Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ പ്രതിച്ഛായ നോക്കിയിരുന്നാൽ ആദിവാസി കുടിലുകളിലെ ദാരിദ്ര്യം മാറുമോ?: സി.കെ.ജാനു

C. K. Janu

പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ, അവഗണന നേരിടുന്നവരുടെ സമരമുഖങ്ങളിലാണ് സി.കെ.ജാനുവിനെ കേരളീയ സമൂഹം ഏറെയും കണ്ടിട്ടുള്ളത്. മുത്തങ്ങയിലെ വനമേഖലകളിലും ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിലും ഒരുപോലെ ഇവർ ശ്രദ്ധാ കേന്ദ്രവും ചർച്ചാ വിഷയവുമാകുന്നു. തിരഞ്ഞെടുപ്പ് ചൂടിന്റെ പാരമ്യത്തിൽ കേരളം നിൽക്കുമ്പോൾ വേറിട്ടൊരു രാഷ്ട്രീയ ചുവടുമായി ആദിവാസി രാഷ്ട്രീയത്തിലെ ഈ പോസ്റ്റർ ഗേൾ സജീവമാകുകയാണ്.

ജനാധിപത്യ രാഷ്ട്രീയ സമിതി (ജെആർഎസ്) എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമാകാനുള്ള ജാനുവിന്റെ തീരുമാനം മലയാളി സമൂഹത്തിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ആദര്‍ശങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായും അധികാരക്കൊതിയിലുള്ള നിലപാടു മാറ്റമായും ഇതിനെ വ്യാഖ്യാനിച്ചവരേറെ. വിമര്‍ശനങ്ങൾ എന്തൊക്കെ ഉയർന്നാലും ആരൊക്കെ ആക്ഷേപിച്ചാലും തന്റെ തീരുമാനങ്ങൾക്ക് പിന്നിൽ കൃത്യമായ ബോധ്യമുണ്ടെന്ന് സി.കെ. ജാനു മനസുതുറന്നു പറയുന്നു. പ്രതിച്ഛായ നോക്കിയിരുന്നാൽ ആദിവാസികളുടെ പട്ടിണി മാറുമോ എന്നാണ് പ്രബുദ്ധ കേരളത്തോടുള്ള ഇവരുടെ ചോദ്യം. മനോരമ ഓൺലൈനുമായി സി.കെ.ജാനുവിന്റെ അഭിമുഖത്തിൽനിന്ന്.

∙ എൻഡിഎയുടെ ഭാഗമായ സാഹചര്യമെന്താണ്?

കേരളത്തിൽ 60 വർഷമായി മാറിമാറി ഭരണം നടത്തുന്ന ഇടതു-വലതു മുന്നണികൾ സാധാരണക്കാരിൽ നിന്ന് അകലുന്ന സാഹചര്യത്തിലാണ് ഇരുമുന്നണികൾക്കും ബദൽ എന്താണെന്ന ചിന്ത വരുന്നത്. അങ്ങനെയാണ് അടുത്തിടെ മൂന്നാം മുന്നണി എന്ന നിലയിൽ എൻഡിഎ കേരളത്തിലേക്ക് വരുന്നത്. ഇതിൽ ആദ്യം ബിജെപി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് എസ്എൻഡിപിയുടെ രാഷ്ട്രീയ ഘടകമായ ബിഡിജെഎസ്, ഞങ്ങളുടെ ജെആർഎസ്, പി.സി. തോമസിന്റെ കേരളാ കോൺഗ്രസ് തുടങ്ങിയവ വന്നു. ഇടയ്ക്ക് കെ.ആർ.ഗൗരിയമ്മയും എൻഡിഎയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

മുന്നണി ശക്തമായതോടെ ജനത്തിനും ഇതിൽ താൽപര്യം വന്നുതുടങ്ങി. അങ്ങനെയാണ് ഈ മുന്നണിയുടെ ഭാഗമാകുന്നത്. എന്നും പാർശ്വവൽക്കരിക്കപ്പെട്ട് പോകുന്ന ജനവിഭാഗമാണ് കേരളത്തിലെ ആദിവാസികൾ. അവകാശങ്ങൾക്കായി സമരങ്ങൾ നടത്തുമ്പോള്‍ തൽക്കാലത്തേക്ക് എല്ലാം നടത്തിത്തരാമെന്ന് പറയുകയും പിന്നീട് അവഗണിക്കാറുമാണ് പതിവ്. അടിസ്ഥാനപരമായ പ്രശ്നം ഈ വാഗ്ദാനങ്ങൾ പാലിക്കാനുള്ള സർക്കാർ സംവിധാനത്തിന്റെ ഭാഗമായി ഞങ്ങളുടെ ആളുകൾ ഇല്ലായെന്നതാണ്.

ആദിവാസികൾക്ക് എന്തൊക്കെ നൽകിയെന്ന് പറഞ്ഞാലും ഇന്നും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ഒരു ആദിവാസി കുടിലിൽ നാലു വയസുള്ള കുട്ടി മരിച്ചു. ഈ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാൻ പോലും അവർക്ക് സ്ഥലമില്ല. സ്വന്തം വീടിന്റെ ഇടംതിണ്ണ വെട്ടിക്കീറിയാണ് സംസ്കരിച്ചത്. എന്തൊരു അവസ്ഥയാണിത്? ഇത്തരത്തിൽ ആരുമില്ലാത്ത അവസ്ഥയിലേക്ക് ആദിവാസികളെ എത്തിച്ചത് ഇടത്-വലത് മുന്നണികളാണ്.

ck-janu

∙ ഇതുവരെ ആദിവാസികൾ നടത്തിയ സമരങ്ങൾക്ക് ബിജെപി എത്രത്തോളം പിന്തുണ നൽകിയിട്ടുണ്ട്?

ബിജെപിയെന്നല്ല, ഒരു മുന്നണിയുടെ അടുത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല. ആദിവാസികൾ നടത്തിയ സമരങ്ങളെ ഇതുവരെ എല്ലാവരും തള്ളിപ്പറഞ്ഞിട്ടേയുള്ളൂ. ബിജെപി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആദിവാസിക്കള്‍ക്കെതിരെ നീങ്ങിയെന്ന് പറഞ്ഞാണ് ജെആര്‍എസിന്റെ എൻഡിഎ പ്രവേശനത്തെ ചിലർ എതിര്‍ക്കുന്നത്. ഇവിടെ ആദിവാസികള്‍ ഇങ്ങനെ മരണത്തിന് കീഴടങ്ങുമ്പോൾ വടക്കേ ഇന്ത്യയിലെ കാര്യങ്ങൾ പറഞ്ഞ് അവരുടെ സഹായം നിഷേധിക്കേണ്ട കാര്യമുണ്ടോ? ഇവിടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് ഏറ്റവും ആവശ്യം. ഈ പശ്ചാത്തലത്തിൽ സഹായം വാഗ്ദാനം ചെയ്യുന്നത് എൻഡിഎ ആണെങ്കിലും അവരുടെ സഹായം സ്വീകരിക്കുകയല്ലേ വേണ്ടത്.

∙ ബിജെപി സഹായിക്കുമെന്നുള്ളത് ഒരു വിശ്വാസം മാത്രമല്ലേ?

കേരളം ഇതുവരെ ഭരിച്ച ഇരുമുന്നണികളും ആദിവാസികളെയും ദളിതരെയും മനുഷ്യരായി കാണാൻ തയാറാവാതിരിക്കുകയും അതിനിടെ സഹായഹസ്തവുമായി ബിജെപി രംഗത്ത് വരികയും ചെയ്യുമ്പോൾ അവരുടെ സഹായം സ്വീകരിക്കാതിരിക്കണോ എന്നതാണ് ചോദ്യം. ഇരുമുന്നണികളും വര്‍ഷങ്ങളായി തുടരുന്ന അവഗണനയ്ക്കിടയിലാണ് ഇതെന്ന് ഓർക്കണം. എനിക്കൊപ്പമുള്ള ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് എന്റെ ആവശ്യം. ഞാനുൾപ്പെടെ സംഘടനയ്ക്ക് നേതൃത്വം നൽകുന്നവർക്ക് അവരുടെ സൽപ്പേരും പ്രതിച്ഛായയും നിലനിർത്തി ജീവിക്കാനാണെങ്കിൽ ഇതൊന്നും സ്വീകരിക്കേണ്ട കാര്യമില്ല. എനിക്കാവശ്യം കൂടെയുള്ളവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ്. എന്നെയാരും പിടിച്ച് ഇവരുടെ നേതാവാക്കിയതല്ല. കൂടെയുള്ളവർ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ കണ്ട് അതിന് പരിഹാരം കണ്ടെത്താനായി സ്വയം മുന്നോട്ടുവന്ന വ്യക്തിയാണ് ‍ഞാൻ. ബിജെപിയുടെ ഘടകക്ഷിയായി നിന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുമെങ്കിൽ ഞാൻ ആ സഹായം സ്വീകരിക്കും. ഒരിക്കലും അവരെ തള്ളിപ്പറയില്ല.

∙ ചിന്താരീതിയിലും ആശയങ്ങളിലും ഏറെക്കുറെ ഇടതുപക്ഷ നിലപാടായിരുന്നല്ലോ ഗോത്രമഹാസഭയുടേത്?

ഇല്ല. ഒരു തരത്തിലും ഇടതുപക്ഷവുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടില്ല. കുറച്ചുകൂടി യോജിച്ച് പ്രവർത്തിച്ചിട്ടുള്ളത് യുഡിഎഫുമായിട്ടാണ്. സമരങ്ങൾ ചെയ്ത സമയത്ത് ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും സംസാരിക്കാനും സമയം കണ്ടെത്തിയത് യുഡിഎഫാണ്.

∙ യു‍ഡിഎഫിനേക്കാൾ അവഗണന കാട്ടിയത് ഇടതുപക്ഷമാണ് എന്നാണോ?

ck-janu-geethanandan

ഞങ്ങൾ എപ്പോഴും സ്വീകരിച്ചത് ഒരുതരത്തിൽ യുഡിഎഫ് അനുകൂല നിലപാടായിരുന്നു. എന്നാൽ ആദിവാസികളും ദളിതരും നേരിട്ടുവന്ന പ്രശ്നങ്ങളെ ഗൗരവമായി കാണാൻ ഇരുമുന്നണികളും തയാറായില്ല. ആദിവാസികളുെട ഉന്നമനത്തിനായി അവർക്ക് ഒരു അജണ്ട പോലും ഇല്ല എന്നതാണ് ദുഃഖകരം. ഞാനൊരു കാര്യം ചോദിക്കട്ടെ, ഈ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടി എന്ത് അജണ്ടയാണ് ഇവരുടെ പക്കലുള്ളത്?

∙ ബിജെപിക്ക് ഇക്കാര്യത്തിൽ ഒരു അജണ്ടയുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

എൻഡിഎയ്ക്ക് മുൻകൂറായി ഒരു അജണ്ടയുള്ളതായി എനിക്കറിയില്ല. പക്ഷേ, ഇപ്പോൾ ഇത്തരം കാര്യങ്ങൾ അവർ ഗൗരവമായിത്തന്നെ ചർച്ച െചയ്യുന്നുണ്ട്. അതായത് ഈ തലത്തിൽ ചില പോസിറ്റീവായ ചിന്തകൾ ബിജെപിക്കുള്ളിൽ വളരുന്നുണ്ട്. കുറഞ്ഞത് ആദിവാസികളെ ഒരു രാഷ്ട്രീയ ഘടകകക്ഷിയായിട്ടെങ്കിലും പരിഗണിക്കാൻ തോന്നിയത് അവർക്കാണല്ലോ.

കേരളത്തിലെ പ്രബലരായ ഇരുമുന്നണികളും മുഖ്യധാരയുടെ ഭാഗമായി ആദിവാസികളെ അംഗീകരിക്കില്ലെന്നത് തീർച്ചയാണ്. അവർക്കെന്നും ഞങ്ങളെ വോട്ടുകുത്തികളും ജാഥാ തൊഴിലാളികളുമായി കാണാനാണ് താൽപര്യം. അതിനപ്പുറം ഞങ്ങളെ അവർ മനുഷ്യരായിപ്പോലും പരിഗണിക്കുന്നതേയില്ല. ഇത്തരത്തിൽ അവഗണനയുടെ അങ്ങേയറ്റത്ത് മടുത്തിരിക്കുമ്പോഴാണ് ആദിവാസികൾക്ക് എന്തുകൊണ്ട് ബിജെപി നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായിക്കൂടാ എന്ന ചോദ്യം ഉയരുന്നത്. ആദ്യം ബിജെപിയുടെ തന്നെ ഭാഗമാകാനായിരുന്നു ക്ഷണം. അപ്പോൾ ‍‍ഞങ്ങൾ നിലപാട് വ്യക്തമാക്കി. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും ഞങ്ങളില്ല. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഒരു ഘടകകക്ഷിയായി മാറിക്കൂടാ എന്ന ചോദ്യം വന്നു. ഇടതു-വലതു മുന്നണികൾ അർഹിക്കുന്ന പരിഗണന നൽകാതിരിക്കുകയും എൻഡിഎ അവരുടെ ഘടകകക്ഷിയാകാൻ ക്ഷണിക്കുകയും ചെയ്യുമ്പോൾ അവരുടെ ക്ഷണം സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? ഇനി, പ്രതിച്ഛായയാണ് മുഖ്യമെങ്കിൽ സ്വാഭാവികമായും അവരുടെ ക്ഷണം ഞങ്ങൾക്ക് തള്ളിക്കളയാം. സി.കെ.ജാനു പ്രതിച്ഛായ നോക്കിക്കൊണ്ടിരുന്നാൽ ആദിവാസികളുടെ പട്ടിണി മാറില്ലല്ലോ.

ck-janu-strike

∙ ഇത്തരത്തിലുള്ള ചില മാറ്റങ്ങളാണോ ജെആര്‍എസിനെ എൻഡിഎയിലേക്ക് ആകർഷിച്ചത്?

എന്തായാലും ഈ പറഞ്ഞ തരത്തിലുള്ള അംഗീകാരം ആദിവാസികൾക്ക് നൽകിയത് അവരാണല്ലോ. കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളുമായിരുന്നു യഥാർഥത്തിൽ ഇത് ചെയ്യേണ്ടിയിരുന്നത്. അതിനുപകരം ബദലായി ജാതിസംഘടന ഉണ്ടാക്കി ഈ മുന്നേറ്റത്തെ തകർക്കാനാണ് അവർ നോക്കിയത്.

∙ ഇതുവരെ ആദിവാസികള്‍ക്ക് അനുകൂലമായി ഒരു നിലപാട് വരാത്തതിന് കാരണമെന്തായിരിക്കും?

തീരുമാനങ്ങള്‍ നടപ്പാകണമെങ്കില്‍ ഈ സംവിധാനത്തിനകത്ത് ആദിവാസികളുടെ പ്രതിനിധികളുണ്ടാകണം. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായത്. ആദിവാസിസകളും ഈ സംവിധാനത്തിന്റെ ഭാഗമായേ തീരൂ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നുള്ളത് വ്യക്തമാണ്. കേരളത്തിലാകെ നാലര ലക്ഷത്തോളം ആദിവാസികളാണുള്ളത്. ഞങ്ങള്‍ക്ക് ഒരു കാലത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയാകാന്‍ പറ്റില്ല. അങ്ങനെ വരുമ്പോള്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായേ പറ്റൂ. അങ്ങനെയേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പറ്റൂ. ബാക്കിയെല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഒരു മുന്നണിയില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാം. ഒരിക്കല്‍ പറഞ്ഞത് നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റാം. അവരൊന്നും നിലപാട് മാറ്റുമ്പോൾ ഇല്ലാത്ത എന്തു പ്രശ്‌നമാണ് ഞങ്ങളുെട കാര്യത്തിൽ മാത്രമുള്ളത്?

∙ ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ കാര്യം ബോധ്യമാകാത്തത് എന്തുകൊണ്ടായിരിക്കും?

ck-janu-nilpusamaran

എല്ലാവരുടെയും ചിന്താരീതി ഒരേപോലെയല്ലല്ലോ. പിന്നെ, അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൈവന്ന ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എന്റെ തീരുമാനം. ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ലക്ഷ്യമെങ്കില്‍ ഇത്തരത്തില്‍ തീരുമാനമെടുത്തേ പറ്റൂ. ഇന്ന് ആദിവാസികളുടെ എണ്ണം കുത്തനെ കുറയുകയാണ്. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക ഭാഗത്തുള്ള പ്രത്യേക വിഭാഗം ആദിവാസികള്‍ നാമാവശേഷമാവുകയാണ്. അട്ടപ്പാടിയിലൊക്കെ എത്ര ശിശുക്കളാണ് പട്ടിണി മൂലം മരിച്ചത്? ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പ്രതിച്ഛായയും നോക്കിയിരിക്കാന്‍ എന്നെ കിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അധികാരത്തിന്റെ ഭാഗമാകണമെങ്കില്‍ സഹായിക്കാന്‍ വരുന്നത് ഏതു ചെകുത്താനായാലും അത് സ്വീകരിക്കണമെന്നാണ് എന്റെ നിലപാട്.

∙ ഇതിനെ ചിലര്‍ അധികാരക്കൊതിയെന്നൊക്കെ വിമര്‍ശിക്കുന്നുണ്ട്?

ഒരുതരത്തിലുള്ള അധികാരമോഹവും ഇതിലില്ല. അധികാരമോഹമുള്ളയാളായിരുന്നു ഞാനെങ്കില്‍ അധികാരസ്ഥാനങ്ങളിലേക്ക് കടന്നുചെല്ലാനുള്ള എത്രയോ അവസരം എനിക്കുണ്ടായിരുന്നു. ഒരിക്കലും അതിന്റെ പിന്നാലെ പോയിട്ടില്ല. ഞാന്‍ ഇപ്പോൾ ഈ തീരുമാനമെടുത്തത് കൂടെയുള്ളവര്‍ക്കുവേണ്ടി മാത്രമാണ്. ദേശീയ, അന്തര്‍ദ്ദേശീയ തലത്തിൽ സി.കെ. ജാനുവിന്റെ സല്‍പ്പേരും പ്രതിച്ഛായയും നോക്കിക്കൊണ്ടിരുന്നാല്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കുറച്ചെങ്കിലും പരിഹാരം കാണാന്‍ പറ്റുമോ? എനിക്കോ സമുദായത്തിനോ ഉപകാരമില്ലാത്ത ഈ പ്രതിച്ഛായയും കെട്ടിപ്പൊതിഞ്ഞിരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? എനിക്കത് വേണ്ട. എനിക്കുവേണ്ടി ജീവിക്കാനാണെങ്കിൽ നേരത്തെയും സമയമുണ്ടായിരുന്നു. അന്നും അതിന് തോന്നിയിട്ടില്ല. അത്തരമൊരു ആഗ്രഹം ഇന്നുമില്ല.

ആരുടെയും വാക്ക് കേട്ടിട്ട് ഈ രംഗത്തേക്ക് വന്നയാളല്ല ഞാൻ‍. ചെറുപ്പം മുതൽ കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്ന എന്റെ കൂട്ടക്കാരുടെ ജീവിതത്തിന് മാറ്റമുണ്ടാക്കാന്‍ സ്വയം തീരുമാനിച്ചിറങ്ങിയ ആളാണ്. ഒരുപാട് പീഡനങ്ങള്‍ സഹിച്ചു തന്നെയാണ് ഇതുവരെയെത്തിയത്. ഇപ്പോള്‍ ഉയരുന്ന എതിരഭിപ്രായങ്ങളെയും വകവയ്ക്കുന്നില്ല. ഒന്നും എന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ലെന്ന ഉറച്ച ബോധ്യമുണ്ട്. ഇന്നെടുത്ത തീരുമാനത്തെ കുറ്റപ്പെടുത്തുന്നവരെല്ലാം ഈ തീരുമാനമായിരുന്നു ശരിയെന്ന് നാളെ പറയും.

∙ ബിജെപിയല്ലാതെ മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷി സഹകരണം തേടിയിരുന്നോ?

ഇല്ല. ബാക്കിയെല്ലാവരും ഞങ്ങളെ രാഷ്ട്രീയമായി എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നാണ് ആലോചിക്കുന്നത്. സ്വന്തം മുന്നണിയില്‍ ചേരാന്‍ ക്ഷണിച്ചത് ബിജെപി മാത്രമാണ്. അതില്‍ ഒരു സംശയവുമില്ല. മറ്റേതെങ്കിലും മുന്നണിയാണ് ക്ഷണിച്ചിരുന്നതെങ്കിലും ഞങ്ങള്‍ അവര്‍ക്കൊപ്പം പോകുമായിരുന്നു. ഏറെക്കാലം നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ബിജെപിയുടെ ക്ഷണം സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകളെ കണ്ട് ചര്‍ച്ച നടത്തി. ആദിവാസികള്‍ക്കിടയില്‍നിന്നുള്ള നിരവധി നേതാക്കളെയും കണ്ടിരുന്നു. അവരൊക്കെയും പറഞ്ഞത് ഉചിതമായ ഒരു തീരുമാനമെടുക്കൂ, ഞങ്ങള്‍ കൂടെയുണ്ട് എന്നാണ്.

∙ ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനത്തെ എതിര്‍ക്കാന്‍ എന്തായിരിക്കും കാരണം?

എനിക്കറിയില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ഞാന്‍ സഹകരിക്കില്ലെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ഈ തീരുമാനം ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ വരില്ലെന്ന് നേരത്തെ പറഞ്ഞ സ്ഥിതിക്ക് നമുക്കും അതില്‍ പ്രശ്‌നങ്ങളില്ല.

∙ ഗോത്രമഹാസഭയുടെ പിന്തുണ എത്രത്തോളമുണ്ട്?

ഗോത്രമഹാസഭയുടെ ആളുകളാണല്ലോ ഞങ്ങൾക്കൊപ്പമുള്ളതില്‍ ഭൂരിപക്ഷവും. അവരാണ് ഈ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുള്ളത്. ഒരു പരിധിവരെ ഇത് ഗോത്രമഹാസഭയുടെ തീരുമാനമാണല്ലോ. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയറിയിച്ച് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് മുതലായ സ്ഥലങ്ങളില്‍ നിന്നെല്ലാം ആളുകള്‍ വരുന്നുണ്ട്. വേണ്ടെന്ന് പറഞ്ഞിട്ടും ഇവിടെ വന്നു പ്രവര്‍ത്തിക്കുന്ന ആളുകളുണ്ട്.

∙ ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയായി കഴിഞ്ഞ സര്‍ക്കാരില്‍ പി.കെ.ജയലക്ഷ്മി മന്ത്രിയായിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

people-against-fascism

ഇതിന്റെയൊക്കെ ഒരു പ്രശ്‌നം പറയാം. ജയലക്ഷ്മി മല്‍സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസുകാരിയായാണ്. പാര്‍ട്ടിയും മുന്നണിയും പറയുന്നതില്‍ നിന്ന് മാറി ഒന്നും ചെയ്യാന്‍ അവര്‍ക്കു കഴിയില്ല. സ്വന്തമായി ആശയങ്ങളുണ്ടെങ്കിലും ആളുകള്‍ക്ക് വേണ്ടത് എന്തൊക്കെയാണെന്ന് കൃത്യമായി അറിയാമെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം. ഈ അനുഭവങ്ങള്‍ മനസിലുള്ളതുകൊണ്ടാണ് സ്വതന്ത്രമായി നില്‍ക്കാൻ തീരുമാനിച്ചത്. ആശയങ്ങളും ആവശ്യങ്ങളും ഏതുവേദിയിലും പറയാന്‍ പറ്റണം. ഞങ്ങൾ ആരുടെയു കക്ഷത്തില്‍കൊണ്ടുപോയി തലവച്ചുകൊടുത്തിട്ടില്ല. സ്വതന്ത്രമായിത്തന്നെയാണ് നില്‍ക്കുന്നത്.

∙ ബിജെപിയുടെ ഏതെങ്കിലും ദേശീയ നേതാക്കള്‍ വന്നു കണ്ടിരുന്നോ? ഏതെങ്കിലും ഉറപ്പുകളോ മറ്റോ നല്‍കിയിരുന്നോ?

ദേശീയ നേതാക്കളാരും നേരിട്ടു വന്നിട്ടില്ല. പക്ഷേ അവരുടെ ആളുകള്‍ കാണാന്‍ വന്നിരുന്നു. എന്തെങ്കിലും തരത്തിലുള്ള ഉറപ്പുകളൊന്നും ആരും നല്‍കിയിട്ടില്ല. ഞങ്ങൾ ആവശ്യപ്പെട്ടിട്ടുമില്ല.

∙ ഏതെങ്കിലും സാഹചര്യത്തില്‍ ബിജെപിക്ക് അധികാരം കിട്ടുകയും സി.കെ. ജാനുവിന് മന്ത്രിയാകാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ അത് സ്വീകരിക്കുമോ?

ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന് തോന്നുന്നു.

∙ ജയിക്കുകയാണെങ്കില്‍ സി.കെ. ജാനു സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിന്റെ എംഎല്‍എയാണല്ലോ. വികസന അജണ്ട എന്തായിരിക്കും?

ഒരു കാര്യം ഉറപ്പു പറയാം, ഇവിടുത്തെ എല്ലാ ജനങ്ങള്‍ക്കും ഗുണം കിട്ടുന്ന വികസന അജണ്ടയായിരിക്കും എന്റേത്. അഞ്ചു വര്‍ഷംകൊണ്ടു കേരളത്തിലെ മാതൃകാ മണ്ഡലമാക്കി സുല്‍ത്താന്‍ ബത്തേരിയെ മാറ്റും. എല്ലാവരുടെയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും എന്നൊന്നും പറയുന്നില്ല. എന്നാൽ, ചെയ്യുന്ന കാര്യങ്ങള്‍ അത് ചെറുതായാലും വലുതായാലും ജനത്തിന് ഉപകാരപ്പെടുന്നതായിരിക്കും. വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടും അതൊന്നും പാലിക്കപ്പെടാതെ പോകുന്നത് വിഷമത്തോടെ കണ്ടുനില്‍ക്കേണ്ടി വന്ന ഒരു ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് ഞാൻ‍. വാഗ്ദാനം ലഭിച്ചിട്ട് അതു പാലിക്കപ്പെടാതിരിക്കുമ്പോഴുള്ള വിഷമം മറ്റാരേക്കാളും മനസിലാകും. അതുകൊണ്ട് വാഗ്ദാനങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല; നല്‍കുന്നുമില്ല. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോയാല്‍ ജനത്തേക്കാൾ സങ്കടം എനിക്കായിരിക്കും. ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട് എന്നറിയാം. ഓരോ പ്രദേശങ്ങള്‍ക്കും അനുസരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി എല്ലാ ജനത്തിനും ഉപകരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും. ഇക്കാര്യത്തില്‍ വ്യക്തിതാല്‍പര്യങ്ങളൊന്നുമില്ല.

∙ ബത്തേരിയിലെ ജനം നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ എന്താണെന്നാണ് തോന്നിയിട്ടുള്ളത്?

രാത്രിയാത്രാ നിരോധനം തന്നെയാണ് പ്രധാന പ്രശ്നം. ഇവിടുത്തെ കച്ചവടക്കാരെയൊക്കെ അതു വളരെയധികം ബാധിക്കുന്നുണ്ട്. മറ്റൊന്ന്, നിലമ്പൂരില്‍ നിന്നു വയനാട് വഴി നഞ്ചന്‍കോടിലേക്കുള്ള റയില്‍ പാതയാണ്. ഈ പാത യാഥാര്‍ഥ്യമാക്കാന്‍ അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്. അതുപോലെ ബത്തേരിയിലെ മാത്രമല്ല, വയനാട്ടിലെ ജനം നേരിടുന്ന പ്രധാന പ്രശ്‌നം കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നില്ലെന്നതാണ്. എന്റെ അഭിപ്രായത്തില്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് മാത്രമായി കാര്‍ഷിക പാക്കേജ് അനുവദിക്കണം. അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭ്യമാക്കണം.

∙ സിപിഎം നേതാവ് എം.എ.ബേബി ഒരു മലയാളം ദിനപത്രത്തില്‍ താങ്കളേക്കുറിച്ച് ലേഖനമെഴുതിയിരുന്നു. അത് വായിച്ചോ?

സത്യത്തില്‍ ആ ലേഖനം വായിച്ചില്ല. സമയം കിട്ടിയില്ല എന്നു പറയുന്നതാണ് ശരി. എന്നാലും, കൂടെയുള്ളവരും സ്‌നേഹിക്കുന്നവരുമൊക്കെ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

∙ താങ്കള്‍ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടിവന്നത് സിപിഎമ്മില്‍ നിന്നും ഇടതുപക്ഷത്തുനിന്നുമാണ്. എന്തായിരിക്കും കാരണം?

സി.കെ.ജാനുവെന്നയാള്‍ സാധാരണക്കാരിയല്ലേ? ഒരു പ്രസ്ഥാനമൊന്നുമല്ലല്ലോ. ഞങ്ങള്‍ കേരളം ഭരിച്ചിട്ടില്ല. ജെആര്‍എസ് എന്ന ഞങ്ങളുടെ രാഷ്ട്രീയ കക്ഷിക്ക് കേരളത്തിലെ ഒരു പഞ്ചായത്തിലും ഒരു വാര്‍ഡിലും ജനപ്രതിനിധിയില്ല. പിന്നെയെന്തിനാണ് അവർ ഞങ്ങളെ ആക്രമിക്കുന്നത്?

∙ ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ എന്തെങ്കിലും ഗൂഢ ലക്ഷ്യമുള്ളതായി തോന്നുന്നുണ്ടോ?

ഉറപ്പായും കാണുമല്ലോ. അതുകൊണ്ടാണല്ലോ അവര്‍ ഇങ്ങനെ ആക്രമിക്കുന്നത്. ബിജെപിയൊക്കെ ശക്തമായ സാന്നിധ്യമാകുന്നത് ഈ അടുത്ത കാലത്താണ്. രസകരമായ വസ്തുത, ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ പിന്തുണ നല്‍കുന്ന ജനമെല്ലാം കേരളത്തില്‍ ഉണ്ടായിരുന്നവരാണ്. അവരൊക്കെ ഇവിടുള്ള ഇരുമുന്നണികളുടെയും ഭാഗമായിരുന്നു. ഈ മുന്നണികളുടെ പ്രവര്‍ത്തനം ആശാവഹമല്ലാത്തതുകൊണ്ടാണല്ലോ അവര്‍ ബിജെപി നേതൃത്വം നൽകുന്ന ബദലിനെ പിന്തുണയ്ക്കുന്നത്. എന്തുകൊണ്ടാണ് കൂട്ടത്തിലുള്ളവര്‍ വിട്ടുപോകുന്നതെന്ന് നോക്കാതെ, തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താതെ സി.കെ. ജാനു എന്ന വ്യക്തിയെ മാത്രം ലക്ഷ്യംവച്ച് ആക്രമിക്കുന്നത് പൗരുഷമല്ല. ഈ സമയത്തായതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഒരു പഞ്ചായത്തംഗം പോലുമില്ലാത്ത ഞങ്ങളെ എന്തിനാണ് ഇവര്‍ പേടിക്കുന്നത്?

∙ ബിജെപിക്ക് വര്‍ഗീയ സ്വഭാവമുണ്ടെന്ന് തോന്നിയിട്ടില്ലേ?

ബിജെപിയുമായി സഹകരിക്കാന്‍ തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ഇതുവരെ അങ്ങനെയൊരു പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ല. പുറമെ എല്ലാവരും അങ്ങനെ പറയുന്നുണ്ട്. പക്ഷേ, എനിക്കത് ഇതുവരെ ഫീല്‍ ചെയ്തിട്ടില്ല. വല്ലവരും പറയുന്നത് കേട്ട് വിശ്വസിക്കുന്ന പതിവ് എനിക്കില്ല. അടുത്തിടെ ഇവിടെ പത്ത് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അവർക്കീ പാർട്ടിയിൽ വിശ്വാമുള്ളതുകൊണ്ടല്ലേ അങ്ങനെ ചെയ്തത്? ബത്തേരിയിലെ അവസ്ഥ വച്ച്, ഇവിടെ വര്‍ഗീയമായ ചിന്തകളോ വേര്‍തിരിവുകളോ ഉള്ളതായി തോന്നിയിട്ടില്ല. ബിജെപിക്കാണ് വോട്ടെന്ന് ഉറപ്പിച്ച് പറയുന്ന ഒരു പ്രബലവിഭാഗം ഇവിടെയുണ്ട്. തീര്‍ച്ചയായും വിജയപ്രതീക്ഷയോടെയാണ് പ്രവര്‍ത്തനം.

∙ നിയമസഭാ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ജെആര്‍എസിന്റെ ഭാവി എന്തായിരിക്കും?

ജനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി ഉണ്ടാക്കിയ പാര്‍ട്ടിയാണിത്. അതിനെ സ്വീകരിക്കേണ്ടത് ജനമാണ്. അവരിതിനെ സ്വീകരിച്ചു കഴിഞ്ഞു. ഞങ്ങള്‍ക്കും ഈ മുന്നേറ്റത്തിന്റെ ഭാഗമാകണമെന്ന് പറഞ്ഞ് ദിവസേന പലരും സമീപിക്കുന്നു. ചര്‍ച്ച നടത്താനൊക്കെ ക്ഷണിച്ച് ഇഷ്ടംപോലെ ആളുകള്‍ വരുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകും. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ജെആര്‍എസ് ശക്തമായി മുന്നോട്ടുപോകും.

∙ ഭാവിയില്‍ യുഡിഎഫുമായോ എല്‍ഡിഎഫുമായോ ജെആര്‍എസ് സഹകരിക്കുമോ?

സി.കെ.ജാനു എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായതിന്റെ പേരില്‍ ഏറ്റവും മാറ്റം വരാന്‍ പോകുന്നത് യുഡിഎഫിലും എല്‍ഡിഎഫിലുമാണ്. ഇരുമുന്നണികളും ഇനി അവരുടെ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയേ തീരൂ. അല്ലെങ്കില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിജീവനം എന്നത് ഇരുകൂട്ടര്‍ക്കും ദുഷ്‌കരമായിരിക്കും. എന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് അങ്ങനെയൊരു നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് നല്ലതല്ലേ?


Your Rating: