Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഗീയ വോട്ടു വേണ്ട; സിപിഎമ്മിന്റേത് സങ്കുചിത നിലപാട്: എം.കെ.മുനീർ

muneer

നിർണായകമായ രാഷ്ട്രീയ വിധിയെഴുത്തിന് കേരളം ഒരുങ്ങുമ്പോൾ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം.കെ.മുനീർ വേറിട്ട നിലപാട് കൊണ്ട് ശ്രദ്ധേയനാണ്. വർഗീയ വോട്ടു നേടി തനിക്കു ജയിക്കേണ്ടെന്ന തുറന്നു പറച്ചിലോടെയാണ് മുസ്‌ലിം ലീഗിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായ മുനീർ തിരഞ്ഞെടുപ്പു ഗോദയിലുള്ളത്. പ്രചാരണത്തിരക്കുകൾക്കിടെ മന്ത്രി മുനീർ മനോരമ ഓൺലൈനോട് ഹൃദയം തുറക്കുന്നു.

ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി?

ഉമ്മന്‍ ചാണ്ടി തന്നെയാണ് ഞങ്ങളുടെ മുഖം. വികസനത്തോടൊപ്പം കരുതലും എന്നതാണ് അതില്‍ എടുത്തു പറയേണ്ടത്. സാമൂഹിക നീതി വകുപ്പ് മന്ത്രി എന്ന നിലയില്‍ ഈ കരുതലിന്റെ ചുമതല പ്രധാനമായും ഏല്‍പ്പിച്ചിരുന്നത് എന്നെയാണ്. അത് ഭംഗിയായി ചെയ്യാന്‍ തണല്‍മരം പോലെ നിന്ന് മുഖ്യമന്ത്രി സഹായിച്ചു. അനാഥരായ കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്നുതന്നെ പഠിക്കാന്‍ സഹായിക്കുന്ന സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സാധിച്ചു. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. പണം ചെലവഴിക്കുന്ന കാര്യത്തില്‍ സാമൂഹിക നീതി വകുപ്പ് സാധാരണ ഇരുപതാം സ്ഥാനത്തൊക്കെയാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ രണ്ടു വര്‍ഷമായി ഒന്നാമതാണ്. ഇത് വലിയ നേട്ടമായി കാണുന്നു.

എംഎൽഎയെന്ന നിലയിൽ ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ?

അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തിന്റെ പ്രധാനപ്പെട്ട വികസനപ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കാന്‍ സാധിച്ചു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനായി. കോതി മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തീകരിച്ചു. പന്നിയങ്കര മേല്‍പ്പാലമുണ്ടാക്കി. നിരവധി വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി. സൗത്ത് ബീച്ചിന്റെ നവീകരണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ വികസനമാണ് ഉണ്ടായത്. സൈബര്‍ പാര്‍ക്ക് അവസാന ഘട്ടത്തിലാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയിലൂടെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചു.

അടുത്ത അഞ്ചുവർഷം വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കാനാണ് ശ്രമിക്കുക - പ്രത്യേകിച്ച് തീരദേശത്ത്. ആരോഗ്യരംഗത്ത് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇപ്പോള്‍ തന്നെ കോട്ടപ്പറമ്പ് ആശുപത്രിക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ വന്നു. കുതിരവട്ടം മാനസീകാരോഗ്യകേന്ദ്രത്തിനായി 30 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു. വിദ്യാഭ്യാസ മേഖലയില്‍ തുടങ്ങിവച്ച പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണം. എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും സ്മാര്‍ട്ട് സ്‌കൂളുകളാക്കണം. ഇവയൊക്കെയാണ് മനസിൽ.

വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ?

സര്‍ക്കാരിനെതിരെ ഉയര്‍ന്നത് വിവാദങ്ങളല്ല. ആരോപണങ്ങൾ മാത്രമാണ്. ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാം. എന്നാല്‍ സത്യാവസ്ഥ എന്താണ് എന്നാണ് നോക്കേണ്ടത്. അത് ജനം തിരിച്ചറിയും. ആരോപണങ്ങളില്‍ എന്തിനാണ് തെളിവുള്ളത്. ഏത് കേസിലാണ് അന്തിമമായി വിധി വന്നിട്ടുള്ളത്. അന്തിമവിധി വന്ന കേസുകളില്‍ ഇടതുപക്ഷത്തിന്റെ കാലത്ത് ഒന്നും ചെയ്തിട്ടില്ലല്ലോ. സോളറുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനെ വച്ചത് ആരാണ്? ബാര്‍ കോഴ ആരോപണമുണ്ടെങ്കിൽ എന്തു കൊണ്ടാണ് ബാര്‍ ഉടമകള്‍ സര്‍ക്കാരിന് എതിരായത്. അതിനര്‍ഥം അവര്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിച്ചിട്ടില്ല എന്നാണല്ലോ. തട്ടിപ്പുകാര്‍ക്കും ബാര്‍ മുതലാളിമാര്‍ക്കും ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് യുക്തിയോടെ ചിന്തിക്കുന്നവര്‍ക്ക് മനസിലാകും. അതു കൊണ്ടാണ് അവര്‍ യുഡിഎഫിന് എതിരായി തിരഞ്ഞെടുപ്പ് മല്‍സരത്തിന് പോലും വന്നത്.

muneer

ഇടതുപക്ഷത്തിന്റെ മദ്യനയം?

മദ്യവര്‍ജനമാണോ മദ്യനിരോധനമാണോ ഇടതുമുന്നണിയുടേതെന്ന് ആദ്യം അവർ തന്നെ തീരുമാനിക്കട്ടേ. അതിൽ തന്നെ അവർ രണ്ടു തട്ടിലാണ്. വി.എസ്. അച്യുതാനന്ദനും സീതാറാം യച്ചൂരിയും മദ്യനിരോധനവും മറ്റുള്ളവര്‍ മദ്യവര്‍ജനവും പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മദ്യവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുള്ള സര്‍ക്കാരായിരിക്കും വരികയെന്ന് ജനത്തിനറിയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാക്കിയ എല്ലാ ഗുണപരമായ കാര്യങ്ങളും തമ്മില്‍ തല്ലി ഇടതുമുന്നണി ഇല്ലായ്മ ചെയ്യുമെന്ന് ജനം മനസിലാക്കിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് ട്രെന്‍ഡില്‍ മാറ്റം വന്നു. ഭരണതുടര്‍ച്ചയുണ്ടാകുമെന്ന നിലയിലാണ് ഇപ്പോള്‍ ഞങ്ങള്‍.

വര്‍ഗീയ വോട്ടുകള്‍ വേണ്ടെന്ന നിലപാട്

വര്‍ഗീയ വോട്ടുകള്‍ വേണ്ട എന്നത് എന്റെ എപ്പോഴത്തെയും നിലപാടാണ്. എന്റെ മാത്രമല്ല അത് എന്റെ പാര്‍ട്ടിയുടെയും നിലപാടാണ്. വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ നിലകൊള്ളുകയെന്നത് എന്റെയും പാര്‍ട്ടിയുടെയും നിലപാടാണ്. ഈ നിലപാടിന് തിരഞ്ഞെടുപ്പ് സമയത്ത് വെള്ളം ചേര്‍ക്കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പു സമയത്ത് പലരും ഇതെല്ലാം മൂടിവയ്ക്കും. വോട്ടിനുവേണ്ടി ഇടതുപക്ഷം എല്ലാത്തിലും ഒത്തുതീര്‍പ്പ് ഉണ്ടാക്കും. പക്ഷേ, ഞങ്ങള്‍ അതിന് തയ്യാറല്ല. ആശയപരമായ ചില നിലപാടുകള്‍ ഉണ്ട്. അതില്‍ ഒത്തുതീര്‍പ്പിനില്ല. തിരഞ്ഞെടുപ്പിനായി അതില്‍ ഒത്തുതീര്‍പ്പിന് നിന്നാല്‍ അയാള്‍ ജീവിതത്തില്‍ മുഴുവന്‍ ഒത്തുതീര്‍പ്പിനായി നില്‍ക്കും.

മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണം, കോ-ലീ-ബി സഖ്യമെന്ന ആരോപണം?

പരാജയം മണക്കുമ്പോഴാണ് എപ്പോഴും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക. അരുവിക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു. വോട്ടറെ എങ്ങനെ ആശങ്കയിലാക്കാം എന്നതിനു വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍. മുസ്‍ലിം വോട്ട് പിടിക്കാന്‍ എന്താണ് വഴി എന്നതിന്റെ ഭാഗമാണിത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് മുസ്‍ലിം വോട്ട് ലഭിക്കുമോ എന്നു നോക്കാനായി അവർ ബീഫ് ഫെസ്റ്റിവെല്‍ വരെ നടത്തി.

സങ്കുചിതമായി ചിന്തിക്കുന്ന ഒരു പാര്‍ട്ടിയായി സിപിഎം മാറി. അവരുടെ തകര്‍ച്ചയ്ക്കുള്ള കാരണം തന്നെ അതാണ്. എന്താണോ അപ്പോള്‍ കിട്ടുന്ന ആയുധം അതിനെ എടുക്കുക എന്ന നിലപാടാണ് അവരുടേത്. ഹിന്ദു വോട്ടാണ് ആവശ്യമെങ്കില്‍ മുസ്‍ലിമിനെ തള്ളിപ്പറയുക. അരുവിക്കര തിരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ പറഞ്ഞത് മുസ്‍ലിം പ്രീണനമാണ് കേരളത്തില്‍ നടക്കുന്നത് എന്നാണ്. എന്നാലത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മുസ്‍ലിങ്ങളെ പരിഗണിക്കാത്ത സര്‍ക്കാരാണെന്നതായിരുന്നു. ഇത്തരത്തില്‍ ഏതറ്റംവരെയും പോയി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന പാര്‍ട്ടിയാണ് മാർക്സിസ്റ്റ് പാര്‍ട്ടി.

ലീഗിന്റെ അഞ്ചാം മന്ത്രിയാണോ കേരളത്തിൽ ഹിന്ദുഏകീകരണത്തിനിടയാക്കിയത്?

മുസ്‍ലിം ലീഗിന് അഞ്ചാമത് മന്ത്രിയെ അനുവദിച്ചതിലൂടെയാണ് കേരളത്തില്‍ ഹിന്ദു ഏകീകരണത്തിന് തുടക്കം കുറിച്ചത് എന്നു പറയുന്നത് കേവലം രാഷ്ട്രീയ പ്രചരണം മാത്രമാണ്. അഞ്ചാമത് ഒരു മന്ത്രി മുസ്‍ലിം ലീഗിന് ഉണ്ടായാല്‍ ഈ ലോകം ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞത് ഒരു വര്‍ഗീയ കാര്‍ഡാണ്. ഏതെങ്കിലും കാലത്ത് മന്ത്രിസഭയിലെ അംഗങ്ങളെ മതത്തിന്റെ പേരില്‍ എണ്ണി നോക്കിയ ചരിത്രം ഉണ്ടായിട്ടുണ്ടോ. ഓരോ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നത്, ഓരോരുത്തര്‍ക്ക് പുതിയ സ്ഥാനം നല്‍കുന്നത്, വസ്ത്രം ധരിക്കുന്നത് ഇതെല്ലാം മതത്തിന്റെ കണ്ണിലൂടെ കാണുന്ന ഒരു കാലം മുന്‍പ് ഉണ്ടായിട്ടില്ല.

മുസ്‍ലിം ലീഗ് കൈകാര്യം ചെയ്ത വകുപ്പ് കൊണ്ട് ആര്‍ക്കെന്ത് ദോഷമുണ്ടായെന്ന് ആദ്യം പറയണം. മതതീവ്രവാദത്തിന്റെ മുന്നില്‍ മുഖാമുഖം നിന്നു പോരാടുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് 20 എംഎല്‍എമാരുണ്ട്. മുസ്‍ലിംകള്‍ മാത്രം വോട്ടു ചെയ്താല്‍ അഞ്ചോ ആറോ പേര്‍ മാത്രമേ ജയിക്കൂ. ബാക്കിയെല്ലാം ഹിന്ദു കമ്മ്യൂണിറ്റിയാണ് ജയിപ്പിക്കുന്നത്. മുസ്‍ലിം ലീഗ് വര്‍ഗീയമാണെങ്കില്‍ എന്നേ ഇത് മണ്ണടിഞ്ഞു പോയേനെ. വര്‍ഗീയമല്ലാത്തതിനാലാണ് സമൂഹം ഇങ്ങനെ കൊണ്ടു നടക്കുന്നത്. വര്‍ഗീയതവളര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ വിചാരിച്ചാല്‍ മുസ്‍ലിം ലീഗിന്റെ സെക്യുലര്‍ മുഖം മാറ്റാന്‍ സാധിക്കില്ല.

ഇസ്മയില്‍ സാഹിബാണ് ഞങ്ങള്‍ക്കിത് പഠിപ്പിച്ച് തന്നത്. ഇന്ത്യ ചൈന യുദ്ധ സമയത്ത് പുത്രദാന ദിവസം ആരെങ്കിലും മക്കളെ യുദ്ധത്തിലേക്ക് ദാനം ചെയ്യണമെന്ന് ജവഹര്‍ ലാല്‍ നെഹ്‌റു പറഞ്ഞപ്പോള്‍ സ്വന്തം മകനെ ദാനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഇതിനുള്ള മറുപടിയായി നെഹ്‌റു പറഞ്ഞത് ഇത്രയും സെക്യുലറായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല എന്നാണ്. അതുകൊണ്ട് തല്‍ക്കാലം അങ്ങയുടെ മകന്‍ അങ്ങയുടെ കൂടെ നില്‍ക്കട്ടെയെന്നും. അവർ തമ്മില്‍ എഴുതിയ കത്തുകള്‍ ഇപ്പോഴും രേഖയാണ്. അങ്ങനെയുള്ള നേതാവിന്റെ പാര്‍ട്ടിക്ക് ഇന്ത്യയോടൊപ്പമേ നില്‍ക്കാന്‍ സാധിക്കൂ. എന്റെ പിതാവ് സി.എച്ച്. മുഹമ്മദ് കോയ പഠിപ്പിച്ചത് ഞങ്ങളുടെ പുണ്യസ്ഥലങ്ങളാണ് മക്കയും മദീനയും. പക്ഷേ, സൗദി അറേബ്യ ഇന്ത്യക്കെതിരെ യുദ്ധത്തിന് വന്നാല്‍ ആദ്യം അതിനെതിരെ പോരാടേണ്ടത് മുസ്‍ലിമിന്റെ കടമയാണ് എന്നാണ്. അദ്ദേഹമത് പലസ്ഥലങ്ങളിലും പ്രസംഗിച്ചിട്ടുള്ളതാണ്. അതൊക്കെ കേട്ടുവളര്‍ന്നവരാണ് ഞങ്ങള്‍.

മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിച്ചോ? ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനം എന്ന ആവശ്യം?

മുസ്‍ലിം ലീഗിന് ഇത്തരത്തില്‍ ഒരു ആവശ്യവും ഉണ്ടായിട്ടില്ല. പ്രത്യേകം ആവശ്യങ്ങളൊന്നുമില്ലെന്നാണ് ഞങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അര്‍ഹമായത് തേടിവരുമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ഒരിക്കലും ഓര്‍ക്കാത്ത സമയത്താണ് മുസ്‍ലിം ലീഗിന് മുഖ്യമന്ത്രി സ്ഥാനം കിട്ടിയത്. ആരുടെയും മുന്നില്‍ കൈനീട്ടി പോയതല്ല. എല്ലാവരും ചര്‍ച്ചചെയ്ത് എടുത്ത തീരുമാനമാണ്. രാത്രി പന്ത്രണ്ട് മണിക്ക് ഉറങ്ങികിടക്കുമ്പോഴാണ് എന്റെ പിതാവിനോട് മുഖ്യമന്ത്രിയാകണമെന്ന് അറിയിച്ചത്. എം.പി. വീരേന്ദ്ര കുമാറാണ് ഇക്കാര്യം പറഞ്ഞത്. അര്‍ഹമായത് ഞങ്ങളെ തേടിവരും. ഒരു ആവശ്യവും ഒരു സ്ഥലത്തും വയ്ക്കാന്‍ ഉദേശിക്കുന്നില്ല.

സിനിമാ താരങ്ങളുടെ സ്ഥാനാര്‍ഥിത്വം എങ്ങനെ വിലയിരുത്തുന്നു?

പണ്ട് പ്രേംനസീര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വന്നപ്പോള്‍ എന്റെ പിതാവ് സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞ മറുപടി തന്നെയാണ് എനിക്കും പറയാനുള്ളത്. 'ശേഷം സ്‌ക്രീനിൽ'‍.

ഈ തിരഞ്ഞെടുപ്പില്‍ സാമൂഹികമാധ്യമങ്ങളുടെ പങ്ക് എങ്ങനെ കാണുന്നു?

സാമൂഹികമാധ്യമങ്ങള്‍ വളരെ പവര്‍ഫുളാണ്. ഓരോ വ്യക്തിയും ഇതിലൂടെ പത്രപ്രവര്‍ത്തകനാവുന്നതാണ് കാണുന്നത്. എന്നാൽ, സാമൂഹികമാധ്യമത്തിന് അതിന്റേതായ പോരായ്മകളുമുണ്ട്. കാരണം ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. സത്യസന്ധമായി പ്രചാരണം നടത്തുകയാണെങ്കില്‍ ആളുകളെ സ്വാധീനിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ന്യൂജനറേഷനെ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രധാന ആയുധം സോഷ്യല്‍ മീഡിയ ആയിരുന്നു.
 

Your Rating: