Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയർന്ന തുകയ്ക്ക് ടിക്കറ്റെടുത്ത് മലയാളി വോട്ടർമാർ നാട്ടിലേക്ക്

by സ്വന്തം ലേഖകൻ
train നാട്ടിലേക്കുള്ള ‌ട്രെയിൻ 'വോട്ടു വണ്ടി' ആയപ്പോൾ. ചെന്നൈ-തിരുവനന്തപുരം മെയിലില്‍ കയറാനുള്ള തിരക്ക്.

ജനാധിപത്യത്തിന്റെ വിലയും മഹത്വവും ഉയർത്തിപ്പിടിക്കുന്നവരാണ് മറുനാടൻ മലയാളികൾ. വോട്ടവകാശം വിനിയോഗിക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നും ഗൾഫ് നാടുകളിൽനിന്നും മലയാളികൾ എത്തിത്തുടങ്ങി. ഉയർന്ന വിമാനക്കൂലി നൽകിയും ബസിലും ട്രെയിനിലും സീറ്റ് തരപ്പെടുത്തിയുമാണ് വലിയൊരു വിഭാഗം എത്തുന്നത്.

നിറയെ വോട്ടുമായി ബെംഗളൂരു ബസ്

‘‘അവസാന നിമിഷമാണു യാത്ര ഉറപ്പായത്. ട്രെയിനിലും കെഎസ്ആർടിസിയിലും ടിക്കറ്റില്ല. ഒടുവിൽ ഇരട്ടിയോളം മുടക്കി സ്വകാര്യ ബസിൽ ടിക്കറ്റെടുത്തു’’– ഐടി ജീവനക്കാരനായ കണ്ണൂർ സ്വദേശി മുഹമ്മദ് റയീസിനെപ്പോലെ നൂറുകണക്കിനു പേരാണു വോട്ട് ചെയ്യാൻ പുറപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവിൽനിന്നു വിഷു, ഓണം, ക്രിസ്മസ് അവധിക്കു സമാനമായ തിരക്കായിരുന്നു ഇന്നലെ നാട്ടിലേക്ക്. കെഎസ്ആർടിസി ഏഴു സ്പെഷൽ സർവീസുകൾ നടത്തി. ഇന്നും പയ്യന്നൂരിലേക്കു സ്പെഷൽ ബസുണ്ട്. എങ്കിലും 17 സ്പെഷലുമായി കർണാടക ആർടിസിയാണു ശരിക്കും കൊയ്തത്. ഇവയിലെല്ലാം ടിക്കറ്റ് തീർന്നതോടെ സ്വകാര്യ ബസുകൾക്കും ചാകര. തെക്കൻ കേരളത്തിലുള്ളവർ 2500 രൂപയിലേറെ മുടക്കിയാണു ടിക്കറ്റ് എടുത്തത്.

ചെന്നൈയിൽനിന്ന് വോട്ട് ട്രെയിൻ

‘‘കോഴിക്കോട്ടേക്കാണു പേകേണ്ടതെങ്കിലും ടിക്കറ്റ് കിട്ടിയതു പാലക്കാടിന്. എങ്കിലും എടുത്തു’’– പറയുന്നതു കുന്നമംഗലം മണ്ഡലത്തിൽ വോട്ടറായ രാകേഷ്. തമിഴ്നാട്ടിലും വോട്ടെടുപ്പ് തിങ്കളാഴ്ചയായതിനാൽ അന്ന് അവധിയാണ്. വാരാന്ത്യ അവധി കൂടി ചേർത്തു നാട്ടിലേക്കു പോരാൻ ചെന്നൈ മലയാളികൾക്ക് അതുമൊരു കാരണമായി.

ഇന്നലെ കേരളത്തിലേക്കു പുറപ്പെട്ട ട്രെയിനുകൾ അക്ഷരാർഥത്തിൽ ‘വോട്ടു വണ്ടി’കളായി. പതിവു ട്രെയിനുകളിൽ ഒന്നര മാസത്തോളം മുൻപേ ടിക്കറ്റ് തീർന്നിരുന്നു. ഓണത്തിനും മറ്റുമുള്ളതുപോലെ നിരക്ക് കൂടിയ സുവിധ ട്രെയിനുകൾ ഏർപ്പെടുത്തി റയിൽവേ ലാഭം കൊയ്തു. എറണാകുളം സ്ലീപ്പർ ക്ലാസ് നിരക്ക് 1500 രൂപയിലേറെയായിട്ടും നിറഞ്ഞുകവിഞ്ഞാണു ട്രെയിൻ പുറപ്പെട്ടത്.

മുംബൈയുടെ വോട്ട് മലബാറിലേക്ക്

ആദ്യ വോട്ടു ബസ് വ്യാഴാഴ്ച പുറപ്പെട്ടു. മറ്റൊരു ബസ് ഇന്നു പുറപ്പെടും. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലുള്ള നൂറുകണക്കിനു പേർ പല ദിവസങ്ങളായി ട്രെയിനുകളിലും പുറപ്പെട്ടിട്ടുണ്ട്. ഇന്ന് അവസാന സംഘങ്ങൾ പുറപ്പെടുമെന്ന് ഇരുവിഭാഗങ്ങളിലുമുള്ള മലയാളികൾ പറഞ്ഞു. നാളെ ചിലർ വിമാനമാർഗവുമെത്തും. യാത്രതിരിച്ചവരിലേറെയും മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ വോട്ടുള്ളവരാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള കുറച്ചുപേരുമുണ്ട്.

പറന്നിറങ്ങുന്നത് ഗൾഫിൽനിന്ന്

പഴയതുപോലെ ചാർട്ടർ ചെയ്ത വോട്ടു വിമാനമല്ല, ‘ഗ്രൂപ്പ് ബുക്കിങ്’ ആണു ഗൾഫിൽ ഇത്തവണ ട്രെൻഡ്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ 52 പേരാണ് ഇന്നലെ കരിപ്പൂരിൽ ഇറങ്ങിയത്. താനൂർ, തിരൂരങ്ങാടി, കോട്ടയ്ക്കൽ, തിരൂർ, വേങ്ങര മണ്ഡലങ്ങളിലേക്കുള്ള വോട്ടുകളാണിവ. പ്രചാരണ മുദ്രാവാക്യങ്ങളെഴുതിയ ടീഷർട്ട് കൂടിയിട്ടതോടെ യാത്രയ്ക്കു തിരഞ്ഞെടുപ്പു ഹരം കൂടി.

കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർഥി പാറയ്ക്കൻ അബ്ദുല്ല ഖത്തർ മലയാളിയാണെങ്കിലും അവിടെനിന്നു ‘വോട്ടു വിമാന’മില്ല. വിമാനക്കൂലി തിരഞ്ഞെടുപ്പു ചെലവിൽ ഉൾപ്പെടുത്തിയാലോ ?

ഗ്രൂപ്പ് ബുക്കിങ് സൗകര്യം ഖത്തറിലും ഏറെപ്പേർ പ്രയോജനപ്പെടുത്തി. ഏറെയും നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലങ്ങളിൽനിന്നുള്ളവർ. ഉയർന്ന നിരക്കാണെങ്കിലും ഇന്നും നാളെയും കരിപ്പൂർ വിമാനങ്ങളിൽ ബുക്കിങ് ഏറെക്കുറെ തീർന്നു.
വോട്ടു പുറപ്പെട്ടു

Your Rating: