Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കതിരൂർ മനോജ് വധം: സിബിഐ നടപ്പാക്കുന്നത് ആർഎസ്എസ് അജൻഡ; പിണറായി

by ഉല്ലാസ് ഇലങ്കത്ത്
pinarayi-vijayan

പത്തനംതിട്ട∙ കതിരൂർ മനോജ് വധക്കേസിൽ സിബിഐ നടപ്പാക്കുന്നത് ആർഎസ്എസ് അജൻഡയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ആർഎസ്എസ് നേതൃത്വം, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കത്തെഴുതിയത് പി. ജയരാജനെ കുടുക്കാനാണ്. കോൺഗ്രസുകാരുടെ അഴിമതിയെക്കുറിച്ച് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഒരക്ഷം മിണ്ടിയിട്ടില്ല. ഉമ്മൻ ചാണ്ടിയെ ന്യായീകരിക്കാൻ രാഹുൽ മുതിർന്നില്ലെന്നും പിണറായി പറഞ്ഞു.

നവകേരള മാർച്ചിനിടയ്ക്ക് മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്

വിജയൻ പിണറായി വിജയനായത്

രാഷ്ട്രീയത്തില്‍നിന്നുകൊണ്ടു തന്നെ വിദ്യാര്‍ഥി ജീവിതത്തില്‍ പ്രവേശിച്ച ആളാണെന്നാണ് പിണറായി തന്നെക്കുറിച്ച് പറയുന്നത്. കമ്മ്യൂണിസ്റ്റ് കുടുംബം. കമ്മ്യൂണിസ്‌റ്റായാണ് ജീവിതം ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് ആശങ്ങളാണ് ചെറിയ പ്രായത്തില്‍പോലും മുന്നോട്ടുള്ള യാത്രയ്ക്ക്് കരുത്തേകിയത്. ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചതാരാണെന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ-അമ്മ കല്യാണി. അമ്മ അല്‍പകാലം മുന്‍പ് മരിച്ചു. അച്ഛന്‍ കോരന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോളാണ് അച്ഛന്‍ അസുഖത്തെത്തുടർന്നു മരിച്ചത്. ചെത്തായിരുന്നു തൊഴില്‍. ചെത്തി കിട്ടുന്നത് സൊസൈറ്റിക്ക് കൊടുക്കും. ഇതായിരുന്നു വരുമാനം. പതിനാലു മക്കളില്‍ പതിനാലാമനായി ജനനം‍. മൂന്നുപേരെ ജീവിച്ചുള്ളൂ. ബാക്കിയെല്ലാവരും കുട്ടിക്കാലത്തേ മരിച്ചു. മൂത്തയാള്‍ നാണു. രണ്ടാമത്തേത് കുമാരന്‍. മര്‍ദനമേറ്റാണ് കുമാരൻ മരിച്ചത്.

രാഷ്‌ട്രീയ പ്രവർത്തനത്തിലെ ആദ്യകാല വെല്ലുവിളികൾ

രാഷ്ട്രീയപ്രവർത്തനത്തിനിടെ പലതവണ ജയിലിൽ കിടക്കേണ്ടിവന്നു. പലതവണ പൊലീസിന്റെ മര്‍ദ്ദനത്തിനിരയായി. രാഷ്ട്രീയ എതിരാളികളുടെ അക്രമങ്ങളേയും അഭിമുഖീകരിക്കേണ്ടതായി വന്നു.

തലശേരിയില്‍വച്ചാണ് ആദ്യമായി പൊലീസിന്റെ അടികിട്ടുന്നത്. ശക്തമായ വിദ്യാര്‍ഥിപ്രക്ഷോഭം നടക്കുന്നു. പൊലീസ് വിദ്യാര്‍ഥികളെ തല്ലിചതച്ചു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ഥികളെ തല്ലുന്നത് കണ്ടാണ് സ്ഥലത്തേക്ക് ചെല്ലുന്നത്. പൊലീസ് മര്‍ദിക്കുന്നതിനിടെ ഒരു വിദ്യാര്‍ഥി നിലത്തുവീണു. ആയാളെ പൊലീസ് വളഞ്ഞിട്ട് മര്‍ദിക്കുകയാണ്. ആയാളെ പൊക്കിയെടുക്കുന്നതിനിടെ പൊതിരെ തല്ലുകിട്ടി.

കണ്ണൂർ സെൻട്രെൽ ജയിലിൽ കിടക്കവേ അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂരമായ മർദനമേറ്റു. രാഷ്ട്രീയപ്രവർത്തനത്തിനിടയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ കുറയൊക്കെ അമ്മയും അറിയുന്നുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അമ്മ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാണാന്‍ വരുമായിരുന്നു..

എൽഡിഎഫ് അധികാരത്തിൽവന്നാൽ സ്വീകരിക്കാൻ പോകുന്ന വികസന നയത്തെക്കുറിച്ചും,രാഷ്ട്രീയത്തെക്കുറിച്ചും പിണറായി സംസാരിച്ചു.

നവകേരള മാർച്ചിന്‍റെ ലക്ഷ്യം

കേരളത്തിലെ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയണം. കേരളത്തിന്റെ ‌വികസനം സാധ്യമാകണം.

എൽഡിഎഫിന്റെ വികസനനയം

വികസനകാര്യം എന്നു പറയുമ്പോൾ ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. എല്ലാ കാര്യങ്ങളും നമ്മുടെ നാട്ടിൽ വികസിക്കേണ്ടതായുണ്ട്. പരമ്പരാഗത വ്യവസായ മേഖല തകർന്നു കിടക്കുകയാണ്. അത് നമ്മൾ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും വേണം. നല്ലരീതിയിൽ ഈ മേഖല വളർത്തികൊണ്ടുവരണം. ചില കാര്യങ്ങളിൽ ശ്രദ്ധവച്ചാൽ നല്ല രീതിയിൽതന്നെ വളർന്നുവരാൻ കഴിയും. കയർ വ്യവസായത്തിൽ നമ്മൾ പിറകിലായി. തമിഴ്നാടാണ് മുന്നിട്ടുനിൽക്കുന്നത്. കശുവണ്ടി ഉൽപ്പാദനവും കുറഞ്ഞുവരുന്നു. മത്സ്യമേഖലയും പ്രതിസന്ധി നേരിടുന്നു. ഇതെല്ലാം മെച്ചപ്പെടുത്തികൊണ്ടുവരേണ്ടതുണ്ട്. അതോടൊപ്പം ചെറുകിട വ്യവസായ മേഖലയെയും പ്രോത്സാഹിപ്പിക്കണം. സ്റ്റാർട്ടപ് സംവിധാനങ്ങൾ ആധുനികകാലത്ത് മെച്ചപ്പെട്ടുവരുന്നുണ്ട്. പലതും നല്ല നിലയിൽ പ്രവർത്തിക്കുന്നു. അവയെ ഒന്നുകൂടി പ്രോത്സാഹിപ്പിക്കണം. ചെറുപ്പക്കാർക്ക് ലോൺ കിട്ടാൻ പ്രയാസമുണ്ട്. ആ പ്രശ്നം പരിഹരിക്കണം. അതിൽ ശരിയായ കാഴ്ച്ചപ്പാട് സർക്കാരിന് വേണം. സഹകരണബാങ്കുകളെക്കൂടി വായ്പ കൊടുക്കാൻ കഴിയുന്ന തരത്തിലേക്ക് ഉയർത്തണം. ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ അധോഗതിയിലാണ്. അവ മെച്ചപ്പെടണം. ഇതോടൊപ്പം പുതിയ സംരംഭങ്ങൾ ഉണ്ടാകണം. നമ്മുടെ നാട്ടിൽ അത്തരത്തിലുള്ള പദ്ധതികൾ അധികമില്ല.

നഗരവികസനവും മാലിന്യവും

നഗരവികസനത്തിന് മാസ്റ്റർ പ്ലാൻ വേണം. നെൽവയവുകളും നീർത്തടങ്ങളും നശിപ്പിക്കുന്നത് പ്രകൃതിയെ ബാധിക്കും. ഇതുകൂടി കണക്കിലെടുത്തുവേണം വികസനരൂപരേഖ തയ്യാറാക്കാൻ. മാലിന്യസംസ്കരണമാണ് മറ്റൊരു പ്രശ്നം. ഇതിന് ഫലപ്രദമായ നടപടികൾ ഉണ്ടാകേണ്ടതുണ്ട്.

റബ്ബർ കർഷകർക്കായി സഹകരണസംഘങ്ങൾ

റബ്ബർ കർഷകരെ ഉൾപ്പെടുത്തി വില്ലേജ് തലംമുതൽ സംസ്ഥാനതലം വരെ സഹകരണസംഘങ്ങൾ ഉണ്ടാകണം. റബ്ബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ് കേരളത്തിൽ. ഇതുമാറി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ഉൽപ്പാദനകേന്ദ്രങ്ങൾ ഉണ്ടാകണം. അർഹരായ കർഷകർക്ക് സഹായം ലഭിക്കുന്നുണ്ടെന്നും, മികച്ച വില കിട്ടുന്നുണ്ടെന്നും സർക്കാർ ഉറപ്പാക്കണം.

എങ്ങനെയുള്ള പദ്ധതികളാണ് സംസ്ഥാനത്തിന് കൂടുതൽ അഭികാമ്യം?

പദ്ധതികൾ നമ്മുടെ നാടിന് പറ്റിയ നിലയിലുള്ളതാകണം. അതായത്, ഇവിടെ പരിസ്ഥിതി മലിനീകരണമുള്ള പദ്ധതികൾ പറ്റില്ല. അല്ലാത്ത വ്യവസായങ്ങൾ ഉണ്ടാകണം. അതേസമയം കാർഷികരംഗം അഭിവൃദ്ധിപ്പെടണം. ആധുനിക കൃഷിരീതികൾ ഉണ്ടാകണം. അങ്ങനെ വന്നാൽ പുതിയ ചെറുപ്പക്കാർ കൃഷിരംഗത്തേക്ക് വരും. അങ്ങനെ കൃഷി ആദാകരമാകണം. ഇങ്ങനെയുള്ള സമഗ്രവികസനമാണ് ഞങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു മേഖലയുടെ വികസനമല്ല. സമഗ്രമായ വികസനം.

മെഗാപദ്ധതികളെ എൽഡിഎഫ് അനുകൂലിക്കുന്നുണ്ടോ?

അത് പദ്ധതികൾ വരുമ്പോഴേ പറയാൻ കഴിയൂ. നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനുതകുന്ന അടിസ്ഥാന സൗകര്യവികസനം വേണ്ടതായിട്ടുണ്ട്. ആ അടിസ്ഥാന സൗകര്യവികസനം വർധിക്കാതെ നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകാം എന്നത് മിഥ്യാധാരണയാണ്. നല്ല രീതിയിലുള്ള സൗകര്യം വർധിക്കണം. റോഡിന്റെ സൗകര്യം വർധിക്കണം, റെയിലിന്റെ സൗകര്യം വർധിക്കണം, വിമാന സർവ്വീസുകളുടെ സൗകര്യം വർധിക്കണം. ജലഗതാഗത സൗകര്യങ്ങളും വർധിക്കണം. എല്ലാം കൂടിയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് വർധിക്കേണ്ടത്.

വികസനകാര്യത്തിൽ സിപിഎമ്മിൽനിന്നും വ്യത്യസ്ഥ അഭിപ്രായമാണ് സിപിഐയ്ക്കുള്ളതെന്നു തോന്നുന്നു. വിഴിഞ്ഞം പദ്ധതിയുടെ നിലവിലെ വ്യവസ്ഥകളിൽ മാറ്റമുണ്ടാകില്ല എന്നത് പിണറായിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും എൽഡിഎഫിന്റെ അഭിപ്രായമല്ലെന്നുമാണ് സിപിഐ സംസ്ഥാന സെ‌ക്രട്ടറി പറഞ്ഞത്?

എന്റെ അഭിപ്രായമല്ലേ ഞാൻ പറഞ്ഞത്. എനിക്ക് എന്റെ അഭിപ്രായമല്ലേ പറയാൻ കഴിയൂ. നിങ്ങളുടെ ചോദ്യത്തിന് എൽഡിഎഫിൽ ചർച്ച ചെയ്തിട്ടാണോ മറുപടി പറയുക. നിങ്ങൾ ചോദ്യം ചോദിക്കുന്നു. ഞാൻ ഉത്തരം പറയുന്നു. എന്റെ മറുപടിയല്ലേ നിങ്ങൾക്ക് വേണ്ടത് അതാണ് ഞാൻ പറയുന്നത്. എൽഡിഎഫിന്റെ മറുപടിയാണ് േവണ്ടതെങ്കിൽ എൽഡിഎഫ് യോഗം കഴിയുമ്പോൾ കൺവീനർ മറുപടി പറയും.

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യത്യസ്ഥ അഭിപ്രായമാണ്? (ആതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്നും സിപിഎമ്മിന്റെത് അവരുടെ അഭിപ്രായമാണെന്നും കാനം പറഞ്ഞിരുന്നു.)

അത് ആതിരപ്പള്ളി പദ്ധതിയെപറ്റി കാനം രാജേന്ദ്രന് അറിയാത്തതുകൊണ്ടാണ്. അത് നേരത്തെ എൽഡിഎഫ് ചർച്ച ചെയ്തു അംഗീകരിച്ച പദ്ധതിയാണ്. ആ പദ്ധതി നടത്താൻ വേണ്ടി നിയോഗിക്കപ്പെട്ട മന്ത്രിയായിരുന്നു ഞാൻ. ആ ഓർമ്മ വച്ചാണ് ഞാൻ പറഞ്ഞത്. അത് എൽഡിഎഫിൽ ചർച്ച ചെയ്യാത്ത കാര്യമല്ല. ചർച്ച ചെയ്ത് അവരുടെ അഭിപ്രായം മാറിയിട്ടുണ്ടെങ്കിൽ ആ അഭിപ്രായവുമായി വരട്ടെ. അപ്പോൾ എന്തു ചെയ്യണമെന്ന് ആലോചിക്കാം. ഇപ്പോ അങ്ങനത്തെ നിലപാടില്ല.

ലാവ്‌ലിൻ കേസ്

എന്ത് കേസാണത്? അങ്ങനെ ഒരു കേസില്ലല്ലോ ഇപ്പോൾ. കേസ് രണ്ടു തരത്തിലാണ് വരുന്നത്. ഒന്ന്, കേസിന്റെ വിചാരണ നടത്തി തെളിവൊന്നുമില്ലായെന്നു കണ്ടു, പ്രോസിക്യൂഷന് തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. പ്രതിയെ വിട്ടയയ്ക്കുന്നു. അതാണ് ഒരു ഭാഗം. മറ്റൊരുഭാഗം, ഇങ്ങനെ ഒരു കുറ്റം ചുമത്താൻ തന്നെ പാടില്ല. ഇത്, ഇയാളുടെ നേരെ ഇങ്ങനെ ഒരു കുറ്റം ചുമത്താൻ പാടില്ലാത്തതാണ്. അങ്ങനെ ഒരു കുറ്റത്തിനുള്ള യാതൊരു കാര്യങ്ങളുമില്ല എന്നു പറഞ്ഞു കുറ്റം ചുമത്തുന്നത് തന്നെ തള്ളുന്നു. അത് രണ്ടും രണ്ടാണ്. ഇതു മനസിലാകാത്തവരാണ് കാര്യങ്ങൾ വീണ്ടും പറയുന്നത്. കോടതി പരിശോധിച്ച് ഇങ്ങനെ ഒരു കുറ്റം ചുമത്താൻ പാടില്ലാത്തതാണ് അത് നിയമവിരുദ്ധമാണ് എന്നു പറഞ്ഞിട്ടാണ് തള്ളിയിട്ടുള്ളത്. ഇതാണ് വസ്തുത. ലാവ്ലിൻ കേസ് സംബന്ധിച്ച് ഒരു ഭയവും ഞങ്ങൾക്കില്ല. കേസ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽപോയ ആളാണ് ഞാൻ.

സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം

ഇപ്പോൾ അത്തരം കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ല. സീറ്റ് വിഭജനത്തിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ അവസാനമേ ആലോചിക്കൂ.

എസ്എൻഡിപി ബിജെപി ബന്ധം

കേരളത്തിലെ മതനിരപേക്ഷത തകർക്കുന്നതിന് വലിയ ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. ഇതിനായി അവർ എസ്എൻഡിപിയെ കൂട്ടുപിടിച്ചു. എന്നാൽ ഞങ്ങൾ ശ്രീനാരായണ ദർശനത്തിന് ഒപ്പമാണെന്ന മറുപടിയാണ് ശ്രീനാരായണീയർ നൽകിയത്. ശ്രീനാരായണ ദർശനവും ആർഎസ്എസ് ആശയങ്ങളും ഒരുമിച്ച് പോകില്ല. ഇതിന് തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം മതനിരപേക്ഷ മനസുകൾ ഞങ്ങൾക്കൊപ്പമുണ്ടെന്നതിന് തെളിവാണ്. വെള്ളാപ്പള്ളിയുടെ പാർട്ടി കേരളത്തിൽ ക്ലച്ചു പിടിക്കില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.