സൗഹൃദ സർക്കാരായിരിക്കണം..’ സുധീഷ് രാധാകൃഷ്ണൻ പറയുന്നു.

ഇങ്ങനെ ആവശ്യങ്ങളേറെയുണ്ട്. പരാതികളും പരിഭവങ്ങളുമുണ്ട്. എന്നുകരുതി ജനാധിപത്യത്തിനു നേരെ ‘ഇതൊക്കെ ചെയ്തിട്ടെന്തിനാ...’ എന്ന മനോഭാവം പുലർത്താൻ തക്ക ചെറുബാല്യമല്ല ടെക്കികളുടേത്. തൊഴില്‍ വിജയത്തിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന കാര്യത്തിലും ഇത്തവണ തങ്ങളുടെ വിരൽത്തുമ്പിന്‍ ശക്തി തെളിയിക്കാൻ തന്നെയാണവരുടെ തീരുമാനം...

Your Rating: