Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

82 വരെ സീറ്റ് കിട്ടുമെന്ന് യുഡിഎഫ് ഏകോപന സമിതി

udf

തിരുവനന്തപുരം∙ യുഡിഎഫ് 77 മുതല്‍ 82 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നു മുന്നണി തിരഞ്ഞെടുപ്പ് ഏകോപന സമിതി വിലയിരുത്തല്‍. പ്രചാരണരംഗത്ത് എല്‍ഡിഎഫിനെ അപേക്ഷിച്ചു യുഡിഎഫിനു വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്നു യോഗം വിലയിരുത്തിയതായി കണ്‍വീനര്‍ പുനലൂര്‍ മധു അറിയിച്ചു.

സോണിയ ഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവും പ്രചാരണരംഗത്തു വലിയ ചലനമുണ്ടാക്കി. എല്‍ഡിഎഫിന്റെ ചില കുത്തക മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വിജയത്തിനു സാധ്യതയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ച കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഭേദപ്പെട്ട പ്രകടനം ഉണ്ടാകും.

സിറ്റിങ് മണ്ഡലങ്ങളില്‍ ചിലതില്‍ തിരിച്ചടിയുണ്ടായാലും പുതുതായി പതിനഞ്ചോളം സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നു കൺവീനർ പി.പി. തങ്കച്ചന്റെ നേതൃത്വത്തിലുള്ള പത്തംഗ സമിതി വിലയിരുത്തി. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നും വിലയിരുത്തി. ഓരോ മണ്ഡലത്തിലെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാൻ മുന്നണി സംവിധാനത്തോടൊപ്പം ഒരു പ്രഫഷനല്‍ ഏജന്‍സിയുടെ സഹായവും സമിതി ഉപയോഗപ്പെടുത്തി.

ഈ ഏജന്‍സി രണ്ടു ഘട്ടമായി നിരീക്ഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിക്കുന്നതിനു നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. അവസാന റൗണ്ടില്‍ ചില മണ്ഡലങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കാനും തീരുമാനിച്ചു.

Your Rating: