Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ മൂന്നാമത്തെ വരവോടെ ബിജെപിയുടെ ആവേശം ഇല്ലാതായി: ഉമ്മൻ ചാണ്ടി

by ഉല്ലാസ് ഇലങ്കത്ത്
oommen-chandy ഉമ്മൻ ചാണ്ടി പ്രചാരണത്തിനിടയിൽ.

വോട്ടെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കേ കേരളത്തിലെ വിവിധയിടങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഓടിനടക്കുകയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാരിന്റെ വികസനവും കരുതലും വോട്ടായി മാറുമെന്നും തുടർഭരണത്തിനുള്ള അനുമതി ജനം തരുമെന്നും മുഖ്യമന്ത്രി ഉറച്ചു വിശ്വസിക്കുന്നു. സർക്കാരിനെ ബാധിച്ച വിവാദങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രതീക്ഷകളെക്കുറിച്ചും മുഖ്യമന്ത്രി മനോരമ ഓൺലൈനുമായി മനസു തുറക്കുന്നു.

∙ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് അവരുടെ അവകാശവാദം. അതിന് സാധ്യതയുണ്ടോ? ബിഡിജെഎസ്- ബിജെപി കൂട്ടുകെട്ട് കേരള രാഷ്ടീയത്തില്‍ എന്തു മാറ്റമാകും ഉണ്ടാക്കുക?

അക്കൗണ്ട് തുറക്കാനുള്ള യാതൊരു സാധ്യതയും ഇല്ല. അവരുടെ അണികളില്‍ ഉണ്ടായിരുന്ന ആവേശം കൂടി പ്രധാനമന്ത്രിയുടെ വരവോടെ ഇല്ലാതായി.

∙ കോണ്‍ഗ്രസിന് ബിജെപിയും ബിജെപിക്ക് കോണ്‍ഗ്രസും വോട്ടുമറിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. തിരിച്ച് കോണ്‍ഗ്രസും ഈ ആരോപണം സിപിഎമ്മിനെതിരെ ഉന്നയിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ ഭയപ്പെടേണ്ട ശക്തിയായി ബിജെപി വളര്‍ന്നോ?

ബിജെപി രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന മഞ്ചേശ്വരം, കാസര്‍കോഡ് മണ്ഡലങ്ങളിലൊക്കെ യുഡിഎഫ് ഒന്നാമതാണ്. അതുപോലെയാണു മറ്റു ചില മണ്ഡലങ്ങളിലും. ഒന്നാമതു നില്‍ക്കുന്നവര്‍ എന്തിനാണ് വോട്ടുമറിക്കുന്നത്. വോട്ടുമറിക്കുന്നത് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ തമ്മിലാണ്.

∙ പ്രധാനമന്ത്രിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് തിരിച്ചടിയാണോ? സൊമാലിയ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമോ?

പ്രധാനമന്ത്രി മൂന്നു തവണയാണ് അടുപ്പിച്ച് കേരളത്തില്‍ വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു പ്രധാനമന്ത്രി മൂന്നു തവണ വരിക എന്നത് അപൂര്‍വമാണ്. എന്നാല്‍ രണ്ടാമത്തെ വരവില്‍ അദ്ദേഹം കേരളത്തെ അപമാനിച്ചിട്ടാണു മടങ്ങിയത്. മൂന്നാം വരവില്‍ അദ്ദേഹത്തിന് തിരുത്താന്‍ അവസരമുണ്ടായിരുന്നു. അതു ചെയ്യാതിരുന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രചാരണം ബിജെപിക്കു തിരിച്ചടിയായത്.

oommen-chandy-campaign-3

∙ കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്ക് എത്രത്തോളം സാധ്യതയുണ്ട്? പല അഭിപ്രായ സര്‍വെകളും എല്‍ഡിഎഫിന് അനുകൂലമായ റിസള്‍ട്ടുകളാണ് പുറത്തുവിടുന്നത്?

തിരഞ്ഞെടുപ്പിനോട് അടുത്തപ്പോള്‍ നടത്തിയ മിക്ക സര്‍വെകളിലും യുഡിഎഫ് മുന്നിലാണ്. കേരളം ഇത്തവണ ചരിത്രം തിരുത്തിയെഴുതും. യുഡിഎഫ് ചെയ്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനം അംഗീകരിച്ചിട്ടുണ്ട്. അതു തുടരാനുള്ള അനുമതി ജനങ്ങള്‍ തരും. കേരളത്തില്‍ ഇനിയും വികസനം ഉണ്ടാകണോ എന്നതാണ് ഏറ്റവും കാതലായ ചോദ്യം.

oommen-chandy-campaign-1

∙ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തുടര്‍ഭരണ സാധ്യതകളെ ഇല്ലാതാക്കിയില്ലേ?

അഴിമതി ആരോപണവും അഴിമതിയും തമ്മില്‍ വ്യത്യാസമുണ്ട്. എല്ലാ ആരോപണങ്ങളും അന്വേഷിക്കപ്പെട്ടു. അവയിലൊന്നും അടിസ്ഥാനമില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയും ചെയ്തു. പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച നൂറുകണക്കിന് ആരോപണങ്ങളില്‍ ഒരെണ്ണത്തിനെങ്കിലും തെളിവു ഹാജരാക്കാന്‍ സാധിച്ചോ?

∙യുഡിഎഫ് എത്ര സീറ്റ് നേടുമെന്നാണ് നിഗമനം? ഏത് മേഖല, അല്ലെങ്കില്‍ ജില്ലയാകും നിര്‍ണായകമാകുക?

എത്ര സീറ്റ് എന്നു പ്രവചിക്കുന്നില്ല. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. റിപ്പോര്‍ട്ടുകള്‍ അനുകൂലവും. സ്ഥാനാർഥികളും പ്രവര്‍ത്തകരും നല്ല ആവേശത്തിലുമാണ്. എല്ലാ മേഖലകളില്‍ നിന്നും എല്ലാ ജില്ലകളില്‍ നിന്നും നല്ല റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.

∙ടി.പി. വധക്കേസ് അന്വേഷണം അട്ടിമറിച്ചതിനു പിന്നില്‍ ബിജെപിയും സിപിഎമ്മുമാണെന്ന് മുന്‍പ് ആരോപിച്ചിരുന്നു. എന്തൊക്കെ കാരണങ്ങളാലാണ് ഈ നിഗമനത്തിലേക്കെത്തിയത്?

ടി.പി. വധക്കേസില്‍ സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം സമയബന്ധിതമായാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎമ്മിന്റെ മൂന്നു നേതാക്കള്‍ ഉള്‍പ്പെടെ 11 പേരെ കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ രമയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. രണ്ടു വര്‍ഷമായിട്ടും അവർ നടപടി എടുക്കുന്നില്ല. സിബിഐ അന്വേഷിച്ചാല്‍ ഉന്നതരിലേക്കു നീങ്ങുമെന്ന ഭയമാണു സിപിഎമ്മിനുള്ളത്. അതോടെ സിപിഎം തകരും. അതു ബിജെപി ആഗ്രഹിക്കുന്നില്ല. അവര്‍ക്കു കാണേണ്ടത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ്. ദേശീയതലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ഇന്നു കോണ്‍ഗ്രസ് മാത്രമേയുള്ളൂ. ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതുശത്രു കോണ്‍ഗ്രസ് മാത്രമാണ്.

oommen-chandy-campaign-2

∙ വിഎസുമായുള്ള സോഷ്യല്‍ മീഡിയയിലെ സംവാദം ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ? അച്യുതാനന്ദനെതിരായ അങ്ങയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇരുപക്ഷത്തെയും അഭിഭാഷകര്‍പോലും വാക്കുകൊണ്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. ഇത്തരം വിവാദങ്ങള്‍ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലേക്ക് മാറിയില്ലേ?

കേസുകള്‍ സംബന്ധിച്ച ആരോപണമാണ് അതില്‍ പ്രധാനമായി വന്നത്. എനിക്കെതിരെ ഒരു കേസും ഒരു കോടതിയിലുമില്ല. ആരെങ്കിലും കൊടുത്ത പരാതിയെയും ഹര്‍ജിയെയുമൊക്കെ കേസ് എന്നാക്കി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം നോക്കിയത്. ഈ വിഷയം ഇപ്പോള്‍ കോടതിയുടെ മുമ്പാകെയുണ്ട്. എനിക്കെതിരെ ഉന്നയിച്ച ആരോപണം കോടതിയുടെ മുമ്പാകെ തെളിയിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്.

∙ ഈ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലെ മറക്കാനാകാത്ത അനുഭവം, ഈ ഭരണകാലത്ത് മനസിനെ സ്പര്‍ശിച്ച അനുഭവം?

ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ രാഹുല്‍ കൃഷ്ണന്‍ എന്ന ഏഴാം ക്ലാസുകാരന്‍ സ്റ്റേജിലേക്ക് ഓടിക്കയറിവന്ന് കെട്ടിപ്പിടിച്ച് എനിക്കൊരു മുത്തം തന്നു. മെനഞ്ചൈറ്റിസ് രോഗം വന്ന് അസ്ഥിപഞ്ജരമായി കട്ടിലില്‍ കിടന്നിരുന്ന രാഹുല്‍ ജീവിതത്തിലേക്കു തിരിച്ചുവന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച സഹായത്തിലൂടെയാണത്രേ. സംസ്ഥാനത്തിന്റെ എവിടെപ്പോയാലും ഇത്തരം അനുഭവങ്ങള്‍ എനിക്കു പുതുമയല്ല. ചിലരുടെ മുത്തം, ചിലരുടെ ആലിംഗനം, ചിലരുടെ ഷെയ്ക്ക് ഹാന്‍ഡ്, ചിലരുടെ സ്പര്‍ശം, ചിലരുടെ നോട്ടം, ചിലരുടെ കൂപ്പുകൈകള്‍... അങ്ങനെ ഒരുപാട് സ്‌നേഹസ്പര്‍ശങ്ങള്‍. ഓരോന്നും ഹൃദയസ്പര്‍ശിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് ഏറ്റവും സായുജ്യം ലഭിച്ചത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായ റിസള്‍ട്ടാണ്.

Your Rating: