Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎസ്: മൂർച്ചയുള്ള വാക്ക്; മാറ്റമില്ലാത്ത നിലപാട്

VS Achuthanandan പ്രഭാത സവാരിക്കിറങ്ങിയ വി.എസ്.അച്യുതാനന്ദൻ എതിരെ എത്തിയ വോട്ടറെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: അരുൺ ശ്രീധർ

2016 മേയ് അഞ്ച് പാലക്കാട് മലമ്പുഴ മണ്ഡലത്തിലെ ചന്ദ്രനഗർ. രാവിലെ ഏഴുമണി.

കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർ‌ഥിയായി വിഎസ്.2015 ഒക്ടോബർ 20നു 92 വയസ്സു പൂർത്തിയാക്കിയ ചെറുപ്പം.

ഡൽഹിയിൽ കേരളഹൗസിന്റെ ഇടനാഴിയിലും മൂന്നാറിലെ കൊടും തണുപ്പിലും പ്രഭാതസവാരി മുടക്കാത്ത വിഎസിന് പാലക്കാട്ടും മാറ്റമില്ല.

ചന്ദ്രനഗറിലെ സഹ്യാദ്രി കോളനിയിൽ നീല ട്രാക് പാന്റ്സും വെള്ള ടി ഷർട്ടും ധരിച്ച് ഒരു മണിക്കൂറോളം നടന്നു വിയർത്തൊലിച്ച് വിഎസ് തിരികെ വീട്ടിൽ കയറുമ്പോൾ ദിവസത്തിന്റെ സവിശേഷതകൾ പറഞ്ഞു തുടങ്ങുകയാണ് ടെലിവിഷനിൽ അവതാരക.
മേയ് അഞ്ച്. കാൾ മാർക്സിന്റെ ജൻമദിനം !!

അധികമാർക്കും 92 വയസ്സിൽ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത തിരക്കിന്റെ ദിവസം പിന്നിട്ടതിന്റെ ക്ഷീണം വിഎസിനുണ്ട്. രാവിലെ വിമാനത്തിൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക്. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ വീട്. വൈപ്പിനിലും പറവൂരിലും ചാലക്കുടിയിലും പ്രചാരണയോഗങ്ങൾ. തൃശൂരു നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു നിമിഷം പോലും വിശ്രമിക്കാതെ പാലക്കാടിന്. രാത്രി മലമ്പുഴ പഞ്ചായത്തിൽ ഏഴു കുടുംബയോഗങ്ങൾ. അങ്ങനെയങ്ങനെ.

സഹ്യാദ്രി കോളനിയിലേതു പുത്തൻ വീടാണ്. തിരഞ്ഞെടുപ്പിനു മാത്രമുള്ള സംവിധാനം. നാട്ടുകാരനായ ചന്ദ്രൻ പണിത് വിൽപനയ്ക്കു വച്ച വീട്. ആദ്യ താമസക്കാരനാകാൻ യോഗമുണ്ടായതു വിഎസിന്. തുണയ്ക്കു ഭാര്യ വസുമതിയും മകൻ അരുൺകുമാറും പാലക്കാട്ടുണ്ട്.
ജുബ്ബയിലും മുണ്ടിലും പതിവു ചിരിയും കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിയുള്ള നമസ്കാരവുമായി അച്യുതാനന്ദൻ പതിവുപോലെ. സമയം 9.16...

‘സാധാരണ നാലരയ്ക്ക് എഴുന്നേൽക്കുന്ന വിഎസ് ഇന്നു വൈകി.’’ സന്തതസഹചാരിയായ ഗൺമാൻ കുഞ്ഞിക്കണ്ണൻ പറഞ്ഞു.
മുന്നിലും പിറകിലും പൊലീസ് വാഹനം. പ്രവർത്തകരുടെ അകമ്പടി. കുടുംബയോഗത്തിന്റെ തുടക്കമാണ്. പേഴുമ്പള്ളത്ത് മോഹനന്റെ വീടിന്റെ ഉമ്മറത്ത് സ്ത്രീകൾ ഭൂരിഭാഗമുള്ള കൂട്ടായ്മയിലേക്ക് സ്ഥാനാർഥി.
വിലക്കയറ്റമാണ് ഇഷ്ടവിഭവം.

‘‘നമ്മുടെ ഈ ഇരിക്കുന്ന സഹോദരിമാർ ഇപ്പോൾ ഭർത്താവിനും മക്കൾക്കും വച്ചു വിളമ്പിക്കൊടുക്കുന്നത് ഉഴുന്നില്ലാത്ത... ഉഴുന്നില്ലാത്ത ഉഴുന്നുവട... പരിപ്പില്ലാത്ത... പരിപ്പില്ലാത്ത പരിപ്പുവട. കാരണം വിലക്കയറ്റം... വിലക്കയറ്റം.’’

ആട്ടുകല്ലിൽ കുഴവി തിരിയുന്നതു പോലെ വട്ടത്തിൽ ശരീരം ഒന്നാട്ടി ശബ്ദത്തിൽ വേലിയേറ്റവും വേലിയിറക്കവും കലർത്തി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ വിരലുകൾ വായുവിൽ നൃത്തം വച്ചപ്പോൾ കാഴ്ചക്കാർക്കു മുന്നിൽ വടകൾ വിടർന്നു. വീട്ടമ്മമാരുടെ മുഖത്തു ചിരിയും.
ഓലശേരി സീനിയർ ബേസിക് സ്കൂളാണു വേദി. നട്ടുച്ചയ്ക്കു കുട പോലും ചൂടാതെ പൊരിവെയിലിൽ വിഎസ് നടന്നു ഹാളിലെത്തുമ്പോൾ സ്കൂൾ ബെഞ്ചുകളിൽ നിറയെ എൺപതുകളിലെത്തിയ ഒട്ടേറെപ്പേർ.

720 x 470

വൃദ്ധരുടെ പ്രശ്നങ്ങളുമായി വിഎസ് കസറി. ‘‘വന്ദ്യവയോധികരായിട്ടുള്ള വയസ്സൻമാർക്കും വയസ്സികൾക്കും പോസ്റ്റ് ഓഫിസുകാരൻ ക്ഷേമപെൻഷൻ വീട്ടിൽ കൊണ്ടുപോയി കൊടുത്തിരുന്ന നല്ല സമ്പ്രദായം അട്ടിമറിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ഇപ്പോൾ മാറാത്ത ചെക്കുമായി തലങ്ങും വിലങ്ങും നടക്കുന്ന വല്ല്യപ്പൻമാരും വല്ല്യമ്മമാരും എന്നെക്കാണുമ്പോൾ പരിഭ്രമത്തോടെ ചോദിക്കുന്നത് ഈ പെൻഷന്റെ കാര്യമാണ്’’.
എസ്എൻഡിപിക്ക് എതിരാണു വിഎസ് എന്ന പ്രചാരണം ബിജെപി–ബിഡിജെഎസ് സഖ്യം വ്യാപകമായി അഴിച്ചു വിടുന്നുണ്ട്. പതിനായിരത്തിലേറെ മൈക്രോ ഫിനാൻസ് ഗുണഭോക്താക്കൾ മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. പക്ഷേ വിഎസ് ആക്രമണത്തിന്റെ മൂർച്ച കുറയ്ക്കുന്നില്ല.

‘‘എസ്എൻഡിപിയുടെ പേരും പറഞ്ഞു ബ്ലേഡ് കമ്പനിയാണ് നടേശൻ നടത്തുന്നത്. അഞ്ചു ശതമാനം പലിശയ്ക്കു പിന്നാക്ക വികസന കോർപറേഷനിൽ നിന്നു പണം എടുത്ത് 18 ശതമാനത്തിന് പാവപ്പെട്ട പെണ്ണുങ്ങൾക്കു കൊടുത്ത് 15 ശതമാനമാണ് അടിച്ചുമാറ്റുന്നത്. ഇതിനു കേസു കൊടുത്തതിനാണ് എനിക്കെതിരെ പ്രചാരണം. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ പിൻമുറക്കാരെ കൂട്ടുപിടിച്ച് ഗുരുവിന്റെ ആശയങ്ങളെ അവഹേളിക്കാനാണ് ശ്രമം’’.

‘‘പതിനായിരങ്ങൾ ഭൂരിപക്ഷം തന്ന് നിങ്ങൾ എന്നെ ജയിപ്പിച്ചിട്ടുണ്ട്. ഇത്തവണയും നിങ്ങളുടെ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയായ വി.എസ്. അച്യുതാനന്ദന് ചുറ്റിക അരിവാൾ നക്ഷത്രചിഹ്നത്തിൽ വോട്ടുചെയ്യണമെന്ന് ​ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു’’ എന്നാണ് രണ്ടു വട്ടം പ്രതിപക്ഷനേതാവു കൂടി ആയിരുന്ന മുൻ മുഖ്യമന്ത്രി പ്രസംഗം നിർത്തുന്നത്.

വിവാദമായ പ്രസ്താവനയ്ക്കു ശേഷം മാധ്യമപ്രവർത്തകർക്കു മുഖം കൊടുക്കുന്നത് വിഎസ് തൽക്കാലത്തേക്കു നിർത്തി. പറയാനുള്ളതു യോഗങ്ങളിൽ മാത്രം.

പ്രായത്തിനു നിരക്കാത്ത കഠിനമായ യാത്രയും കൊടുംചൂടും. വാക്കുകളിൽ വീഴ്ചയുണ്ട് വിഎസിന്. പ്രസംഗത്തിൽ മെത്രാൻകായൽ മാരാൻ കായലാവുന്നു. ഇനി മാസങ്ങൾ മാത്രമാണ് ഉമ്മൻ ചാണ്ടി സർക്കാരിന് ആയുസ്സ് എന്നു കണക്കു തെറ്റുന്നു. പക്ഷേ ഗൗരവമായി വിഎസ് എടുക്കുന്നില്ല; കേൾവിക്കാരും.

മലമ്പുഴ മണ്ഡലത്തിന്റെ ചരിത്രം തുടങ്ങുന്നത് 1965ലാണ്. അമ്പലപ്പുഴയിൽ വിഎസിന്റെ തിരഞ്ഞെടുപ്പുജീവിതത്തിന്റെ തുടക്കവും 1965ൽ തന്നെയെന്നത് യാദൃച്ഛികം. 1996ൽ മാരാരിക്കുളത്ത് അച്യുതാനന്ദൻ പി.ജെ. ഫ്രാൻസിസിനോടു പരാജയപ്പെടുന്നത് 1965 വോട്ടിനാണെന്നത് ചരിത്രം കാത്തുവച്ച മറ്റൊരു കൗതുകമാകാം.

രണ്ടു പതിറ്റാണ്ടിനു ശേഷമാണ് വിഎസും പിണറായിയും ഒരുമിച്ചു മൽസരത്തിന്. അന്നു വിഎസിനു തോൽവിയായിരുന്നു വിധി. ഇത്തവണ താനും പിണറായിയും മൽസരിക്കുന്നപക്ഷം കാര്യങ്ങളിൽ വ്യക്തതയുണ്ടായിരിക്കണം എന്നാണു വിഎസ് യച്ചൂരിയോട് ആവശ്യപ്പെട്ടത്. പക്ഷേ ഫലമുണ്ടായില്ല.

പ്രസംഗത്തിലെല്ലാം തന്റെ അടുത്ത ഊഴത്തെപ്പറ്റി പറയാതെ പറയുന്നുണ്ട് അച്യുതാനന്ദൻ. ‘‘ഇഎംഎസ് സർക്കാർ, നായനാർ സർക്കാർ, അതിനുപിന്നാലെ വി.എസ്. അച്യുതാനന്ദൻ സർക്കാർ. ജനക്ഷേമകരമായ ഒട്ടേറെ നടപടികൾ കൈക്കൊണ്ട ആ സർക്കാരിന്റെ തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നത്’’ എന്നാണു വാക്കുകൾ.

യുഡിഎഫിന്റെ സ്ഥാനാർഥി വി.എസ്. ജോയിയും ബിജെപിയുടെ സി. കൃഷ്ണകുമാറും തമ്മിൽ ആരു മുന്നിൽ എന്ന മൽസരമുണ്ട്. ‘ഈ വിഎസ് എന്നും മണ്ഡലത്തിൽ ഉണ്ടാവും’ എന്ന് ജോയിയുടെ പോസ്റ്ററിലെ കുത്ത്.

സംസ്ഥാനത്തെമ്പാടും വിഎസിന്റെ സമ്മേളനങ്ങളിൽ കാണുന്ന ഇരമ്പം പക്ഷേ മലമ്പുഴയിലില്ല. പേഴമ്പള്ളത്തും മുല്ലേരിയിലും യോഗത്തിന് കൂടിയാൽ നൂറുനൂറ്റൻപതു പേർ. പക്ഷേ സഖാവിനെ കാണുമ്പോൾ ‘‘കണ്ണേ കരളേ വിഎസ്സേ, സത്തേ മുത്തേ വിഎസ്സേ’’ എന്നു വിളിക്കുന്ന കണ്ഠങ്ങളിൽ ഇപ്പോഴും ഞരമ്പുകൾ വലിഞ്ഞു പൊട്ടുന്നുണ്ട്.

‘എൽഡിഎഫ് വരും എല്ലാം ശരിയാകും ’എന്ന മുദ്രാവാക്യത്തെ നിർദയം കുത്തിയത് വി.എം. സുധീരനാണ്. ‘എൽഡിഎഫ് വന്നാൽ ആദ്യം ശരിയാക്കുക വിഎസിനെ ആണെന്ന്. ’

അതിനുള്ള മറുപടിയാണോ വിഎസും കാക്കുന്നത്?

കണ്ണിനോ കരളിനോ കുത്തു കിട്ടിയാൽ എങ്ങനെ സഹിക്കും? 

Your Rating: