Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നികേഷിനെയും ഷാജിയെയും പി.കെ. രാഗേഷ് പിടിച്ചുകെട്ടുമോ?

pk-ragesh

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ പഞ്ഞിക്കിൽ വാർഡിൽനിന്ന് കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച് കേരളത്തിന്റെയാകെ ശ്രദ്ധനേടിയ നേതാവാണ് പി.കെ. രാഗേഷ്. കണ്ണൂർ കോർപ്പറേഷനിൽ 27-27 സീറ്റുനേടി എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചപ്പോൾ വിമത സ്ഥാനാർഥിയായ രാഗേഷിന്റെ പിൻതുണയാണ് കോർപ്പറേഷൻ ഭരണം പിടിക്കാൻ എൽഡിഎഫിനെ സഹായിച്ചത്. ഇത്തവണ അഴീക്കോട് മണ്ഡലത്തിലാണ് രാഗേഷ് മത്സരിക്കുന്നത്.

കണ്ണൂർ മണ്ഡലത്തിലും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. അഴീക്കോട് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള രാഗേഷ് മത്സരിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥിയായ നികേഷ്കുമാറിനും യുഡിഎഫ് സ്ഥാനാർഥി കെ.എം. ഷാജിക്കും തലവേദനയാണ്. കോൺഗ്രസിനെതിരെ തിരിയാനും, മത്സരിക്കാനുമുള്ള കാരണങ്ങൾ മനോരമ ഓൺലൈനുമായി രാഗേഷ് പങ്കുവയ്ക്കുന്നു.

∙ കോൺഗ്രസ് നേതൃത്വവുമായി തെ‌റ്റിപിരിഞ്ഞ് വിമതനായി മത്സരിക്കാനിടയാക്കിയ സാഹചര്യം എന്തായിരുന്നു?

കണ്ണൂർ ജില്ലയിൽ കോൺഗ്രസ് നേതൃത്വത്തിലെയും യുഡിഎഫ് നേതൃത്വത്തിലെയും ചില നേതാക്കളോടൊപ്പം നിൽക്കുന്നവർക്കും അവരുടെ പെട്ടി തൂക്കുന്നവർക്കുമാണ് സ്ഥാനമാന‌ങ്ങൾ ലഭിക്കുന്നത്. അവർ പറയുന്ന ആളുകൾക്ക് മാത്രം സ്ഥാനങ്ങൾ കൊടുക്കും. അല്ലാതെ പാർട്ടിയിൽ ജനാധിപത്യപരമായ ഒരു ചർച്ചയും നടക്കുന്നില്ല. പാർട്ടിയെ ഏകാധിപത്യപരമായ ഒരു ലൈനിലേക്ക് കൊണ്ടു പോകുന്നതിനെതിരെ പ്രതിഷേധിച്ചു. ഇതേതുടർന്നാണ് പ്രശ്നങ്ങളുണ്ടായത്.

pk-ragesh-1

∙ എന്തായിരുന്നു പ്രശ്നങ്ങളുടെ തുടക്കം?

വികസനകാര്യങ്ങളിലും ജനക്ഷേമകാര്യങ്ങളിലും ചില നേതാക്കൾ സ്വീകരിച്ച നടപടികൾക്കെതിരെ ‍ഞാൻ പ്രതിഷേധിച്ചു. പയ്യാമ്പലം ശ്മശാനത്തിന്റെ ഭൂമി ഇ‌‌ടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മണ്ഡലം കമ്മറ്റി എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി ചില നേതാക്കൾ ഏകപക്ഷീയമായ നിലപാടെടുത്തു. ഞാനതിൽ പ്രതിഷേധിച്ചു. (പള്ളിക്കുന്ന് ഭരണസമിതി പിരിച്ചുവിട്ടതിലേക്കു നയിച്ചത് ജില്ലയിലെ ശക്തനായ കോൺഗ്രസ് നേതാവും രാഗേഷുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നായിരുന്നു). ബാങ്ക് വിഷയത്തിൽ ശരിയായ തീരുമാനമെടുക്കാതെ, കേരളം ഭരിക്കുന്ന യുഡിഎഫ് അതേ യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു, ഏകാധിപത്യ സ്വഭാവത്തോടെ. ചക്രവർത്തിമാർ ഭരിക്കുന്നതുപോലുള്ള നടപടികളാണ് ഉണ്ടായത്. താഴേത്തട്ടിലുള്ള ജനങ്ങളുടെ ആശങ്കകളോ അഭിപ്രായങ്ങളോ മാനിക്കാതെ നേതൃത്വം പ്രവർത്തിച്ചു. നാടൻ ചട്ടമ്പികളുടെ രീതിയാണ് നേതാക്കൾ നടപ്പിലാക്കുന്നത്. അവർക്ക് എവിടെ തിരിച്ചടിയുണ്ടാകുന്നോ അതിനെ അടിച്ചമർത്തും. അത്തരം നടപടികൾക്കെതിരെയുള്ള പോരാട്ടമാണ് ഞാൻ നടത്തുന്നത്. കണ്ണൂർ ജില്ലയിൽ നാല് മണ്ഡലങ്ങളിൽ യുഡിഎഫ് സംവിധാനം പ്രതിസന്ധി നേരിടുകയണ്. നേതാക്കൾ എടുക്കുന്ന തെറ്റായ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇവിടെ കാണുന്നത്.

∙ കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെയാണോ ആരോപണങ്ങൾ?

സുധാകരനായാലും സുരേന്ദ്രനായാലും കണക്കാണ്. ഒടുവിലത്തെ ഏറ്റവും വലിയ ഉദാഹരണം എം.ടി. സത്താറിന്റെതാണ് (കണ്ണൂർ മണ്ഡലത്തിലെ വിമത സ്‌ഥാനാർഥി). കഴി‍ഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൗൺസിലേക്ക് മത്സരിച്ച് പത്തഞ്ഞൂറ് വോട്ടുകൾ നേടിയ ആളാണ്. ആദ്ദേഹത്തെപോലെ വോട്ടു നേടാൻ കഴിവുള്ള സ്ഥാനാർഥികളെ മാറ്റി നിർത്തിയാണ് പുറത്തുനിന്ന് സ്ഥാനാർഥികളെ അടിച്ചേൽപ്പിക്കുന്നത്. അതു പ്രാദേശികമായി പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷനിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒരു പ്രയാസവുമില്ലാതെ യുഡിഎഫിന് കിട്ടുമായിരുന്ന സ്ഥാനത്ത് 27-27ൽ (യുഡിഎഫ്27, എൽഡിഎഫ് 27) വന്നുനിൽക്കാനുള്ള കാരണം ചില നേതാക്കളുടെ നടപടികളും നിലപാടുകളുമാണ്. അവരുടെ കൂടെനിൽക്കുന്നവരെ അതു മറ്റു നേതാക്കളാകണമെന്നില്ല, മണ്ണ് മാഫിയയാലും മണൽ മാഫിയയായാലും അവരെ മാത്രം ഉയർത്തികൊണ്ടുവരുന്ന സംവിധാനമാണ് കാണുന്നത്. ഇത് കോൺഗ്രസിനെയും യുഡിഎഫിനെയും താഴേയ്ക്ക് കൊണ്ടുപോകുന്ന അവസ്ഥയിലാക്കി. അതിന് മാറ്റം വരണം.

∙ പ്രശ്ന പരിഹാരത്തിനായി കോൺഗ്രസ് നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്നാണോ? മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ഇവിടെയെത്തി ചർച്ച നടത്തിയില്ലേ?

മുഖ്യമന്ത്രി ഉൾപ്പെടെ ചർച്ച നടത്തി എന്നത് ശരിയാണ്. മുഖ്യമന്ത്രി ഇങ്ങോട്ട് ചില നിർദേശങ്ങൾവച്ചു. ഞങ്ങളും. ഞങ്ങളുടെ നിർദേശങ്ങൾ അംഗീകരിച്ചു എന്നു പറഞ്ഞുപോയ മുഖ്യമന്ത്രി പിന്ീട് പറയുന്നു പ്രശ്നങ്ങൾ പരിഹരിക്കാൻ കെ. സുധാകരനും, കെ.എം. ഷാജിക്കും താത്പര്യമില്ലെന്ന്. ഞങ്ങളെപോലെ ചിലർ കോൺഗ്രസ് പാർട്ടിക്കു‌ള്ളിലുണ്ടായാൽ ഈ നേതാക്കളുടെ ഏകാധിപത്യ നിലപാടുകൾ നടക്കില്ല. അതു കൊണ്ടാണ് ഞങ്ങളെപോലുള്ളവരെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നത്.

	 pk-ragesh2

∙ അഴീക്കോട് എത്രത്തോളം ജയസാധ്യതയുണ്ട്.

മുഴുവൻ ജനങ്ങളും എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന സ്ഥിതിയാണ്. അതാണ് ഓരോ പ്രദേശത്തു പോകുമ്പോഴും ബോധ്യപ്പെടുന്നത്.

∙ സിറ്റിങ് എംഎൽഎ ഷാജിയ‌െ നികേഷ് നേരിടുമ്പോൾ രാഗേഷിന്റെ സ്ഥാനാർഥിത്വം ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കില്ലേ?

പള്ളിക്കുന്ന് പഞ്ചായത്തിലെ പഞ്ഞിക്കൽ ഡിവിഷനിൽ എൽഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തിയാണ് ഞാൻ കോർപ്പറേഷനിലേക്ക് വിജയിച്ചത്. ഈ പറഞ്ഞ രണ്ടുസ്ഥാനാർഥികളും രാഷ്ട്രീയപരമായി ശത്രുക്കളാണ്. രണ്ടുപേരെയും പരാജയപ്പെടുത്തി മുന്നോട്ടുപോകാനാണ് ഞാൻ ശ്രമിക്കുന്നത്. 

Your Rating: