Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ നിന്ന് ഉദുമയിലേക്ക് മാറാൻ കാരണമെന്ത്? കെ.സുധാകരന്‍ നയം വ്യക്തമാക്കുന്നു

k-sudhakaran-2

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ചുവപ്പാൽ അടയാളപ്പെട്ട ജില്ലയാണ് കണ്ണൂര്‍. രാഷ്ട്രീയവൈരത്തിന്റെ മൂർച്ചയും മൂർച്ഛയുമറിഞ്ഞ, ഏറെപ്പേരുടെ ചോര വീണ മണ്ണ്. ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം സംസ്ഥാന തലത്തിലും വാര്‍ത്താ പ്രാധാന്യമുള്ളവര്‍. കണ്ണൂരിൽ കോണ്‍ഗ്രസിന്റെ എക്കാലത്തെയും പ്രമുഖ നേതാവാണ് കെ.സുധാകരന്‍. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ശ്രദ്ധനേടുന്നത് മല്‍സരിക്കുന്ന മണ്ഡലത്തിലൂടെയാണ്. കാസര്‍കോട് ജില്ലയിലെ ഉദുമയിലാണ് സുധാകരന്‍ അങ്കത്തിനിറങ്ങുന്നത്. കടത്തനാടന്‍ കളരിയുടെ വീറും വാശിയും ജ്വലിക്കുന്ന പോരാട്ടത്തിനൊരുങ്ങുന്ന സുധാകരൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

കാസര്‍കോട് ടൗണില്‍നിന്ന് ഏതാണ്ട് പത്തുകിലോമീറ്റര്‍ അകലെ മാങ്ങാട്ടിലാണ് സുധാകരനെ കണ്ടത്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് കണ്ണൂരില്‍നിന്ന് ഇങ്ങനെയൊരു മാറ്റം. രാവിലെ എട്ടു മണിയോടെ അവിടെയെത്തുമ്പോള്‍ പ്രവര്‍ത്തകരും സഹായികളുമായി ഒരു സംഘം വീടിനു അകത്തും പുറത്തുമായുണ്ട്. എല്ലാവരും തിരഞ്ഞെടുപ്പിന്റെ തിരക്കില്‍. പ്രഭാത ഭക്ഷണത്തിനുശേഷം പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കമാണ്. ഭാര്യ ഭക്ഷണമൊരുക്കി വച്ചിട്ടുണ്ട്. പ്രവര്‍ത്തകരോട് കാര്യങ്ങള്‍ തിരക്കിയ ശേഷം സുധാകരന്‍ ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴും ഒരു കയ്യില്‍ ഫോണുമായി തിരക്കിലാണ് അദ്ദേഹം. തിരഞ്ഞെടുപ്പു ചൂടിനൊപ്പം അന്തരീക്ഷത്തിലെ ചൂടും കൂടുതലാണല്ലോ. കാറിൽ കരുതാൻ വലിയൊരു ടവ്വല്‍ ഡ്രൈവറെ ഏല്‍പ്പിച്ചു. തിരക്കിനിടയിലും സുധാകരൻ മനസു തുറന്നു.

∙ എന്തുകൊണ്ടാണ് കണ്ണൂരില്‍നിന്ന് ഉദുമയിലേക്ക്?

അതൊരു രാഷ്ട്രീയ തീരുമാനമാണ്. കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യം ജില്ലയുടെ സാമൂഹിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന രാഷ്ട്രീയ യാഥാര്‍ഥ്യം കണക്കിലെടുത്താണ് ഈ തീരുമാനം. കാസര്‍കോട് കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റെങ്കിലും വേണമെന്ന കെപിസിസിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ പുറത്താണ് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നല്‍കിയത്. വലിയ പ്രതീക്ഷയോടെയാണ് ഇവിടെ മല്‍സരിക്കുന്നത്. വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

∙ 25 വര്‍ഷത്തിലധികമായി ഇടതുമണ്ഡലമാണിത്. പ്രതീക്ഷകൾ?

വികസനത്തിന്റെ ഒരു അംശംപോലും കടന്നുവരാത്ത, ഏറ്റവും പിന്നാക്കം നില്‍ക്കുന്ന നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് ഉദുമ. കാല്‍നൂറ്റാണ്ടുകാലമായി ഇടതുപക്ഷത്തിന്റെ കയ്യിലാണ് ഈ മണ്ഡലം. വലിയ വികസനസാധ്യതയുള്ള മണ്ഡലമാണിത്. കാര്‍ഷിക മേഖലയ്ക്കാണ് പ്രാധാന്യം. നല്ല വളക്കൂറുള്ള മണ്ണാണ്. നിരവധി പുഴകളുണ്ട്. ടൂറിസത്തിന്റെ സാധ്യതകളുമായി ബേക്കല്‍ കോട്ടയുണ്ട്. ഇതൊക്കെയുണ്ടെങ്കിലും വികസനം മാത്രമില്ല. കിഴക്കന്‍ മേഖലയില്‍ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല, ചികില്‍സാ സൗകര്യമില്ല, കുടിവെള്ളമില്ല, നല്ല റോഡുകളില്ല. ഒരു ചെറുകിട വ്യവസായശാല പോലുമില്ല. പരിതാപകരമായ ഈ അവസ്ഥമൂലം മുന്നണികൾക്ക് അതീതമായി ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുണ്ട്.

സ്ഥാനാർഥിയായി ഈ മണ്ണില്‍ കാലെടുത്തുവച്ച അന്നു മുതല്‍ ഇവിടെനിന്നു വലിയ പിന്തുണയും സ്വീകരണവുമാണ് ലഭിക്കുന്നത്. അത് പ്രതീക്ഷ നൽകുന്നതാണ്. ഒരു സുരക്ഷിത നിയമസഭാ മണ്ഡലമായാണ് ഞാനിപ്പോൾ ഉദുമയെ കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം വോട്ടിന്‌റെ ഭൂരിപക്ഷം ഇടതുപക്ഷത്തിനുണ്ടായിരുന്നെങ്കിൽ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.സിദ്ധിക്കിന് 850 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഇതില്‍നിന്നു മനസിലാകുന്നത് സ്ഥായിയായ ഇടതു ചായ്‌വ് ഇവിടെയില്ല എന്നതാണ്.

∙ വിമതരും കണ്ണൂര്‍ രാഷ്ട്രീയവും

കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കും. നിലവിലുള്ള അഞ്ചു സീറ്റുകള്‍ നിലനിര്‍ത്തും. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഒരു തരത്തിലുള്ള വെല്ലുവിളിയും കണ്ണൂരിലില്ല. പി.കെ.രാഗേഷ് എന്ന കോണ്‍ഗ്രസ് വിമതന്‍ നിസ്സാരനാണ്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിമതനായി മല്‍സരിച്ച് 21 വോട്ടിന് ജയിച്ചൊരാള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ അയാൾ നിർണായക സാന്നിധ്യമാണെന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. ഇക്കാര്യം വോട്ടെണ്ണുമ്പോള്‍ മനസിലാകും.

∙ അഴീക്കോട്ടെ നികേഷ് കുമാറിന്റെ മല്‍സരം?

നികേഷ് കുമാര്‍ രാഷ്ട്രീയത്തില്‍ ആരുമല്ല. എം.വി.രാഘവന്റെ മകനെന്ന പരിഗണനയാണ് നികേഷിന് നൽകിയിരുന്നത്. പക്ഷേ, നന്ദികേടിന്റെ നിർവചനമാണ് നികേഷ് കുമാര്‍. എംവിആറിനെ അപായപ്പെടുത്താനും പരസ്യമായി അപമാനിക്കാനും നിയമസഭയ്ക്കകത്ത് ചവിട്ടി മെതിക്കാനും അദ്ദേഹമുണ്ടാക്കിയ സ്ഥാപനങ്ങൾ തകര്‍ക്കാനും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവന്‍ നശിപ്പിക്കാനുമൊക്കെ തയാറായ ഒരു രാഷ്ട്രീയശക്തിയുടെ സ്ഥാനാര്‍ഥിയാകുക വഴി എംവിആറിന്റെ രാഷ്ട്രീയപാരമ്പര്യത്തിലുണ്ടായിരുന്ന അവകാശം നികേഷ് പൂര്‍ണമായും കളഞ്ഞുകുളിച്ചിരിക്കുന്നു. എംവിആറിന്റെ സഹോദരിയുടെയും നികേഷിന്റെ സഹോദരന്‍ ഗിരീഷിന്റെയും പ്രതികരണം കണ്ടല്ലോ അതൊരു കുടുംബത്തിന്റെ വികാരമാണ്. അത് നാട്ടുകാര്‍ ഏറ്റെടുക്കും. നികേഷിന്റെ നന്ദികേടിനെതിരെ അഴീക്കോട്ടെ ജനങ്ങള്‍ വിധിയെഴുതും. കെ.എം.ഷാജിക്ക് അഴീക്കോട് അനായാസ ജയം ഉണ്ടാകും.

k-sudhakaran-1

∙ അക്രമരാഷ്ട്രീയം, ഇടതു മുന്നണിയുടെ തിരിച്ചു വരവ്?

സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഇപ്പോള്‍ രണ്ടു കൊലപാതക കേസുകളിലെ ഗൂഢാലോചന പ്രതിയാണ്. ഇനിയും മൂന്നോ നാലോ കേസുകളില്‍ പ്രതിയാകേണ്ട ആളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ കേസുകളെല്ലാം എഴുതിത്തള്ളും. ഇടതുപക്ഷം അധികാരത്തിൽ വന്നാല്‍ അക്രമത്തിന്റെ തേര്‍വാഴ്ചയായിരിക്കും ഉണ്ടാവുക. അസംതൃപ്തിയും അശാന്തിയും വീണ്ടും വരും. എപ്പോഴും അങ്ങനെയാണ്. എതിരാളികളെ ഉന്മൂലനം ചെയ്യുകയും അക്രമികളെ സംരക്ഷിക്കുകയുമാണ് അവരുടെ രീതി. വികസനമല്ല ലക്ഷ്യം. മസില്‍ പവറും മണി പവറും കൊണ്ട് രാഷ്ട്രീയ മേധാവിത്വം നേടാനാണ് ശ്രമം. വികസനം കൊണ്ട് ജനമനസ് കീഴടക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. പകരം അക്രമം കൊണ്ട് ജനങ്ങളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്.

∙ വിഎസ്-പിണറായി ദ്വന്ദം

വിഎസ് പാവമൊരു ബ്രാന്‍ഡ് അംബാസിഡറാണ്. അതിനപ്പുറം ഒന്നും ചെയ്യാന്‍ ഇന്നത്തെ സിപിഎമ്മില്‍ അദ്ദേഹത്തിനു സാധിക്കില്ല. അഥവാ ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാകാമെന്നാണ് വിഎസ് ആഗ്രഹിക്കുന്നതെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരിൽ വിരലില്‍ എണ്ണാവുന്ന എംഎല്‍എമാർ പോലും ഇത്തവണ മല്‍സരിക്കുന്നില്ല. പിന്നെ ആരാണ് അദ്ദേഹത്തെ പിന്തുണയ്ക്കുക. ഭൂരിപക്ഷം കിട്ടിയാല്‍ പിണറായി വിജയന്‍ അധികാരം കൈക്കലാക്കും. പക്ഷേ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണിക്ക് അധികാരം ലഭിക്കാനുള്ള യാതൊരു സാധ്യതയുമില്ല.

∙ സര്‍ക്കാരിനെതിരായ ആരോപണങ്ങളും വിവാദങ്ങളും

സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങളും വിവാദങ്ങളും ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല. ഭരണവിരുദ്ധ വികാരം ഈ സര്‍ക്കാരിനെതിരെ ഇല്ല എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യത്തെ സംഭവമാണിത്. അതിനിടയാക്കിയത് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ്. വികസനമെന്നത് സര്‍ക്കാര്‍ തീര്‍ത്തൊരു വന്‍മതിലാണ്. അതിനു മുകളില്‍ തട്ടി ഈ ആരോപണങ്ങളെല്ലാം തകരുകയാണ്. ജനമനസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ വികസനങ്ങളാണുള്ളത്. അതിന്റെ നേട്ടം ഈ തിരഞ്ഞെടുപ്പിലുണ്ടാകും.

∙ കേരളത്തില്‍ താമര വിരിയുമോ, വാടുമോ?

ആഗ്രഹിക്കാനും മോഹിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, രാഷ്ട്രീയ യാഥാര്‍ഥ്യമുണ്ട്. ഇക്കുറിയും ബിജെപി അക്കൗണ്ട് തുറക്കില്ല. പിന്നെ, സുരേഷ് ഗോപിയെ എംപിയാക്കിയത് മറ്റുപലരെയും വ്യാമോഹിപ്പിക്കാനുള്ള രാഷ്ട്രീയ ചെപ്പടിവിദ്യയാണ്. പല പ്രമുഖരെയും ബിജെപിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗം. ഇതെല്ലാം പരിഹാസ്യമാണ്. രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരെ നേതാക്കന്‍മാരാക്കിയിട്ട് ഒരു പാര്‍ട്ടിയും രക്ഷപ്പെടാന്‍ പോകുന്നില്ല.

∙ സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ അവബോധം നഷ്ടടപ്പെടുന്ന സ്ഥലത്ത് സെലിബ്രിറ്റികളെ വച്ച് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. അത് നല്ല കീഴ്‍വഴക്കമല്ല. രാഷ്ട്രീയക്കാര്‍ക്ക് സിനിമയും സിനിമാക്കാര്‍ക്ക് രാഷ്ട്രീയവും പറ്റില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

സംഭാഷണം താൽക്കാലികമായി അവസാനിപ്പിച്ച് സുധാകരന്‍ പ്രചാരണത്തിരക്കിലേക്ക് ഇറങ്ങുകയാണ്. വെളുത്ത സ്‌കോര്‍പിയോയുടെ മുന്‍സീറ്റിലിരുന്ന് യാത്രയ്ക്കൊരുങ്ങുമ്പോൾ തലയ്ക്കുമുകളില്‍ മേടസൂര്യന്‍ കത്തിത്തുടങ്ങുന്നു. താഴെ നൂറുസൂര്യന്മാരുടെ ചൂടിൽ തിളയ്ക്കുകയാണ് തിരഞ്ഞെടുപ്.

Your Rating: