Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയെ ജനം തീരുമാനിക്കട്ടെ: സീതാറാം യച്ചൂരി

sitaram

തിരഞ്ഞെടുപ്പായപ്പോൾ താൻ ഉദ്ദേശിച്ചിടത്ത് തൽക്കാലത്തേക്കെങ്കിലും കേരളത്തിലെ പാർട്ടിയെ കെട്ടാനായി എന്ന സന്തോഷത്തിലായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എന്നാൽ, ടിക്കറ്റ് മോഹികൾ പല ജില്ലകളിലും പ്രശ്‌നമുണ്ടാക്കുന്നതായുള്ള റിപ്പോർട്ടുകൾ അലോസരപ്പെടുത്തി. അഭിമുഖം തുടങ്ങിയപ്പോഴും അതിനിടയിലും ശേഷവും തടസ്സമുണ്ടാക്കിയത് ഫോണിൽ വന്നുകൊണ്ടിരുന്ന സന്ദേശങ്ങളാണ്. മിക്കതും കേരളത്തിൽനിന്നാണ്, സ്‌ഥാനാർഥികളെച്ചൊല്ലിയുള്ള പോസ്‌റ്ററുകളും പ്രകടനങ്ങളുമായിരുന്നു മിക്കതിലും വിഷയം. തടസ്സങ്ങൾക്കിടയിലും അദ്ദേഹം ദീർഘമായി സംസാരിച്ചു.

താങ്കൾ ജനറൽ സെക്രട്ടറിപദമേറ്റിട്ട് 11 മാസമായി. രാഷ്‌ട്രീയമായും സംഘടനാപരമായും നേരിടുന്ന വെല്ലുവിളികൾ?

വർഗീയ വേർതിരിവ് രാജ്യത്തെ ഐക്യം തകർക്കുക മാത്രമല്ല, ന്യൂനപക്ഷങ്ങളെ അരക്ഷിത സ്‌ഥിതിയിലേക്കു തള്ളുകയും ചെയ്യുന്നു. വർഗീയ വേർതിരിവ് മെച്ചപ്പെട്ട ജീവിതത്തിനായി കഷ്‌ടപ്പെടുന്ന ലക്ഷക്കണക്കായ മനുഷ്യരുടെ ഐക്യവും തകർക്കുന്നു. കഷ്‌ടപ്പെടുന്ന, ദുരിതമനുഭവിക്കുന്ന വർഗങ്ങളുടെ ഐക്യമാണ് സിപിഎമ്മിന്റെ നട്ടെല്ല്. അപ്പോൾ, വർഗീയ വേർതിരിവിനെ പരാജയപ്പെടുത്താതെ രാജ്യത്ത് വിപ്ലവകരമായ മാറ്റമുണ്ടാവില്ല. അതാണ് രാജ്യത്തിന്റെയും പാർട്ടിയുടെയും മുന്നിലുള്ള വെല്ലുവിളി.

പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുള്ള നടപടികളുണ്ട് – ഇടത് ഐക്യവും അതിലൂടെ ഇടത് ജനാധിപത്യ കൂട്ടായ്‌മയും ശക്‌തിപ്പെടുത്തുക. അതിന് വലിയ തോതിൽ ജനകീയ സമരങ്ങൾ വേണം. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്‌ഥാനങ്ങളിലുൾപ്പെടെ നടക്കുന്നത്. കഴിഞ്ഞ 11 മാസങ്ങൾക്കുള്ളിൽ പിന്നിട്ട പ്രധാന നാഴികക്കല്ലുകളിലൊന്ന്, സംഘടനാ പ്ലീനം വിജയകരമായി നടത്താൻ സാധിച്ചുവെന്നതാണ്.

ഉൾപാർട്ടി തീരുമാനങ്ങളുടെ കാര്യത്തിൽ എന്തു മാറ്റങ്ങൾ സാധ്യമായി?

തീരുമാനങ്ങളെടുക്കുന്നതിന് പാർട്ടിക്ക് വ്യക്‌തമായി നിർവചിച്ചിട്ടുള്ള രീതികളുണ്ട്. സംഘടനാ തത്വങ്ങൾ ശക്‌തിപ്പെടുത്തുക പ്രധാനമാണ് – കൂട്ടായ പ്രവർത്തനം, ഒറ്റയ്‌ക്കുള്ള ഉത്തരവാദിത്തങ്ങൾ. അതിനുള്ള പ്രക്രിയ മുന്നോട്ടുപോകുന്നു.

അതാണു വാസ്‌തവമെങ്കിൽ, പിബിയിലും സംസ്‌ഥാന സെക്രട്ടേറിയറ്റിലും സംസ്‌ഥാന കമ്മിറ്റിയിലും ഭൂരിപക്ഷ പിന്തുണയില്ലാഞ്ഞിട്ടും വി.എസ്.അച്യുതാനന്ദനു ടിക്കറ്റ് നൽകുകയെന്ന തീരുമാനം താങ്കൾ എങ്ങനെ സാധിച്ചെടുത്തു?

ഞാൻ പറഞ്ഞു, കൂട്ടായ പ്രവർത്തനമാണ് പാർട്ടിയുടെ ശക്‌തി. ഉൾപാർട്ടി ജനാധിപത്യമാണു പാർട്ടിയുടെ ശക്‌തി. അക്കാര്യത്തിൽ വിട്ടുവീഴ്‌ചയില്ല. അതിന്റെ ഫലമാണു കേരളത്തിൽ കാണുന്നത്.

കമ്മിറ്റികളിൽ നാലിലൊന്നു പേരുടെപോലും പിന്തുണയില്ലാതെ വിഎസിനു ടിക്കറ്റ് നൽകാൻ തീരുമാനിച്ചു. താങ്കൾ (ഇല്ലാത്ത) വീറ്റോ അധികാരം പ്രയോഗിച്ചോ?

വിഎസ് മൽസരിക്കണമെന്നതു പിബിയുടെ തീരുമാനമാണ്. എന്റെ തീരുമാനമല്ല. ഞങ്ങളുടെ പാർട്ടിയിൽ വീറ്റോ അധികാരത്തിന്റെ രീതിയില്ല. ആദ്യ റൗണ്ടിലെ സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഞാൻ പങ്കെടുത്തു. അവർക്കു പറയാനുള്ളതു കേട്ടു, പിബിയിലേക്കു മടങ്ങിവന്നു, ചർച്ച ചെയ്‌തു, സെക്രട്ടേറിയറ്റിലേക്കു വീണ്ടും ചെന്നു, നിലപാടു പറഞ്ഞു. അവർ ചർച്ച ചെയ്‌ത് അംഗീകരിച്ചു. പിന്നാലെ സംസ്‌ഥാന കമ്മിറ്റിയും അംഗീകരിച്ചു. അല്ലാതെ, ഭൂരിപക്ഷമില്ലാത്ത തീരുമാനമെന്നതൊക്കെ കേരളത്തിലെ ഫലസമൃദ്ധമായ മാധ്യമഭാവനകളുടെ ഭാഗമാണ്.

തീരുമാനം എളുപ്പമായിരുന്നുവോ?

കമ്യൂണിസ്‌റ്റ് പാർട്ടിയിലെ തീരുമാനങ്ങളെ എളുപ്പം, പ്രയാസമുള്ളത് എന്നൊക്കെ വേർതിരിക്കാനാവില്ല. തീരുമാനമെടുക്കാനുള്ള പാർട്ടി രീതി കർശനമായി പാലിച്ചു.

ആരാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക? പാർട്ടിയാണെന്ന മറുപടി പഴയതാണ്. ഇഎംഎസ് നയിച്ചകാര്യം ഓർമിക്കേണ്ടതുമുണ്ട്.

പാർട്ടി സെക്രട്ടേറിയറ്റും സംസ്‌ഥാന കമ്മിറ്റിയും എൽഡിഎഫും ചേർന്നാണ് നയിക്കുന്നത്. 1987ൽ, മൽസരിക്കാതെ ഇഎംഎസ് നയിച്ചു. അന്നദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറിയാണ്. ജനറൽ സെക്രട്ടറി നയിച്ചു. ജനറൽ സെക്രട്ടറിയെന്നതു മാത്രമല്ല, കേരളത്തിൽ ഇഎംഎസ് ഇഎംഎസാണ്.

അപ്പോൾ വ്യക്‌തികളാരും നയിക്കുന്നില്ല. മുഖ്യമന്ത്രിസ്‌ഥാനാർഥിയുമില്ലേ?

മുഖ്യമന്ത്രിസ്‌ഥാനാർഥിയെ മുന്നോട്ടുവയ്‌ക്കുന്ന രീതി ഞങ്ങൾക്കില്ല. അതിനു പ്രധാന കാരണമിതാണ്: ആദ്യം ജനം അവർക്കു താൽപര്യമുള്ളവരെ തിരഞ്ഞെടുക്കണം. ജയിച്ച് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ – അപ്പോൾ മാത്രമാണ് ആരു സർക്കാരിനെ നയിക്കുമെന്ന വിഷയം വരുന്നത്. ജനങ്ങളുടെ പരമാധികാരമെന്നത് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ കേന്ദ്രസ്‌ഥാനത്തുള്ള സംഗതിയാണ്. ജനം ആ പരമാധികാരം പ്രയോഗിച്ചശേഷമേ മറ്റു തീരുമാനത്തിനു പ്രസക്‌തിയുള്ളൂ. ആദ്യം ജനം തീരുമാനിക്കട്ടെ.

പിണറായി വിജയൻ നവ കേരള മാർച്ച് നയിക്കട്ടെയെന്നും പഠന കോൺഗ്രസിൽ അജൻഡ അവതരിപ്പിക്കട്ടെയെന്നുമൊക്കെ തീരുമാനിച്ചപ്പോൾ അദ്ദേഹമാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന പ്രതീതി സൃഷ്‌ടിക്കപ്പെട്ടല്ലോ?

ജാഥയ്‌ക്ക് തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. ജാഥയെന്നതു പാർട്ടിയുടെ ഒരു പരിപാടിയാണ്. ഇടയ്‌ക്കിടെ ഞങ്ങൾ ഇത്തരം ജാഥകൾ നടത്തിയിട്ടുണ്ട്. 2011ലും ജാഥ നയിച്ചത് പിണറായിയായിരുന്നു. അന്നദ്ദേഹം സ്‌ഥാനാർഥിയല്ലായിരുന്നു. ജാഥ പാർട്ടിയുടെ പരിപാടി മാത്രമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിനു ശേഷമാണ്. പഠന കോൺഗ്രസിലെ കാര്യമെടുത്താൽ – പാർട്ടി തീരുമാനിക്കുന്ന ആർക്കും പാർട്ടിയുടെ നിലപാടു പറയാം. നിങ്ങൾ പറയുന്ന പ്രതീതിയെന്നത് മാധ്യമങ്ങൾ സൃഷ്‌ടിക്കുന്നതാണ്. മാധ്യമങ്ങളുടെ ഊഹമാണ്.

മാധ്യമങ്ങളുടെ മാത്രം ഊഹം? വ്യക്‌തികൾക്കതിൽ പങ്കില്ലേ?

ഏതു വ്യക്‌തിക്കും ഏതു മാധ്യമപ്രവർത്തകനും തങ്ങളുടേതായ അനുമാനങ്ങൾക്കും ഊഹങ്ങൾക്കും അവകാശമുണ്ട്. ഉചിതമായ സമയത്ത്, ശരിയായ തീരുമാനം പാർട്ടിയെടുക്കും.

പുതിയ രീതിയാണ് – പിബിയിൽ മുൻ ജനറൽ സെക്രട്ടറി സന്നിഹിതനാണ്; കേരളത്തിലെയും ബംഗാളിലെയും പാർട്ടി സെക്രട്ടേറിയറ്റിൽ മുൻ സെക്രട്ടറിമാരുണ്ട്. അവരുടെ സാന്നിധ്യത്തിന്റെ നിഴലിൽ തീരുമാനങ്ങളുണ്ടാവുന്നതിനെക്കുറിച്ച്?

ആര് എന്തൊക്കെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നതു കൂട്ടായ തീരുമാനമാണ്. അതിന് കാലങ്ങളായി പ്രയോഗിക്കുന്ന വ്യക്‌തമായ സംഘടനാ തത്വങ്ങളുണ്ട്. അവ ഞങ്ങൾ കർശനമായി പാലിക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ പാർട്ടിയാണോ നിയമസഭാകക്ഷിയാണോ തീരുമാനിക്കുക?

സർക്കാരുണ്ടാക്കേണ്ട സാഹചര്യമുണ്ടായാൽ, പാർട്ടി അതിന്റെ അഭിപ്രായവുമായി നിയമസഭാകക്ഷിയിലേക്കു പോകും. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ നിയമസഭാ കക്ഷിയാണ് തീരുമാനമെടുക്കുക, അതിന്റെ അടിസ്‌ഥാനത്തിലാണ് ഗവർണറുടെ മുന്നിൽ അവകാശവാദമുന്നയിക്കുക. പാർട്ടിക്ക് അഭിപ്രായമുണ്ടാവും, അതു തള്ളാനും കൊള്ളാനും നിയമസഭാകക്ഷിക്കു സാധിക്കും.

മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന പാർട്ടികൾ ജനങ്ങളുടെ പരമാധികാരത്തെ തള്ളിക്കളയുകയാണു ചെയ്യുന്നത്. ഭാവി മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുന്നു, അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനം അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നില്ല. അപ്പോൾ ഒരു ചോദ്യചിഹ്‌നമാണുണ്ടാവുക.

വിഎസും പാർട്ടിയും ജയിച്ചാൽ വിഎസിന് എന്തു പദവിയെന്നതിനെക്കുറിച്ചു താങ്കൾ എന്തൊക്കെയോ ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്?

എന്തൊക്കെ പറഞ്ഞിട്ടുണ്ടോ, അതൊക്കെ സംസ്‌ഥാന കമ്മിറ്റിയിൽവച്ചാണു പറഞ്ഞത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. ഇതു വിഎസിന്റെ സാന്നിധ്യത്തിലാണു പറഞ്ഞത്.

പിണറായിക്ക് എന്തെങ്കിലും ഉറപ്പു നൽകിയിട്ടുണ്ടോ?

നേരത്തേ ഞാൻ പറഞ്ഞില്ലേ, എനിക്കിപ്പോൾ പറയാവുന്നതിതാണ്: ഭാവിയിലെ സർക്കാർ രൂപീകരണത്തെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും തിരഞ്ഞെടുപ്പിനുശേഷമെന്നതാണ് പിബിയുടെ തീരുമാനം. ആദ്യം ജനം അവരുടെ പരമാധികാരം വിനിയോഗിക്കട്ടെ. ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാവും.

ലാവ്‌ലിൻ കേസ് വീണ്ടും ഉന്നയിക്കപ്പെട്ടു. ഇപ്പോൾ കോടതിയാണ് കേസ് മാറ്റിവച്ചിരിക്കുന്നത്.

തുടർച്ചയായി ഈ വിഷയം അജൻഡയിലേക്കു കൊണ്ടുവന്ന് ഞങ്ങൾക്കെതിരെ ജനപിന്തുണ തേടാനുള്ള ശ്രമമുള്ളതാണ്. കേസിനെ ഞങ്ങൾ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നു ഞങ്ങൾ പറഞ്ഞിട്ടുമുണ്ട്. അതിൽ ഞങ്ങൾ വിജയിക്കുമെന്നു ഞങ്ങൾക്കുറപ്പുണ്ട്.

പാർട്ടിയിലെ ഐക്യത്തിന് ഊന്നൽ നൽകി, 93 വയസ്സുള്ളയാൾക്ക് സീറ്റുനൽകുമ്പോൾ സംസ്‌ഥാനത്തെ യുവജനങ്ങളുടെ ആഗ്രഹങ്ങൾക്ക്, സംസ്‌ഥാനത്തിന്റെ വികസന താൽപര്യങ്ങൾക്ക് എന്തു വിലയാണു കൽപിക്കുന്നത്?

രാജ്യത്ത് ബദൽ വികസന നയം മുന്നോട്ടുവയ്‌ക്കുന്നത് സിപിഎം മാത്രമാണ്. പഠന കോൺഗ്രസിൽ അതു വിശദീകരിച്ചിരുന്നു. യുവജനങ്ങൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ ഒക്കെ നൽകാൻ സാധിക്കുന്ന നയം. സ്‌ത്രീകളുടെയും ദലിതരുടെയും സാമൂഹികമായി പിന്നാക്കമുള്ളവരുടെയും ശാക്‌തീകരണവും ന്യൂനപക്ഷ താൽപര്യങ്ങളുടെ സംരക്ഷണവും അതിലൂടെ സാധ്യമാവും. ഈ സമഗ്രമായ കാഴ്‌ചപ്പാട് മെച്ചപ്പെട്ട കേരളവും മെച്ചപ്പെട്ട ഇന്ത്യയും സൃഷ്‌ടിക്കാനുള്ളതാണ്. വിഭവങ്ങൾ ധാരാളമുള്ള രാജ്യമാണു നമ്മുടേത്. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്ന, ദരിദ്രരെ വീണ്ടും ദരിദ്രരാക്കുന്ന നയമാണു മാറേണ്ടത്. അതിനുള്ള അജൻഡയാണു ഞങ്ങൾ മുന്നോട്ടുവയ്‌ക്കുന്നത്. അത്തരം നയങ്ങളാണ് യുവജനങ്ങൾ കണക്കിലെടുക്കുന്നത്, സ്‌ഥാനാർഥിയുടെ പ്രായം മാത്രമല്ല. വിഎസിന് ചെറുപ്പക്കാർക്കിടയിൽ, കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള അപാരമായ പിന്തുണയും നമ്മൾ പരിഗണിക്കണം.

ഐക്യത്തോടെ, നേരിട്ടു ജനങ്ങളിലേക്ക് – പലപ്പോഴായി ഇതാണ് താങ്കൾ കേരളത്തിലെ പാർട്ടിയോടു പറയുന്നത്.

ഒറ്റക്കെട്ടായി നിന്നാൽ ജനം വേണ്ടരീതിയിൽ പ്രതികരിക്കും. പാർട്ടിയിലും എൽഡിഎഫിലുമുണ്ടാവുന്ന ഐക്യം ജനത്തിന് ആത്മവിശ്വാസം നൽകും. ഇത് ഫലം നൽകുന്ന കൂട്ടായ്‌മയാണെന്ന് അവർ കരുതും. അത് തിരഞ്ഞെടുപ്പിൽ സുപ്രധാനമാണ്. 2006ലെയും 2011ലെയും ചില കാര്യങ്ങൾ ആവർത്തിക്കപ്പെട്ടില്ലെന്നത് മാറുന്ന യാഥാർഥ്യങ്ങളാണു വ്യക്‌തമാക്കുന്നത്. ഈ മാറ്റം നല്ലതിനാണ്.

കണ്ണൂർ പാർട്ടിയെന്ന വിശേഷണത്തിനെന്തു മാറ്റം?

പിബിയും സംസ്‌ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയുമൊക്കെ തീരുമാനിക്കുന്ന രീതിയിൽ പാർട്ടി നീങ്ങുമ്പോൾ അത്തരം പ്രതീതികൾ – അതിൽ ചിലതൊക്കെ മനഃപൂർവം സൃഷ്‌ടിച്ചിട്ടുള്ളതാണ് – അതൊക്കെ താനെ പരിഹരിക്കപ്പെടും, മാറ്റപ്പെടും.

സ്‌ഥാനാർഥിയാകാൻ ബൂർഷ്വാ പാർട്ടികളിലുള്ളതിനേക്കാൾ ഉന്തും തള്ളുമാണ് ഇപ്പോൾ കേരളത്തിലെ പാർട്ടിയിൽ കാണുന്നത്. സ്‌ഥാനാർഥിയെ അനുകൂലിച്ചും എതിർത്തും പോസ്‌റ്ററുകളും പ്രകടനങ്ങളുംവരെയായി.

വളരെ ചലനാത്മകമായ ഉൾപാർട്ടി ജനാധിപത്യമുള്ളതാണ് സിപിഎം. ഉചിതമായ തീരുമാനങ്ങളാണ് ഉചിത സമയത്ത് പാർട്ടിയെടുക്കുന്നത്. പാർട്ടിയുടെ കൂട്ടായ തീരുമാനമാണു നടപ്പാക്കുക. ഏതു സാഹചര്യത്തെയും നേരിടാൻ കേരളത്തിലെ സെക്രട്ടേറിയറ്റിനും കമ്മിറ്റിക്കും കരുത്തുണ്ട്. അവരതു ചെയ്യുന്നുമുണ്ട്.

എൽഡിഎഫിൽനിന്നു പോയവർ ചിലരൊക്കെ മടങ്ങിവരുന്നു. ആർക്കും ഏതു സമയവും വരാനും മടങ്ങിവരാനും അവസരമുണ്ടെന്നത് മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കില്ലേ? പാർലമെന്റ് തിരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും സ്വതന്ത്രർക്ക് കാര്യമായ പരിഗണനയുണ്ട്.

പോയവർ മടങ്ങിവരികയാണ്. അവരെയാണ് ഞങ്ങളെയല്ല ജനം വിലയിരുത്തുക. ഇതൊന്നും കേരളത്തിൽ പുതുമയുള്ളതല്ല. കൂട്ടായി തീരുമാനിക്കേണ്ടത് എൽഡിഎഫാണ്. സ്വതന്ത്ര സ്‌ഥാനാർഥികളെന്നത് എൽഡിഎഫിലും യുഡിഎഫിലുമുള്ള രീതിയാണ്. അത് കേരളത്തിലെ ജനം അംഗീകരിക്കുന്നതുമാണ്. അതു കേഡറിന്റെ മനോവീര്യത്തെ ബാധിക്കുമെങ്കിൽ പാർലമെന്റിലേക്ക് എൽഡിഎഫിന്റെ സ്വതന്ത്രർ ജയിച്ചതെങ്ങനെയാണ്?

ടി.പി. വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം നിലവിലുണ്ട്. മറ്റൊരു കേസിൽ പാർട്ടി നേതാവ് ജയിലിലാണ്. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയ സംസ്‌കാരത്തിനു മാറ്റമില്ല?

കേസുകളൊക്കെ രാജ്യത്തെ നിയമത്തിനു മുന്നിലാണ്. നിയമം അതിന്റെ വഴി സ്വീകരിക്കുന്നു. ആരോപണങ്ങളിൽ പലതും അടിസ്‌ഥാനമില്ലാത്തതെന്നു തെളിഞ്ഞതുമാണ്. സിപിഎമ്മിന്റേതു ജനാധിപത്യരീതിയിലുള്ള രാഷ്‌ട്രീയപ്രവർത്തനമാണ്. വിഭാഗീയ ശക്‌തികളാണ് അക്രമരാഷ്‌ട്രീയ സാഹചര്യമുണ്ടാക്കുന്നത്.

കേരളത്തിൽ ബിജെപി ജാതിസംഘടനകളുമായി ചേർന്നുണ്ടാക്കിയ മുന്നണിയെക്കുറിച്ച്?

തിരഞ്ഞെടുപ്പിനു മുൻപ് എവിടെയും വർഗീയ വേർതിരിവുണ്ടാക്കുക, അക്രമമുണ്ടാക്കുക– ഹിന്ദു വോട്ട് ബാങ്കിനെ ഏകോപിപ്പിക്കാൻ ആർഎസ്‌എസും ബിജെപിയും ഇതാണു ചെയ്യുന്നത്. ഏറ്റവും നികൃഷ്‌ടമായ വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് അവർ കളിക്കുന്നത്. മുസാഫർനഗറാണ് സമീപകാല ഉദാഹരണം. സമാജ് വാദി പാർട്ടിയുടെ സീറ്റ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചു. ഇത്തരം രീതിയാണ് അവർ കേരളത്തിലും ഉദ്ദേശിക്കുന്നത്. അവരെ പരാജയപ്പെടുത്തുമെന്നും കേരളം അതിന്റെ ഉദാത്തമായ മതസൗഹാർദ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും ഉറപ്പാണ്.

കേരളത്തിലും ബംഗാളിലും ഇത്തവണ ആരു ജയിക്കും?

കേരളത്തിൽ ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ഒതുക്കാമെന്ന് ആത്മവിശ്വാസമുണ്ട്. രണ്ടിടത്തും ബിജെപി വലിയ വട്ടപ്പൂജ്യമാവും.

കേരളത്തിൽ പാർട്ടി ജയിച്ചാൽ തുടർന്ന് പാർട്ടിയിലുണ്ടാകാവുന്ന യുദ്ധത്തെ നേരിടാൻ താങ്കളും പിബിയും സജ്‌ജരാണോ?

ഞങ്ങൾ എപ്പോഴും സജ്‌ജരാണ്.

Your Rating: