Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴ ജില്ലയിൽ ബിഡിജെഎസ്- ബിജെപി സഖ്യം അക്കൗണ്ട് തുറക്കില്ല: ജി.സുധാകരൻ

G-Sudhakaran

കവിതയെഴുതുന്ന രാഷ്ട്രീയക്കാരനും രാഷ്ട്രീയത്തെ കവിതപോലെ മനോഹരമാക്കിയ ആളുമാണ് ആലപ്പുഴയിലെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. സംഘടനാ കാര്യങ്ങളിൽ ചെറിയ വിട്ടുവീഴ്ച്ചയ്ക്കുപോലും തയ്യാറാകാത്ത ക്ഷിപ്രകോപിയെന്നാണ് പ്രവർത്തകർക്കിടയിലെ സംസാരം. വിട്ടുവീഴ്ചയില്ലാത്ത സംഘടനാ പ്രവർത്തനവും എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവവും പാർട്ടിക്കുള്ളിലും പുറത്തും സുധാകരന് ഏറെ രാഷ്ട്രീയ ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, സുധാകരൻ അഴിമതിക്കാരനാണെന്ന് എതിർപക്ഷത്തുള്ളവർപോലും പറയില്ല. തിരഞ്ഞെടുപ്പിനെക്കുറിച്ച് മനോരമ ഓൺലൈനുമായി ജി. സുധാകരൻ സംസാരിക്കുന്നു.

വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് ശക്തിയുള്ള സ്ഥലമാണ് ആലപ്പുഴ. ബിഡിജെഎസ്- ബിജെപി കൂട്ടുകെട്ട് സിപിഎം സാധ്യതകളെ എങ്ങനെ ബാധിക്കും?

അവർ ആലപ്പുഴയിൽ മത്സരിക്കുന്നില്ല. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. അവരുടെ നിലപാട് എന്തെന്ന് വ്യക്തമല്ല. ബിഡിജെഎസ് ഞങ്ങളുമായി ചർച്ചയ്ക്ക് വന്നിട്ടില്ല. ഞങ്ങൾ അങ്ങോട്ട് ചർച്ചയ്ക്ക് പോയിട്ടുമില്ല. ആലപ്പുഴയിൽ അവർക്ക് സ്വാധീനമുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിന് മുൻതൂക്കമുള്ള 95 ശതമാനം പഞ്ചായത്തുകളിലും ഞങ്ങളാണ് ജയിച്ചത്. വെള്ളാപ്പള്ളിയുടെ പഞ്ചായത്തും സിപിഎമ്മാണ് പിടിച്ചത്. ജാതി മത അടിസ്ഥാനത്തിലുള്ള പ്രസ്ഥാനങ്ങൾക്ക് ഇവിടെ ഭൂരിപക്ഷം ലഭിക്കില്ല.

ബിജെപി കേരളത്തിൽ അക്കൗണ്ട് തു‌റക്കാനുള്ള സാധ്യതകളിലേക്കാണ് പല സർവ്വേകളും വിരൽചൂണ്ടുന്നത്?

ആലപ്പുഴ ജില്ലയിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. അതെനിക്ക് പറയാൻ കഴിയും. മറ്റുള്ള ജില്ലകളിലെ കാര്യം അവരാണ് പറയേണ്ടത്. സാധാരണ നിലയിൽ തുറക്കാൻ സാധ്യമല്ല. എവിടെയെങ്കിലും കോൺഗ്രസ് ദൗർബല്യം കാട്ടുകയും അതു തുറന്നുകാണിച്ച് പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിയാതെയും വന്നാൽ അവിടെ തുറക്കാം. പക്ഷേ, അങ്ങനെ ഒരു സാഹചര്യം ഉണ്ടാകില്ല.

ആലപ്പുഴ ജില്ലയുടെ കാര്യമെടുത്താൽ, വിഭാഗീയത പൂർണമായി ഒഴിവാക്കാൻ ജില്ലയിൽ പാർട്ടിക്ക് സാധിച്ചിട്ടുണ്ടോ. സ്ഥാനാർഥി നിർണയത്തെ ബാധിക്കുന്ന തരത്തിലേക്ക് അത് വീണ്ടും ഉയർന്നുവന്നില്ലേ?

പാർട്ടിയിൽ വിഭാഗീയത ഇല്ല. അതു പൂർണമായി ഇല്ലാതായി. പക്ഷേ, ക്രിമിനലൈസേഷൻ വളരെ ശക്തമായിരിക്കുകയാണ്. ഇടതുപക്ഷത്തിനകത്തും അതു വന്നിട്ടുണ്ട്. പക്ഷേ, വലതുപക്ഷവുമായി നോക്കുമ്പോൾ അതിന്റെ തോത് കുറവാണ്. ആലപ്പുഴയിൽ അതുണ്ട്. ചിലർക്ക് നേതൃത്വത്തോട് ഒരു ബഹുമാനവുമില്ല. ചില ആളുകളുണ്ട് അവരുടെ ആഗ്രഹം സാധിച്ചാൽ വലിയ കാര്യം അല്ലെങ്കിൽ അവർ അസംബന്ധങ്ങൾ പ്രചരിപ്പിക്കും. രാഷ്ട്രീയത്തിൽ നിലവാരം കുറയുന്നു, 

ധാർമ്മികത ഇല്ല. ജയിക്കാനായി എന്തും പ‌റയും. അതൊന്നും വിഭാഗീയതല്ല. ഓരോ ആളുകളുടെ ആവശ്യത്തിനനുസരിച്ച് പാർട്ടി പ്രവർത്തിക്കണമെന്നാണ് ചിന്ത. അവരെ എതിർക്കുന്നവരെ ആക്ഷേപിക്കുക. അതാണ് ചെയ്യുന്നത്. 

G.Sudhakaran

ഏതെങ്കിലും പ്രത്യേക വ്യക്തിയാണോ പാർട്ടിയിൽ ക്രിമിനലൈസേഷന് നേതൃത്വം നൽകുന്നത്?

ഒരാളല്ല, ഒരുപാട്പേരുണ്ട്. ഒരു പ്രതിഭാസമാണത്. ഒരു ചിന്താഗതിയായി, ജീവിതരീതിയായി അതു മാറിയിരിക്കുന്നു. പാർട്ടിക്ക് അത് അംഗീകരിക്കാൻ കഴിയില്ല. പാർട്ടി ശക്തമായ നിലപാടെടുക്കുന്നുണ്ട്.

പാർട്ടിയിലെ തർക്കങ്ങളിൽ പലപ്പോഴും എതിർ സ്ഥാനത്ത് തോമസ് ഐസക് ആണ്?

അതൊക്കെ മാധ്യമങ്ങൾ പറയുന്നതാണ്. പാർട്ടിക്കുള്ളിൽ എതിരാളികളില്ല. ആലപ്പുഴയിലെ ഏതു മാധ്യമമാണ് എനിക്ക് അനുകൂലമായി എഴുതുന്നത്. ആലപ്പുഴയിലെ മറ്റൊരു നേതാവിനെതിരെയും പത്ര‌ങ്ങൾ എഴുതുന്നില്ല. അവർ ഐസക്കിനെക്കുറിച്ചോ, വേണുഗോപാലിനെക്കുറിച്ചോ, രമേശ് ചെന്നിത്തലയെക്കുറിച്ചോ മോശമായി എഴുതാറുണ്ടോ.? ഇല്ല. എന്നെ ടാർഗറ്റ് ചെയ്യുകയാണ്. ഭാവിതലമുറയ്ക്കുവേണ്ടി വികസനം നടത്തിയത് ഞാന്‍ മാത്രമാണ്. പക്ഷേ, മാധ്യമങ്ങൾക്ക് നല്ല കാര്യങ്ങളൊന്നും വിഷയമല്ല.

വിഎസ് പക്ഷത്തെ വെട്ടിനിരത്താൻ മുൻനിരയിൽ നിൽക്കുന്നു എന്നാണ് മറ്റൊരാരോപണം. വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നു പറഞ്ഞ് നിസാരമായി തള്ളിക്കളാവുന്നതാണോ അത്?

നമ്മളെ എങ്ങനെ ആക്ഷേപിക്കാം എന്നാണ്. എന്തു കാര്യത്തിലാണ് വിഎസുമായി ശത്രുത എന്നു പറയുന്നില്ല. ഐസക്കും വിഎസും കഠിനമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന കാലത്തും മാധ്യമങ്ങൾ അതിനെക്കു‌‌റിച്ച് എഴുതിയിട്ടില്ല. ആലപ്പുഴയിലെ രാഷ്ട്രീയത്തിൽ എന്റെ സാന്നിധ്യം ഇഷ്ടപ്പെടാത്ത നിക്ഷിപ്ത താൽപര്യക്കാർ മാധ്യമങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. മറ്റു വിശദാംശങ്ങൾ പറയുന്നില്ല. പലർക്കും ബുദ്ധിമുട്ടുണ്ടാക്കും.

മികച്ച ഭരണാധികാരിയും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനുമാണെന്നത് ഒരു വശം. മറുവശത്ത് പെട്ടെന്നുള്ള ദേഷ്യവും തുറന്നുപറച്ചിലുമെല്ലാം ശത്രുക്കളെ സൃഷ്ടിക്കുകയല്ലേ?

ദേഷ്യപ്പെടുമെന്നൊക്കെ ചില ആളുകൾ പറഞ്ഞുപരത്തുന്നതാണ്. പക്ഷേ,  ചില സംഭവങ്ങൾ വരുമ്പോൾ ദേഷ്യം ഉണ്ടാകും. ശരിയായ സംഭവം തെറ്റാണെന്നു പറഞ്ഞാൽ ദേഷ്യം ഉണ്ടാകും. തെറ്റായ നയം.. പാർട്ടി ഉത്തരവാദിത്വം നിറവേറ്റാതിരിക്കുക ... നേതൃത്വത്തിലിരിക്കുമ്പോൾ ഞാൻ അവ ചൂണ്ടിക്കാണിച്ചിരിക്കാം. ഉത്തരവാദിത്തം നിറവേറ്റാത്തവരോട് ദേഷ്യപ്പെട്ടിരിക്കാം. ദേഷ്യപ്പെടാത്ത ആരെങ്കിലുമുണ്ടോ? വേറൊന്നും പറയാനില്ലാത്തതുകൊണ്ട് ചിലർ പറയുന്നതാണ്. 

മന്ത്രിയായിരിക്കുന്ന സന്ദർഭത്തിൽ വാക്കുകൾ നിയന്ത്രിക്കണമെന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിക്ക് പോലും നിർദേശിക്കണ്ടിവന്നു?

സംസാരം നിയന്ത്രിക്കണമെന്നല്ല പറഞ്ഞത്. ഏതോ ഒരു പ്രത്യേക കാര്യത്തിലാണ് അത് പറഞ്ഞത്. അന്ന് വാക്കുകൾ ആരെയോ വേദനിപ്പിച്ചു. അതു തിരുത്തി. പിന്നെ, ഞാൻ പാർട്ടിക്കെതിരായി എന്തെങ്കിലും പറഞ്ഞോ? ഞാൻ സംസാരിക്കുന്നതുകൊണ്ട് പാർട്ടിക്ക് ദോഷമുണ്ടായിട്ടില്ലല്ലോ ഗുണമല്ലേ?  ഞാൻ സംസാരിക്കുന്നതുകൊണ്ട് പാർട്ടിക്ക് ദോഷമുണ്ടാകില്ല, ചില ആളുകൾക്ക് ദോഷമുണ്ടാകും. അതു ചിലപ്പോൾ ഇടതുപക്ഷത്തുള്ള സുഹൃത്തുക്കളായിരിക്കും. സ്വാഭാവികമായി ഇടതുപക്ഷത്തുള്ളവരെ ബുദ്ധിമുട്ടിക്കാൻ പാടില്ല. ശരിയാണ്. അത് അംഗീകരിക്കുന്നു.

മദ്യനയം

പാർട്ടി നയമാണ് എന്റെ നയം. മദ്യനിരോധനം പ്രയോഗികമല്ല. ബോധവൽക്കരണം വേണം. ഞാൻ മദ്യപിക്കാറില്ല. ഗന്ധം ഇഷ്ടമല്ല.  ആത്മശക്തിയില്ലാത്തവരാണ് മദ്യപിക്കുന്നത്. മദ്യപാനം കഴിവല്ല,കഴിവുകേടാണ്.

വിഎസും പിണറായിയും മത്സരിക്കുന്നത് അണികൾക്കും ജനങ്ങൾക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടോ?

ജനങ്ങൾക്ക് സന്തോഷമാണ്. തിരഞ്ഞെടുപ്പ് ശക്തമാകും

തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ കവിതയെഴുത്തിന് സമയംകിട്ടുന്നുണ്ടോ?

ഞാനിപ്പോൾ രണ്ടുകവിതയെഴുതി. ഒരു വിഷുക്കവിത. സ്ഥാപനങ്ങൾ ഇങ്ങോട്ട് ആവശ്യപ്പെടാതെ എഴുതാറില്ല. പ്രത്യേക സമയമില്ല കവിതയെഴുതാൻ. കാറിലിരുന്നും എഴുതാറുണ്ട്. ചില വിദ്വാൻമാർ കത്തെഴുതുന്നുണ്ട്, സർ കവിതയെഴുത്തു നിർത്തണം, രാഷ്ട്രീയ പ്രവർത്തനം മതി. അപ്പോ എനിക്ക് മനസിലായി ഇവർ കവിത വായിക്കുന്ന ആളുകളല്ല. കവിതയ്ക്കുവേണ്ടി പറയുന്നതല്ല വേറെ ആഗ്രഹിച്ച് പറയുന്നതാണ്.

മണ്ഡലത്തിലെ സാധ്യതകൾ?

2006ൽ എനിക്ക് 12000 വോട്ട് കിട്ടി. 2011ൽ 17000. എല്ലാ വിഭാഗം ജനങ്ങളും എനിക്ക് വോട്ടു ചെയ്തു. 10 വർഷം 1500 കോടി വികസനം. 900 കോടി മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴയിൽനിന്ന് വണ്ടാനത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനായി ചിലവഴിച്ചു. സ്ഥലമില്ലാതെ ശ്വാസം മുട്ടുകയായിരുന്നു ആശുപത്രി. കേപ്പിന്റെ സ്ഥലം വ്യവസായ വകുപ്പിൽനിന്ന് ഏറ്റെടുത്തു. എഞ്ചീനീയറിങ് കോളജ്, ഫിനിഷിങ് കോളജ് സ്ഥാപിച്ചു. ഏഴു പാലങ്ങൾ നിർമ്മിച്ചു.

തലമുറകളോളം നിലനിൽക്കുന്ന വികസനം സാധിച്ചു. സുനാമി ഫണ്ടിൽ 3000 വീട്. തീരദേശ റോഡുകൾ നിർമ്മിച്ചു. വികസനത്തെ തുറന്ന മനസോടെ സ്വീകരിക്കാനുള്ള മനസ് ജനത്തിനുണ്ട്. ആർക്കും ഒരു ആരോപണവും ഉന്നയിക്കാൻ അവസരം കൊടുത്തിട്ടില്ല. ആ നിലയിൽ ഭൂരിപക്ഷം വർധിക്കും.

Advertisement

Your Rating: