Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രീസ്റ്റാർ ഫോർമുലയുമായി യുഡിഎഫിന്റെ സ്റ്റാർ

antony പാലാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി പ്രവർത്തകർക്കിടയിലൂടെ. ചിത്രം: ആർ.എസ് ഗോപന്‍

പച്ചപ്പുള്ള കോട്ടയത്തിന്റെ തിരഞ്ഞെടുപ്പു നിലത്തേക്ക് എ.കെ. ആന്റണി ഇറങ്ങിയതു പതിവുപോലെ മാധ്യമങ്ങളോടു സൗഹൃദം പറഞ്ഞും അവയെ നേരിട്ടുംകൊണ്ടാണ്. രാഷ്ട്രീയപ്രസക്തിയുള്ള ഇമേജുകളായിരുന്നു ആന്റണിയുടെ പ്രയോഗവിശേഷങ്ങൾ. കോട്ടയം പ്രസ് ക്ലബ് കണ്ട് അദ്ദേഹം പറഞ്ഞു: പഴയ പ്രസ് ക്ലബ്ബല്ല, ഇതു ഫൈവ്സ്റ്റാർ ഹോട്ടൽപോലെ ഉണ്ടല്ലോ.

ഒരു രസികൻ ആത്മഗതം കുറച്ചുറക്കെ പറഞ്ഞു: ബാർ ലൈസൻസിന് അർഹതയായി!

പിന്നെ ഇപ്പോൾ ഇടതുമുന്നണിയുടെ സ്റ്റാർ വി.എസ്.അച്യുതാനന്ദൻ അല്ലേ എന്ന് ആന്റണി പറഞ്ഞപ്പോൾ കോൺഗ്രസിന്റേത് ആരാണ് എന്നു ചോദ്യം. സംശയമില്ല. ത്രീ സ്റ്റാർസ്. ഉമ്മൻ ചാണ്ടി, സുധീരൻ, രമേശ്. ഇവിടെ ബാർ ഇമേജിനു പ്രസക്തിയില്ല. ത്രീസ്റ്റാർ അല്ലേ?

തമാശകൾ ഇവിടെ തീരുന്നു. കണ്ടാൽ കെഎസ്‌യുക്കാരുടെ പ്രായം തോന്നിക്കുന്നതിനാലാവാം ചില യുവമാധ്യമപ്രവർത്തകരോട് വാൽസല്യം പ്രകടിപ്പിച്ച്, പിന്നെ ആന്റണി നിലപാടിൽ രൂക്ഷമാകുന്നു. ഇടതുമുന്നണിക്കെതിരെയല്ല കടന്നാക്രമണം. മോദിക്കും ബിജെപിക്കുമെതിരെ. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഏതോ അശരീരി കേട്ട് സോണിയാ ഗാന്ധിക്കെതിരെ മാപ്പർഹിക്കാത്ത ആരോപണം നടത്തിയ മോദി മാപ്പു പറയണം (വെസ്റ്റ്ലാൻഡ് വിഷയം). കോൺഗ്രസ് മാത്രമേ വർഗീയതയെ പ്രതിരോധിക്കാൻ ശേഷിയുള്ളതായുള്ളൂ. ഭരണം കിട്ടിയാൽ മോദി കേരളത്തെ ഗുജറാത്ത് ആക്കുമെന്നാണു പറയുന്നത്. ദയവായി ആക്കരുത്. (ഗുജറാത്ത് വെയ്സ്റ്റ് ലാൻഡ് ആണെന്ന മട്ടിൽ ആന്റണി വിശകലനം നടത്തുന്നു. അവിടത്തെ മനുഷ്യജീവിതപുരോഗതിയുടെ കണക്കുകൾ താരതമ്യപ്പെടുത്തിയിട്ട്).

വെസ്റ്റ്ലാൻഡിന്റെ പോരിൽ അങ്ങു നോർത്തിൽ പ്രതിരോധവും പ്രത്യാക്രമണവും തീർത്തശേഷം എ.കെ. ആന്റണി സൗത്ത് ലാൻഡിന്റെ (കേരളം) മനസ്സിലിരിപ്പറിയാനും മനസ്സുറപ്പു കൊടുക്കാനുമുള്ള പ്രചാരണരഥത്തിലാണ്. ഇരട്ടദൗത്യമാണ് ആന്റണിയുടെ മുന്നിൽ. കോൺഗ്രസിനെ വീണ്ടും ഭരണക്കസേരയിൽ ഇരുത്തണം, നരേന്ദ്ര മോദിയുടെ ബിജെപിയെ പ്രതിരോധിക്കണം.

ചുണ്ടനക്കത്തിൽ വിനയവും ആക്രമണോൽസുകതയും ഒരുമിച്ചു പ്രകടിപ്പിച്ച് ചോദ്യങ്ങളെ നേരിട്ടശേഷം ആന്റണി ജനങ്ങൾക്കിടയിലേക്കിറങ്ങുന്നു. മഴ മോഹിപ്പിച്ചും പേടിപ്പിച്ചും നിന്ന അന്തരീക്ഷത്തിൽ കോട്ടയത്തുനിന്നു വൈക്കത്തേക്ക്. കോട്ടയത്തു പൊൻകുന്നം ആന്റണിയുടെ അമ്മവീടാണ്. അമ്മൂമ്മവീട് കോട്ടയത്തെ തന്നെ അതിരമ്പുഴയിലും. പാലാ തന്റെ അമ്മയാണ് എന്ന് ഉറക്കെപ്പറയുന്ന കെ.എം.മാണിയുടെ മണ്ഡലത്തിലും എത്താനുണ്ട്. ആദ്യം വൈക്കത്ത് കോൺഗ്രസുകാരനായ സനീഷ്കുമാറിനെ ആശീർവദിക്കണം. പിന്നെയങ്ങോട്ട് ചിഹ്നം രണ്ടിലയാണ്. സനീഷ്കുമാർ വേദിയിൽ നേതാവിന്റെ കാലിൽ വീണപ്പോൾ ആന്റണി പിടിച്ചെണീൽപ്പിച്ചു. പിന്നെ പറഞ്ഞു: കുഴപ്പിക്കരുത്!

സിപിഎമ്മിനോടോ ഇടതിനോടോ അല്ല പ്രധാന ആശയപ്പോരാട്ടം. എല്ലാ വേദികളിലും അദ്ദേഹത്തിന്റെ ആക്രമണത്തിന്റെ മുന ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെയാണ്. മോദിയുടെ വർഗീയ അജൻഡ വിജയിക്കരുതെന്ന് ആന്റണി ആവശ്യപ്പെടുന്നു വോട്ടർമാരോട്. സോണിയയെ അപമാനിക്കുന്ന ബിജെപിക്ക് മതേതര കേരളം ചുട്ട മറുപടി നൽകണം. കോൺഗ്രസ് മുക്ത ഭാരതം ആണ് മോദിയുടെ സ്വപ്നം. വർഗീയതയെ ചെറുക്കാൻ ഇന്ത്യയിൽ കോൺഗ്രസ് മാത്രമേ ഉള്ളൂ. അപ്പോൾ കേരളത്തിൽനിന്നുതന്നെയാവണം ബിജെപിക്കുള്ള മറുപടി ഉണ്ടാകേണ്ടത്. അക്കൗണ്ട് തുറക്കാൻ അനുവദിക്കരുത്.

പച്ചപ്പു നിറഞ്ഞ കാർഷിക ഗ്രാമങ്ങളിലൂടെയാണ് യാത്ര. മഴ തിമർത്തു പെയ്യാൻ തുടങ്ങി. ഇറങ്ങും മുൻപ് ആന്റണി ഉറച്ച് ഒരു ആത്മഗതം നടത്തിയിരുന്നു: മഴ രാഷ്ട്രീയക്കാർക്ക് തിരഞ്ഞെടുപ്പുകാലത്ത് മിനക്കേടാണെങ്കിലും ജനങ്ങൾക്കു പ്രിയമാകും. നനഞ്ഞുകുതിർന്നു നിൽക്കുന്ന വോട്ടർമാരോട് ആന്റണി പറയുന്നു: ഞാൻ മഴയും കൊണ്ടാണ് വന്നിരിക്കുന്നത്. ഇടിവെട്ടി മഴപെയ്യട്ടെ. നമ്മുടെ കർഷകർ സന്തോഷിക്കട്ടെ.
വൈക്കത്തു സനീഷ്കുമാറിനെ കൈപ്പത്തികൊണ്ടു പിടിച്ചെണീൽപ്പിച്ചശേഷം കടുത്തുരുത്തിയിലെത്തിയപ്പോൾ അവിടെ മഴയിൽ കുളിച്ച് ഉല്ലാസത്തോടെ രണ്ടില! സ്ഥാനാർഥി മോൻസ് ജോസഫ് ആന്റണിയെ കൈപിടിച്ചു വേദിയിൽ കയറ്റി. യുഡിഎഫിന്റെ കരുത്തിന്റെ ഇലപ്പച്ചയെ ഓർമിപ്പിക്കുകയാണ് ആന്റണി. കൃഷിക്കാരുടെ മണ്ഡലത്തിലും അദ്ദേഹത്തിന്റെ മുഖ്യശത്രു ബിജെപിതന്നെ. തിരുവനന്തപുരത്തു വന്ന് മോദി പറയുന്നതു കേരളത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും പറയൂ തരാം എന്നാണ്. ‌റബറിന്റെ വിലയിടിഞ്ഞ് കർഷകന്റെ കണ്ണീരൊഴുകിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ 500 കോടി മുടക്കി 150 രൂപ സബ്സിഡി കൊടുത്തു. ഒരു 500 കോടി തരാൻ അപേക്ഷിച്ചിട്ട് ചില്ലിക്കാശ് തന്നില്ല. മറ്റു കൃഷിക്കാരെയും മൽസ്യത്തൊഴിലാളികളെയും എന്തു സഹായിച്ചു? പുറ്റിങ്ങൽ അപകടദിവസം ഇവിടെ മോദി ഓടിയെത്തി. പക്ഷേ നമ്മുടെ ആവശ്യം അതു ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്നായിരുന്നു. എന്തു െചയ്തു? തിരഞ്ഞെടുപ്പുകാലത്ത് മാത്രം കേരളത്തെ ഓർക്കുന്ന മോദിയെ തടയണം.

രണ്ടു മൂന്നിടത്തേ ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ടു മൽസരമുള്ളൂ എന്നു പറയുന്ന ആന്റണി ഇടതുപക്ഷത്തിന് ഒരു സൗജന്യം കൊടുക്കാൻ ജനങ്ങളോടു പറയുന്നു: അവരെ അഞ്ചു വർഷം കൂടി പ്രതിപക്ഷത്തിരുത്തണം! ഇടതുപക്ഷം ഒന്നും പഠിക്കുന്നില്ല. എന്നെ തല്ലേണ്ട അമ്മാവാ എന്നതാണു ലൈൻ. വികസനത്തിനു പകരം അക്രമമാണ് അവരുടെ പ്രത്യയശാസ്ത്രം. ടി.പി. ചന്ദ്രശേഖരൻ സംഭവത്തോടെ അക്രമരാഷ്ട്രീയം ഒടുങ്ങി എന്നു നമ്മൾ കരുതിയതാണ്. പക്ഷേ പരമ്പര തുടരുകയാണ്. ഇടതുപക്ഷം കാൽനൂറ്റാണ്ടു പിന്നിലാണ് എപ്പോഴും. അവർ പഠിക്കട്ടെ, പ്രതിപക്ഷത്തിരുന്ന്.

വേദികൾ പിന്നിട്ട് പാലായിൽ എത്തുന്നു. കാപ്പി കെ.എം.മാണിയുടെ വീട്ടിൽ. ഗൗരവത്തിൽ ചിരിച്ചുകൊണ്ടിരുന്ന മാണിയെപ്പറ്റി ആന്റണി ചുറ്റും നിന്നവരോടു പറഞ്ഞു. എം.എ.ജോണും ഞാനും കെഎസ്‌യു പ്രവർത്തകരായി നടന്നപ്പോൾ അന്ന് ഡിസിസി സെക്രട്ടറിയായ മാണിസാറിന്റെ ഈ വീട്ടിൽ‌ വന്നു കാപ്പി കുടിച്ചിട്ടുണ്ട്.

വൈകിട്ടത്തെ കാപ്പിയും കഴിഞ്ഞ് പാലായുടെ തിരഞ്ഞെടുപ്പു വേദിയിലേക്ക്. കനത്ത മഴയുടെ ലഹരിയിലാണ് പാലാക്കാർ. ജോസ് കെ മാണിയും ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയും യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യനും മറ്റുള്ളവരും ആന്റണിയെ മാണിസാറിന്റെ അടുത്തിരുത്തി. പാലായും താനും തമ്മിലുള്ള മാതൃപുത്രബന്ധം വിവരിച്ച മാണിക്കുമുമ്പേ, യുഡിഎഫിലെ നവാതിഥി ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ എംപി, വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ നേരിന്റെ പര്യായം, സൗമ്യതയുടെയും സത്യസന്ധതയുടെയും സൂര്യതേജസ് തുടങ്ങി അപരനാമങ്ങൾ പാലാക്കാരുടെ ചെണ്ടമേളത്തിനും മേലെ മുഴങ്ങിക്കേട്ടു.
ആന്റണി, 1200 കോടി രൂപയുടെ കാരുണ്യ പദ്ധതി നടപ്പാക്കിയ മാണിയെ അഗ്നിശുദ്ധി വരുത്തി പീഡാനുഭവങ്ങളെ അതിജീവിച്ച ധീരൻ എന്നു വിശേഷിപ്പിച്ചു. കനത്ത മഴയിലും ജനം ആവേശച്ചൂടിലായി. അപ്പോൾ ആന്റണിയുടെ ആവശ്യം: ഇതു പോരാ. മുദ്രാവാക്യം മാത്രം പോരാ. ജീവൻമരണപ്പോരാട്ടം നടത്തണം യുഡിഎഫിനെ ജയിപ്പിക്കാൻ.

കോട്ടയത്തിന്റെ യുഡിഎഫ് തീരങ്ങളിലൂടെ ഉൻമേഷപ്രസംഗം നടത്തി നീങ്ങിയ ആന്റണി പറഞ്ഞു: തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ഞാൻ പറയാം, തിരഞ്ഞെടുപ്പു ഫലം എന്താകുമെന്ന്. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കുകയും അതിലും കൃത്യമായി അതു തുറന്നു പറയുകയും ചെയ്യുന്ന ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, യുഡിഎഫും എൽഡിഎഫും കട്ടയ്ക്കുകട്ട പോരാട്ടമാണെന്ന്. യാത്ര ഇത്രയും എത്തുമ്പോൾ അദ്ദേഹം പറയുന്നു: ഞങ്ങളുടെ ചുണ്ടൻവള്ളം ഒരുപടി മുന്നിലാണ്. ഇനിയൊരു കുതിപ്പായിരിക്കും!
 

Your Rating: