Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് വാഗ്ദാനം: എല്ലാവർക്കും വീട്

by സ്വന്തം ലേഖകൻ
udf

തിരുവനന്തപുരം ∙ മടങ്ങിവരുന്ന നിരാലംബരായ പ്രവാസികൾക്കു പെൻഷൻ അനുവദിക്കുമെന്ന് യുഡിഎഫ് പ്രകടനപത്രിക. പ്രവാസികൾക്ക് അവിടെത്തന്നെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും യുഡിഎഫ് വിഭാവനം ചെയ്യുന്നു. അഞ്ചുവർഷം കൊണ്ടു 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എല്ലാവർക്കും വീട്, ഭക്ഷണം, ആരോഗ്യം എന്നതാണു മുദ്രാവാക്യം. എല്ലാ ഗ്രാമപഞ്ചായത്തുകളിലും നാലു ഹെക്ടർ വരെ ഭൂമി ഏറ്റെടുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങും. ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിയുള്ളവർക്കു സൗജന്യമായി മൂന്നുചക്രവാഹനം, ഇൻഷുറൻസ്, വീട് എന്നിവ നൽകും. ഐടി കയറ്റുമതി ഒരുലക്ഷം കോടിയുടേതാക്കും. തെരുവുനായ പ്രശ്നം പരിഹരിക്കും.

ചടയമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി കൂടിയായ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസനാണു പ്രകടനപത്രികയുടെ മുഖ്യശിൽപി. 2006, 2011 വർഷങ്ങളിലും ഹസന്റെ നേതൃത്വത്തിലായിരുന്നു യുഡിഎഫിന്റെ പ്രകടനപത്രികകൾ തയാറായത്. കെ.പി.എ. മജീദ്, ജോയി ഏബ്രഹാം, എൻ.കെ.പ്രേമചന്ദ്രൻ, വർഗീസ് ജോർജ്, അനൂപ് ജേക്കബ്, സി.പി.ജോൺ എന്നിവരാണു പത്രികാസമിതിയിലുണ്ടായിരുന്നത്.

വൻ പദ്ധതികൾ

എയർകേരള എക്സ്പ്രസ് യാഥാർഥ്യമാക്കും. പൂവാറിൽ ആഴക്കടൽ കപ്പൽ നിർമാണശാല. തലസ്ഥാനനഗര വികസനത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി മെട്രോപൊലിറ്റൻ റീജനൽ കൗൺസിൽ. 2030ൽ എട്ടുവരി തെക്കു–വടക്ക് എക്‌സ്പ്രസ് ഹൈവേ. എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സയ്ക്കായി കാസർകോട് സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി.

ക്ഷേമം

വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി വകുപ്പ്. ബിപിഎൽ കുടുംബങ്ങളിൽപ്പെട്ട നിയമബിരുദധാരികളായ പെൺകുട്ടികൾക്കു ബാർ കൗൺസിലിൽ റജിസ്റ്റർ ചെയ്തു പ്രാക്ടിസ് ആരംഭിക്കുന്നതിനായി ആദ്യ രണ്ടുവർഷത്തേക്കു 2000 രൂപ ധനസഹായം.

നിർധനരായ വിധവകളുടെ പുനർവിവാഹത്തിനും പുനരധിവാസത്തിനും 25,000 രൂപ വരെ ധനസഹായം. വിധവകളുടെ പെൺമക്കൾക്കും ഇതേ സഹായം. 18 വയസ്സ് പൂർത്തിയായ അനാഥ പെൺകുട്ടികൾക്കും ഈ സഹായം നൽകും. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായി 25,000 രൂപയുടെ സഹായം. അ‍ഞ്ചുവർഷത്തിലേറെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞ ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കു വിധവാ പെൻഷനും അവരുടെ മക്കൾക്കു വിദ്യാഭ്യാസ സഹായവും. ഭിന്നശേഷിയുള്ളവരും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കാനായി ധനസഹായ പദ്ധതി.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരിൽ സ്വന്തമായി വാഹനമുള്ള ഭിന്നശേഷിക്കാർക്കു പ്രതിമാസം ഇന്ധന സബ്സിഡിയായി 300 രൂപ. ഓണത്തിന് ഇവർക്കു മുണ്ടും സാരിയും. കാഴ്ചശക്തിയില്ലാത്ത എല്ലാവർക്കും റേഡിയോ. മുത്തങ്ങ സമരക്കാർക്കു ഭൂമിയും ധനസഹായവും. പെൻഷൻ പറ്റിയ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താനായി കൺസോർഷ്യം ഓഫ് റിട്ട. എക്സ്പെർട്ട് ഫോർ ഡവലപ്മെന്റ്. എല്ലാ ബിപിഎൽ വീടുകളിലും വൈദ്യുതി. കലാകാരന്മാരുടെ പ്രതിമാസ പെൻഷൻ കൂട്ടും. 65 കഴിഞ്ഞ എല്ലാവർക്കും അങ്കണവാടികൾ വഴി ഉച്ചഭക്ഷണം .

ഭവന പദ്ധതി

സ്വന്തമായി ഭൂമിയുള്ള, എന്നാൽ വീടുവയ്ക്കാൻ സാമ്പത്തികശേഷി ഇല്ലാത്തവർക്കായി പ്രത്യേക ഭവനവായ്പാ പദ്ധതി. ഭവനരഹിതർക്കെല്ലാം വീട്, കക്കൂസ്, ശുദ്ധജലം. സമ്പന്നരുടെ മന്ദിരസമുച്ചയ നിർമാണത്തിനു ശക്തമായ നിയന്ത്രണം.

തൊഴിലാളി ക്ഷേമം

കയർത്തൊഴിലാളികൾക്കു സമഗ്ര ഭവനപദ്ധതി. വ്യവസായ മാനേജ്മെന്റിൽ തൊഴിലാളി പങ്കാളിത്തവും. 20% ഓഹരി തൊഴിലാളികൾക്ക്. കശുവണ്ടി തൊഴിലാളികൾക്കു വർഷം കുറഞ്ഞത് 250 ദിവസം തൊഴിൽ. സ്വർണത്തൊഴിലാളികളെ സംരക്ഷിക്കാനായി സ്വർണഗ്രാമം പദ്ധതി.

വിദ്യാഭ്യാസം

ഓൾ പ്രമോഷൻ പുനപ്പരിശോധിക്കും. വിദേശത്തു പഠിക്കുന്ന വിദ്യാർഥികൾക്കു വിദ്യാഭ്യാസ ധനസഹായ പദ്ധതി. മലയാള സർവകലാശാലയിൽ ശാസ്ത്ര–സാങ്കേതിക വിഷയം ഉൾപ്പെടെ മുഴുവൻ വിഷയങ്ങൾക്കും മാധ്യമം മലയാളമാക്കും.

ചികിൽസ

വൃക്കരോഗികൾക്കു സൗജന്യ ഡയാലിസിസും കാൻസർ രോഗികൾക്കു സൗജന്യനിരക്കിൽ മരുന്നും നൽകും. എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമ്പോൾ ബിപിഎൽ വിഭാഗക്കാരുടെ പ്രീമിയം സർക്കാർ വഹിക്കും.

കൃഷി

കേരളത്തെ തരിശുരഹിത സംസ്ഥാനമാക്കും. കൃഷിഭൂമി ഫാമാക്കുന്നവർക്കു ഹെക്ടറിന് 10,000 രൂപ ബോണസ്. ജൈവകൃഷി വ്യാപിപ്പിക്കാൻ വേണ്ടി ജൈവകൃഷി ബോർഡ്. നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവില കൂട്ടും. കർഷക പെൻഷൻ ആയിരം രൂപ കൂട്ടും. റബർകർഷക സഹായപദ്ധതിയിൽ മുഴുവൻ നാമമാത്ര – ചെറുകിട കർഷകരെയും ഉൾപ്പെടുത്തും. കിലോയ്ക്ക് 150 രൂപ എന്നതു കൂട്ടാനായി കേന്ദ്രത്തോട് ആയിരം കോടി ആവശ്യപ്പെടും. മൊത്തം റബറും ഉയർന്ന വിലയ്ക്കു സർക്കാർ തലത്തിൽ സംഭരിക്കും. ഏല കർഷകർക്കും സമാനമായ സഹായപദ്ധതി.

വനിതാക്ഷേമം

പൊതുസ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സ്ത്രീകൾക്കായി ശുചിമുറി. നിശ്ചിത വരുമാനത്തിനു താഴെയുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്കു ധനസഹായം. സ്ത്രീസംരംഭകർക്കായി പ്രത്യേക വ്യവസായ പാർക്കുകൾ.

Your Rating: