Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചുവരുന്ന കാര്യം പിസിക്ക് തീരുമാനിക്കാം; നല്ല മനസോടെ ആരു വന്നാലും സ്വീകരിക്കും: മാണി

K.M. Mani

മാണിയെന്നാൽ പാലായാണ്, പാലാ എന്നാൽ കെ.എം. മാണിയും. 1965ൽ പാലായിൽനിന്ന് നിയമസഭയിലേക്ക് ആദ്യജയം. 51 വർഷം തുടർച്ചയായി ഒരു മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1975ൽ ആദ്യമായി മന്ത്രി. പല തവണയായി 20വർഷം നിയമമന്ത്രി. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച മന്ത്രിയും മാണിയാണ്. എന്നാൽ, ബാർക്കോഴ ആരോപണത്തിൽ കോടതി പരാമർശം ഉണ്ടായതിനെത്തുടർന്ന് രാജിവച്ചു. പതിമൂന്നാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന മാണി തിരഞ്ഞെടുപ്പ് വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് എത്രത്തോളം സാധ്യതയുണ്ട്?

നല്ല ഭൂരിപക്ഷം ലഭിക്കും. കംഫർട്ടബിൾ മജോരിറ്റി. യുഡിഎഫിന് ഇത്തവണ പ്രത്യാശയുണ്ട്. ഭരണവിരുദ്ധ വികാരം ഇല്ല.

സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. അതെല്ലാം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലേ?

കഴമ്പുള്ള ആരോപണങ്ങളും അല്ലാത്തതും ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. കഴമ്പില്ലാത്ത ആരോപണങ്ങളെപ്പറ്റി പറഞ്ഞിട്ട് കാര്യമുണ്ടോ? ബാർകോഴ ആരോപണത്തിൽ കാര്യമില്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണത്. ഒരു ബാർ നിർത്തിയാൽ അത്രയും നല്ലതെന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. മന്ത്രിസഭായോഗം ചേർന്ന് 418 ബാറുകൾ നിർത്തി. സർക്കാരിന്റെ കൂട്ടായ തീരുമാനമായിരുന്നു അത്. എന്നാൽ, ഞാനാണ് ആ തീരുമാനത്തിന് പ്രേരണയായതെന്ന തോന്നൽ ബാറുടമകൾക്കുണ്ടായി. ബാറുടമയായ ബിജു രമേശിന് എട്ടു ബാറുകളുണ്ട്. അവിടെ കച്ചവടം നഷ്ടമായി. എന്നോട് വിരോധമായി, പലയിടത്തും പലതും വിളിച്ചുപറഞ്ഞു. എന്നെ വ്യക്തിഹത്യ നടത്തുന്നതിനുവേണ്ടി മനപൂർവ്വം ദുരാരോപണങ്ങൾ ഉന്നയിച്ചു. അതൊക്കെ ജനങ്ങൾക്കറിയാം. എന്നെ‌ അറിയാവുന്ന ജനങ്ങൾ അതെല്ലാം തള്ളിക്കളഞ്ഞല്ലോ

രണ്ടു മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടിവന്നത് സർക്കാരിന് തിരിച്ചടിയല്ലേ?

ആരാ രണ്ടുപേർ. ഞാൻ പ്രശ്നത്തിലില്ലല്ലോ. കോടതി പറഞ്ഞതെന്താ, മാണി അധികാരത്തിലിരുന്നാൽ സ്വതന്ത്രമായ കേസ് അന്വേഷണം നടക്കുമോ ഇല്ലയോ എന്ന് മനസാക്ഷിയോട് ചോദിക്കണമെന്ന്. കോടതിയല്ല രാജിവയ്ക്കാൻ പറഞ്ഞത്. ഞാൻ സ്വന്തം നിലയ്ക്കാണ് രാജിവച്ചത്. രണ്ടു പ്രാവശ്യം അന്വേഷണം ന‌ടന്നല്ലോ. ഒന്നുമില്ലെന്നാണ് റിപ്പോർട്ടു കൊടുത്തിരിക്കുന്നത്. അതിൽ ഇനി കോടതി തീരുമാനമെടുക്കണം.

K.M. Mani

മന്ത്രി ബാബു രാജിവച്ചെങ്കിലും പിന്നീട് തിരിച്ചുവന്നു. രാജി ഒഴിവാക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?

ഉന്നതമായ ജനാധിപത്യമൂല്യം ഉയർത്തിപ്പിടിച്ചാണ് ഞാൻ രാജിവച്ചത്. രാജിവയ്ക്കണ്ടായിരുന്നു എന്നു തോന്നിയിട്ടില്ല

മുന്നണിയിൽനിന്നുള്ള പിന്തുണ ആവശ്യത്തിനു ലഭിച്ചിട്ടുണ്ടോ?

മുന്നണിയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ ഞാനില്ല.

മുന്നണിയിൽ കുഞ്ഞാലികുട്ടിയെ മാത്രമേ വിശ്വസിക്കാൻ കൊള്ളൂയെന്ന് അങ്ങുതന്നെ ഒരിക്കൽ പറഞ്ഞു?

അത് ആ അവസരത്തിൽ പറഞ്ഞതല്ല. പിന്നെ, കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്ന് പറഞ്ഞില്ലല്ലോ, നമ്പാൻ കൊള്ളാവുന്ന ആളാണെന്നല്ലേ പറഞ്ഞത്. പിന്തുണ കിട്ടിയില്ല എന്ന പരാതി എനിക്കില്ല.

വ്യക്തിപരമായി നിരവധി ആരോപണങ്ങളുണ്ടായി? ആ കാലഘട്ടത്തെ എങ്ങനെ അതിജീവിച്ചു?

ഞാൻ ധൈര്യമായി നിന്നു. എനിക്ക് കൂസലൊന്നുമില്ല അക്കാര്യത്തിൽ. അപകർഷതാ ബോധവുമില്ല. കുറ്റബോധവുമില്ല. കാരണം ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ

∙ **കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും എതിർ സ്ഥാനാർഥി മാണി സി. കാപ്പൻ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. ഇത്തവണ വിജയ സാധ്യത എത്രത്തോളമുണ്ട്?**

നല്ല സാധ്യതയുണ്ട്. ജയിക്കും. ജനങ്ങൾക്ക് താൽപര്യമുണ്ട്. പിന്നെ മത്സരം എപ്പോഴും നല്ലതല്ലേ. തിരഞ്ഞെടുപ്പാകുമ്പോൾ മത്സരം വേണമല്ലോ

ഈ തിരഞ്ഞെടുപ്പിൽ പാലായിലെ വിജയ സാധ്യത കൂട്ടുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

വികസനം, ജനക്ഷേമം, കർഷക രക്ഷയ്ക്കായി ചെയ്ത കാര്യങ്ങൾ. റബ്ബർ കർഷകർക്കായി ചെയ്തകാര്യങ്ങൾ.

കേരളകോൺഗ്രസ് എമ്മിൽനിന്ന് ഒരുവിഭാഗം (ഫ്രാൻസിസ് ജോർജ്, ആന്റണി രാജു) തിരഞ്ഞെടുപ്പിന് മുൻപ് വിട്ടുപോയി. അത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കില്ലേ?

പാർട്ടിയിൽനിന്ന് രാജിവച്ചു പോയി കഴി‍ഞ്ഞാൽ പിന്നെ എന്തു കാര്യം. അവരെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നതും വളർത്തിയതും പാർട്ടിയല്ലേ. ആ പാർട്ടിയെ പിന്നിൽനിന്നും മുന്നിൽനിന്നും കുത്തി ക്രൂരമായി മുറിവേൽപ്പിച്ചാണ് അവർ പുറത്തുപോയത്. പാർട്ടിയോട് സ്നേഹമുള്ള ആരും അവരോട് കൂടില്ല. പിന്നെ, ആരുടെകൂടെയും കുറച്ചുപേരുണ്ടാകും. അത്രതന്നെ.

K.M. Mani

കേരള കോൺഗ്രസ് പാർട്ടികളുടെ ലയനത്തിന് ഇനി സാധ്യതയുണ്ടോ?

ലയനത്തിന്റെ കാര്യമൊന്നുമില്ലല്ലോ. കേരള കോൺഗ്രസ് ഇപ്പോൾ ശക്തമാണ്. ഇവിടെ (കേരള കോൺഗ്രസ് എം) കുഴപ്പമൊന്നുമില്ല. ബാക്കിയൊക്കെ പാർട്ടി എന്നു പറയാനുണ്ടോ. ഏതെങ്കിലും വ്യക്തികൾപോയി പാർട്ടിയുണ്ടാക്കി. അഞ്ചോ എട്ടോപേർ കാണും

സി.എഫ്. തോമസ് (ചങ്ങനാശേരിയിലെ പാർട്ടി സ്ഥാനാർഥി) പറഞ്ഞത് ഇനി മത്സരത്തിനില്ലെന്നാണ്. അങ്ങനെ ഒരു അഭിപ്രായം അങ്ങേയ്ക്കുണ്ടോ?

അങ്ങനെ മുന്നേപറയേണ്ട കാര്യമില്ല. അതൊക്കെ ദൈവം നിശ്ചയിക്കുന്നതല്ലേ. പാലായിലെ ജനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം ഞാൻ മത്സരിക്കും. ജനങ്ങൾക്ക് അനിഷ്ടമുണ്ടായാൽ ഞാൻ പെട്ടി മടക്കും. പിന്നെ മത്സരിക്കില്ല.

പി.സി. ജോർജുമായി പാലാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ധാരണയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്?

എന്നെ പി.സി. ജോർജ് സഹായിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. അല്ലെങ്കിലും പി.സി. ജോർജിന്റെ സഹായത്തോടെയല്ലല്ലോ ഞാൻ വർഷങ്ങളായി വിജയിക്കുന്നത്. പിസിയുടെ സഹായമില്ലെങ്കിലും ജയിക്കും. പിന്നെ സഹായിക്കുമെങ്കിൽ നല്ലകാര്യം (ചിരിക്കുന്നു).

വിട്ടുപോയവർ തിരിച്ചുവന്നാൽ സ്വീകരിക്കുമോ?

പാർട്ടിയിലേക്ക് തിരിച്ചുവരുന്ന കാര്യം പി.സിക്ക് തീരുമാനിക്കാം. മാനസാന്തരപ്പെട്ട് നല്ല മനസോടെ ആരു വന്നാലും സ്വീകരിക്കും

ആദ്യത്തെ തിരഞ്ഞെടുപ്പ്

ആദ്യ തിരഞ്ഞെടുപ്പ് 1965ലായിരുന്നു. അന്ന് നല്ല എളുപ്പമായിരുന്നു. സമുദായ നേതാക്കളൊക്കെ കേരള കോൺഗ്രസിനൊപ്പമായിരുന്നു. കോട്ടയം തിരുനക്കര മൈതാനിയിൽ ഒരു ലക്ഷം പേർ പങ്കെടുത്ത യോഗത്തിൽ എൻഎസ്എസ് നേതാവ് മന്നത്ത് പത്ഭനാഭൻ തിരികൊളുത്തി കേരള കോൺഗ്രസ് പാർട്ടി ജനിച്ചു. മന്നത്തിന്റെ പിന്തുണയോടെ പാർട്ടി ഉണ്ടായത് വലിയ കാര്യമാണ്. എല്ലാ സമുദായത്തിന്റെയും പിന്തുണ അന്നത്തെ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു.

Your Rating: